രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

രാഷ്‌ട്രപതി' സ്വച്ഛ് സർവേക്ഷൺ'പുരസ്‌കാരങ്ങൾ സമ്മാനിച്ചു

പരമ്പരാഗത ജീവിതശൈലിയിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ആധുനിക ചാക്രിക സംവിധാനങ്ങളെ ശക്തിപ്പെടുത്താം: രാഷ്‌ട്രപതി മുർമു

Posted On: 17 JUL 2025 1:58PM by PIB Thiruvananthpuram
ന്യൂഡൽഹിയിൽ ഭവന, നഗരകാര്യ മന്ത്രാലയം ഇന്ന് (2025 ജൂലൈ 17) സംഘടിപ്പിച്ച ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു 'സ്വച്ഛ് സർവേക്ഷൺ പുരസ്‌കാരങ്ങൾ' സമ്മാനിച്ചു.

ശുചിത്വം കൈവരിക്കുന്നതിനായി നമ്മുടെ നഗരങ്ങൾ നടത്തുന്ന ശ്രമങ്ങൾ വിലയിരുത്തുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും സ്വച്ഛ് സർവേക്ഷൺ ഒരു വിജയകരമായ പരീക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ചടങ്ങിൽ രാഷ്ട്രപതി പറഞ്ഞു. 2024-ൽ ഭവന, നഗരകാര്യ മന്ത്രാലയം വിവിധ പങ്കാളികൾ, സംസ്ഥാന ഗവണ്മെന്റുകൾ, നഗര സ്ഥാപനങ്ങൾ, ഏകദേശം 14 കോടി പൗരന്മാർ എന്നിവരുടെ പങ്കാളിത്തത്തോടെ ലോകത്തിലെ ഏറ്റവും വലിയ ശുചിത്വ സർവേ നടത്തിയതിൽ അവർ സന്തുഷ്ടി പ്രകടിപ്പിച്ചു

പുരാതന കാലം മുതൽ നമ്മുടെ സാംസ്കാരികവും ആത്മീയവുമായ അവബോധം ശുചിത്വത്തിന് പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ വീടുകളും ആരാധനാലയങ്ങളും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക എന്ന പാരമ്പര്യം നമ്മുടെ ജീവിതശൈലിയുടെ അവിഭാജ്യ ഘടകമായിരുന്നു. "ദൈവഭക്തിയോളം പോന്നതാണ് ശുചിത്വo" എന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധി പറയാറുണ്ടായിരുന്നു. മതത്തിന്റെയും ആത്മീയതയുടെയും പൗരജീവിതത്തിന്റെയും ആണിക്കല്ലായി ശുചിത്വത്തെ അദ്ദേഹം പരിഗണിച്ചിരുന്നു. ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലൂടെയാണ് താൻ പൊതുസേവനം ആരംഭിച്ചതെന്ന് രാഷ്‌ട്രപതി പറഞ്ഞു. നോട്ടിഫൈഡ് ഏരിയ കൗൺസിലിന്റെ വൈസ് പ്രസിഡന്റ് എന്ന നിലയിൽ, എല്ലാ ദിവസവും വാർഡുകൾ സന്ദർശിക്കുകയും ശുചിത്വ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുമായിരുന്നു എന്ന കാര്യവും അവർ അനുസ്മരിച്ചു.

