പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്ക് ഔദ്യോഗിക സന്ദർശനം സംബന്ധിച്ച സംയുക്ത പ്രസ്താവന
Posted On:
05 JUL 2025 9:02AM by PIB Thiruvananthpuram
ബഹുമാന്യ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, ട്രിനിഡാഡ് ആൻഡ് ടൊബാഗോ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ബഹുമാന്യ കമല പെർസാദ്-ബിസെസ്സറുടെ ക്ഷണപ്രകാരം, 2025 ജൂലൈ 3 മുതൽ 4 വരെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ ഔദ്യോഗിക സന്ദർശനം നടത്തി.
കഴിഞ്ഞ 26 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. 1845-ൽ ഇന്ത്യൻ കുടിയേറ്റക്കാർ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ എത്തിയതിന്റെ 180-ാം വാർഷികവേളയിലെ ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിൽ കാലങ്ങളായുള്ള സൗഹൃദത്തിന്റെ അടിസ്ഥാന ശിലകളായ ആഴത്തിൽ വേരൂന്നിയ നാഗരിക ബന്ധങ്ങളെയും, ജനങ്ങൾ തമ്മിലുള്ള ഊർജ്ജസ്വലമായ അടുപ്പത്തെയും, പങ്കിട്ട ജനാധിപത്യ മൂല്യങ്ങളെയും ഈ സന്ദർശനം അവർത്തിച്ചുറപ്പിച്ചു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പിലെ വിജയത്തിന് കമല പെർസാദ്-ബിസെസ്സറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അവർ നൽകിയ മികവുറ്റ സംഭാവനകളെ പ്രശംസിക്കുകയും ചെയ്തു.
ഇന്ത്യയിലും ആഗോളതലത്തിലുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അസാധാരണ നേതൃത്വത്തെ അംഗീകരിച്ച് രാജ്യത്തിന്റെ പരമോന്നത ദേശീയ ബഹുമതിയായ ഓർഡർ ഓഫ് ദി റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോ നൽകി അദ്ദേഹത്തെ ആദരിച്ചു.
പരസ്പര താൽപ്പര്യമുള്ള വിവിധ ഉഭയകക്ഷി, പ്രാദേശിക, ആഗോള വിഷയങ്ങളിൽ ഇരു പ്രധാനമന്ത്രിമാരും സമഗ്രമായ ചർച്ചകൾ നടത്തി. ഉഭയകക്ഷി ബന്ധത്തിന്റെ ആഴത്തിലും വ്യാപ്തിയിലും ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിക്കുകയും ആരോഗ്യം, ഐസിടി, സംസ്കാരം, കായികം, വ്യാപാരം, സാമ്പത്തിക വികസനം, കൃഷി, നീതിന്യായം, നിയമകാര്യങ്ങൾ, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വിശാലവും ഉൾച്ചേർന്നതുമായ ഭാവിയിലേക്കുള്ള സമഗ്ര പങ്കാളിത്തം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയം ആവർത്തിച്ചുറപ്പിക്കുകയും ചെയ്തു.
സമാധാനത്തിനും സുരക്ഷയ്ക്കും, ഭീകരത ഉയർത്തുന്ന പൊതുവായ ഭീഷണിയെ ഇരു നേതാക്കളും അംഗീകരിച്ചു. ഭീകരതയെ ശക്തമായി അപലപിക്കുകയും അതിനെതിരായ ഉറച്ച നിലപാട് ആവർത്തിക്കുകയും ചെയ്തു. അതിർത്തി കടന്ന ഭീകരത ഉൾപ്പെടെയുള്ള തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ലെന്ന് അവർ പ്രഖ്യാപിച്ചു.
ഫാർമസ്യൂട്ടിക്കൽസ്, വികസന സഹകരണം, അക്കാദമിക് മേഖല, സാംസ്കാരിക വിനിമയം, നയതന്ത്ര പരിശീലനം, കായികം എന്നിവയുൾപ്പെടെയുള്ള പ്രധാന മേഖലകളിൽ സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവെച്ചതിനെ നേതാക്കൾ സ്വാഗതം ചെയ്തു.
