വാണിജ്യ വ്യവസായ മന്ത്രാലയം
2047-ഓടെ വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള ശിൽപികളാകാൻ കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ യുവാക്കളോട് ആഹ്വാനം ചെയ്തു
Posted On:
18 JUL 2025 1:16PM by PIB Thiruvananthpuram
കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ ഇന്ന് നോയിഡയിൽ 'ഇൻഡ്യാ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസ് (ഐഐഎംയുഎൻ)' സമ്മേളനം 2025 ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെയും യുവ നേതാക്കളുടെയും പങ്കാളിത്തം കൊണ്ട് സജീവമായ സമ്മേളനത്തെ അഭിസംബോധന ചെയ്ത അദ്ദേഹം, 2047 ഓടെ ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വിഭാവനം ചെയ്ത അമൃത കാലത്തെ 'പഞ്ച് പ്രാൺ ' (അഞ്ച് പ്രതിജ്ഞകൾ) വഴി സംഭാവന നൽകാൻ യുവാക്കളോട് ആഹ്വാനം ചെയ്തു.
ഇന്ത്യ പരിവർത്തനത്തിന്റെ നിർണായക സ്ഥാനത്താണ്. 2022 ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി നടത്തിയ അഭിസംബോധന അനുസ്മരിച്ച ശ്രീ ഗോയൽ, 2047-ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലെത്തുമ്പോൾ, വികസിത രാഷ്ട്രമാവുക എന്ന ലക്ഷ്യത്തിലേക്ക് നയിക്കുന്ന - അമൃത് കാലമെന്ന ഈ 25 വർഷ കാലഘട്ടം രാജ്യത്തിന് നിർണായകസമയമാണെന്ന് അദ്ദേഹം പറഞ്ഞു. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കുന്നതിന് യുവാക്കൾ സ്വയം പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
അഞ്ച് പ്രതിജ്ഞകളിൽ ആദ്യത്തേത് ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള ദൃഢനിശ്ചയമാണെന്ന് ശ്രീ ഗോയൽ വിശദീകരിച്ചു. അടുത്ത ഏതാനും ദശകങ്ങളെക്കുറിച്ച് സ്വയം സങ്കൽപ്പിക്കാൻ യുവാക്കളെ പ്രേരിപ്പിച്ച അദ്ദേഹം, ഈ പരിവർത്തനത്തിന്റെ പ്രാഥമിക ചാലകശക്തികൾ യുവാക്കൾ ആണെന്ന് എടുത്തുപറഞ്ഞു. "ശേഷിക്കുന്ന നാല് പ്രതിജ്ഞകളും തുല്യ ഗൗരവത്തോടെ സ്വീകരിച്ചാൽ മാത്രമേ ഈ ലക്ഷ്യം സാക്ഷാത്കരിക്കാൻ കഴിയൂ," അദ്ദേഹം പറഞ്ഞു.
കൊളോണിയൽ മാനസികാവസ്ഥ ഉപേക്ഷിക്കുക എന്നതാണ് രണ്ടാമത്തെ ദൃഢനിശ്ചയം എന്ന് ശ്രീ ഗോയൽ ചൂണ്ടിക്കാട്ടി. ആഗോള സാമ്പത്തിക ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തെ പരാമർശിച്ചുകൊണ്ട്, നൂറ്റാണ്ടുകളുടെ വിദേശ അടിമത്തം നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും പരിമിതികൾ സൃഷ്ടിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. "ഭൂതകാലത്തിന്റെ പരിമിതികളാൽ നാം ബന്ധിതരാകരുത്. ആഗോള മാനദണ്ഡങ്ങൾ പാലിക്കാനും അഭിലാഷകരമായ ലക്ഷ്യങ്ങൾ കൈവരിക്കാനും ശ്രമിക്കണം," അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ പൈതൃകത്തിൽ അഭിമാനിക്കുക എന്നതാണ് മൂന്നാമത്തെ ദൃഢനിശ്ചയം. ഒരു വികസിത രാഷ്ട്രമായി നാം മുന്നേറുമ്പോൾ ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പാരമ്പര്യങ്ങൾ, മൂല്യവ്യവസ്ഥകൾ എന്നിവയ്ക്ക് അഗാധമായ പ്രാധാന്യമുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. 'വികസനവും പൈതൃകവും ' - നമ്മുടെ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം വികസനവും നടത്തണം. നമ്മുടെ വൈവിധ്യമാണ് നമ്മുടെ ശക്തി. പുരോഗതിയിലേക്കുള്ള കൂട്ടായ യാത്രയിൽ നമ്മുടെ പാരമ്പര്യങ്ങളെ സംയോജിപ്പിക്കണം" അദ്ദേഹം കൂട്ടിച്ചേർത്തു.
നാലാമത്തെ പ്രതിജ്ഞയെക്കുറിച്ച് സംസാരിക്കവെ, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമപ്രധാനമായിരിക്കണമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിലുടനീളവും വിദേശത്തുമുള്ള യുവാക്കളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള IIMUN- ൻറെ ശ്രമങ്ങളെ അഭിനന്ദിച്ച ശ്രീ ഗോയൽ, ഈ ഐക്യം ഇന്ത്യയുടെ ഏറ്റവും വലിയ ശക്തിയാണെന്നും എല്ലാ തലങ്ങളിലും അത് പ്രോത്സാഹിപ്പിക്കണം എന്നും അഭിപ്രായപ്പെട്ടു. ഒരു വികസിത രാഷ്ട്രമായി മാറുന്നതിനുള്ള രാജ്യത്തിന്റെ യാത്രയിൽ ഈ ഐക്യ മനോഭാവം അടിസ്ഥാനമാകണമെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞു.