വിഭവങ്ങൾ കുറഞ്ഞ അളവിൽ ഉപയോഗിച്ചും അവ അതേ ആവശ്യത്തിനോ അല്ലെങ്കിൽ മറ്റേതെങ്കിലും പുനരുപയോഗിക്കുന്ന രൂപത്തിലാക്കിയോ പാഴാക്കൽ കുറയ്ക്കുന്നത് നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണെന്ന് രാഷ്ട്രപതി പറഞ്ഞു. നമ്മുടെ പുരാതന ജീവിതശൈലിയുടെ ആധുനികവും വ്യാപകവുമായ രൂപങ്ങളാണ് ചാക്രിക സമ്പദ്‌വ്യവസ്ഥയുടെയും ഉപയോഗം കുറയ്ക്കൽ, പുനരുപയോഗം, പുനഃചംക്രമണം എന്നിവയുടെയും അടിസ്ഥാന തത്വങ്ങൾ. ഉദാഹരണത്തിന്, ഗോത്ര സമൂഹങ്ങളുടെ പരമ്പരാഗത ജീവിതശൈലി ലളിതമാണ്. അവർ വളരെ കുറഞ്ഞ അളവിൽ  മാത്രമേ വിഭവങ്ങൾ  ഉപയോഗിക്കുന്നുള്ളൂ, കാലാവസ്ഥയുമായും പരിസ്ഥിതിയുമായും പൊരുത്തപ്പെടുന്ന രീതിയിലും ജീവിക്കുന്നു,. അവർ പ്രകൃതി വിഭവങ്ങൾ പാഴാക്കുന്നില്ല. ഈ രീതികളും പാരമ്പര്യങ്ങളും സ്വീകരിക്കുന്നതിലൂടെ ആധുനിക ചാക്രിക സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കഴിയും.

മാലിന്യ സംസ്കരണ മൂല്യ ശൃംഖലയിലെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഘട്ടം ഉറവിടത്തിലെ വേർതിരിക്കൽ ആണ് എന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ പങ്കാളികളും ഓരോ കുടുംബവും ഈ ഘട്ടത്തിന് വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. മാലിന്യരഹിത കോളനികൾ മികച്ച മാതൃകകൾ സൃഷ്ടിക്കുന്നു.

വിദ്യാർത്ഥികൾ ഒരു ജീവിത മൂല്യമായി  ശുചിത്വത്തെ സ്വീകരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്കൂൾ തല മൂല്യനിർണയം സംരംഭത്തെ രാഷ്ട്രപതി അഭിനന്ദിച്ചു. ഇത് വളരെ പ്രയോജനകരവും ദൂരവ്യാപകവുമായ ഫലങ്ങൾ നൽകുമെന്ന് അവർ പറഞ്ഞു.

പ്ലാസ്റ്റിക്, ഇലക്ട്രോണിക് മാലിന്യങ്ങൾ നിയന്ത്രിക്കുന്നതും അവ മൂലമുണ്ടാകുന്ന മലിനീകരണം തടയുന്നതും ഒരു വലിയ വെല്ലുവിളിയാണെന്ന് രാഷ്ട്രപതി പറഞ്ഞു. ശരിയായ ശ്രമങ്ങളിലൂടെ, രാജ്യത്തിന്റെ പ്ലാസ്റ്റിക് മാലിന്യ നിക്ഷേപം ഗണ്യമായി കുറയ്ക്കാൻ കഴിയും. 2022 ൽ കേന്ദ്ര ഗവൺമെന്റ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് അടങ്ങിയ ചില വസ്തുക്കൾ നിരോധിച്ചു. അതേ വർഷം തന്നെ, പ്ലാസ്റ്റിക് പാക്കേജിംഗിനായി ഉൽ‌പാദകകർക്ക് വിപുലീകൃത ഉത്തരവാദിത്വം നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ഗവണ്മെന്റ് പുറപ്പെടുവിച്ചു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഉൽ‌പാദകർ, ബ്രാൻഡ് ഉടമകൾ, ഇറക്കുമതിക്കാർ എന്നിവരുൾപ്പെടെ എല്ലാ പങ്കാളികളുടെയും ഉത്തരവാദിത്വമാണ്.

ശുചിത്വവുമായി ബന്ധപ്പെട്ട ശ്രമങ്ങൾക്ക് സാമ്പത്തികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വശങ്ങളുമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എല്ലാ പൗരന്മാരും സ്വച്ഛ് ഭാരത് മിഷനിൽ പൂർണ്ണ സമർപ്പണത്തോടെ പങ്കെടുക്കുമെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. മികച്ച ആസൂത്രണത്തോടെയും ശക്തമായ തീരുമാനങ്ങളോടെയും, 2047 ആകുമ്പോഴേക്കും വികസിത ഇന്ത്യ ലോകത്തിലെ ഏറ്റവും ശുചിത്വമുള്ള രാജ്യങ്ങളിലൊന്നായി മാറുമെന്ന് രാഷ്‌ട്രപതി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 
SKY
 
******

(Release ID: 2145538) Visitor Counter : 3