ബഹിരാകാശ വകുപ്പ്
ജൂലൈ 30 ന് ശ്രീഹരിക്കോട്ടയിലെ ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് ഡോ. ജിതേന്ദ്ര സിങ്
ഇന്ത്യ-യുഎസ് ശാസ്ത്ര സഹകരണത്തിന്റെ ഒരു ആഗോള മാനദണ്ഡമായി ദൗത്യത്തെ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി
Posted On:
27 JUL 2025 5:01PM by PIB Thiruvananthpuram
ന്യൂഡൽഹി, ജൂലൈ 27: ശ്രീഹരിക്കോട്ടയിൽ ജൂലൈ 30-ന് നടക്കുന്ന ‘നിസർ’ വിക്ഷേപണം ഇസ്രോയുടെ അന്താരാഷ്ട്ര സഹകരണം വിപുലീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു.
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നാസ-ഇസ്രോ സിന്തറ്റിക് അപ്പർച്ചർ റഡാർ (നിസർ) ഉപഗ്രഹ ദൗത്യത്തിന്റെ വിക്ഷേപണം 2025 ജൂലൈ 30-ന് വൈകിട്ട് 5:40 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നടക്കുമെന്ന് കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രി മാധ്യമങ്ങളെ അറിയിച്ചു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) അമേരിക്കയുടെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷനും (നാസ) തമ്മിലെ ആദ്യ സംയുക്ത ഭൗമനിരീക്ഷണ ദൗത്യമെന്ന നിലയിൽ ഇന്ത്യ-യുഎസ് ബഹിരാകാശ സഹകരണത്തിലെ നിർണായക നിമിഷമാണ് വിക്ഷേപണമെന്നും ഇസ്രോയുടെ സമഗ്ര അന്താരാഷ്ട്ര സഹകരണത്തെ ദൗത്യം അടയാളപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജിഎസ്എൽവി-എഫ് 16 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം.

പക്വതയാര്‍ജിക്കുന്ന ഇന്ത്യയുടെ തന്ത്രപരമായ ശാസ്ത്ര പങ്കാളിത്തങ്ങളെയും വിപുലമായ ഭൗമ നിരീക്ഷണ സംവിധാനങ്ങളിൽ വിശ്വസനീയമായ ആഗോള പങ്കാളിയെന്ന നിലയിലെ വളര്‍ച്ചയെയും ഈ വിക്ഷേപണം പ്രതിഫലിപ്പിക്കുന്നുവെന്ന് ദൗത്യത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്ന ഡോ. ജിതേന്ദ്ര സിങ് പറഞ്ഞു. ചരിത്രപരമായ ദൗത്യത്തിന് സാക്ഷ്യം വഹിക്കാൻ ശ്രീഹരിക്കോട്ടയിൽ നേരിട്ടെത്താന്‍ ആഗ്രഹമുണ്ടെങ്കിലും പാർലമെന്റ് സമ്മേളനം കാരണം ഡൽഹിയിൽ തുടരേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
ദൗത്യം കേവലമൊരു ഉപഗ്രഹ വിക്ഷേപണമല്ലെന്നും മറിച്ച് ശാസ്ത്രത്തോടും ആഗോള ക്ഷേമത്തോടും പ്രതിബദ്ധരായ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് ഒരുമിച്ച് എന്തെല്ലാം നേടാനാവുമെന്നതിന്റെ പ്രതീകമാണെന്നും ഡോ. ജിതേന്ദ്രസിങ് പറഞ്ഞു. ദുരന്തനിവാരണം, കൃഷി, കാലാവസ്ഥാ നിരീക്ഷണം തുടങ്ങിയ മേഖലകളിൽ ഇന്ത്യയ്ക്കും അമേരിക്കയ്ക്കും മാത്രമല്ല, ആഗോള രാജ്യങ്ങൾക്കെല്ലാം നിർണായക വിവരങ്ങള്‍ നൽകാനും നിസര്‍ സഹായിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു.
ഇന്ത്യ ഒരു 'വിശ്വബന്ധു' അഥവാ മാനവികതയുടെ കൂട്ടായ നന്മയ്ക്ക് സംഭാവന നൽകുന്ന ആഗോള പങ്കാളിയായി മാറണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനത്തിനനുസൃതമായി നിലകൊള്ളുന്നതാണ് ദൗത്യമെന്നും ഡോ. ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു.
