കൃഷി മന്ത്രാലയം
പ്രധാന്‍മന്ത്രി കിസാൻ സമ്മാൻ നിധിയുടെ 20-ാം ഗഡു വിതരണ വേളയിൽ പട്നയില്‍ കർഷകരെ അഭിസംബോധന ചെയ്ത് കേന്ദ്ര കൃഷി - കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ
Posted On:
02 AUG 2025 2:12PM by PIB Thiruvananthpuram
പ്രധാന്‍മന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) യോജനയുടെ 20-ാം ഗഡു വിതരണത്തിന്റെ ധന്യവേളയില്‍ ബീഹാറിലെ പട്നയിൽ കർഷകരും ഉദ്യോഗസ്ഥരും വിശിഷ്ട വ്യക്തികളുമടക്കം ജനസഞ്ചയത്തെ കേന്ദ്ര കൃഷി - കർഷകക്ഷേമ മന്ത്രി ശിവരാജ് സിങ് ചൗഹാൻ അഭിസംബോധന ചെയ്തു. പരിപാടിയിൽ ബിഹാർ ഉപമുഖ്യമന്ത്രി ശ്രീ വിജയ് സിൻഹ, സഹകരണ മന്ത്രി ശ്രീ പ്രേം കുമാർ, മറ്റ് വിശിഷ്ടവ്യക്തികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
വന്‍തോതിൽ പരിപാടിയ്ക്കെത്തിയ സ്ത്രീകളടക്കം കര്‍ഷക സമൂഹത്തിന് അഭിസംബോധനയില്‍ ആശംസ നേര്‍ന്ന ശ്രീ ചൗഹാൻ അവരുടെ കഠിനാധ്വാനത്തെയും സംഭാവനകളെയും പ്രശംസിച്ചു. കൃഷി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണെന്നും കർഷകർ അതിന്റെ ആത്മാവാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ സേവിക്കുകയാണ് രാജ്യത്തിന്റെ പരമമായ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി.
കൃഷി ലാഭകരമാക്കണമെന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നിശ്ചയദാര്‍ഢ്യം കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. പിഎം-കിസാൻ പദ്ധതി പ്രകാരം ഇതിനകം 3,77,000 കോടിയിലധികം രൂപയാണ് നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. 20-ാം ഗഡു വിതരണ വേളയില്‍ രാജ്യത്തുടനീളം ലക്ഷക്കണക്കിന് കർഷക കുടുംബങ്ങൾക്ക് സാമ്പത്തിക സഹായമായി 20,000 കോടിയിലധികം രൂപ കർഷകരുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷിക ഉൽപ്പാദനക്ഷമത കുറഞ്ഞ പ്രദേശങ്ങളിലടക്കം ഓരോ ഹെക്ടറിലും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്ന പ്രധാൻമന്ത്രി ധൻ ധാന്യ യോജന പോലുള്ള ശ്രമങ്ങൾ ശ്രീ ചൗഹാൻ എടുത്തുപറഞ്ഞു. ബീഹാറിലെ മഖാന ഉൽപ്പാദനത്തിന്റെ ഗണ്യമായ സംഭാവനയും കാർഷിക ശാസ്ത്രത്തെ കൃഷിയിടങ്ങളുമായി ബന്ധിപ്പിക്കാന്‍ നടത്തിവരുന്ന നിരന്തര ശ്രമങ്ങളും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
വളങ്ങളുടെയും കീടനാശിനികളുടെയും സമയബന്ധിത ലഭ്യത കേന്ദ്രമന്ത്രി ഉറപ്പുനൽകി. വിളനാശത്തിന് നഷ്ടപരിഹാരം നൽകുന്ന വിവിധ പദ്ധതികൾ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ഉൽപാദനച്ചെലവിൽ 50 ശതമാനം ലാഭം ഉള്‍പ്പെടെ കുറഞ്ഞ താങ്ങുവില (എംഎസ്പി) ഉറപ്പാക്കിയാണ് ഇപ്പോള്‍ വിള സംഭരണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സർക്കാരിന്റെ കർഷക കേന്ദ്രീകൃത സമീപനത്തെ പ്രതിഫലിപ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കർഷക ക്ഷേമത്തിനാണ് കേന്ദ്രം പ്രഥമ പരിഗണന നല്‍കുന്നതെന്ന് ശ്രീ ചൗഹാൻ ആവർത്തിച്ചു.പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തിവരുന്ന കർഷക ക്ഷേമ നടപടികളെക്കുറിച്ചു എടുത്തു പറഞ്ഞ ശ്രീ ചൗഹാൻ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റത്തിന്റെ (ഡിബിടി) സഹായത്തോടെ ആനുകൂല്യം കർഷകരുടെ അക്കൗണ്ടുകളിലെത്തുന്നത് സർക്കാർ ഉറപ്പാക്കുന്നതായും അറിയിച്ചു. നേരത്തെ സർക്കാർ നല്‍കുന്ന ഓരോ രൂപയുടെയും ചെറിയ അംശം മാത്രമാണ് കർഷകർക്ക് ലഭിച്ചിരുന്നതെങ്കില്‍ ഇപ്പോൾ മുഴുവൻ തുകയും ചോർച്ചയില്ലാതെ അവര്‍ക്ക് ലഭിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
***********************
(Release ID: 2151747)