പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി

Posted On: 06 JUL 2025 1:48AM by PIB Thiruvananthpuram


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അർജൻ്റീന പ്രസിഡൻ്റ് സാവ്യർ മിലെയ് യുമായി കൂടിക്കാഴ്ച നടത്തി. കാസ റോസാഡയിൽ എത്തിയ ശ്രീ നരേന്ദ്ര മോദിയ്ക്ക് പ്രസിഡൻ്റ് മിലെയ് ഊഷ്മളമായ സ്വീകരണം നൽകി. ഇന്നലെ ബ്യൂണസ് അയേഴ്സിൽ എത്തിയപ്പോൾ പ്രധാനമന്ത്രിക്ക് ആചാരപരമായ സ്വീകരണം ലഭിച്ചിരുന്നു. 57 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അർജൻ്റീനയിലേക്കുള്ള ആദ്യ ഉഭയകക്ഷി സന്ദർശനമെന്ന നിലയ്ക്ക് ഇത് ഏറെ പ്രാധാന്യമർഹിക്കുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിതമായതിൻ്റെ 75 ആം വർഷം ആഘോഷിക്കുന്ന വേളയായതിനാൽ ഇന്ത്യ-അർജൻ്റീന ബന്ധത്തിന് ഇതൊരു സുപ്രധാന വർഷമാണ്. തനിക്കും പ്രതിനിധി സംഘത്തിനും ലഭിച്ച ആതിഥ്യ മര്യാദയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻ്റ് മിലെയ്ക്ക് നന്ദി പറഞ്ഞു.

ഇരു നേതാക്കളും നിയന്ത്രിതവും പ്രതിനിധി തലത്തിലുള്ളതുമായ കൂടിക്കാഴ്ചകൾ നടത്തി. നേതാക്കൾ വിശദമായ ചർച്ചകൾ നടത്തുകയും ഉഭയകക്ഷി ബന്ധങ്ങളുടെ മുഴുവൻ വശങ്ങളും അവലോകനം ചെയ്യുകയും ചെയ്തു. നിർണായക ധാതുക്കൾ, എണ്ണ-പ്രകൃതി വാതകം, പ്രതിരോധം, ആണവോർജ്ജം, കൃഷി, ശാസ്ത്ര സാങ്കേതിക വിദ്യ, കൃഷിയിൽ ഡ്രോണുകളുടെ ഉപയോഗം, മത്സ്യബന്ധനം, വൈദ്യുതി ലൈനുകളുടെ നിരീക്ഷണം, ഐസിടി, ഡിജിറ്റൽ പൊതു അടിസ്ഥാന സൗകര്യങ്ങൾ, യുപിഐ, ബഹിരാകാശം, റെയിൽവേ, ഫാർമ, കായികം, ജനങ്ങളുമായുള്ള ബന്ധം എന്നീ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കാൻ അവർ ആഹ്വാനം ചെയ്തു. നിലവിലുള്ള സാമ്പത്തിക സഹകരണം നേതാക്കൾ വിലയിരുത്തി. ഉഭയകക്ഷി വ്യാപാരം സുസ്ഥിരമായ പാതയിലാണെങ്കിലും, വാണിജ്യ ബന്ധങ്ങളുടെ മുഴുവൻ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിന് വ്യാപാര സാധനങ്ങളുടെ വൈവിധ്യവൽക്കരണത്തിൽ ഇരുപക്ഷവും പ്രവർത്തിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ഈ പശ്ചാത്തലത്തിൽ, ഇന്ത്യ-മെർകോസർ മുൻഗണനാ വ്യാപാര കരാർ വിപുലീകരിക്കുന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്തു.

പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചതിന് പ്രധാനമന്ത്രി പ്രസിഡൻ്റ് മിലെയ്ക്ക് നന്ദി പറഞ്ഞു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ അർജൻ്റീനയുടെ ഐക്യദാർഢ്യത്തെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരവാദം മനുഷ്യരാശിക്ക് വലിയ ഭീഷണിയാണെന്ന് ഇരു നേതാക്കളും സമ്മതിക്കുകയും ഈ വിപത്തിനെതിരായ ആഗോള പോരാട്ടം ശക്തിപ്പെടുത്താനുള്ള തങ്ങളുടെ പ്രതിബദ്ധത ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.

തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ നേതാക്കൾ സമ്മതമറിയിച്ചു. ഗ്ലോബൽ സൗത്തിൻ്റെ ആശങ്കകൾ കൂടുതൽ ഉച്ചത്തിലാകണമെന്ന് അവർ ആവശ്യപ്പെട്ടു.

സന്ദർശനം പൂർത്തിയാക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി ബ്യൂണസ് അയേഴ്സിലെ മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗോറിൻ്റെയും പ്രതിമകളിൽ പുഷ്പാർച്ചന നടത്തി. 

അർജൻ്റീനയിലെ ചരിത്രപരമായ സന്ദർശനത്തിന് പ്രസിഡൻ്റ് മിലെയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞു. ഇരുകൂട്ടർക്കും സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി പ്രസിഡൻ്റ് മിലെയ് യെ ക്ഷണിച്ചു.

 

-SK-


(Release ID: 2142672)