ബഹിരാകാശ വകുപ്പ്‌
azadi ka amrit mahotsav

ശുഭാംശു ശുക്ലയുടെ ചരിത്രപരമായ തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച് ഇന്ത്യ; ‘ബഹിരാകാശ രംഗത്ത് ഇന്ത്യ ശാശ്വതമായ ഇടം കണ്ടെത്തിയെന്ന്’ ഡോ. ജിതേന്ദ്ര സിംഗ്

Posted On: 15 JUL 2025 6:40PM by PIB Thiruvananthpuram
ആക്സിയം-4 ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ല സുരക്ഷിതമായി മടങ്ങിയെത്തിയതിനെ കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് (ചൊവ്വാഴ്ച) പ്രകീർത്തിച്ചു. "ലോകത്തിന് അഭിമാന നിമിഷം, ഇന്ത്യയ്ക്ക് മഹത്തായ നിമിഷം" അദ്ദേഹം പറഞ്ഞു. ആഗോള ബഹിരാകാശ ആവാസവ്യവസ്ഥയിൽ രാജ്യം അതിന്റെ ശരിയായ ഇടം കണ്ടെത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

"ഭാരതമാതാവിന്റെ ശ്രേഷ്ഠ പുത്രന്മാരിൽ ഒരാൾ മടങ്ങിയെത്തിയിരിക്കുന്നു, ബഹിരാകാശ രംഗത്ത് ഇന്ത്യ ശാശ്വതമായ ഒരു ഇടം കണ്ടെത്തിയിരിക്കുന്നു." പേടകം തിരിച്ചിറങ്ങുന്ന പ്രക്രിയ (Splashdown) തത്സമയം വീക്ഷിച്ച ശേഷം ശാസ്ത്രജ്ഞരെയും മാധ്യമ പ്രവർത്തകരെയും മുതിർന്ന ഉദ്യോഗസ്ഥരെയും അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ ബഹിരാകാശയാത്രികനും, ആക്സിയം-4 വാണിജ്യ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട നാലംഗ സംഘത്തിലെ പ്രധാനിയുമായ ഗ്രൂപ്പ് ക്യാപ്റ്റൻ ശുക്ല, ചൊവ്വാഴ്ച ഇന്ത്യൻ സമയം ഉച്ച തിരിഞ്ഞ് 3 മണിക്ക് ശേഷം സാൻ ഡീഗോ തീരത്ത് പസഫിക് സമുദ്രത്തിൽ പതിച്ച സ്പേസ് എക്സ് ഡ്രാഗൺ പേടകമായ ഗ്രേസിൽ ഭൂമിയിലേക്ക് മടങ്ങിയെത്തി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) 18 ദിവസത്തെ വാസത്തിന് ശേഷം മടങ്ങിയ സംഘം സഞ്ചരിച്ച ബഹിരാകാശ പേടകം 22.5 മണിക്കൂർ കൊണ്ട് മടക്കയാത്ര പൂർത്തിയാക്കി.

ആഗോള ബഹിരാകാശ പര്യവേഷണത്തിൽ ഉന്നതിയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പ് ഈ ദൗത്യം വിളിച്ചോതുന്നതായി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. "ഇതഃപര്യന്തം നടന്നിട്ടില്ലാത്ത പരീക്ഷണങ്ങളാണിത്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക അഭിലാഷങ്ങളുടെ പുതു യുഗത്തെ ഇത് അടയാളപ്പെടുത്തുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു, ദൗത്യ വിജയം  മാനവരാശിയെ സംബന്ധിച്ചിടത്തോളം ദീർഘകാലീനമായ ഗുണഫലങ്ങൾ ഉളവാക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്സിയം-4 സംഘത്തിൽ മുതിർന്ന യുഎസ് ബഹിരാകാശയാത്രികയും മിഷൻ കമാൻഡറുമായ പെഗ്ഗി വിറ്റ്‌സൺ, പോളണ്ടിന്റെ സ്ലാവോസ് ഉസ്‌നാന്‍സ്‌കി-വിസ്‌നിയേവ്‌സ്‌കി, ഹംഗറിയുടെ ടൈബോര്‍ കാപു, ഇന്ത്യയുടെ ശുഭാംശു ശുക്ല എന്നിവരാണുണ്ടായിരുന്നത്. തിങ്കളാഴ്ച വൈകുന്നേരം 4:45 നാണ്  ISS ൽ നിന്ന് ബഹിരാകാശ പേടകം വേർപെടുത്തിയത്. (അൺഡോക്ക് ചെയ്തത്).

