ഉപരാഷ്ട്രപതിയുടെ കാര്യാലയം
രാഷ്ട്രീയ കക്ഷികൾക്കിടയിൽ സൗഹൃദവും പരസ്പര ബഹുമാനവും വളർത്താനുള്ള ആഹ്വാനവുമായി ഉപരാഷ്ട്രപതിയും രാജ്യസഭാധ്യക്ഷനുമായ ശ്രീ ജഗ്ദീപ് ധൻഖർ
Posted On:
20 JUL 2025 7:55PM by PIB Thiruvananthpuram
രാഷ്ട്രീയ കക്ഷികൾക്കിടയിൽ സൗഹൃദവും പരസ്പര ബഹുമാനവും വളർത്തണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് ഉപരാഷ്ട്രപതി ശ്രീ ജഗ്ദീപ് ധൻഖർ പറഞ്ഞു, “രാഷ്ട്രീയ മണ്ഡലത്തിലെ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു — ദയവായി പരസ്പര ബഹുമാനം പുലർത്തുക. ദയവായി ടെലിവിഷനിലൂടെയോ അല്ലാതെയോ രാഷ്ട്രീയ നേതൃത്വങ്ങൾക്കെതിരെ മോശം ഭാഷ പ്രയോഗിക്കരുത്.
നാം തികഞ്ഞ മാന്യതയും പരസ്പര ബഹുമാനവും പുലർത്തണം- നമ്മുടെ സംസ്‌ക്കാരം ആവശ്യപ്പെടുന്നത് അതാണ്. അല്ലാത്തപക്ഷം നമ്മുടെ ചിന്തകളിൽ ഐക്യം ഉണ്ടാകില്ല….. എന്നെ വിശ്വസിക്കുക, നേതാക്കൾ കൂടുതൽ തവണ ഇടപഴകുകയാണെങ്കിൽ ഉന്നത തല രാഷ്ട്രീയ സംഭാഷണം നടക്കുകയാണെങ്കിൽ അത് സാധ്യമാകും. അവർ പരസ്പരം കൂടുതൽ ചർച്ചകൾ നടത്തണം. അവർ വ്യക്തിഗത തലത്തിൽ ആശയങ്ങൾ കൈമാറണം - അപ്പോൾ രാഷ്ട്രതാത്പര്യം നിറവേറ്റപ്പെടും……. നാം എന്തിനാണ് പരസ്പരം പോരടിക്കുന്നത്? നാം നമ്മുടെ ഉള്ളിൽ ശത്രുക്കളെ അന്വേഷിക്കരുത്. എന്റെ അറിവിൽ, എല്ലാ ഇന്ത്യൻ രാഷ്ട്രീയ കക്ഷികളും എല്ലാ പാർലമെന്റേറിയന്മാരും അന്തിമമായി ദേശീയവാദികളാണ്. അവർ രാഷ്ട്രത്തെ വിശ്വസിക്കുന്നു. രാഷ്ട്ര പുരോഗതിയിൽ വിശ്വസിക്കുന്നു……. ഒരേ കക്ഷി എല്ലായ്പ്പോഴും അധികാരത്തിൽ തുടരുന്ന തരത്തിലുള്ളതല്ല നമ്മുടെ ജനാധിപത്യം. നമ്മുടെ ജീവിതകാലത്ത് തന്നെ ഈ യാഥാർത്ഥ്യത്തിന് നാം സാക്ഷ്യം വഹിച്ചിട്ടുണ്ട്. സംസ്ഥാന തലത്തിലും, പഞ്ചായത്ത് തലത്തിലും, മുനിസിപ്പൽ തലത്തിലും മാറ്റം സംഭവിക്കുന്നു. അതാണ് ജനാധിപത്യ പ്രക്രിയയുടെ പ്രത്യേകത. എന്നാൽ ഒരു കാര്യം ഉറപ്പാക്കേണ്ടതുണ്ട്, വികസനത്തുടർച്ചയും, സാംസ്ക്കാരിക ധാർമ്മികതയുടെ തുടർച്ചയും നിലനിർത്തണം. അതിന് ഒരു മാർഗ്ഗമേയുള്ളൂ. ജനാധിപത്യ സംസ്‌ക്കാരത്തെ നാം ബഹുമാനിക്കണം.