രാഷ്ട്രനിർമ്മാണത്തിന് സംഭാവന നൽകാനുള്ള 140 കോടി ഇന്ത്യക്കാരുടെ കൂട്ടായ ദൃഢനിശ്ചയമാണ് അഞ്ചാമത്തെ പ്രതിജ്ഞയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ പൗരന്മാരും ഒരു കുടുംബം പോലെ ഒരുമിച്ച് പ്രവർത്തിച്ച്, പൊതുവായ ഉത്തരവാദിത്വത്തോടും സഹനുഭൂതിയോടും കൂടി പ്രവർത്തിക്കുമ്പോഴാണ് വികസിത ഇന്ത്യ സാധ്യമാവുകയുള്ളു എന്ന് ശ്രീ ഗോയൽ പറഞ്ഞു. "പാർശ്വവൽക്കരിക്കപ്പെട്ടവരോട് നാം കരുതലുള്ളവരായിരിക്കണം, പിന്നാക്കം നിൽക്കുന്നവരെ പരിപാലിക്കണം. നമ്മുടെ പുരോഗതി സമഗ്രവും സുസ്ഥിരവുമാണെന്ന് ഉറപ്പാക്കണം," അദ്ദേഹം പറഞ്ഞു.
രാഷ്ട്രനിർമ്മാണമെന്നത് ഒരു കടമയും അഭിമാനവുമായി അംഗീകരിക്കാനും, എല്ലാ കർത്തവ്യങ്ങളും പ്രതിജ്ഞാബദ്ധതയോടും സമർപ്പണത്തോടും കൂടി നിർവഹിക്കാനും മന്ത്രി യുവാക്കളെ പ്രോത്സാഹിപ്പിച്ചു. മറ്റുള്ളവരോട് കരുതലും അനുകമ്പയും പ്രകടിപ്പിക്കാനും ഏറ്റെടുക്കുന്ന ഏത് ചുമതലയിലും പരമാവധി പ്രവർത്തിക്കാൻ ശ്രമിക്കാനും അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.
അദ്ദേഹം അധ്യാപകരോടും മുതിർന്നവരോടുമുള്ള ആദരം പ്രകടിപ്പിച്ചു. സ്കൂൾ, കോളേജ് കാലങ്ങളിൽ പലപ്പോഴും അധ്യാപകരുടെയും മുതിർന്നവരുടെയും മാർഗ്ഗനിർദേശങ്ങളെ നിസ്സാരമായി കാണാറുണ്ടെങ്കിലും, വ്യക്തികളുടെയും രാജ്യത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് ശ്രീ ഗോയൽ പറഞ്ഞു. ജീവിതത്തിലെ ഏറ്റവും മൂല്യവത്തായതും ദീർഘസ്ഥായിയുമായ ബന്ധങ്ങളിലൊന്നാണ് ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
പൊതുജീവിതത്തിൽ സജീവമായി ഇടപെടുന്നതിനെക്കുറിച്ച് പരിഗണിക്കാൻ ശ്രീ ഗോയൽ യുവാക്കളോട് അഭ്യർത്ഥിച്ചു. 2024-ൽ സ്വാതന്ത്ര്യദിനത്തിലെ പ്രധാനമന്ത്രിയുടെ അഭിസംബോധന അനുസ്മരിച്ച അദ്ദേഹം, മാറ്റത്തിന്റെ വാഹകരാകാൻ ഒരു ലക്ഷം യുവതീയുവാക്കൾ രാഷ്ട്രീയത്തിലേക്കും പൊതുസേവനത്തിലേക്കും പ്രവേശിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതായും ചൂണ്ടിക്കാട്ടി. "അനുകമ്പയോടും സമർപ്പണത്തോടും സേവന മനോഭാവത്തോടും കൂടി നയരൂപീകരണത്തിൽ സംഭാവന നൽകാൻ കഴിവുള്ളവരും പ്രതിജ്ഞാബദ്ധതയുള്ളവരുമായ വ്യക്തികളുടെ ആവശ്യകതയുണ്ട്" അദ്ദേഹം പറഞ്ഞു.
നാളത്തെ ഇന്ത്യയെ പരിവർത്തനപ്പെടുത്തുന്ന ചാലക ശക്തിയാകാൻ യുവാക്കളോട് അദ്ദേഹം ആഹ്വാനം ചെയ്തു. "കൂട്ടായ ദൃഢനിശ്ചയത്തോടെ, നമുക്ക് എല്ലാ വെല്ലുവിളികളെയും തരണം ചെയ്യാനും നമ്മുടെ രാജ്യത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനും കഴിയും" എന്ന് പറഞ്ഞ ശ്രീ ഗോയൽ രാജ്യത്തിന്റെ ഭാവിയുടെ ചുമതല ഏറ്റെടുക്കാൻ യുവാക്കളോട്ആഹ്വാനം ചെയ്തു.
*****
(Release ID: 2145762)
Visitor Counter : 5