ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം
ഇന്ത്യയുടെ ചെറുധാന്യ മാനദണ്ഡങ്ങള്‍ക്ക് റോമിലെ 88-ാമത് കോഡെക്സ് ഭരണസമിതി യോഗത്തില്‍ അംഗീകാരം
Posted On:
19 JUL 2025 4:35PM by PIB Thiruvananthpuram
കഴിഞ്ഞ വർഷം കോഡെക്സ് അലിമെന്റേറിയസ് കമ്മീഷന്റെ (സിഎസി-47) അംഗീകാരം ലഭിച്ച ഇന്ത്യയുടെ സമഗ്ര ചെറുധാന്യ ഏകീകരണ മാനദണ്ഡ വികസന നേതൃത്വത്തിന് 2025 ജൂലൈ 14 മുതൽ 18 വരെ ഇറ്റലിയിലെ റോമില്‍ എഫ്എഒ ആസ്ഥാനത്ത് സംഘടിപ്പിച്ച കോഡെക്സ് അലിമെന്റേറിയസ് കമ്മീഷന്‍ ഭരണസമിതിയുടെ 88-ാമത് സെഷനിൽ (സിസിഇഎക്സ്ഇസി-88) അഭിന്ദനം. ഇന്ത്യ അധ്യക്ഷ പദവിയും മാലി, നൈജീരിയ, സെനഗൽ എന്നീ രാജ്യങ്ങള്‍ സഹ-അധ്യക്ഷ പദവിയും വഹിക്കുന്ന പ്രവർത്തനത്തിന്റെ പുരോഗതി സമിതി അവലോകനം ചെയ്തു. 2025 ഏപ്രിലിൽ ധാന്യങ്ങളും പയറുവർഗങ്ങളും സംബന്ധിച്ച് നടന്ന കോഡെക്സ് കമ്മിറ്റിയുടെ 11-ാമത് സെഷനിൽ (സിസിപിഎല്‍-11) ഇതിന്റെ അവലംബ നിബന്ധനകൾ അന്തിമമാക്കി.
എഫ്എഒ ഡെപ്യൂട്ടി ഡയറക്ടർ ജനറലും ക്യാബിനറ്റ് ഡയറക്ടറുമായ ശ്രീ. ഗോഡ്ഫ്രെ മാഗ്‍വെൻസിയും ലോകാരോഗ്യസംഘടന ആരോഗ്യ പ്രോത്സാഹന രോഗബാധ - പ്രതിരോധ നിയന്ത്രണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ഡോ. ജെറമി ഫറാറും ചേർന്ന് ഉദ്ഘാടനം ചെയ്ത സെഷനിൽ കോഡെക്സ് അലിമെന്റേറിയസ് കമ്മീഷന്‍ ഭരണസമിതിയിലെ (സിസിഇഎക്സ്ഇസി) തിരഞ്ഞെടുക്കപ്പെട്ട അംഗമെന്ന നിലയിൽ ഇന്ത്യ പങ്കെടുത്തു. കോഡെക്സ് അലിമെന്റേറിയസ് കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. അലൻ അസെഗലെ, കമ്മീഷൻ സെക്രട്ടറി ശ്രീമതി സാറാ കാഹിൽ, അംഗരാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
പഴങ്ങളും പച്ചക്കറികളും സംബന്ധിച്ച കോഡെക്സ് സമിതി ഈ വർഷം ഫെബ്രുവരിയിൽ ചേര്‍ന്ന 23-ാമത് സെഷൻ (സിസിഎഫ്എഫ്‍വി-23) ശിപാർശ ചെയ്ത ശുദ്ധമായ ഈത്തപ്പഴങ്ങളുടെ പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇന്ത്യയുടെ അധ്യക്ഷതയിൽ നടത്തിയ പ്രവർത്തനങ്ങൾ ഭരണസമിതിയോഗം വിമർശനാത്മകമായി അവലോകനം ചെയ്തു. ഈ മാനദണ്ഡങ്ങൾ അന്തിമമാക്കുന്നതിൽ സിസിഎഫ്എഫ്‍വി-യും ഇന്ത്യയും നടത്തിയ ശ്രമങ്ങളെ അഭിനന്ദിച്ച ഭരണസമിതി 2025 നവംബറിൽ ചേരാനിരിക്കുന്ന കോഡെക്സ് അലിമെന്റേറിയസ് കമ്മീഷന്റെ 48-ാമത് സെഷനിൽ (സിഎസി-48) അന്തിമ അംഗീകാരത്തിനായി അവ പരിഗണിക്കുകയും ചെയ്തു. പുതിയ മഞ്ഞൾ, ബ്രോകോളി ഇനങ്ങളുടെ മാനദണ്ഡങ്ങൾ വികസിപ്പിക്കുന്ന പുതിയ പ്രവർത്തന നിർദേശങ്ങളിലും ഇന്ത്യ സഹ-അധ്യക്ഷത വഹിക്കും.
