പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ഇന്ത്യയുടെ ഊർജ പരിവർത്തനത്തിൽ പെട്രോളിയം ഡീലർമാർ സജീവ പങ്കാളികളാകണം: ശ്രീ ഹർദീപ് സിങ് പുരി
Posted On:
18 JUL 2025 5:55PM by PIB Thiruvananthpuram
ഇന്ത്യയുടെ ഊർജ പരിവർത്തനത്തിൽ സജീവ പങ്കാളികളായി മാറാന്‍ രാജ്യത്തെങ്ങുമുള്ള പെട്രോളിയം ഡീലർമാരോട് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രി ശ്രീ ഹർദീപ് സിങ് പുരി ആഹ്വാനം ചെയ്തു. ഇന്നലെ അഖിലേന്ത്യ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ (എഐപിഡിഎ) കോൺക്ലേവിലെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളിയം ചില്ലറവില്‍പന കേന്ദ്രങ്ങളിലെ ഡീലർമാരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ ദേശീയ സംഘടനയാണ് എഐപിഡിഎ. ഇന്ത്യയുടെ ചലനാത്മക ഊർജ പശ്ചാത്തലത്തതിനനുസൃതമായി പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾ അവലംബിക്കേണ്ടതിന്റെയും ഡിജിറ്റൽ സന്നദ്ധത വർധിപ്പിക്കേണ്ടതിന്റെയും വ്യാപാരമാതൃകകള്‍ വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു.

ഊർജ ആവാസവ്യവസ്ഥയിൽ പെട്രോളിയം ഡീലർമാർ വഹിക്കുന്ന നിർണായക പങ്ക് എടുത്തുപറഞ്ഞ ശ്രീ പുരി ഡീലർ കമ്മീഷനുകളും പ്രവർത്തന ചെലവുകളും മറ്റ് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ അംഗീകരിച്ചു. ഏറ്റുമുട്ടലിലല്ല, മറിച്ച് കൂടിയാലോചനയിലാണ് മന്ത്രാലയം വിശ്വസിക്കുന്നതെന്ന് ഉറപ്പ് നൽകിയ അദ്ദേഹം 2024 ഒക്ടോബറിൽ ഡീലർമാരുടെ ലാഭവിഹിത പരിഷ്ക്കരണം നടപ്പാക്കിയതും സംസ്ഥാനതലത്തില്‍ ചരക്കുഗതാഗതം യുക്തിസഹമാക്കിയതും അസമത്വങ്ങൾ പരിഹരിക്കുന്നതിന് സ്വീകരിച്ച കൃത്യമായ നടപടികളാണെന്ന് വ്യക്തമാക്കി. പ്രതികരണത്തിനും പരാതി പരിഹാരത്തിനും ഘടനാപരമായ വേദികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 മഹാമാരിയും ആഗോള ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമടക്കം കഴിഞ്ഞ അഞ്ചുവർഷത്തെ വെല്ലുവിളികളെ വിലയിരുത്തിയ ശ്രീ പുരി രാജ്യം ഈ തടസ്സങ്ങളെ ഫലപ്രദമായി തരണം ചെയ്തതിനൊപ്പം ഊർജ വളർച്ചയിൽ ആഗോള നേതൃനിരയിലേക്ക് ഉയർന്നുവന്നതായും ചൂണ്ടിക്കാട്ടി. ആഗോള അസ്ഥിരതകള്‍ക്കിടയിലും അസംസ്കൃത എണ്ണ ഉപഭോഗത്തില്‍ ആഗോള വളർച്ചയുടെ 16% ഇന്ത്യയ്ക്കായിരുന്നു. അടുത്ത മൂന്ന് ദശകങ്ങളിൽ 25% സംഭാവന ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആഗോള അനിശ്ചിതത്വത്തിനിടയിലും പൗരന്മാർക്ക് താങ്ങാവുന്നതും തടസരഹിതവുമായ ഊർജ വിതരണം സർക്കാർ ഉറപ്പാക്കിയതായി അദ്ദേഹം പറഞ്ഞു.
