Posted On:
15 JUL 2025 3:33PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് (ജൂലൈ 15, 2025) ഒഡിഷയിലെ കട്ടക്കിൽ റാവൻഷാ സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ പങ്കെടുത്തു.
ഈ വിദ്യാഭ്യാസ സ്ഥാപനം സ്വാതന്ത്ര്യസമരത്തിന്റെ സജീവ കേന്ദ്രമായിരുന്നുവെന്നും ഒഡിഷ സംസ്ഥാന രൂപവൽക്കരണ പ്രസ്ഥാനവുമായി ബന്ധപ്പെട്ടിരുന്നുവെന്നും ചടങ്ങിൽ സംസാരിച്ച രാഷ്ട്രപതി പറഞ്ഞു. വിദ്യാഭ്യാസവികസനത്തിനും സ്ത്രീശാക്തീകരണത്തിനും ഈ സ്ഥാപനം തുടർച്ചയായി അമൂല്യസംഭാവനകൾ നൽകിയിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനികൾ, വിദ്യാഭ്യാസവിദഗ്ധർ, സാഹിത്യകാരന്മാർ, തത്വചിന്തകർ, രാഷ്ട്രീയ നേതാക്കൾ, സാമൂഹ്യപരിഷ്കർത്താക്കൾ, ശാസ്ത്രജ്ഞർ, കലാകാരന്മാർ എന്നീ നിലകളിൽ ഇന്ത്യയുടെ യശസ്സുയർത്താൻ സർവകലാശാലയുടെ പൂർവ വിദ്യാർഥികളിൽ പലർക്കും കഴിഞ്ഞിട്ടുണ്ട്.

ഗവേഷണം, നൂതനാശയങ്ങൾ, ഉൾക്കൊള്ളൽ എന്നിവയിൽ റാവൻഷാ സർവകലാശാല ശ്രദ്ധേയമായ പുരോഗതി കൈവരിക്കുന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. കൺസൾട്ടൻസി സേവനങ്ങളിലൂടെയും സാങ്കേതികവിദ്യ കൈമാറ്റങ്ങളിലൂടെയും നിരവധി വ്യവസായ പങ്കാളികളിലേക്കു വൈദഗ്ധ്യം വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. റാവൻഷാ സർവകലാശാലയുടെ ‘രൂപകൽപ്പന-നൂതനാശയ-സംരഭകത്വ കേന്ദ്രം’ ആശയങ്ങളും വിവർത്തന ഗവേഷണവും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നു. ഗോത്രമേഖലകളിൽനിന്നും പിന്നാക്കവിഭാഗങ്ങളിൽനിന്നുമുള്ള വിദ്യാർഥികളുടെയും ദിവ്യാംഗരായ വിദ്യാർഥികളുടെയും പ്രവേശനം വർധിപ്പിക്കുന്നതിൽ സർവകലാശാല ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.

ശാസ്ത്ര-സാങ്കേതികവിദ്യയുടെ യുഗമാണിതെന്നു രാഷ്ട്രപതി പറഞ്ഞു. നിർമിതബുദ്ധി, മെഷീൻ ലേണിങ്, 3D പ്രിന്റിങ്, ക്ലൗഡ് കമ്പ്യൂട്ടിങ് എന്നിവ നമ്മുടെ ചിന്തയിലും പ്രവർത്തനശൈലിയിലും വലിയ മാറ്റം കൊണ്ടുവന്നു. ഈ സർവകലാശാല ഇത്തരം സാങ്കേതികവിദ്യകൾ മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ടെന്നതിൽ രാഷ്ട്രപതി സന്തുഷ്ടി പ്രകടിപ്പിച്ചു. നൂതന സാങ്കേതികവിദ്യകളുടെ ദുരുപയോഗത്തിനെതിരെ ഏവരും ജാഗ്രത പാലിക്കണമെന്ന് അവർ മുന്നറിയിപ്പു നൽകി.
നമ്മുടെ രാജ്യം അമൃതകാലത്തിലൂടെ കടന്നുപോകുകയാണെന്നു രാഷ്ട്രപതി പറഞ്ഞു. 2047 ആകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുക എന്നതാണു നമ്മുടെ ദേശീയ ലക്ഷ്യം. ‘രാഷ്ട്രബോധം ആദ്യം’ എന്നതാണു നമ്മുടെ ഏറ്റവും വലിയ കരുത്ത്. നമ്മുടെ സൈനികർ, കർഷകർ, ശാസ്ത്രജ്ഞർ, എൻജിനിയർമാർ, ഡോക്ടർമാർ, വിവിധ മേഖലകളിൽ സജീവമായ വ്യക്തികൾ എന്നിവർ ഇന്ത്യയുടെ അഭിമാനം വർധിപ്പിക്കുക എന്ന ചിന്തയിൽ പ്രവർത്തിക്കുന്നു. അവരിൽനിന്നു പ്രചോദനം ഉൾക്കൊണ്ട്, അറിവും കഴിവുകളും അർപ്പണബോധവും ഉപയോഗിച്ചു രാജ്യത്തിന്റെ വികസനത്തിനു സംഭാവന നൽകാൻ അവർ വിദ്യാർഥികൾക്കു പ്രോത്സാഹനമേകി.
അടുത്ത പരിപാടിയിൽ, കട്ടക്കിലെ റാവൻഷാ ഗേൾസ് ഹൈസ്കൂളിന്റെ മൂന്നു കെട്ടിടങ്ങളുടെ പുനർവികസന നിർമ്മാണ പദ്ധതികൾക്ക് രാഷ്ട്രപതി തറക്കല്ലിട്ടു.
ഈ വേളയിൽ നടത്തിയ ഹ്രസ്വമായ അഭിസംബോധനയിൽ, അധ്യാപന ഗുണനിലവാരവും മികച്ച അടിസ്ഥാനസൗകര്യങ്ങളും മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ടിക്കുമെന്നു രാഷ്ട്രപതി പറഞ്ഞു. പുനർവികസനപദ്ധതി പൂർത്തിയാകുമ്പോൾ, ഈ സ്കൂളിന്റെ സൗകര്യങ്ങൾ കൂടുതൽ മികച്ചതായിരിക്കുമെന്ന് അവർ പ്രത്യാശ പ്രകടിപ്പിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഈ പദ്ധതി നടപ്പാക്കുന്നതിൽ , കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളെ അവർ അഭിനന്ദിച്ചു.
തുല്യ സൗകര്യങ്ങളും അവസരങ്ങളും നൽകുമ്പോൾ പെൺകുട്ടികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി വിവിധ ബിരുദദാനച്ചടങ്ങുകളിൽ പങ്കെടുക്കുമ്പോൾ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളതായി അവർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സാഹിത്യം, ശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം, വാണിജ്യം എന്നിങ്ങനെ എല്ലാ മേഖലകളിലും സ്ത്രീകൾ സജീവമായി സംഭാവന നൽകുന്നുണ്ടെന്ന് അവർ എടുത്തുപറഞ്ഞു. വിവിധ മേഖലകളിൽ വിജയത്തിന്റെ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന വനിതകളിൽനിന്നു പ്രചോദനം ഉൾക്കൊള്ളാൻ അവർ പെൺകുട്ടികളെ ഉപദേശിച്ചു. അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും കഴിവിന്റെയും ദൃഢനിശ്ചയത്തിന്റെയും ശക്തിയാൽ അസാധ്യമായതുപോലും സാധ്യമാക്കാൻ കഴിയുമെന്ന് രാഷ്ട്രപതി പറഞ്ഞു.