ഭാവി ഘട്ടങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ നല്കവേ, ആരോഗ്യ, പുനരധിവാസ നടപടിക്രമങ്ങൾ (Medical and re-adaptation procedures) പൂർത്തിയാക്കുന്നതിനായി നാല് ബഹിരാകാശയാത്രികരും ജൂലൈ 23 വരെ ക്വാറന്റൈനിൽ തുടരുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. “24 മുതൽ അവർ ISRO യുമായി ചർച്ചകൾ ആരംഭിക്കും. തുടർന്ന്, ആക്സിയം, നാസ സംഘങ്ങളുമായി ചർച്ചകൾ നടക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി വിഭാവനം ചെയ്യുന്ന വസുധൈവ കുടുംബകം (ലോകം ഒരു കുടുംബം) എന്ന ആഗോള ദർശനത്തെ പരാമർശിക്കവേ, ശാസ്ത്ര മേഖലയിലെ ആഗോള സഹകരണത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രസ്തുത ദൗത്യം ഊട്ടിയുറപ്പിക്കുന്നതായി ഡോ. സിംഗ് വ്യക്തമാക്കി. ബഹിരാകാശ രംഗത്ത് സാർവത്രിക സാഹോദര്യത്തിന്റെ ആത്മാവ് ഊട്ടിയുറപ്പിച്ച യഥാർത്ഥ വിശ്വബന്ധു - അക്ഷരാർത്ഥത്തിൽ വിശ്വപൗരൻ - എന്നാണ് ഇന്ത്യയുടെ ബഹിരാകാശയാത്രികനെ അദ്ദേഹം വിശേഷിപ്പിച്ചത്. "ഇത് കേവലമൊരു ശാസ്ത്രീയ ദൗത്യമെന്നതിലുപരി, മാനവികതയുടെ ഒറ്റക്കെട്ടായുള്ള പ്രയാണത്തിൽ വിശ്വസ്ത പങ്കാളി എന്ന നിലയ്ക്ക് ഇന്ത്യ വഹിക്കുന്ന പങ്കിന്റെ പ്രതിഫലനമാണ്," അദ്ദേഹം പറഞ്ഞു.

ദൗത്യാനന്തര പ്രോട്ടോക്കോളുകളും വിദേശത്തെ ചർച്ചകളും പൂർത്തിയാക്കിയ ശേഷം ഓഗസ്റ്റ് 17 ഓടെ ശുക്ല ഇന്ത്യയിലേക്ക് മടങ്ങുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് സൂചന നൽകി.

സുരക്ഷിതമായ തിരിച്ചുവരവിനെ ശാസ്ത്രീയവും ഭാവിസൂചകവുമായ നേട്ടമെന്ന് വിശേഷിപ്പിച്ച മന്ത്രി,"ആകാശത്തേക്ക് കണ്ണ് നട്ട് വലിയ സ്വപ്നങ്ങൾ കാണാനുള്ള പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം യാഥാർത്ഥ്യമാകാൻ തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കി. വിജയകരമായ ഈ ദൗത്യം ഒരു തുടക്കം മാത്രമാണ്. ശാസ്ത്ര, ബഹിരാകാശ മേഖലകളിലെ കരിയർ പിന്തുടരാൻ പുതുതലമുറ ഇന്ത്യക്കാരെ ഇത് പ്രചോദിപ്പിക്കും" എന്ന് അദ്ദേഹം പറഞ്ഞു.

ആക്സിയം -4 ലെ ശുക്ലയുടെ പങ്കാളിത്തം, വരാനിരിക്കുന്ന ഗഗൻയാൻ ദൗത്യം ഉൾപ്പെടെയുള്ള ആഗോള മനുഷ്യ ബഹിരാകാശ യാത്രാ പദ്ധതികളിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ മടങ്ങിവരവ് കേവലമായ ബഹിരാകാശ ദൗത്യത്തിന്റെ പര്യവസാനമെന്നതിലുപരി-  ഭാവിയിലെ അന്താരാഷ്ട്ര ബഹിരാകാശ സഹകരണത്തിൽ ആത്മവിശ്വാസമുള്ള ചുവടുവയ്പ്പിനെ പ്രതിഫലിപ്പിക്കുന്നു.
 
SKY
 
*******

(Release ID: 2145133) Visitor Counter : 6