കൃഷി മന്ത്രാലയം
പരുത്തി ഉൽപാദനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രത്യേക യോഗം ചേരുമെന്ന് കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ വീഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിച്ചു
“പരുത്തി ഉൽപാദനത്തെക്കുറിച്ച് ഒരു പ്രത്യേക യോഗം 2025 ജൂലൈ 11 ന് കോയമ്പത്തൂരിൽ നടക്കും” :ശ്രീ ശിവരാജ് സിംഗ് ചൗഹാൻ
Posted On:
09 JUL 2025 6:11PM by PIB Thiruvananthpuram
കാർഷിക വിള ഉൽപാദനവുമായി ബന്ധപ്പെട്ട പ്രത്യേക യോഗ പരമ്പരകളുടെ ഭാഗമായി 2025 ജൂലൈ 11 ന് കോയമ്പത്തൂരിൽ പരുത്തി ഉൽപാദനത്തെക്കുറിച്ച് ഒരു സുപ്രധാന യോഗം ചേരുമെന്ന് കേന്ദ്ര കൃഷി, കർഷകക്ഷേമ, ഗ്രാമവികസന മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഒരു വീഡിയോ സന്ദേശത്തിലൂടെ വ്യക്തമാക്കി. ഇതിൽ രാജ്യത്തെ കർഷക സഹോദരീസഹോദരന്മാരിൽ നിന്നും അദ്ദേഹം നിർദ്ദേശങ്ങൾ ക്ഷണിച്ചു.
കേന്ദ്ര കൃഷി മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ തന്റെ സന്ദേശത്തിൽ പറഞ്ഞത് ഇങ്ങനെ :
“പരുത്തികൃഷി ചെയ്യുന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,
നമ്മുടെ രാജ്യത്ത് പരുത്തിയുടെ ഉൽപ്പാദനക്ഷമത നിലവിൽ വളരെ കുറവാണ്. അടുത്ത കാലത്തായി, ബിടി പരുത്തിയെ ബാധിക്കുന്ന ടിഎസ് വി വൈറസ് കാരണം ഉൽപാദനത്തിൽ ഗണ്യമായ കുറവുണ്ടായി. പരുത്തി ഉൽപ്പാദനത്തിലെ പെട്ടെന്നുണ്ടായ ഈ കുറവ് നമ്മുടെ കർഷകരെ കടുത്ത ദുരിതത്തിലാക്കുന്നു. വൈറൽ ആക്രമണങ്ങളെ ചെറുക്കാൻ ശേഷിയുള്ള കാലാവസ്ഥാ പ്രതിരോധശേഷിയുള്ളതും ഉയർന്ന ഗുണ നിലവാരമുള്ളതുമായ വിത്തുകൾ വികസിപ്പിക്കാൻ ഞങ്ങൾ ലക്ഷ്യമിടുന്നു. കാർഷിക ചെലവ് കുറച്ചുകൊണ്ട് പരുത്തി ഉൽപ്പാദനം വർദ്ധിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ഈ പ്രശ്നം പരിഹരിക്കുന്നതിനായി, 2025 ജൂലൈ 11 ന് രാവിലെ 10 മണിക്ക് കോയമ്പത്തൂരിൽ ഞങ്ങൾ ഒരു യോഗം വിളിച്ചുചേർത്തിട്ടുണ്ട്. പരുത്തി കൃഷി ചെയ്യുന്ന കർഷകരുടെ പ്രതിനിധികൾ, കർഷക സംഘടനകൾ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെ (ഐസിഎആർ ഡയറക്ടർ ജനറൽ ഉൾപ്പെടെ) വിദഗ്ധരായ ശാസ്ത്രജ്ഞർ, പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലെ കൃഷി മന്ത്രിമാർ, സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർ, പരുത്തി വ്യവസായ മേഖലയിലെ പ്രതിനിധികൾ, കാർഷിക സർവകലാശാല വിദഗ്ധർ എന്നിവർ ഈ യോഗത്തിൽ പങ്കെടുക്കും.
എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ, പരുത്തിയുടെ ഉൽപ്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്താനായി ഞങ്ങൾ നിരന്തരം പ്രവർത്തിക്കുന്നു . ഈ വിഷയത്തിൽ നിങ്ങൾക്ക് എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ, ദയവായി ഞങ്ങളെ 18001801551 എന്ന ടോൾ-ഫ്രീ നമ്പരിൽ വിളിച്ചു അവ പങ്കുവയ്ക്കുക. നിങ്ങളുടെ നിർദ്ദേശങ്ങൾ ഞാൻ അതീവ ഗൗരവത്തോടെ പരിഗണിക്കും.നമ്മുടെ രാജ്യത്ത് പരുത്തി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ഒരുമിച്ച് ഒരു സമഗ്രമായ കർമ്മ പദ്ധതി തയ്യാറാക്കാം."
******************
(Release ID: 2143583)