"സുഹൃത്തുക്കളേ, അഭിവൃദ്ധി പ്രാപിക്കുന്ന ഒരു ജനാധിപത്യത്തിന് നിരന്തര സംഘർഷത്തിന്റെതായ അന്തരീക്ഷം അഭികാമ്യമല്ല..... രാഷ്ട്രീയ സംഘർഷം കാണുമ്പോൾ, രാഷ്ട്രീയ അന്തരീക്ഷം വ്യത്യസ്ത ദിശയിൽ സഞ്ചരിക്കുന്നത് കാണുമ്പോൾ മനസ്സ് അസ്വസ്ഥമാകും. രാഷ്ട്രീയ താപനില കുറയ്ക്കണമെന്ന് ഞാൻ രാജ്യത്തെ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. രാഷ്ട്രീയം എന്നാൽ ഏറ്റുമുട്ടലല്ല, രാഷ്ട്രീയത്തിന് ഒരിക്കലും ഋജുരേഖയിൽ സഞ്ചരിക്കാനും കഴിയില്ല. വ്യത്യസ്ത രാഷ്ട്രീയ ചിന്താ ധാരകൾ സ്വാഭാവികമാണ്, പക്ഷേ രാഷ്ട്രീയം എന്നാൽ ഒരു ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവർത്തനമാണ്. അതിനായി വ്യത്യസ്ത രീതികൾ അവലംബിച്ചേക്കാം. ഈ രാജ്യത്തെ ഒരു വ്യക്തിയും രാഷ്ട്രവിരുദ്ധമായി ചിന്തിക്കില്ലെന്ന് ഞാൻ ശക്തമായി വിശ്വസിക്കുന്നു. ഇന്ത്യ എന്ന ആശയത്തിന് എതിര് നിൽക്കുന്ന ഒരു രാഷ്ട്രീയ കക്ഷിയെ എനിക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വ്യത്യസ്ത മാർഗ്ഗങ്ങളുണ്ടാകാം, വ്യത്യസ്ത ചിന്തകൾ ഉണ്ടാകാം; പക്ഷേ അവർ പരസ്പരം ചർച്ച ചെയ്യാൻ പഠിക്കണം, പരസ്പരം സംഭാഷണത്തിലേർപ്പെടണം. ഏറ്റുമുട്ടൽ ഒരിക്കലും ഒരു പോംവഴിയല്ല. രാഷ്ട്രീയ രംഗത്തായാൽ പോലും, നാം പരസ്പരം പോരടിക്കുമ്പോൾ, നമ്മുടെ ശത്രുവിനെ ശക്തിപ്പെടുത്തുകയാണ്. നമ്മെ വിഭജിക്കാൻ ആവശ്യമായ ആയുധങ്ങൾ നാം അവർക്ക് സമ്മാനിക്കുന്നു. അതിനാൽ, യുവ മനസ്സുകൾ വലിയ ഒരു സമ്മർദ്ദ ഗ്രൂപ്പാണ്. നിങ്ങൾക്ക് അപരിമേയമായ ശക്തിയുണ്ട്. നിങ്ങളുടെ ചിന്താ പ്രക്രിയ രാഷ്ട്രീയക്കാരെ, നിങ്ങളുടെ പാർലമെന്റേറിയനെ, നിങ്ങളുടെ നിയമസഭാംഗത്തെ, നിങ്ങളുടെ കോർപ്പറേറ്ററെ നിയന്ത്രിക്കും. രാഷ്ട്രത്തെക്കുറിച്ച് ചിന്തിക്കുക. വികസനത്തെക്കുറിച്ച് ചിന്തിക്കുക", അദ്ദേഹം കൂട്ടിച്ചേർത്തു.
