ടെക്‌സ്റ്റൈല്‍സ് മന്ത്രാലയം
azadi ka amrit mahotsav

11-ാമത് ദേശീയ കൈത്തറി ദിനാഘോഷങ്ങൾ 2025 ഓഗസ്റ്റ് 7-ന് നടക്കും

രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായിരിക്കും

Posted On: 31 JUL 2025 4:21PM by PIB Thiruvananthpuram
11-ാമത് ദേശീയ കൈത്തറി ദിനാഘോഷങ്ങൾ 2025 ഓഗസ്റ്റ് 7-ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കും. രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും. കേന്ദ്ര ടെക്സ്റ്റൈൽസ് മന്ത്രി ശ്രീ ഗിരിരാജ് സിംഗ്, വിദേശകാര്യ, ടെക്സ്റ്റൈൽസ് വകുപ്പ് സഹമന്ത്രി ശ്രീ പബിത്ര മാർഗരിറ്റ, സെക്രട്ടറി (ടെക്സ്റ്റൈൽസ്) ശ്രീമതി നീലം ഷമി റാവു, ഡെവലപ്മെന്റ് കമ്മീഷണർ (കൈത്തറി) ഡോ. എം. ബീന എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രാജ്യമെമ്പാടുനിന്നുമായി 650-ഓളം നെയ്ത്തുകാർ ചടങ്ങിൽ പങ്കെടുക്കും. ഇവരെ കൂടാതെ, ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി വിദേശത്തു നിന്നെത്തിയവർ, പ്രമുഖ വ്യക്തികൾ, കയറ്റുമതിക്കാർ, മുതിർന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും.

 ചടങ്ങിൽ മികച്ച നെയ്ത്തുകാർക്ക് 05 സന്ത് കബീർ പുരസ്‌കാരങ്ങളും 19 ദേശീയ കൈത്തറി പുരസ്‌കാരങ്ങളും നൽകും. അവാർഡ് കാറ്റലോഗും കോഫി ടേബിൾ ബുക്കും രാഷ്ട്രപതി അന്ന് പ്രകാശനം ചെയ്യും.

ഇന്ത്യയുടെ കൈത്തറി പൈതൃകത്തിന്റെ സമ്പന്നത, പുനരുജീവന ശേഷി, പ്രസക്തി എന്നിവ പ്രദർശിപ്പിക്കുന്നതിനൊപ്പം നമ്മുടെ നെയ്ത്തുകാരുടെ പ്രതിഭയും കരകൗശല വൈദഗ്ധ്യവും അംഗീകരിക്കുക എന്നതാണ് ഈ ആഘോഷ പരിപാടിയുടെ ലക്ഷ്യം.

 മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വീവേഴ്‌സ് സർവീസ് സെന്ററുകൾക്കുള്ള പുരസ്‌കാരം, വിവിധ കൈത്തറി പദ്ധതികൾ പ്രകാരം ഗുണഭോക്തൃ സർട്ടിഫിക്കറ്റുകളുടെ വിതരണം,രാജ്യത്തുടനീളമുള്ള പ്രമുഖ നെയ്ത്തുകാരേയും തുണിത്തരങ്ങളെയും കേന്ദ്രീകരിച്ചു പ്രമുഖ ഡിസൈനർമാർ സംഘടിപ്പിക്കുന്ന ഫാഷൻ ഷോ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.

2025 ഓഗസ്റ്റ് 07-ന് നടക്കുന്ന പ്രധാന ചടങ്ങിനു പുറമേ, 2025 ഓഗസ്റ്റ് 1 മുതൽ 8 വരെ നിരവധി അനുബന്ധ പരിപാടികളും നടക്കും. അവാർഡ് നേടിയ കൈത്തറി സാമ്പിളുകളുടെ പ്രദർശനം; തത്സമയ തറി പ്രദർശനം;  "ഹാട് ഓൺ വീൽസ്" (ഒരു മൊബൈൽ കൈത്തറി ഔട്ട്‌ലെറ്റ് സംരംഭം) ഉദ്ഘാടനം; ന്യൂഡൽഹിയിലെ ജൻപഥിലെ കൈത്തറി കേന്ദ്രത്തിൽ കൈത്തറി സാരികളുടെ പ്രദർശനവും വിൽപ്പനയും; ന്യൂഡൽഹിയിലെ ക്രാഫ്റ്റ് മ്യൂസിയത്തിൽ പുന:ചംക്രമണം ചെയ്ത വസ്തുക്കൾ കേന്ദ്രീകരിച്ചുള്ള പ്രത്യേക പ്രദർശനം ; ഐഐടി ഡൽഹിയുടെ ലൂം ഹാക്കത്തോൺ; വിദേശ ബയ്യർമാർ, കയറ്റുമതിക്കാർ, കൈത്തറി നെയ്ത്തുകാർ എന്നിവർ പങ്കെടുക്കുന്ന അന്താരാഷ്ട്ര കൈത്തറി എക്സ്പോ; കൈത്തറി ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്കുള്ള പുരസ്‌കാര വിതരണം തുടങ്ങിയവ പരിപാടികളിൽ ഉൾപ്പെടുന്നു. ഈ കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള വിവിധ പരിപാടികളുടെ പട്ടിക ഇതോടൊപ്പം ചേർത്തിരിക്കുന്നു.

 തദ്ദേശീയ ഉൽപ്പന്നങ്ങളുടെയും ഉൽപാദന പ്രക്രിയകളുടെയും പുനരുജ്ജീവനത്തിന് ഊന്നൽ നൽകിക്കൊണ്ട് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിലെ ഒരു നാഴികക്കല്ലായിരുന്നു 1905 ഓഗസ്റ്റ് 7-ന് കൊൽക്കത്തയിലെ ടൗൺ ഹാളിൽ ആരംഭിച്ച സ്വദേശി പ്രസ്ഥാനം. ഈ ചരിത്ര പ്രസ്ഥാനത്തോടുള്ള ആദരസൂചകമായി, സ്വാശ്രയത്വത്തിന്റെ സ്വത്വത്തിനെ ആഘോഷിക്കുന്നതിനും രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക, സാംസ്കാരിക രംഗങ്ങളിൽ കൈത്തറി മേഖല നൽകിയ സംഭാവനകളെ ആദരിക്കുന്നതിനുമായി 2015-ൽ കേന്ദ്ര ഗവൺമെന്റ് ഓഗസ്റ്റ് 7 ദേശീയ കൈത്തറി ദിനമായി ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചു.

വീവേഴ്‌സ് സർവീസ് സെന്ററുകൾ (WSC-കൾ), പ്രമുഖ കൈത്തറി ക്ലസ്റ്ററുകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി (IIHT-കൾ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി (NIFT) ക്യാമ്പസുകൾ, നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (NHDC), ടെക്‌സ്റ്റൈൽ കമ്മിറ്റി, വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും കൈത്തറി വകുപ്പുകൾ എന്നിവയുൾപ്പെടെ രാജ്യമെമ്പാടും ദേശീയ കൈത്തറി ദിനം ആഘോഷിക്കുന്നു.

പതിനൊന്നാം ദേശീയ കൈത്തറി ദിനത്തോടനുബന്ധിച്ച് പ്രതിജ്ഞ, സെൽഫികൾ, ക്വിസ് മത്സരം മുതലായവയും ട്വീറ്റുകൾ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ഇൻഫ്ലുവൻസേഴ്‌സ്, പ്രാദേശിക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ, എഫ്എം റേഡിയോ എന്നിവയിലൂടെ  സമൂഹ മാധ്യമ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. 
 
*****

(Release ID: 2150861)