ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയം
azadi ka amrit mahotsav

മരണപ്പെട്ടവരുടെ ആധാർ നമ്പറുകൾ അസാധുവാക്കി ആധാർ വിവരശേഖരത്തിന്റെ തുടർച്ചയായ കൃത്യതയും സമഗ്രതയും നിലനിർത്താന്‍ മുന്നൊരുക്ക നടപടികളുമായി യുഐഡിഎഐ

24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ‘മൈ-ആധാർ’ പോർട്ടലിൽ കുടുംബാംഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യാന്‍ യുഐഡിഎഐ സംവിധാനം

Posted On: 16 JUL 2025 7:22PM by PIB Thiruvananthpuram

എപ്പോഴും എവിടെയും ആധികാരികത സ്ഥിരീകരിക്കാന്‍ സവിശേഷ തിരിച്ചറിയല്‍ രേഖയും ഡിജിറ്റൽ സംവിധാനവുമൊരുക്കി  രാജ്യത്തെ ആധാർ  ഉടമകളെ യുഐഡിഎഐ ശാക്തീകരിച്ചു. ഇന്ത്യയിലെ താമസക്കാർക്കും പ്രവാസികള്‍ക്കും   നല്‍കുന്ന സവിശേഷ 12 അക്ക ഡിജിറ്റൽ തിരിച്ചറിയല്‍ സംവിധാനമാണ് ആധാർ. ഏതെങ്കിലും പ്രത്യേക സാങ്കേതിക സാമര്‍ത്ഥ്യമുപയോഗിക്കാതെ ക്രമരഹിതമായി സൃഷ്ടിക്കപ്പെട്ടതിനാല്‍ എല്ലാ 12 അക്ക നമ്പറുകളും ആധാർ നമ്പറുകളാവില്ല. ഒരു ആധാർ നമ്പര്‍ രണ്ടാമതൊരാള്‍ക്ക്  ഒരിക്കലും നല്‍കുകയുമില്ല.  എങ്കിലും ഒരാള്‍ മരണപ്പെട്ടു കഴിഞ്ഞാല്‍  തിരിച്ചറിയൽ രേഖയുടെ  തട്ടിപ്പും   ആധാറിന്റെ അനധികൃത ഉപയോഗവും തടയാന്‍ ആ വ്യക്തിയുടെ ആധാർ നമ്പർ പ്രവര്‍ത്തനരഹിതമാക്കേണ്ടത് അനിവാര്യമാണ്.

ആധാര്‍ അസാധുവാക്കുന്നത് വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നതിനാല്‍ മരണപ്പെട്ട  വ്യക്തിയുടെ  ആധാർ പ്രവര്‍ത്തനരഹിതമാക്കുന്നതിന് മുന്‍പ്  അവരുടെ മരണം സ്ഥിരീകരിക്കേണ്ടതും  പ്രധാനമാണ്. 

ഈ സാഹചര്യത്തില്‍ ആധാർ വിവരശേഖരത്തിന്റെ തുടർച്ചയായ കൃത്യത നിലനിർത്താന്‍  വിവിധ സ്രോതസ്സുകളിൽ നിന്ന് മരണ രേഖകൾ സമാഹരിക്കാനും ഉചിതമായ സ്ഥിരീകരണത്തിന് ശേഷം ആധാർ നമ്പറുകൾ അസാധുവാക്കാനും യുഐഡിഎഐ ചില മുന്നൊരുക്ക നടപടികൾ കൈക്കൊണ്ടു:

ആധാർ നമ്പറുകളുമായി ബന്ധിപ്പിച്ച മരണ രേഖകൾ പങ്കുവെയ്ക്കാന്‍ ഈയിടെ യുഐഡിഎഐ  രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയോട് (ആർജിഐ) അഭ്യർത്ഥിച്ചു. സിവിൽ രജിസ്ട്രേഷൻ സംവിധാനം (സിആർഎസ്) ഉപയോഗിക്കുന്ന 24 സംസ്ഥാനങ്ങളില്‍നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നും ഏകദേശം 1.55 കോടി മരണ രേഖകൾ ആർജിഐ ഇതിനകം കൈമാറി. കൃത്യമായ സ്ഥിരീകരണത്തിന് ശേഷം ഏകദേശം 1.17 കോടി ആധാർ നമ്പറുകൾ അസാധുവാക്കി. സിആർഎസ് ഉപയോഗിക്കാത്ത സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സമാന പ്രക്രിയ തുടരുകയാണ്. ഇതിനകം ഏകദേശം 6.7 ലക്ഷം മരണ രേഖകൾ ലഭിച്ചു.  ആധാര്‍ അസാധുവാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. 