2024 നവംബറിൽ നടന്ന രണ്ടാം ഇന്ത്യ-കാരികോം ഉച്ചകോടിയുടെ ഗുണഫലങ്ങൾ നേതാക്കൾ അനുസ്മരിക്കുകയും, അതിൽ പ്രഖ്യാപിച്ച സംരംഭങ്ങൾ നടപ്പിലാക്കുന്നത് ത്വരിതപ്പെടുത്താനുള്ള പ്രതിബദ്ധത പ്രകടമാക്കുകയും ചെയ്തു.
ഡിജിറ്റൽ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങളും ശക്തമായ താൽപ്പര്യം പ്രകടിപ്പിച്ചു. ഇന്ത്യയുടെ മുൻനിര ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) സ്വീകരിച്ച ആദ്യത്തെ കരീബിയൻ രാജ്യമായി മാറിയതിന് ട്രിനിഡാഡ് ആൻഡ് ടൊബാഗോയെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഡിജിലോക്കർ, ഇ-സൈൻ, ഗവൺമെന്റ് ഇ-മാർക്കറ്റ്‌പ്ലേസ് (ജിഇഎം) എന്നിവയുൾപ്പെടെയുള്ള ഇന്ത്യ സ്റ്റാക്ക് സൊല്യൂഷനുകൾ നടപ്പിലാക്കുന്നതിൽ കൂടുതൽ സഹകരണം തേടാൻ അവർ സമ്മതമറിയിച്ചു. രാജ്യത്തെ ഭൂമി രജിസ്ട്രേഷൻ സംവിധാനം ഡിജിറ്റലൈസ് ചെയ്യാനും നവീകരിക്കാനും ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഇന്ത്യയുടെ പിന്തുണ അഭ്യർത്ഥിച്ചു. ഡിജിറ്റൽ ഭരണം, പൊതു സേവന വിതരണം എന്നിവ, എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, നവീകരണം, ദേശീയ മത്സരക്ഷമത എന്നിവയ്ക്ക് ഉത്തേജകമാകുമെന്നും നേതാക്കൾ അടിവരയിട്ടു.
വിദ്യാഭ്യാസ മേഖല ഡിജിറ്റൈസ് ചെയ്യാനുള്ള പ്രധാനമന്ത്രി പെർസാദ്-ബിസെസ്സറിന്റെ മികച്ച കാഴ്ചപ്പാടിനെ പ്രധാനമന്ത്രി മോദി പ്രശംസിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രധാന വിദ്യാഭ്യാസ പദ്ധതിക്ക് പിന്തുണയെന്ന നിലയിൽ 2000 ലാപ്‌ടോപ്പുകൾ സമ്മാനമായി നൽകുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഇന്ത്യാ ഗവൺമെന്റ് വാഗ്ദാനം ചെയ്യുന്ന വിവിധ സ്‌കോളർഷിപ്പ് പദ്ധതികളിലൂടെ ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ പ്രധാനമന്ത്രി മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
കൃഷിയും ഭക്ഷ്യസുരക്ഷയും മറ്റൊരു മുൻഗണനാ മേഖലയായി നേതാക്കൾ തിരിച്ചറിഞ്ഞു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ നാഷണൽ അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ആൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷന് (NAMDEVCO) ഭക്ഷ്യ സംസ്‌കരണത്തിനും സംഭരണത്തിനുമായി ഇന്ത്യ ഒരു മില്യൺ യുഎസ് ഡോളർ വിലമതിക്കുന്ന കാർഷിക യന്ത്രങ്ങൾ സമ്മാനമായി നൽകിയത് അഭിനന്ദിക്കപ്പെട്ടു. പ്രതീകാത്മകമായി, NAMDEVCO-യ്‌ക്കുള്ള ആദ്യ ബാച്ച് യന്ത്രങ്ങൾ പ്രധാനമന്ത്രി മോദി കൈമാറി. പ്രകൃതി കൃഷി, കടൽപായൽ അടിസ്ഥാനമാക്കിയുള്ള വളങ്ങൾ, ചെറുധാന്യ കൃഷി എന്നിവയിൽ ഇന്ത്യയുടെ സഹായവും പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തു.