പാര്‍ലമെന്ററികാര്യ മന്ത്രാലയം
പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടി നേതാക്കളുമായി യോഗം ചേര്‍ന്ന് സര്‍ക്കാര്‍; കേന്ദ്രമന്ത്രിമാരടക്കം 40 പാർട്ടികളിലെ 54 നേതാക്കൾ പങ്കെടുത്തു
32 ദിവസങ്ങള്‍ക്കിടയില്‍ 21 തവണ സഭ ചേരുമെന്ന് ശ്രീ കിരൺ റിജിജു
Posted On:
20 JUL 2025 8:21PM by PIB Thiruvananthpuram
പാർലമെന്റിന്റെ 2025-ലെ വർഷകാല സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ, രാസവസ്തു - വളം മന്ത്രിയും രാജ്യസഭ നേതാവുമായ ശ്രീ ജഗത് പ്രകാശ് നദ്ദയുടെ അധ്യക്ഷതയിൽ ഇന്ന് ന്യൂഡൽഹി പാർലമെന്റ് സമുച്ചയത്തില്‍ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ യോഗം ചേര്‍ന്നു. കേന്ദ്ര പാർലമെന്ററി കാര്യ-ന്യൂനപക്ഷ മന്ത്രി ശ്രീ കിരൺ റിജിജുവാണ് യോഗം വിളിച്ചുചേർത്തത്. കേന്ദ്ര നീതിന്യായ സഹമന്ത്രിയും (സ്വതന്ത്ര ചുമതല) പാർലമെന്ററി കാര്യ സഹമന്ത്രിയുമായ ശ്രീ അർജുൻ റാം മേഘ്‌വാൾ, പാർലമെന്ററികാര്യ - വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിമാരടക്കം 40 രാഷ്ട്രീയ പാർട്ടികളിലെ 54 നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ശ്രീ ജഗത് പ്രകാശ് നദ്ദ ആമുഖ പ്രസംഗത്തോടെ യോഗത്തിനെത്തിയ എല്ലാ നേതാക്കളെയും സ്വാഗതം ചെയ്ത ശേഷം പാർലമെന്ററികാര്യ മന്ത്രി യോഗം നിയന്ത്രിച്ചു. 2025-ലെ പാർലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 21 തിങ്കളാഴ്ച ആരംഭിക്കുമെന്നും സർക്കാർ പ്രവര്‍ത്തനങ്ങള്‍ക്കും അവശ്യകാര്യങ്ങള്‍ക്കും വിധേയമായി ഓഗസ്റ്റ് 21 വ്യാഴാഴ്ച അവസാനിക്കുമെന്നും അദ്ദേഹം നേതാക്കളെ അറിയിച്ചു. ഇക്കാലയളവിൽ സ്വാതന്ത്ര്യദിനാഘോഷത്തിനായി ഓഗസ്റ്റ് 12 ചൊവ്വാഴ്ച പിരിയുന്ന ഇരുസഭകളും ഓഗസ്റ്റ് 18 തിങ്കളാഴ്ച വീണ്ടും സമ്മേളനം ചേരും. 32 ദിവസങ്ങള്‍ക്കിടെ ആകെ 21 തവണ സഭ ചേരും.
സമ്മേളനത്തിൽ പരിഗണിക്കുന്നതിന് നിയമനിർമാണവും മറ്റിനങ്ങളുമടക്കം 17 ഇനങ്ങള്‍ താല്‍ക്കാലികമായി തിരിച്ചറിഞ്ഞതായി ശ്രീ റിജിജു അറിയിച്ചു.
ഇരുസഭകളുടെയും നിയമങ്ങളനുസരിച്ച് സഭകളില്‍ മറ്റേത് പ്രധാന വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാറാണെന്നും പാർലമെന്ററികാര്യ മന്ത്രി അറിയിച്ചു. വരാനിരിക്കുന്ന പാർലമെന്റ് വര്‍ഷകാല സമ്മേളനത്തിൽ ഉന്നയിക്കപ്പെടാന്‍ സാധ്യതയുള്ള വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിച്ച രാഷ്ട്രീയ പാർട്ടി നേതാക്കൾ സര്‍ക്കാരിന് പൂർണ സഹകരണം ഉറപ്പുനൽകി.
യോഗം ഉപസംഹരിച്ച ശ്രീ നദ്ദ അഭിപ്രായങ്ങൾ പങ്കുവെച്ചതിനും സജീവവും ഫലപ്രദവുമായ പങ്കാളിത്തത്തിനും നേതാക്കൾക്ക് നന്ദി പറഞ്ഞു. അംഗങ്ങൾ ഉന്നയിച്ച എല്ലാ വിഷയങ്ങളും പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടെന്നും നിയമ-നടപടിക്രമങ്ങളനുസരിച്ച് അധികൃതര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
*****
(Release ID: 2146272)