ഉപരാഷ്ട്രപതി എൻക്ലേവിൽ ഇന്ന് നടന്ന രാജ്യസഭ ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ (RSIP) എട്ടാം ബാച്ചിന്റെ ഉദ്ഘാടന പരിപാടിയെ അഭിസംബോധന ചെയ്യവേ ശ്രീ ധൻഖർ അടിവരയിട്ടു വ്യക്തമാക്കി, “ദേശീയ താത്പര്യത്തിന് മീതെയുള്ള രാഷ്ട്രീയം നമുക്ക് വേണ്ട, വികസനത്തിന് മീതെയുള്ള രാഷ്ട്രീയം നമുക്ക് വേണ്ട, രാജ്യത്തിന്റെ വളർച്ചയുടെ കാര്യത്തിൽ നമുക്ക് രാഷ്ട്രീയം വേണ്ട. ദേശസുരക്ഷയുടെയും ദേശീയ ഭീഷണികളുടെയും വിഷയത്തിലും നമുക്ക് രാഷ്ട്രീയം വേണ്ട, കാരണം ഇന്ത്യ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ അഭിമാനപൂർവ്വം തലയുയർത്തി നിൽക്കേണ്ടതുണ്ട്. ആഗോളതലത്തിൽ നമുക്ക് ആദരവ് ലഭിക്കേണ്ടതുണ്ട്. ഇന്ത്യയെ ബാഹ്യശക്തികൾക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന ആശയം തന്നെ നമ്മുടെ അവകാശവാദത്തിന് വിരുദ്ധമാണ്. നാം ഒരു രാഷ്ട്രമാണ്, ഒരു പരമാധികാര രാഷ്ട്രമാണ്. ഇന്ത്യ വിരുദ്ധ ശക്തികളാൽ നമ്മുടെ രാഷ്ട്രീയ അജണ്ട നിശ്ചയിക്കേണ്ടതുണ്ടോ? നമ്മുടെ ശത്രുക്കളാൽ പോലും നമ്മുടെ അജണ്ട സ്വാധീനിക്കപ്പെടേണ്ടതുണ്ടോ?”
ടെലിവിഷൻ സംവാദങ്ങളിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള വെറുപ്പിന്റെ അന്തരീക്ഷത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "എല്ലാ രാഷ്ട്രീയ കക്ഷികൾക്കും പക്വതയാർന്ന നേതൃത്വമുണ്ട്. വലുതോ ചെറുതോ ആയ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും രാഷ്ട്ര വികസനത്തോട് പ്രതിബദ്ധതയുണ്ട്. അതിനാൽ ഇത്തരത്തിലുള്ള മാനസികാവസ്ഥ ഉറപ്പാക്കേണ്ടത് യുവാക്കളുടെ കടമയാണ്. ഈ ചിന്താ പ്രക്രിയ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതിഫലിക്കണം, നമ്മുടെ ടെലിവിഷൻ സംവാദങ്ങൾ സമാധാനപരവും ഭാവാത്മകവും ആകർഷകവുമാണെന്ന് ഉറപ്പാക്കാനായാൽ, എത്രമാത്രം പരിവർത്തനം വരുമെന്ന് സങ്കൽപ്പിക്കുക - ഒരു നിമിഷം നിരീക്ഷിക്കുക. നാം സാധാരണയായി എന്താണ് കാണുന്നത്? നാം എന്താണ് കേൾക്കുന്നത്? അത് നമ്മുടെ ചെവികളെ മടുപ്പിക്കുന്നതല്ലേ? നമ്മുടെ കാതുകൾക്ക് മടുത്തു, അല്ലേ? സഹോദരാ, എന്തുകൊണ്ടാണ് ഇങ്ങനെ? ഒരു മഹത്തായ സംസ്‌ക്കാരത്തിൽ നിന്നാണ് നാം വരുന്നത്. നമ്മുടെ പ്രത്യയശാസ്ത്രത്തിന് ഒരു അടിത്തറയുണ്ട്. നമുക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം - നമുക്ക് വിയോജിപ്പുകൾ ഉണ്ടാകാം - പക്ഷേ നമ്മുടെ ഹൃദയങ്ങളിൽ എങ്ങനെയാണ് വെറുപ്പ് ഉത്പാദിപ്പിക്കപ്പെടുക? നാം ഇന്ത്യക്കാരാണ്. നമ്മുടെ സംസ്‌ക്കാരം നമ്മെ എന്താണ് പഠിപ്പിക്കുന്നത്? അനന്തവാദ് - അനന്തമായ സംഭാഷണത്തിലുള്ള വിശ്വാസം. അനന്തവാദ് എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അതിന്റെ അർത്ഥം ചർച്ചയും സംവാദവും എന്നാണ്. ചർച്ചയും സംവാദവും എന്താണ്? അതിന്റെ അർത്ഥം ആവിഷ്‌ക്കാരം എന്നാണ്. ആവിഷ്‌ക്കാരം എന്നാൽ - നിങ്ങളുടെ ചിന്തകൾ സ്വതന്ത്രമായി പ്രകടിപ്പിക്കുക എന്നാണ്. എന്നാൽ നിങ്ങളുടെ അഭിപ്രായം മാത്രമാണ് ശരിയെന്ന് ശാഠ്യം പിടിക്കരുത്. അത് അന്തിമവും കേവലവുമായ സത്യമാണെന്ന് നിങ്ങൾ വിശ്വസിക്കരുത്. നിങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചപ്പാട് മറ്റാർക്കും ഉണ്ടാകാൻ സാധ്യതയില്ലെന്നും കരുതരുത്.