2025 ൽ ഏകദേശം 20% എഥനോൾ മിശ്രണം കൈവരിച്ചതായും ഇത് 2014 ലെ 1.53 ശതമാനത്തില്‍നിന്ന് ഗണ്യമായ വർധനയാണെന്നും ജൈവ ഇന്ധനരംഗത്തെ ഇന്ത്യയുടെ നേട്ടങ്ങൾ എടുത്തുപറഞ്ഞ കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ഈ നേട്ടം വിദേശനാണ്യത്തിൽ 1.4 ലക്ഷം കോടി രൂപ ലാഭിക്കാനും 238 ലക്ഷം മെട്രിക് ടൺ അസംസ്കൃത എണ്ണയ്ക്ക് പകരമാവാനും കാര്‍ബണ്‍ ഡയോക്സൈഡ് ബഹിര്‍ഗമനം 717 ലക്ഷം മെട്രിക് ടൺ കുറയ്ക്കാനും കർഷകർക്ക് 1.21 ലക്ഷം കോടി രൂപ നേരിട്ട് കൈമാറാനും വഴിയൊരുക്കി. 2014-ലെ 738 സിഎൻജി കേന്ദ്രങ്ങള്‍ ഇന്ന് 8,100-ലേറെയായി വർധിച്ചതും പിഎം ഉജ്വല യോജനയ്ക്ക് കീഴില്‍ 10.33 കോടി പാചകവാതക കണക്ഷനുകൾ നൽകിയതും സ്ത്രീശാക്തീകരണത്തിനും ആരോഗ്യ ഫലങ്ങൾ മെച്ചപ്പെടുത്താനും സഹായിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ എണ്ണം കേവലം നേട്ടങ്ങളല്ലെന്നും സംശുദ്ധ - സ്വാശ്രയ ഊര്‍ജ ഭാവിയിലേക്ക് നാം നടത്തുന്ന യാത്രയിലെ നാഴികക്കല്ലുകളാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ പൗരന്മാര്‍ക്കും ദേശീയ ഊർജ സംവിധാനത്തിനുമിടയിലെ ഭൗതിക സമ്പർക്കമുഖങ്ങളാണ് പെട്രോളിയം ഡീലര്‍മാരെന്ന് പ്രതിദിനം 67 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന അവരുടെ സമർപ്പണത്തെ അഭിനന്ദിച്ച്കൊണ്ട് ശ്രീ പുരി പറഞ്ഞു. രാജ്യം അസംസ്കൃത എണ്ണ ഇറക്കുമതി കുറയ്ക്കുകയും ഊർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുകയും ഊർജ പുനരുപയോഗം വർധിപ്പിക്കുകയും ചെയ്യുമ്പോൾ ഊര്‍ജ നീതിയുടെ മൂന്ന് പ്രധാന സ്തംഭങ്ങളായ പ്രാപ്യതയും ലഭ്യതയും താങ്ങാവുന്ന നിരക്കും ഉറപ്പാക്കുന്നതിൽ ഡീലർമാരുടെ പങ്ക് നിർണായകമാകുമെന്ന് അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. അടിയന്തര സാഹചര്യങ്ങളിലും പ്രകൃതി ദുരന്തവേളകളിലും തിരഞ്ഞെടുപ്പിന്റെ സമയത്തുമെല്ലാം ഇന്ധനലഭ്യത ഉറപ്പാക്കുന്ന ലഡാക്ക് മുതൽ ലക്ഷദ്വീപ് വരെയുള്ള ഡീലർ ശൃംഖലയുടെ വ്യാപ്തിയെ അദ്ദേഹം പ്രശംസിച്ചു.
ഡിജിറ്റൽ പണമിടപാടുകള്‍, യന്ത്രവല്‍കൃത ബില്ലിങ്, വൃത്തിയുള്ള ശൗചാലയങ്ങള്‍, കർശന സുരക്ഷാ ചട്ടങ്ങള്‍, ഫലപ്രദ പരാതിപരിഹാരം എന്നിവ മാനദണ്ഡമാക്കി ചില്ലറവില്‍പന കേന്ദ്രങ്ങളെ ഉപഭോക്തൃ മികവുകേന്ദ്രങ്ങളാക്കി മാറ്റാന്‍ ശ്രീ പുരി ആഹ്വാനം ചെയ്തു. മോഷണരഹിതവും കൃത്രിമത്വമില്ലാത്തതും പൂർണ സുതാര്യത ഉറപ്പാക്കുന്നതുമായ സാങ്കേതികവിദ്യകൾ അവലംബിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അവശ്യസാധന വില്പനകേന്ദ്രങ്ങള്‍, ഇല്ക്ട്രിക് വാഹന ചാർജിങ്, അവശ്യ ബില്ലടക്കല്‍ സംവിധാനം, സാമ്പത്തിക-സാങ്കേതിക സേവനങ്ങൾ തുടങ്ങി ഇന്ധനേതര സേവനങ്ങളുടെ വർധിച്ചുവരുന്ന പ്രസക്തി എടുത്തുപറഞ്ഞ അദ്ദേഹം ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്താനും ഇത് സഹായിക്കുമെന്നും വ്യക്തമാക്കി.
