ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

കേന്ദ്രസര്‍ക്കാര്‍ പിന്തുണയിലൂടെ റെക്കോഡ് നിക്ഷേപം ആകർഷിച്ച് രാജ്യത്തെ അര്‍ധചാലക സ്റ്റാർട്ടപ്പുകൾ

Posted On: 24 JUL 2025 5:19PM by PIB Thiruvananthpuram

ഇന്ത്യയിലെ അര്‍ധചാലക രൂപകല്പന ആവാസവ്യവസ്ഥ അനുദിനം ശക്തിയാര്‍ജിക്കുകയാണ്. ഇലക്ട്രോണിക്സ്  - വിവരസാങ്കേതിക മന്ത്രാലയത്തിന്റെ രൂപകല്പന ബന്ധിത പ്രോത്സാഹന (ഡിഎല്‍ഐ) പദ്ധതിയ്ക്കും  ചിപ്സ് ടു സ്റ്റാർട്ടപ്പ് (സിടുഎസ്) പരിപാടിയ്ക്കും കീഴിൽ പിന്തുണ ലഭിക്കുന്ന സ്റ്റാർട്ടപ്പുകൾ  ഗണ്യമായ പ്രചാരം നേടുന്നു. 

 

107 കോടി രൂപയുടെ സംരംഭക മൂലധന നിക്ഷേപം നേടി നേത്രസെമി 

 

ചിപ്പ് രൂപകല്പന പദ്ധതിയ്ക്ക് കീഴിൽ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന നേത്രസെമി  സ്റ്റാർട്ടപ്പ്   107 കോടി രൂപയുടെ സംരംഭ മൂലധന (വിസി) നിക്ഷേപം നേടി. സ്മാർട്ട് വിഷൻ, സിസിടിവി ക്യാമറകൾ, ഇന്റർനെറ്റ് ഓഫ് തിംഗ്സ് (ഐഒടി) അപ്ലിക്കേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട ചിപ്പുകളുടെ നിർമാണത്തിലാണ്  കമ്പനി പ്രവർത്തിക്കുന്നത്. 

 

ഇന്ത്യയ്ക്ക് മികച്ച രൂപകല്പനാ ശേഷിയുണ്ടെന്നും  ഇന്ത്യ അര്‍ധചാലക ദൗത്യം  രാജ്യത്ത് അര്‍ധചാലക രൂപകല്പനയെ പിന്തുണയ്ക്കുന്നതിനാൽ നേത്രസെമിയുടെ ഈ വിജയം മറ്റ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും  നേട്ടത്തെ സ്വാഗതം ചെയ്ത കേന്ദ്ര ഇലക്ട്രോണിക്സ് -  വിവരസാങ്കേതിക മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ്  പറഞ്ഞു.  

 

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക്  234 കോടി രൂപയുടെ വാഗ്ദാനം 

 

2022-ൽ ഡിഎല്‍ഐ പദ്ധതിയ്ക്ക് തുടക്കം കുറിച്ചതിന് ശേഷം:

 

  • 22 കമ്പനികളിലായി 690 കോടി രൂപ ചെലവില്‍ ചിപ്പ് രൂപകല്പന പദ്ധതികൾക്ക്  234 കോടി രൂപയുടെ പിന്തുണ സർക്കാർ വാഗ്ദാനം ചെയ്തു. 

  • സിസിടിവി ക്യാമറകൾ, മൊബൈൽ ശൃംഖലകള്‍, ഉപഗ്രഹങ്ങൾ, കാറുകൾ, സ്മാർട്ട് ഉപകരണങ്ങൾ മുതലായവയിൽ ഈ ചിപ്പുകൾ ഉപയോഗിക്കും.

  • ഈ സ്റ്റാർട്ടപ്പുകൾ സംരംഭക മൂലധന നിക്ഷേപകരിൽ നിന്ന് ആകെ   380 കോടിയിലധികം രൂപ സമാഹരിച്ചു.

  • അഞ്ച് സ്റ്റാർട്ടപ്പുകൾ ഇതിനകം  അവരുടെ  രൂപകല്പനകള്‍ തയ്യാറാക്കുകയും ആഗോള ചിപ്പ് നിർമാതാക്കളുമായി പരീക്ഷിക്കുകയും ചെയ്തു. 

  • 72-ലധികം കമ്പനികൾക്ക് ചിപ്പുകൾ രൂപകൽപ്പന ചെയ്യാൻ സഹായിക്കുന്ന നൂതന സോഫ്റ്റ്‌വെയർ സംവിധാനങ്ങള്‍ ലഭ്യമാക്കി.  

 

സ്വകാര്യ നിക്ഷേപത്തിലൂടെ പിന്തുണ നേടുന്ന സ്റ്റാർട്ടപ്പുകളുടെ മറ്റ് ചില ഉദാഹരണങ്ങൾ:

 

  • മൈൻഡ്‌ഗ്രോവ് ടെക്‌നോളജീസ് (സിസിടിവി ചിപ്പ് രൂപകല്പന)  85 കോടി രൂപ സമാഹരിച്ചു

  • ഫെർമിയോണിക് ഡിസൈൻ (ഉപഗ്രഹ ആശയവിനിമയ ചിപ്പ്)  50 കോടി രൂപ സമാഹരിച്ചു

  • മോർഫിങ് മെഷീന്‍സ്, ഇൻകോർ സെമികണ്ടക്ടേഴ്സ്, ബിഗ്എൻഡിയൻ സെമികണ്ടക്ടേഴ്സ് എന്നീ സ്റ്റാര്‍ട്ടപ്പുകള്‍ ഉൽപ്പാദന ഘട്ടങ്ങളിലേക്ക് അതിവേഗം മുന്നേറുന്നു. 

 

ഒരു 'ഉൽപ്പന്ന രാഷ്ട്രം' എന്ന നിലയിലേക്കുയരുന്നതിന്റെ ആവേശത്തിൽ ചിപ്പ് രൂപകല്പനയില്‍ ശക്തമായ മുന്നേറ്റം നടത്താൻ യുവ കമ്പനികളെ സർക്കാർ  പ്രോത്സാഹിപ്പിക്കുന്നു. അതേസമയം അവരെ വളർത്താനും അവരുടെ ചിപ്പുകൾ വിപണിയിലെത്തിക്കാനും സ്വകാര്യ നിക്ഷേപകരും പിന്തുണ നല്‍കുന്നു.

 

****


(Release ID: 2148083)