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ, ഇന്ത്യൻ ഫാർമക്കോപ്പിയയെ അംഗീകരിച്ചതിന് ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഗവണ്മെന്റിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇത് ഫാർമസ്യൂട്ടിക്കൽ മേഖലയിൽ കൂടുതൽ സഹകരണം ഉറപ്പാക്കുകയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങൾക്ക് ഇന്ത്യയിൽ നിന്നുള്ള ഗുണനിലവാരമുള്ളതും താങ്ങാനാവുന്ന വിലയിലുള്ളതുമായ ജനറിക് മരുന്നുകൾ ലഭ്യമാക്കുകയും ഇന്ത്യയിൽ വൈദ്യചികിത്സ ലഭ്യമാക്കുകയും ചെയ്യും. വരും മാസങ്ങളിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ 800 പേർക്കായി ഒരു ഒരു കൃത്രിമ കാൽവെപ്പ് ക്യാമ്പ് (പ്രോസ്തെറ്റിക് ലിംബ് ഫിറ്റ്മെന്റ് ക്യാമ്പ്) സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മരുന്നുകൾക്കും ഉപകരണങ്ങൾക്കുമപ്പുറം ആരോഗ്യ സംരക്ഷണ സഹകരണം ലക്ഷ്യമിട്ടുള്ള സഹായത്തിന് പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഇന്ത്യാ ഗവണ്മെന്റ് സംഭാവന ചെയ്ത ഇരുപത് ഹീമോഡയാലിസിസ് യൂണിറ്റുകൾക്കും രണ്ട് സീ ആംബുലൻസുകൾക്കും ട്രിനിഡാഡ് ആൻഡ് ടൊബാഗോ തങ്ങളുടെ നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ സഹായത്തോടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ സാമൂഹിക വികസന പദ്ധതികൾ സമയബന്ധിതമായും ഫലപ്രദമായും നടപ്പിലാക്കാൻ സഹായിക്കുന്ന ക്വിക്ക് ഇംപാക്ട് പ്രോജക്ടുകളെക്കുറിച്ചുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് വികസന സഹകരണത്തിന്റെ പ്രാധാന്യം ട്രിനിഡാഡ് ആൻഡ് ടൊബാഗോ എടുത്തുപറഞ്ഞു.
കോവിഡ്-19 മഹാമാരിയുടെ ദുഷ്‌കരമായ സമയങ്ങളിൽ വിലയേറിയ മനുഷ്യജീവനുകൾ രക്ഷിക്കുന്നതിൽ ഇന്ത്യ വഹിച്ച സുപ്രധാന പങ്കിനെ പ്രധാനമന്ത്രി പെർസാദ്-ബിസെസ്സർ അഭിനന്ദിച്ചു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയ്ക്ക് കോവിഡ് വാക്സിനുകളും മെഡിക്കൽ ഉപകരണങ്ങളും അതിവേഗം എത്തിച്ചതിന് അവർ ഇന്ത്യയോട് നന്ദി പറഞ്ഞു. ഒരു ദശലക്ഷം യു.എസ്. ഡോളറിന്റെ, കോവിഡ്-19 പദ്ധതിയിലെ 'HALT (ഹൈ ആൻഡ് ലോ ടെക്നോളജി) പ്രകാരമുള്ള മൊബൈൽ ഹെൽത്ത്‌കെയർ റോബോട്ടുകൾ, ടെലിമെഡിസിൻ കിറ്റുകൾ, കൈ ശുചീകരണ സ്റ്റേഷനുകൾ എന്നിവ നൽകിയുള്ള ഇന്ത്യയുടെ പിന്തുണയെ അവർ പ്രത്യേകം അഭിനന്ദിച്ചു.
