വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
നിർമ്മിത ബുദ്ധി അധിഷ്ഠിത നൂതനാശയങ്ങളിലൂടെ ആഗോള സർഗാത്മക സമ്പദ്‌വ്യവസ്ഥയെ നയിക്കാൻ ഇന്ത്യ തയ്യാറാകുന്നു : കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ.സഞ്ജയ് ജാജു
WaveX ആക്സിലറേറ്റർ പ്ലാറ്റ്‌ഫോമിലെ കലാ സേതു, ഭാഷാ സേതു മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലെ പ്രധാന എ ഐ സ്റ്റാർട്ടപ്പുകളെ ശ്രീ ജാജു ക്ഷണിച്ചു
Posted On:
17 JUL 2025 5:23PM by PIB Thiruvananthpuram
രാജ്യത്തെ എല്ലാ കോണുകളിലും എല്ലാ ഭാഷകളിലും സമഗ്രമായ ആശയവിനിമയവും വിവര വിതരണവും ഉറപ്പാക്കുന്നതിന്, ഭാഷാപരമായ വേർതിരിവുകൾ ഇല്ലാതാക്കാൻ സഹായിക്കുന്ന നിർമ്മിത ബുദ്ധി -അധിഷ്ഠിത പ്രതിവിധികൾ സ്വീകരിക്കാൻ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം തയ്യാറാകുന്നു. AI/ML-അധിഷ്ഠിത സാങ്കേതിക മേഖലകളിൽ പ്രവർത്തിക്കുന്ന രാജ്യത്തുടനീളമുള്ള ഇൻകുബേറ്ററുകളുമായും സ്റ്റാർട്ടപ്പുകളുമായും ഹൈദരാബാദിലെ ടി-ഹബ്ബിൽ കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി ശ്രീ. സഞ്ജയ് ജാജു ഇന്ന് കൂടിക്കാഴ്ച നടത്തി. ടി-ഹബ്ബിന്റെ സിഇഒ, ടി ഹബ്ബിൽ ഇൻകുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാർട്ടപ്പുകൾ, ഹൈദരാബാദ് ഐഐടി പ്രതിനിധികൾ, എൻഐടികളുടെ മികവ് കേന്ദ്രങ്ങളിലെ പ്രതിനിധികൾ, സജീവമായ ഇന്നൊവേഷൻ സെല്ലുകളുള്ള എഞ്ചിനീയറിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു
രാജ്യത്ത് സർഗാത്മക സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് അനുസൃതമായി, വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം WaveX സ്റ്റാർട്ടപ്പ് ആക്സിലറേറ്റർ പ്ലാറ്റ്‌ഫോം ആരംഭിച്ചതായി യോഗത്തെ അഭിസംബോധന ചെയ്ത ശ്രീ ജാജു പറഞ്ഞു. ഭാവിസജ്ജമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായകമാകുന്ന 'കലാ സേതു', 'ഭാഷാ സേതു' എന്നീ മത്സരങ്ങൾ പ്ലാറ്റ്‌ഫോമിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഈ മത്സരങ്ങളിൽ പങ്കെടുക്കാനും രാജ്യത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന തദ്ദേശീയവും വിപുലീകരിക്കാവുന്നതുമായ പ്രതിവിധികൾ വികസിപ്പിക്കാനും രാജ്യത്തെ മുൻനിര എഐ സ്റ്റാർട്ടപ്പുകളോട് ശ്രീ ജാജു അഭ്യർത്ഥിച്ചു.

'കലാ സേതു', 'ഭാഷാ സേതു' മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് സ്റ്റാർട്ടപ്പുകൾക്ക് https://wavex.wavesbazaar.com എന്ന WAVEX പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാനും അപേക്ഷിക്കാനും കഴിയും. മത്സരങ്ങളിൽ പങ്കെടുക്കുന്നതിനവശ്യമായ സാങ്കേതിക സംവിധാനങ്ങളെക്കുറിച്ച് ഉൾപ്പെടെ മറ്റ് വിശദാംശങ്ങൾ WaveX പോർട്ടലിൽ ലഭ്യമാണ്. അന്തിമ ചുരുക്കപ്പട്ടികയിൽ ഇടം നേടുന്ന ടീമുകൾ ന്യൂഡൽഹിയിൽ ഒരു ദേശീയ ജൂറിക്ക് മുന്നിൽ അവരുടെ സാങ്കേതിക പ്രതിവിധികൾ അവതരിപ്പിക്കണം. അന്തിമ വിജയികൾക്ക് സാങ്കേതിക പ്രതിവിധിയുടെ പൂർണ്ണ തോതിലുള്ള വികസനത്തിന് AIR, DD, PIB എന്നിവയുടെ പൈലറ്റ് പിന്തുണയും WAVEX ഇന്നൊവേഷൻ പ്ലാറ്റ്‌ഫോമിൽ ഇൻകുബേഷൻ സഹായവും ലഭിക്കുന്നതിനുള്ള ധാരണാപത്രം നൽകും.
മാധ്യമ, വിനോദ, ഭാഷാ സാങ്കേതിക മേഖലകളിൽ നൂതനാശയങ്ങൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ വേവ്സ് സംരംഭത്തിന് കീഴിൽ ആരംഭിച്ച പ്രത്യേക സ്റ്റാർട്ടപ്പ് ആക്‌സിലറേറ്റർ പ്ലാറ്റ്‌ഫോമാണ് WaveX. 2025 മെയ് മാസത്തിൽ മുംബൈയിൽ നടന്ന വേവ്സ് ഉച്ചകോടിയിൽ, ഗവൺമെന്റ് ഏജൻസികൾ, നിക്ഷേപകർ, വ്യവസായ പ്രമുഖർ എന്നിവരുമായി നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന തരത്തിൽ 30-ലധികം മികച്ച സ്റ്റാർട്ടപ്പുകൾക്ക് WaveX അവരുടെ ആശയങ്ങൾ അവതരിപ്പിക്കാനുള്ള അവസരങ്ങൾ നൽകി. പ്രത്യേക ഹാക്കത്തോണുകൾ, ഇൻകുബേഷൻ, മെന്റർഷിപ്പ്, ദേശീയ പ്ലാറ്റ്‌ഫോമുകളുമായുള്ള സംയോജനം എന്നിവയിലൂടെ WaveX, സർഗ്ഗാത്മക സാങ്കേതിക നൂതനാശയങ്ങളെ പിന്തുണയ്ക്കുന്നത് തുടരുന്നു.
*******************
(Release ID: 2145719)