നിലവിൽ സിവിൽ രജിസ്ട്രേഷൻ സംവിധാനമുപയോഗിക്കുന്ന 24 സംസ്ഥാനങ്ങളിലും  കേന്ദ്രഭരണ പ്രദേശങ്ങളിലും രജിസ്റ്റർ ചെയ്ത മരണങ്ങൾ സംബന്ധിച്ച വിവരങ്ങള്‍ക്കായി  മൈ-ആധാർ പോർട്ടലിൽ  കുടുംബാംഗത്തിന്റെ മരണം റിപ്പോർട്ട് ചെയ്യാനാവുന്ന ഒരു പുതിയ സേവനത്തിന് യുഐഡിഎഐ 2025 ജൂൺ 9 ന്  തുടക്കം കുറിച്ചു. ഈ പോര്‍ട്ടലില്‍ വ്യക്തികൾക്ക്  കുടുംബാംഗങ്ങളുടെ മരണം റിപ്പോർട്ട് ചെയ്യാം.  സ്വയം സാക്ഷ്യപ്പെടുത്തിയ ശേഷം മരണമടഞ്ഞ വ്യക്തിയുടെ അടിസ്ഥാന വിവരങ്ങള്‍ക്കൊപ്പം ആധാർ നമ്പറും മരണ രജിസ്ട്രേഷൻ നമ്പറും കുടുംബാംഗം പോർട്ടലിൽ നൽകണം.  സമർപ്പിച്ച വിവരങ്ങളുടെ ശരിയായ സ്ഥിരീകരണ പ്രക്രിയയ്ക്ക് ശേഷം മരണപ്പെട്ട വ്യക്തിയുടെ ആധാർ നമ്പർ അസാധുവാക്കുന്നതടക്കം   തുടർ നടപടികൾ സ്വീകരിക്കും. ശേഷിക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും പോർട്ടലുമായി സംയോജിപ്പിക്കുന്ന പ്രക്രിയ  പുരോഗമിക്കുകയാണ്.  

മേല്‍പ്പറഞ്ഞതിന് പുറമെ ബാങ്കുകളിൽനിന്നും ഇത്തരം വിവരങ്ങൾ സൂക്ഷിക്കുന്ന ആധാർ ആവാസവ്യവസ്ഥയുടെ ഭാഗമായ മറ്റ് സ്ഥാപനങ്ങളിൽ നിന്നും മരണ രേഖകൾ ലഭ്യമാക്കാനുള്ള സാധ്യതയും യുഐഡിഎഐ പരിശോധിച്ചുവരുന്നു.

മരണമടഞ്ഞ ആധാർ  ഉടമകളെ തിരിച്ചറിയാന്‍ സംസ്ഥാന സർക്കാരുകളുടെ പിന്തുണയും യുഐഡിഎഐ തേടുന്നുണ്ട്. ആധാർ ഉടമ ജീവിച്ചിരിപ്പുണ്ടോ എന്ന് പരിശോധിക്കാന്‍  100 വയസ്സ് പിന്നിട്ട  ആധാർ  ഉടമകളുടെ വ്യക്തിഗത അടിസ്ഥാന വിവരങ്ങൾ പരീക്ഷാണാടിസ്ഥാനത്തില്‍  സംസ്ഥാന സർക്കാരുകളുമായി പങ്കിടുന്നു.  സ്ഥിരീകരണ റിപ്പോർട്ട് ലഭിച്ചുകഴിഞ്ഞാൽ അത്തരം ആധാർ നമ്പറുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍  ആവശ്യമായ സാധൂകരണ നടപടികള്‍ കൈക്കൊള്ളും.  

കുടുംബാംഗങ്ങളുടെ മരണശേഷം അവരുടെ ആധാർ നമ്പർ അനധികൃതമായി ഉപയോഗിക്കുന്നത് തടയാന്‍ അധികൃതരില്‍നിന്ന് മരണ സാക്ഷ്യപത്രം  നേടിയ ശേഷം   മൈ ആധാർ പോർട്ടലിൽ മരണം  റിപ്പോർട്ട് ചെയ്യണമെന്ന് യുഐഡിഎഐ നിര്‍ദേശിക്കുന്നു.  

 

****


(Release ID: 2145412)