രണ്ട് ഏജൻസികളുടെയും സാങ്കേതിക വൈദഗ്ധ്യം സംയോജിപ്പിക്കുന്ന ദൗത്യമാണ് നിസര്‍. എല്‍-ബാൻഡ് സിന്തറ്റിക് അപ്പർച്ചർ റഡാർ (എസ്എആര്‍), ഉയർന്ന നിരക്കില്‍ ആശയവിനിമയത്തിന് ഉപസംവിധാനം, ജിപിഎസ് റിസീവറുകൾ, വിടര്‍ത്തി വിന്യസിക്കാവുന്ന 12 മീറ്റര്‍ ആന്റിന എന്നിവ നാസ സംഭാവന ചെയ്തു. എസ്-ബാൻഡ് എസ്എആര്‍ പേലോഡ്, രണ്ട് പേലോഡുകളും ഉൾക്കൊള്ളുന്ന ബഹിരാകാശ പേടകം, ജിഎസ്എല്‍വി-എഫ്16 വിക്ഷേപണ വാഹനം, അനുബന്ധ വിക്ഷേപണ സേവനങ്ങള്‍ എന്നിവ ഇസ്രോ നൽകി. സൂര്യന്റെ സ്ഥാനത്തോട് സ്ഥിരമായി നിശ്ചിത അകലം പാലിക്കുന്ന ഭ്രമണപഥത്തിൽ സ്ഥാപിക്കുന്ന 2,392 കിലോഗ്രാം ഭാരമുള്ള ഈ ഉപഗ്രഹം ഓരോ 12 ദിവസത്തിലും മുഴുവൻ കരമേഖലയുടെയും ഹിമ പ്രതലങ്ങളുടെയും ചിത്രങ്ങള്‍ ആവര്‍ത്തിച്ച് നല്‍കും.
നിസറിന്റെ കഴിവുകൾ പ്രായോഗിക കാഴ്ചപ്പാടിൽ പരമ്പരാഗത ഭൗമ നിരീക്ഷണത്തിനപ്പുറമാണെന്ന് ഡോ. ജിതേന്ദ്ര സിങ് വ്യക്തമാക്കി. ആവാസവ്യവസ്ഥയിലെ മാറ്റങ്ങള്‍ തുടർച്ചയായി നിരീക്ഷിക്കാനും ഭൂകമ്പം, സുനാമികൾ, അഗ്നിപർവത സ്ഫോടനങ്ങൾ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ വിലയിരുത്താനും ഇത് സഹായിക്കും. ഭൂമിയുടെ ഉപരിഭാഗത്തിലെയും ഉപരിതല ചലനത്തിലെയും സൂക്ഷ്മ മാറ്റങ്ങൾ പോലും ഇത് നീരീക്ഷിക്കും. കടൽമഞ്ഞിന്റെ വർഗീകരണം, കപ്പൽ കണ്ടെത്തൽ, തീരദേശ നിരീക്ഷണം, കൊടുങ്കാറ്റ് നിരീക്ഷണം, വിളകളുടെ ചിത്രീകരണം, മണ്ണിന്റെ ഈർപ്പത്തിലെ മാറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഉപയോഗപ്പെടുത്താവുന്ന ഉപഗ്രഹ വിവരങ്ങള്‍ സർക്കാരുകൾക്കും ഗവേഷകർക്കും ദുരന്ത നിവാരണ ഏജൻസികൾക്കും സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
നിസര്‍ തയ്യാറാക്കുന്ന എല്ലാ വിവരങ്ങളും നിരീക്ഷണത്തിന് ശേഷം ഒന്നോ രണ്ടോ ദിവസത്തിനകവും അടിയന്തര സാഹചര്യങ്ങളിൽ തത്സമയവും സ്വതന്ത്രമായി ലഭ്യമാകുമമെന്നതാണ് ദൗത്യത്തിന്റെ പ്രധാന സവിശേഷത. വിവരങ്ങളുടെ ഈ ജനാധിപത്യവൽക്കരണം ഇത്തരം സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത വികസ്വര രാജ്യങ്ങൾക്കടക്കം ആഗോള ശാസ്ത്ര ഗവേഷണത്തിനും തീരുമാനങ്ങള്‍ കൈക്കൊള്ളാനും പിന്തുണ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
സൂര്യന്റെ സ്ഥാനത്തോട് സ്ഥിരമായി നിശ്ചിത അകലം പാലിക്കുന്ന ഭ്രമണപഥത്തിൽ
ഉപഗ്രഹം സ്ഥാപിക്കാൻ ഒരു ജിഎസ്എല്‍വി റോക്കറ്റ് ഉപയോഗിക്കുന്ന ആദ്യ ദൗത്യമാണ് നിസര്‍ എന്നതും ശ്രദ്ധേയമാണ്. ഇത് വൈവിധ്യമാർന്ന ബഹിരാകാശ ദൗത്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഇസ്രോയുടെ വളർന്നുവരുന്ന സാങ്കേതിക പരിജ്ഞാനം അടയാളപ്പെടുത്തുന്നു. നിസറിന്റെ ഇരട്ട റഡാർ പേലോഡ് സ്വീപ്-എസ്എആര്‍ സാങ്കേതിക വിദ്യയിലൂടെ 242 കിലോമീറ്റർ വിസ്തൃതമായ ഭൗമോപരിതലത്തിന്റെ ചിത്രങ്ങള്‍ ഉയർന്ന വ്യക്തതയില്‍ എല്ലാ കാലാവസ്ഥയിലും പകലും രാത്രിയും ലഭ്യമാക്കും.