സ്വയം ഊർജ സംരംഭകരായി മാറാന്‍ ഡീലർമാർക്ക് മാർഗനിർദേശം മുന്നോട്ടുവെച്ച കേന്ദ്രമന്ത്രി ഉപഭോക്തൃ സേവനം, ഡിജിറ്റൽ സംവിധാനങ്ങള്‍, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയിൽ ഘടനാപരമായ പരിശീലനത്തിലൂടെ തൊഴിലാളികളെ പ്രാപ്തരാക്കാൻ ഡീലര്‍മാര്‍ക്ക് ഉപദേശം നല്‍കി. ഇല്ക്ട്രിക് വാഹന ചാർജിങ് സംവിധാനങ്ങളും മേല്‍ക്കൂര സൗരോര്‍ജ സംവിധാനവും ഊർജ കാര്യക്ഷമമായ അടിസ്ഥാന സൗകര്യങ്ങളും നടപ്പാക്കാന്‍ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ഉപഭോക്തൃ വിശ്വാസ്യത ശക്തിപ്പെടുത്താന്‍ ഡിജിറ്റൽ ഡിസ്പെൻസിങ് സംവിധാനങ്ങളും യന്ത്രവല്‍കൃത നിരീക്ഷണവും സുതാര്യ ഓഡിറ്റിങും അവലംബിക്കേണ്ടതിന്റെ പ്രാധാന്യവും ശ്രീ പുരി എടുത്തുപറഞ്ഞു. ദുരന്ത പ്രതികരണം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, വോട്ടർ അവബോധ പ്രചാരണ പരിപാടികള്‍ തുടങ്ങിയ ദേശീയ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിൽ ഡീലർ ശൃംഖലയുടെ തന്ത്രപരമായ പ്രാധാന്യം അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.
ആശയവിനിമയ കേന്ദ്രങ്ങള്‍, ബാറ്ററി കൈമാറ്റ കേന്ദ്രങ്ങള്‍, കുടിവെള്ള കിയോസ്‌ക്കുകൾ, ഡിജിറ്റൽ സാമ്പത്തിക സേവനങ്ങൾ തുടങ്ങിയവയിലൂടെ ഇന്ധനേതര വരുമാനം സൃഷ്ടിക്കാന്‍ ചില്ലറ വില്പനകേന്ദ്രങ്ങളുടെ സ്ഥലങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രീ പുരി പെട്രോളിയം ഡീലർമാരോട് പ്രത്യേകം അഭ്യർത്ഥിച്ചു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഊർജ ഭൂമികയുടെ സങ്കീർണതയിലൂടെ കടന്നുപോകുന്ന ഇന്ത്യ വികസിതഭാരതമെന്ന ലക്ഷ്യത്തിലേക്ക് മുന്നേറുമ്പോള്‍ ഈ ശ്രമത്തില്‍ പെട്രോളിയം ഡീലർമാരുടെ സുപ്രധാന പങ്ക് വര്‍ധിച്ചുവരുന്നതായി അദ്ദേഹം ആവർത്തിച്ചു.
ചില്ലറ വില്പന ലാഭവിഹിതത്തിനപ്പുറം ഊർജ സ്വാശ്രയത്വമെന്ന കാഴ്ചപ്പാടിലൂന്നി പ്രവര്‍ത്തനമേഖല പുനർനിർവചിക്കാന്‍ പ്രസംഗം ഉപസംഹരിക്കവെ മന്ത്രി ഡീലർമാരോട് ആഹ്വാനം ചെയ്തു. സഹപ്രവര്‍ത്തകരുടെ ഒത്തുചേരലിനപ്പുറം ഒരു പുതിയ യാത്രയുടെ തുടക്കമെന്നോണം ചില്ലറവില്പനയ്ക്കും പരിമിതമായ ലാഭവിഹിതത്തിനുമപ്പുറം ഇന്ത്യയുടെ ഊർജ പരിവർത്തനത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രയാണത്തിന്റെ തുടക്കമാകട്ടെ ഈ കോൺക്ലേവെന്ന് അദ്ദേഹം ആശംസിച്ചു. രാജ്യമെങ്ങുമുള്ള എഐപിഡിഎ അംഗങ്ങളുടെ ആവേശകരമായ പങ്കാളിത്തത്തെ അഭിനന്ദിച്ച ശ്രീ പുരി പൗരന്മാരുടെയും ഡീലർമാരുടെയും എണ്ണ വിപണന കമ്പനികളുടെയും കൂട്ടായ ഗുണങ്ങള്‍ക്ക് സർക്കാരിന്റെ തുടർച്ചയായ പിന്തുണ ഉറപ്പുനൽകി.
****
(Release ID: 2145931)