ദുരന്ത നിവാരണ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം (CDRI), ആഗോള ജൈവ ഇന്ധന സഖ്യം എന്നിവയിൽ ചേരാനുള്ള ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ തീരുമാനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാഗതം ചെയ്തു. കാലാവസ്ഥാ പ്രവർത്തനം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, സുസ്ഥിര വികസനം എന്നിവയോടുള്ള അവരുടെ പ്രതിബദ്ധത ഇത് പ്രതിഫലിപ്പിക്കുന്നു. ദുരന്തസാധ്യത കുറയ്ക്കുന്നതിനായി ഇന്ത്യ വികസിപ്പിച്ചെടുത്ത മുന്നറിയിപ്പ് സംവിധാനങ്ങളിൽ കൂടുതൽ സഹകരണം പര്യവേക്ഷണം ചെയ്യാൻ നേതാക്കൾ സമ്മതിച്ചു. വിദേശകാര്യ, കാരികോം കാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ഒരു മേൽക്കൂര ഫോട്ടോവോൾട്ടെയ്ക് (PV) സംവിധാനം നൽകുന്നതിനുള്ള ഇന്ത്യ ഗ്രാന്റ് വാഗ്ദാനം ചെയ്തതിനെയും ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഗവൺമെന്റ് അഭിനന്ദിച്ചു. ശ്രദ്ധാപൂർവ്വമായ ഉപഭോഗത്തിന്റെയും സുസ്ഥിര ജീവിതത്തിന്റെയും ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന പ്രധാനമന്ത്രി മോദിയുടെ ദർശനാത്മകമായ 'മിഷൻ ലൈഫ്' സംരംഭത്തെ പ്രധാനമന്ത്രി പെർസാദ്-ബിസെസ്സർ അഭിനന്ദിച്ചു. ആഗോള പൗരന്മാരെ കാലാവസ്ഥാ ബോധമുള്ള പെരുമാറ്റത്തിലേക്ക് സജ്ജമാക്കുന്നതിൽ അതിന്റെ പ്രസക്തി അവർ അംഗീകരിച്ചു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയുമായുള്ള ഇന്ത്യയുടെ പങ്കാളിത്തത്തിന്റെ ഒരു പ്രധാന സ്തംഭമായി ശേഷി വർദ്ധിപ്പിക്കൽ അംഗീകരിക്കപ്പെട്ടു. തങ്ങളുടെ യുവാക്കളുടെ ശേഷി വർദ്ധിപ്പിക്കുന്നതിനായി വിവിധ മേഖലകളിൽ ഇന്ത്യ പ്രതിവർഷം 85 ITEC സ്ലോട്ടുകൾ വാഗ്ദാനം ചെയ്യുന്നതിനെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പക്ഷം അഭിനന്ദിച്ചു. തങ്ങളുടെ ഉദ്യോഗസ്ഥർക്ക് വലിയ തോതിലുള്ള പരിശീലനത്തിനായി വിദഗ്ധരെയും പരിശീലകരെയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് അയയ്ക്കാൻ ഇന്ത്യൻ പക്ഷം സന്നദ്ധത പ്രകടിപ്പിച്ചു.
ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഫോറൻസിക് സയൻസ്, നീതിന്യായ വ്യവസ്ഥ എന്നീ മേഖലകളിൽ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഴിവുകൾ വികസിപ്പിക്കുന്നതിൽ പിന്തുണയ്ക്കാൻ പ്രധാനമന്ത്രി മോദി സന്നദ്ധത പ്രകടിപ്പിച്ചു. പരിശീലനത്തിനായി ഇന്ത്യയിലേക്ക് അവരെ അയയ്ക്കുന്നതിനൊപ്പം ഇന്ത്യയിൽ നിന്നുള്ള പരിശീലകരെയും വിദഗ്ധരെയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്ക് അയയ്ക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
ഇരു രാജ്യങ്ങളിലെയും ബിസിനസ് പിന്തുണാ സംഘടനകൾക്കിടയിൽ നേരിട്ടുള്ള ചാനലുകൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കൂടുതൽ ഉഭയകക്ഷി വ്യാപാര, നിക്ഷേപ വിനിമയങ്ങളുടെ ആവശ്യകത ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
രാജ്യങ്ങൾ തമ്മിലുള്ള ശക്തമായ കായിക ബന്ധങ്ങൾ, പ്രത്യേകിച്ച് ക്രിക്കറ്റിനോടുള്ള പൊതുവായ അഭിനിവേശം ഇരു നേതാക്കളും എടുത്തുകാട്ടി. പരിശീലനം, പ്രതിഭാ കൈമാറ്റം, അടിസ്ഥാന സൗകര്യ വികസനം, സംയുക്ത ശേഷി വികസനം എന്നിവ വളർത്തിയെടുക്കുന്നതിനായി കായിക സഹകരണത്തെക്കുറിച്ചുള്ള ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ ഇരുവരും സ്വാഗതം ചെയ്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള യുവ വനിതാ ക്രിക്കറ്റ് കളിക്കാരെ ഇന്ത്യയിൽ പരിശീലിപ്പിക്കാനുള്ള വാഗ്ദാനവും പ്രധാനമന്ത്രി മോദി ആവർത്തിച്ചു.