സിഎസി-48 ൽ അംഗീകാരത്തിനായി സ്മാർട്ട് മുഖ്യ പ്രകടന സൂചികകള്‍ക്ക് (കെപിഐ-കൾ) അന്തിമരൂപം നല്‍കിയ 2026–2031ലെ തന്ത്രപരമായ കോഡെക്സ് ആസൂത്രണത്തിന്റെ നിരീക്ഷണ ചട്ടക്കൂടിനെക്കുറിച്ച് നടന്ന ചർച്ചകളിൽ ഇന്ത്യ സജീവമായി പങ്കെടുത്തു. നിരീക്ഷണ സൂചികകള്‍ ഫലാധിഷ്ഠിതവും കൃത്യവും പരിഗണിക്കാവുന്നതുമാകണമെന്ന് ഇന്ത്യ ശിപാർശ ചെയ്തു. ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, തിമോർ ലെസ്റ്റെ തുടങ്ങിയ അയൽ രാജ്യങ്ങൾക്ക് എഫ്എഒ അംഗീകാരത്തോടെ നടത്തുന്ന ശേഷി വർധന പരിപാടിയെക്കുറിച്ചും ഇന്ത്യ യോഗത്തെ അറിയിച്ചു. 2014-ൽ തുടക്കം മുതല്‍ സുഗന്ധവ്യഞ്ജന - ഭക്ഷ്യ ഔഷധസസ്യങ്ങളുടെ കോഡെക്സ് സമിതി (സിസിഎസ്‍സിഎച്ച്) അധ്യക്ഷ സ്ഥാനം ഇന്ത്യ വഹിക്കുന്നതും ശ്രദ്ധേയമാണ്.
മാര്‍ഗനിര്‍ദേശക - സംയുക്ത പരിപാടികള്‍ക്കായി കോഡെക്സ് ട്രസ്റ്റ് ഫണ്ട് (സിടിഎഫ്) ഉപയോഗിക്കാൻ സജീവമല്ലാത്ത കോഡെക്സ് അംഗരാജ്യങ്ങളെ ഇന്ത്യ പ്രോത്സാഹിപ്പിച്ചു. ഭൂട്ടാൻ, നേപ്പാൾ എന്നിവയുമായി സിടിഎഫ് പിന്തുണയോടെ വിജയകരമായി നടത്തിയ പരിശീലന - ശേഷിവികസന സംരംഭങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് അത്തരം പരിശീലന ശ്രമങ്ങൾ സൂചകങ്ങളായി ഉൾപ്പെടുത്താന്‍ ഇന്ത്യ നിർദേശിച്ചു.
ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെയും ഇന്ത്യൻ പ്രതിനിധി സംഘം 88-ാമത് കോഡെക്സ് ഭരണസമിതി യോഗം ഇന്ത്യയുടെ താൽപര്യങ്ങൾ കാര്യക്ഷമമായി പരിഗണിച്ചതായി ഉറപ്പുവരുത്തി.
****************
(Release ID: 2146188)