രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസ്, മിലിട്ടറി എഞ്ചിനീയർ സർവീസസ്, സെൻട്രൽ വാട്ടർ എഞ്ചിനീയറിംഗ് സർവീസ് പ്രൊബേഷനറി ഓഫീസർമാർ രാഷ്ട്രപതിയെ സന്ദർശിച്ചു

Posted On: 23 JUL 2025 1:07PM by PIB Thiruvananthpuram
ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസ്, മിലിട്ടറി എഞ്ചിനീയർ സർവീസസ്, സെൻട്രൽ വാട്ടർ എഞ്ചിനീയറിംഗ് സർവീസ് പ്രൊബേഷനറി ഓഫീസർമാർ ഇന്ന് (ജൂലൈ 23, 2025) രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.

ദ്രുതഗതിയിലുള്ള സാങ്കേതിക പരിവർത്തനത്തിന്റെ ഈ കാലഘട്ടത്തിൽ, ഡിജിറ്റൽ പരിഹാരങ്ങളുടെ സംയോജനം ഒരു അനിവാര്യതയായി മാറിയിട്ടുണ്ടെന്ന് ഇന്ത്യൻ ഡിഫൻസ് എസ്റ്റേറ്റ് സർവീസ് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. സാങ്കേതിക പുരോഗതിയെക്കുറിച്ച് ജ്ഞാനം ഉണ്ടായിരിക്കേണ്ടതും  പ്രവർത്തനത്തിൽ അവയുടെ പ്രായോഗികത ഉറപ്പാക്കേണ്ടതും ഓഫീസർമാരുടെ കടമയാണ് എന്ന് രാഷ്‌ട്രപതി പറഞ്ഞു. നിർമിത ബുദ്ധി, ഡ്രോൺ അധിഷ്ഠിത ഭൂമി സർവേകൾ, ഉപഗ്രഹ ചിത്രങ്ങൾ, വസ്തു രേഖകളുടെ പരിപാലനത്തിനുള്ള ബ്ലോക്ക്ചെയിൻ എന്നിവ ഇനി ഭാവി ആശയങ്ങളല്ലെന്നും അവ ഭരണത്തിന്റെ ഭാഗമായി മാറുകയാണെന്നും, അടിസ്ഥാന സൗകര്യ വികസനത്തിൽ പരിസ്ഥിതി സൗഹൃദ രീതികളും, പുനരുപയോഗിക്കാവുന്ന ഊർജ്ജ പരിഹാരങ്ങളും സ്വീകരിക്കാനും,വിഭവങ്ങളുടെ പാഴാക്കൽ കുറയ്ക്കാനും, കന്റോൺമെന്റുകളിൽ ജലസംരക്ഷണം ഉറപ്പാക്കണമെന്നും രാഷ്‌ട്രപതി അവരോട് നിർദേശിച്ചു.

 സൈനിക നിർമ്മാണ മേഖലയിലെ ഉയർന്നുവരുന്ന നേതൃശക്തികൾ എന്ന നിലയിൽ, യുവ എംഇഎസ് ഉദ്യോഗസ്ഥരുടെ ചുമതല കേവലം നിർമ്മാണം മാത്രമല്ല, ഉത്തരവാദിത്വത്തോടെയുള്ള നിർമാണമാണെന്ന് മിലിട്ടറി എഞ്ചിനീയർ സർവീസസ് ഓഫീസർമാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്‌ട്രപതി പറഞ്ഞു. സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിനും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകൾ സ്വീകരിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് രാഷ്‌ട്രപതി പ്രസ്താവിച്ചു. 'ആത്മനിർഭർ ഭാരത്' എന്ന ദേശീയ വീക്ഷണവുമായി യോജിച്ച്, 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിന് കീഴിൽ തദ്ദേശീയ ഉൽപ്പന്നങ്ങളുടെയും സാങ്കേതികവിദ്യകളുടെയും ഉപയോഗം എംഇഎസ് സജീവമായി പ്രോത്സാഹിപ്പിക്കുന്നതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, ജലസ്രോതസ്സുകളുടെ സുസ്ഥിര വികസനവും ജലത്തിന്റെ കാര്യക്ഷമമായ പരിപാലനവും ജലസുരക്ഷയ്ക്ക് പ്രധാനമാണെന്ന് സെൻട്രൽ വാട്ടർ എഞ്ചിനീയറിംഗ് സർവീസ് ഓഫീസർമാരെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. ശുദ്ധജലം നൽകുകയും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ, ഇന്ത്യയ്ക്ക് പൊതുജനാരോഗ്യം മെച്ചപ്പെടുത്താനും കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനും പ്രകൃതിവിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ഉറപ്പാക്കാനും കഴിയും. ജല അടിസ്ഥാന സൗകര്യ വികസനത്തിനായി എഞ്ചിനീയറിംഗ് പരിഹാരങ്ങൾ നൽകുന്നതിലൂടെ, പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ ജല പ്രതിസന്ധികൾക്കെതിരെ രാജ്യത്തെ കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കാൻ സെൻട്രൽ വാട്ടർ എഞ്ചിനീയറിംഗ് സർവീസ് ഓഫീസർമാരുടെ സംഭാവന സഹായിക്കുമെന്ന് അവർ എടുത്തു പറഞ്ഞു.

രാഷ്ട്രപതിയുടെ പ്രസംഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
 
*****

(Release ID: 2147272)