പാർലമെന്റിന്റെ വരാനിരിക്കുന്ന വർഷകാല സമ്മേളനത്തിൽ അർത്ഥവത്തായ ചർച്ചകളുടെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ട് ശ്രീ ധൻഖർ പറഞ്ഞു, “നാം സഹിഷ്ണുത പുലർത്തണം. സ്വന്തം വീക്ഷണങ്ങളിൽ നാം വിശ്വസിക്കണം. എന്നാൽ ഇതര വീക്ഷണങ്ങളോട് നമുക്ക് ബഹുമാനവും ഉണ്ടായിരിക്കണം. നമ്മുടെ കാഴ്ചപ്പാടിൽ വിശ്വസിക്കുകയും "ഞാൻ മാത്രമാണ് ശരി, മറ്റെല്ലാവരും തെറ്റാണ്" എന്ന് ചിന്തിക്കുകയും ചെയ്താൽ - അത് ജനാധിപത്യമല്ല. അത് നമ്മുടെ സംസ്‌ക്കാരമല്ല. അത് അഹങ്കാരമാണ്. തീർച്ചയായും അതാണ് അഹങ്കാരം. നമ്മുടെ അഹങ്കാരത്തെ നാം നിയന്ത്രിക്കണം. ഇതര വ്യക്തികൾ വ്യത്യസ്തമായ കാഴ്ചപ്പാട് പുലർത്തുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കണം - അതാണ് നമ്മുടെ സംസ്‌ക്കാരം. ഇന്ത്യയുടെ ചരിത്രപരമായ പ്രശസ്തി ഏതു കാര്യത്തിലാണ്? പ്രഭാഷണം, സംഭാഷണം, സംവാദം, ചർച്ച. ഇക്കാലത്ത്, പാർലമെന്റിൽ ഇതെല്ലാം നടക്കുന്നത് നമുക്ക് കാണാനാവുന്നില്ല. വരാനിരിക്കുന്ന സമ്മേളനം ഒരു സുപ്രധാന സമ്മേളനമായിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്ന അർത്ഥവത്തും ഗൗരവമേറിയതുമായ ചർച്ചകൾ ഉണ്ടാകുമെന്ന് എനിക്ക് പൂർണ്ണമായ പ്രതീക്ഷയുമുണ്ട്. എല്ലാം പൂർണ്ണമാണെന്നല്ല. എല്ലാം പൂർണ്ണമായ ഒരു കാലഘട്ടത്തിൽ ജീവിക്കുകയെന്നത് അസാധ്യം തന്നെ. എപ്പോഴും, ഏത് സമയത്തും ചില മേഖലകളിൽ ചില്ലറ പോരായ്മകൾ ഉണ്ടാകും. കൂടുതൽ മെച്ചപ്പെടാൻ എപ്പോഴും അവസരമുണ്ട്. അങ്ങനെയാണെങ്കിൽ... ആരെങ്കിലും എന്തെങ്കിലും മെച്ചപ്പെടുത്താൻ നിർദ്ദേശിക്കുമ്പോൾ, അത് നമ്മെ അപലപിക്കുന്നതായി കണക്കാക്കേണ്ടതില്ല. അതൊരു വിമർശനമല്ല. കൂടുതൽ വികാസം പ്രാപിക്കാനുള്ള ഒരു നിർദ്ദേശം മാത്രമാണത്. അതിനാൽ, സൃഷ്ടിപരമായ രാഷ്ട്രീയത്തിൽ ഏർപ്പെടാൻ ഞാൻ രാഷ്ട്രീയ കക്ഷികളോട് അഭ്യർത്ഥിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ, ട്രഷറി ബെഞ്ചുകളിലിരിക്കുന്നവരോടും, ഭരണകക്ഷിയോടും, പ്രതിപക്ഷ കക്ഷികളോടും അടക്കം എല്ലാവരോടും ഉള്ള അഭ്യർത്ഥനയാണത്.
****
(Release ID: 2146317)