രാഷ്ട്രപതിയുടെ കാര്യാലയം
ധൻബാദ് ഐഐടി (ഐഎസ്എം) യുടെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു
Posted On:
01 AUG 2025 2:20PM by PIB Thiruvananthpuram
ഝാർഖണ്ഡിലെ ധൻബാദിൽ ഇന്ന് (ആഗസ്റ്റ് 01, 2025) നടന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഇന്ത്യൻ സ്‌കൂൾ ഓഫ് മൈൻസ്) ധൻബാദിന്റെ 45-ാമത് ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
ധൻബാദ് ഐഐടി (ഐഎസ്എം) യ്ക്ക് ഏകദേശം 100 വർഷത്തെ മഹത്തായ പാരമ്പര്യമുണ്ടെന്ന് ചടങ്ങിൽ സംസാരിക്കവെ രാഷ്ട്രപതി പറഞ്ഞു. ഖനന, ഭൂവിജ്ഞാനീയ മേഖലകളിൽ പരിശീലനം ലഭിച്ച വിദഗ്ധരെ സൃഷ്ടിക്കുന്നതിനായാണ് ഇത് സ്ഥാപിതമായത്. കാലക്രമേണ, ഇത് അതിന്റെ അക്കാദമിക ചക്രവാളങ്ങൾ വിശാലമാക്കി, ഇപ്പോൾ വൈവിധ്യമാർന്ന മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും ഒരു മുൻനിര കേന്ദ്രമായി മാറിയിരിക്കുന്നു. സാങ്കേതിക വികസനത്തിലും നൂതനാശയത്തിലും ഈ സ്ഥാപനം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും നൂതനാശയത്തിന്റെയും ലക്ഷ്യങ്ങൾ ജനങ്ങളുടെ ആവശ്യങ്ങളുമായും പൗരന്മാരുടെ അഭിലാഷങ്ങളുമായും പൊരുത്തപ്പെടുന്ന ഒരു ആവാസവ്യവസ്ഥ ഐഐടി ധൻബാദ് വികസിപ്പിച്ചെടുത്തതായി രാഷ്ട്രപതി സന്തോഷത്തോടെ അറിയിച്ചു. .
രാജ്യത്തിന്റെ സമഗ്ര വികസനത്തിൽ ഐ.ഐ.ടി-ഐ.എസ്.എമ്മിന് ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. മികച്ച എഞ്ചിനീയർമാരെയും ഗവേഷകരെയും തയ്യാറാക്കുന്നതിനൊപ്പം, അനുകമ്പയും സംവേദനക്ഷമതയും ലക്ഷ്യബോധവുമുള്ള പ്രൊഫഷണലുകളെ സൃഷ്ടിക്കാനും ഈ സ്ഥാപനത്തിന് കഴിയണം. അതിനൂതന ഗവേഷണവും നൂതനാശയവും പ്രോത്സാഹിപ്പിക്കുകയും തിളക്കമുള്ള യുവ മനസ്സുകളെ നയിക്കുകയും ചെയ്യുന്ന ഐഐടി-ഐഎസ്എം പോലുള്ള സ്ഥാപനങ്ങളുടെ പ്രതിബദ്ധതയിലൂടെയാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം, വിഭവങ്ങളുടെ അഭാവം മുതൽ ഡിജിറ്റൽ പ്രതിസന്ധി, സാമൂഹിക അസമത്വം വരെ സങ്കീർണ്ണവും വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നതുമായ നിരവധി വെല്ലുവിളികൾ രാജ്യവും ലോകവും നേരിടുന്നുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ, ഐഐടി-ഐഎസ്എം പോലുള്ള ഒരു സ്ഥാപനത്തിന്റെ മാർഗ്ഗനിർദ്ദേശം കൂടുതൽ പ്രധാനമാണ്. നവീനവും സുസ്ഥിരവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിൽ നേതൃപരമായ പങ്ക് വഹിക്കാൻ രാഷ്ട്രപതി ഐഐടി-ഐഎസ്എമ്മിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി അതിന്റെ വിശാലമായ മനുഷ്യവിഭവശേഷിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിലേക്കുള്ള വർദ്ധിച്ചുവരുന്ന അഭിഗമ്യതയും ഡിജിറ്റൽ കഴിവുകളുടെ വ്യാപനവും ഇന്ത്യയെ ഒരു സാങ്കേതിക മഹാശക്തിയായി മാറ്റുന്നതിലേക്ക് നയിക്കുന്നു. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ കൂടുതൽ പ്രായോഗികവും നൂതനാശയ കേന്ദ്രീകൃതവും വ്യവസായ സൗഹൃദപരവുമാക്കുന്നത് രാജ്യത്തെ യുവാക്കളുടെ കഴിവുകൾക്ക് ശരിയായ ദിശാബോധം നൽകുകയും ആഗോള തലത്തിൽ മുന്നേറാൻ അവരെ അനുവദിക്കുകയും ചെയ്യും.
ആഗോള തലത്തിൽ മത്സരിക്കുന്നതിനായി ഗവേഷണ-വികസന പ്രവർത്തനങ്ങളെയും സ്റ്റാർട്ടപ്പുകളെയും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പേറ്റന്റ് സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. വിദ്യാർത്ഥികളിൽ സമഗ്രമായ ചിന്ത വളർത്തിയെടുക്കുന്നതിനും സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് സൃഷ്ടിപരമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനും, വിദ്യാഭ്യാസത്തിൽ വിവിധ വിഷയങ്ങളെ ഉൾകൊള്ളുന്ന സമീപനം സ്വീകരിക്കുന്നതും വളരെ പ്രധാനമാണ്.
വ്യക്തിപരമായ പുരോഗതിയിൽ മാത്രം അറിവ് പരിമിതപ്പെടുത്തരുതെന്നും, മറിച്ച് അത് പൊതുനന്മയ്ക്കുള്ള ഒരു മാർഗമാക്കി മാറ്റണമെന്നും രാഷ്ട്രപതി വിദ്യാർത്ഥികളെ ഉപദേശിച്ചു. എല്ലാവർക്കും മുന്നേറാനുള്ള അവസരങ്ങൾ ലഭ്യമാകുന്ന കൂടുതൽ ശക്തവും നീതിയുക്തവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ അവരുടെ അറിവ് ഉപയോഗിക്കാൻ രാഷ്‌ട്രപതി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. പ്രകൃതിയെ ബലികഴിക്കാതെ, അതിനോട് താദാത്മ്യപ്പെടുന്ന ഒരു ഹരിത ഇന്ത്യ കെട്ടിപ്പടുക്കുന്നതിന് അവരുടെ അറിവ് ഉപയോഗിക്കാനും രാഷ്ട്രപതി ആഹ്വാനം ചെയ്‌തു. ഭാവിയിൽ അവർ എന്ത് ചെയ്താലും അത് അവരുടെ ബുദ്ധിശക്തിയോടൊപ്പം അവരുടെ സഹാനുഭൂതിയും, മികവും, ധാർമ്മികതയും പ്രതിഫലിപ്പിക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു. കേവലം നൂതനാശയങ്ങളല്ല, അനുകമ്പയാൽ നയിക്കപ്പെടുന്ന നൂതനാശയങ്ങളാണ് ലോകത്തെ മികച്ചതാക്കുന്നത്.
SKY
******
(Release ID: 2151324)