സാംസ്കാരികമായി പ്രാധാന്യമുള്ള ഒരു നടപടിയായി, ഇന്ത്യയിലെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിൽ നിന്നുള്ള ഒരു കൂട്ടം പണ്ഡിറ്റുകൾക്ക് പരിശീലനം നൽകുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. ഈ പണ്ഡിറ്റുകൾ ഇന്ത്യയിലെ 'ഗീത മഹോത്സവ'ത്തിലും പങ്കെടുക്കും. പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ഇതിന് നന്ദി പ്രകടിപ്പിക്കുകയും ഇന്ത്യയിലെ ആഘോഷങ്ങളോടൊപ്പം ട്രിനിഡാഡിലും ടൊബാഗോയിലും ഗീത മഹോത്സവം സംയുക്തമായി ആഘോഷിക്കാനുള്ള ഇന്ത്യയുടെ നിർദ്ദേശത്തെ ആവേശത്തോടെ പിന്തുണയ്ക്കുകയും ചെയ്തു.
സാംസ്കാരിക സഹകരണത്തെക്കുറിച്ച്, 1997-ൽ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കൾച്ചറൽ കോഓപ്പറേഷൻ സ്ഥാപിതമായ ഉഭയകക്ഷി 'സാംസ്കാരിക വിനിമയ പരിപാടിയുടെ' പുരോഗമനപരമായ പങ്ക് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. 2025-28 കാലയളവിലേക്ക് ഈ പരിപാടി പുതുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവച്ചു. പുതുക്കിയ ധാരണാപത്രം പ്രകാരം, ഇരു രാജ്യങ്ങളുമായുള്ള സാംസ്കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിനായി ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഇന്ത്യയിലേക്ക് കൊട്ടുവാദ്യം (സ്റ്റീൽ പാൻ) ഉം മറ്റ് സാംസ്കാരിക ആവിഷ്കാരങ്ങളും ഉപയോഗിക്കുന്ന കലാകാരന്മാരെ അയയ്ക്കും. രാജ്യത്തുടനീളം യോഗയും ഹിന്ദി ഭാഷയും പ്രോത്സാഹിപ്പിച്ചതിന് പ്രധാനമന്ത്രി മോദി ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഗവൺമെന്റിനോട് നന്ദി പറഞ്ഞു. ഇന്ത്യയിൽ നിന്ന് യോഗ പരിശീലകരെ അയയ്ക്കാനും ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ ദേശീയ സ്കൂൾ പാഠ്യപദ്ധതിയിൽ യോഗ ഉൾപ്പെടുത്തുന്നതിനെ പിന്തുണയ്ക്കാനും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.
2025 മെയ് 30 ട്രിനിഡാഡിലേക്കും ടൊബാഗോയിലേക്കുമുള്ള ആദ്യത്തെ ഇന്ത്യൻ കുടിയേറ്റക്കാരുടെ 180-ാം വാർഷികമായിരുന്നുവെന്ന് ഇരു പ്രധാനമന്ത്രിമാരും ഓർമ്മിച്ചു. സാംസ്കാരിക വിനോദസഞ്ചാരത്തിന് അനുയോജ്യമായ സ്ഥലമെന്ന നിലയിൽ നെൽസൺ ദ്വീപിന്റെ പ്രാധാന്യവും നാഷണൽ ആർക്കൈവ്‌സിൽ ഇന്ത്യൻ വരവിന്റെയും മറ്റ് രേഖകളുടെയും ഡിജിറ്റൈസേഷന്റെ ആവശ്യകതയും അവർ എടുത്തുകാട്ടി. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഇന്ത്യൻ പ്രവാസികളുടെ ആറാം തലമുറ വരെ ഓവർസീസ് സിറ്റിസൺഷിപ്പ് ഓഫ് ഇന്ത്യ (OCI) കാർഡുകൾ നൽകാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനവും പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു.