കാലാവസ്ഥാ വ്യതിയാന പ്രതിരോധത്തിന്റെയും സുസ്ഥിര വികസനത്തിന്റെയും പശ്ചാത്തലത്തിൽ ഭൗമ നിരീക്ഷണ ദൗത്യങ്ങളുടെ പ്രാധാന്യവും ഡോ. ജിതേന്ദ്ര സിങ് വിശദീകരിച്ചു. നിസര്‍ പോലുള്ള ദൗത്യങ്ങൾ ശാസ്ത്രീയ ജിജ്ഞാസയിൽ മാത്രം ഒതുങ്ങുന്നില്ലെന്നും ആസൂത്രണത്തിലും അപകടസാധ്യത വിലയിരുത്തുന്നതിലും നയപരമായ ഇടപെടലുകളിലും അവ നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രൂക്ഷമാകുമ്പോൾ നിസര്‍ ഉള്‍പ്പെടെ ഉപഗ്രഹങ്ങളിലെ സമയബന്ധിതവും കൃത്യവുമായ വിവരങ്ങള്‍ സർക്കാരുകൾക്ക് മുൻകരുതല്‍ പ്രവർത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമായിരിക്കുമെന്നും അദ്ദേഹം വിലയിരുത്തി.
ഒരു ദശാബ്ദത്തിലേറെ നീണ്ട പദ്ധതി വികസനത്തിലൂടെയും 1.5 ബില്യൺ ഡോളറിലധികം സംയുക്ത നിക്ഷേപത്തിലൂടെയും സാധ്യമായ ദൗത്യത്തിന് ആഗോള ഉപയോഗത്തിന്റെയും സാങ്കേതിക പുരോഗതിയുടെയും പശ്ചാത്തലത്തില്‍ പരിവർത്തനാത്മകമായ ഫലപ്രാപ്തി പ്രതീക്ഷിക്കുന്നു. ലോകമെങ്ങും ബഹിരാകാശ ഏജൻസികളും പരിസ്ഥിതി ഗവേഷകരും നയരൂപീകരണ വിദഗ്ധരും നിസറിന്റെ വിക്ഷേപണം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.
ജൂലൈ 30-ലേക്ക് ദിവസങ്ങള്‍ എണ്ണിത്തുടങ്ങവെ പ്രധാനമന്ത്രി മോദിയുടെ മാർഗനിർദേശപ്രകാരം ഇന്ത്യയുടെ ബഹിരാകാശ പരിപാടികള്‍ പരമ്പരാഗത ഉപയോഗാധിഷ്ഠിത ദൗത്യങ്ങളിൽ നിന്ന് ആഗോള പൊതുസമൂഹത്തിന് അറിവ് പകരുന്ന ദൗത്യമായി രാജ്യത്തെ അടയാളപ്പെടുത്തുന്നതിലേക്ക് ക്രമാനുഗതമായി മാറുകയാണെന്ന് ഡോ. ജിതേന്ദ്ര സിങ് ആവർത്തിച്ചു. നിസർ കേവലം ഉപഗ്രഹമല്ലെന്നും ലോകവുമായി ഇന്ത്യയുടെ ശാസ്ത്രീയ കൈകോർക്കലാണെന്നും അദ്ദേഹം പറഞ്ഞു.
****
(Release ID: 2149149)