വെസ്റ്റ് ഇൻഡീസ് സർവകലാശാലയിൽ ഹിന്ദിയിലും ഇന്ത്യൻ പഠനങ്ങളിലും അക്കാദമിക് ചെയറുകളുടെ പുനരുജ്ജീവനത്തെ ഇരു പ്രധാനമന്ത്രിമാരും സ്വാഗതം ചെയ്തു, ഇത് ഇന്ത്യയും ട്രിനിഡാഡ് ആൻഡ് ടൊബാഗോയും തമ്മിലുള്ള അക്കാദമിക്, സാംസ്കാരിക ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കാനും ആയുർവേദത്തിന്റെ പുരാതന ജ്ഞാനത്തിന്റെയും പൈതൃകത്തിന്റെയും വ്യാപനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
ഇന്ത്യ-ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്ററി സൗഹൃദ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കേണ്ടതിന്റെ ആവശ്യകത; ഇന്ത്യയിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പാർലമെന്റേറിയൻമാർക്ക് പരിശീലനം; പാർലമെന്ററി പ്രതിനിധികൾ പരസ്പരം രാജ്യങ്ങളിലേക്ക് പതിവായി സന്ദർശനം നടത്തേണ്ടതിന്റെ ആവശ്യകത എന്നിവ ഇരു നേതാക്കളും ഊന്നിപ്പറഞ്ഞു.
പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരുപക്ഷവും പങ്കുവെക്കുകയും സമാധാനം, കാലാവസ്ഥാ നീതി, ഉൾക്കൊള്ളുന്ന വികസനം,ഗ്ലോബൽ സൗത്തിന്റെ ശബ്ദം വർദ്ധിപ്പിക്കൽ എന്നിവയോടുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധത ആവർത്തിച്ചു. ബഹുമുഖ വേദികളിൽ നൽകുന്ന വിലപ്പെട്ട പരസ്പര പിന്തുണയ്ക്ക് അവർ നന്ദി പ്രകടിപ്പിച്ചു.
ഐക്യരാഷ്ട്രസഭയിൽ സമഗ്രമായ പരിഷ്കാരങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത നേതാക്കൾ ആവർത്തിച്ചു, അതിൽ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന്റെ വിപുലീകരണം ഉൾപ്പെടുന്നു. വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സംഘർഷങ്ങളും തിരിച്ചറിഞ്ഞപ്പോൾ, മുന്നോട്ടുള്ള വഴിയായി സംഭാഷണവും നയതന്ത്രവും വേണമെന്ന് ഇരു നേതാക്കളും ആവശ്യപ്പെട്ടു. വികസിപ്പിച്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായി ഇന്ത്യയ്ക്ക് പൂർണ്ണ പിന്തുണ ട്രിനിഡാഡ് ആൻഡ് ടൊബാഗോ വീണ്ടും ഉറപ്പിച്ചു. 2027-28 കാലയളവിലേക്ക് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിൽ സ്ഥിരമല്ലാത്ത ഒരു സീറ്റിലേക്കുള്ള ട്രിനിഡാഡിന്റെ ടൊബാഗോയുടെ പ്രാതിനിധ്യത്തെ ഇന്ത്യ പിന്തുണയ്ക്കുമെന്നും ധാരണയായി; അതേസമയം 2028-29 കാലയളവിലേക്കുള്ള ഇന്ത്യയുടെ പ്രാതിനിധ്യത്തെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പിന്തുണയ്ക്കും.
ട്രിനിഡാഡ് ആൻഡ് ടൊബാഗോ ഗവൺമെന്റിനോടും ജനങ്ങളോടും പ്രധാനമന്ത്രി മോദി തനിക്ക് നൽകിയ ആതിഥ്യമര്യാദയ്ക്ക് ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സറിനെ പരസ്പരം സൗകര്യപ്രദമായ സമയത്ത് ഇന്ത്യ സന്ദർശിക്കാൻ അദ്ദേഹം ക്ഷണിച്ചു. പരസ്പരം സൗകര്യപ്രദമായ സമയത്ത് വീണ്ടും ട്രിനിഡാഡ് ആൻഡ് ടൊബാഗോ സന്ദർശിക്കാൻ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ പ്രധാനമന്ത്രി മോദിയേയും ക്ഷണിച്ചു. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലേക്കുള്ള വളരെ വിജയകരമായ ഔദ്യോഗിക സന്ദർശനത്തിന്റെ ഫലം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉയർന്ന ഉഭയകക്ഷി ബന്ധങ്ങളുടെ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുമെന്ന് നേതാക്കൾ സമ്മതിച്ചു, കൂടാതെ ശക്തവും ഉൾക്കൊള്ളുന്നതും ഭാവിയിലേക്കുള്ളതുമായ ഇന്ത്യ-ട്രിനിഡാഡ് ആൻഡ് ടൊബാഗോ പങ്കാളിത്തത്തിനായുള്ള അവരുടെ പങ്കിട്ട പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചു.
NK
***
(Release ID: 2142511)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada