ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

മയക്കുമരുന്ന് മാഫിയകള്‍ എവിടെനിന്ന് പ്രവര്‍ത്തിച്ചാലും അവയെ ഒന്നടങ്കം തുടച്ചുനീക്കാനും രാജ്യത്തെ യുവതയെ സംരക്ഷിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സർക്കാർ ദൃഢനിശ്ചയം ചെയ്തതായി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ

ആഗോള മയക്കുമരുന്ന് മാഫിയയെ തകർത്തതിന് എൻ‌സി‌ബിയെയും മറ്റ് ഏജൻസികളെയും ആഭ്യന്തരമന്ത്രി ശ്രീ അമിത്ഷാ അഭിനന്ദിച്ചു

Posted On: 02 JUL 2025 5:34PM by PIB Thiruvananthpuram
ആഗോള മയക്കുമരുന്ന് മാഫിയകളിലൊന്നിനെ തകർത്തതിന് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോയെയും ഏജൻസികളെയും കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി ശ്രീ അമിത് ഷാ അഭിനന്ദിച്ചു. എവിടെനിന്ന് പ്രവർത്തിച്ചാലും എല്ലാ മയക്കുമരുന്ന് മാഫിയകളെയും    ഒന്നടങ്കം തുടച്ചുനീക്കി രാജ്യത്തെ യുവതയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സർക്കാർ ദൃഢനിശ്ചയം ചെയ്തതായി ശ്രീ അമിത് ഷാ പറഞ്ഞു.

 
ആഗോള മയക്കുമരുന്ന് മാഫിയകളിലൊന്നിനെ തകർത്തതിന് എൻ‌സി‌ബിക്കും എല്ലാ ഏജൻസികൾക്കും അഭിനന്ദനങ്ങളറിയിക്കുന്നതായി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബഹുമുഖ ഏജൻസികളുടെ ഏകോപനത്തിന് മികച്ച ഉദാഹരണമായ അന്വേഷണ ഫലമായി 8 പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്നടങ്ങിയ 5 ചരക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തു.  അതേസമയം 4 ഭൂഖണ്ഡങ്ങളിലും 10-ലേറെ  രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ഈ സംഘത്തിനെതിരെ അമേരിക്കയിലും ഓസ്‌ട്രേലിയയിലും നടപടി തുടങ്ങി. ഈ സംഘങ്ങളുടെ  ക്രിപ്‌റ്റോ പണമിടപാടുകളും അജ്ഞാത ഇടനിലക്കാരുമടക്കം അത്യാധുനിക രീതികൾ രാജ്യത്തെ ഏജൻസികൾ നിരന്തരം നിരീക്ഷിച്ചുവരുന്നു. എവിടെനിന്ന് പ്രവര്‍ത്തിച്ചാലും എല്ലാ മയക്കുമരുന്ന് മാഫിയകളെയും ഒന്നടങ്കം തുടച്ചുനീക്കാനും രാജ്യത്തെ യുവതയെ സംരക്ഷിക്കാനും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന സർക്കാർ  ദൃഢനിശ്ചയം ചെയ്തിരിക്കുന്നുവെന്നും ശ്രീ അമിത് ഷാ കുറിച്ചു. 
 
ഓപ്പറേഷൻ മെഡ് മാക്സ്
 
നിയമവിരുദ്ധ മരുന്നുകളുടെ വ്യാപാരത്തിനെതിരായ ദൂരവ്യാപക നടപടികളുടെ ഭാഗമായി രഹസ്യാത്മക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, അ‍‍ജ്ഞാത ഇടനില വ്യാപാര മാതൃകള്‍,  ക്രിപ്‌റ്റോ കറൻസി എന്നിവയുടെ സഹായത്തോടെ  നാല് ഭൂഖണ്ഡങ്ങളിലൂടെ നിയന്ത്രിത മരുന്നുകൾ കടത്തുന്ന അന്തർദേശീയ മയക്കുമരുന്ന് മാഫിയയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌സി‌ബി) ആസ്ഥാനത്തെ ദൗത്യകേന്ദ്രം  വിജയകരമായി തകര്‍ത്തു.  ന്യൂഡൽഹിയിലെ ബംഗാളി വിപണിയ്ക്ക് സമീപം പതിവ് വാഹന പരിശോധനയില്‍ തുടങ്ങിയ നടപടി ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്പ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സങ്കീർണ കുറ്റകൃത്യ ശൃംഖലയുടെ  ചുരുളഴിക്കുന്നതിനൊപ്പം നിയമവിരുദ്ധ മരുന്നുനിര്‍മാണ ശൃംഖലകളുടെ  ആഗോള വ്യാപ്തിയും ഏകോപിത അന്താരാഷ്ട്ര നിയമനിര്‍വഹണ നടപടികൾക്ക് നേതൃത്വം വഹിക്കാനുള്ള എൻ‌സി‌ബിയുടെ കഴിവും എടുത്തുകാണിക്കുന്നു. നാല് ഭൂഖണ്ഡങ്ങളിലും 10-ലേറെ  രാജ്യങ്ങളിലും വ്യാപിച്ചുകിടക്കുന്ന  ആഗോള ശൃംഖലയെയാണ് ഈ ദൗത്യത്തിലൂടെ കണ്ടെത്തിയത്. 
 
അന്വേഷണ വഴി ഡൽഹിയിൽ നിന്ന് അലബാമയിലേക്ക്
 
രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ 2025 മെയ് 25-ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ആസ്ഥാനത്തെ ദൗത്യസംഘം ഡൽഹിയിലെ മണ്ടി ഹൗസിന് സമീപം ഒരു കാർ തടഞ്ഞു. നോയിഡയിലെ പ്രശസ്ത സ്വകാര്യ സർവകലാശാലയുടെ ബി-ഫാർമ ബിരുദം നേടിയ രണ്ടുപേരിൽനിന്ന് 3.7 കിലോഗ്രാം ട്രമാഡോൾ ഗുളികകൾ പിടിച്ചെടുത്തു.
അറസ്റ്റിലായവര്‍ ഒരു പ്രധാന ഇന്ത്യൻ ഓണ്‍ലൈന്‍ വ്യാപാര പ്ലാറ്റ്‌ഫോമിൽ വിപണന അക്കൗണ്ട് ഉപയോഗിച്ചതായും ഇതുവഴി  അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മരുന്ന് വില്പന നടത്തിയതായും സമ്മതിച്ചു.  ചോദ്യം ചെയ്യലിലെ സൂചനകൾ റൂർക്കിയിലെ ഒരു മരുന്ന് സംഭരണക്കാരനിലേക്കും  പിന്നാലെ ഡൽഹി  മയൂർ വിഹാറിലെ സുപ്രധാന സഹായിയുടെ അറസ്റ്റിലേക്കും നയിച്ചു.  യുഎസ്എയിലേക്ക് വന്‍തോതില്‍ ചരക്ക് കടത്ത്  സജ്ജീകരിക്കുന്ന ഉഡുപ്പിയിലെ (കർണാടക) ഒരാളുമായുള്ള തന്റെ ബന്ധം  അദ്ദേഹം വെളിപ്പെടുത്തി.
 
ഉഡുപ്പിയിൽ നിന്ന് എൻ‌സി‌ബി കണ്ടെത്തിയ 50 അന്താരാഷ്ട്ര ചരക്കുകളുടെ വിവരങ്ങളില്‍ ചിലത്:  
 
യുഎസ്എയിൽ നിന്ന് യുഎസ്എയിലേക്ക് 29 പാക്കേജുകൾ
ഓസ്ട്രേലിയയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് 18 എണ്ണം
എസ്റ്റോണിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിലേക്ക് ഓരോന്ന് വീതം
 
 
മേല്‍പ്പറഞ്ഞ വിവരങ്ങൾ ആഗോള മയക്കുമരുന്ന് അന്വേഷണ സംഘങ്ങളുമായും ഇന്റർപോളുമായും പങ്കിട്ടതുവഴി അമേരിക്കയിലെ അലബാമയിൽ നിയന്ത്രിത മരുന്നുകളുടെ വന്‍വേട്ടയ്ക്ക് പുറമെ വലിയ ഇടനിലവ്യാപാരിയുടെയും  മയക്കുമരുന്ന് വ്യാപാരത്തിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന ഒരാളുടെയും അറസ്റ്റിനും വഴിയൊരുക്കി.  
 
രഹസ്യാത്മകയ്ക്കായി രൂപീകരിച്ച ശൃംഖല  
 
ടെലിഗ്രാം പോലുള്ള എൻക്രിപ്റ്റ് ചെയ്ത ആശയവിനിമയ സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിച്ച ഈ മയക്കുമരുന്ന് മാഫിയ  ക്രിപ്‌റ്റോകറൻസി പണമിടപാടുകള്‍, പേപാൽ, വെസ്റ്റേൺ യൂണിയൻ എന്നിവയെ ആശ്രയിക്കുകയും തിരിച്ചറിയാതിരിക്കാന്‍  അജ്ഞാത അന്താരാഷ്ട്ര ഇടനില വ്യാപാരികളെ  ഉപയോഗിക്കുകയും ചെയ്തു. വിശദമായ ഡിജിറ്റൽ ഫോറൻസിക് പരിശോധനയിൽ ന്യൂഡൽഹിയിൽ നിന്നും ജയ്പൂരിൽ നിന്നും ചരക്കുനീക്ക - വിതരണ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്ത രണ്ട് ഇന്ത്യൻ പൗരന്മാർ കൂടി അറസ്റ്റിലായി. മാഫിയയുടെ ഭാഗമായി പ്രവര്‍ത്തിച്ചവര്‍ സ്വന്തം രാജ്യങ്ങളിൽ വിപണനം നടത്തുന്നതിന് പകരം  നിയമപരമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ശൃംഖലയിലെ മറ്റ് ഇടനില വ്യാപാരികളിലൂടെ  ഏകോപിപ്പിക്കുകയായിരുന്നു. 
 
അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക കാര്യങ്ങളും ഏകോപിപ്പിച്ച മുഖ്യ സൂത്രധാരന്‍ യുഎഇയിലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.  യുഎഇ അധികൃതരുമായി  എൻസിബി സജീവമായി ബന്ധപ്പെട്ടുവരുന്നു.  
 
നിയമവിരുദ്ധ ഓസ്‌ട്രേലിയന്‍ ഫാക്ടറിയുമായി ബന്ധം
 
അന്വേഷണത്തില്‍  ഈ സംഘവുമായി  ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓസ്‌ട്രേലിയയിലെ രഹസ്യ മരുന്നു നിർമാണ കേന്ദ്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ വെളിപ്പെട്ടു.  ഓസ്‌ട്രേലിയയിലെ നിയമപാലകർ ഈ കേന്ദ്രം വിജയകരമായി പൊളിച്ചുമാറ്റി. മറ്റ് മേഖലകളില്‍ ദൗത്യം ഇപ്പോഴും തുടരുകയാണ്.
 
അമേരിക്കയിലെ നടപടി
 
ഇന്ത്യയിലെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എന്‍സിബി) പങ്കിട്ട രഹസ്യ വിവരങ്ങളുടെ ഭാഗമായി യുഎസ് മയക്കുമരുന്ന് നിയമ നിര്‍വഹണ കാര്യാലയം  (യുഎസ് ഡിഇഎ)  അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാനകണ്ണിയെ പിടികൂടി. ഏകോപിത ദൗത്യത്തിലൂടെ  അലബാമ ആസ്ഥാനമായി പ്രവർത്തിക്കുന്ന സുപ്രധാന ഇടനില വ്യാപാരി ജോയൽ ഹാളിനെ അറസ്റ്റ് ചെയ്യുകയും 17,000-ത്തിലധികം നിയന്ത്രിത മരുന്നുകളുടെ ഗുളികകൾ പിടിച്ചെടുക്കുകയും ചെയ്തു.  
പരിശോധനയ്ക്കിടെ മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട നിരവധി ക്രിപ്‌റ്റോകറൻസി വാലറ്റുകളും പാഴ്സലുകളും അധികൃതർ കണ്ടെത്തിയത്  സങ്കീർണവും സാങ്കേതികവിദ്യ അധിഷ്ഠിതവുമായ മയക്കുമരുന്ന് കടത്തിനെ  സൂചിപ്പിക്കുന്നു.  ഡിജിറ്റൽ ആസ്തികളും പാഴ്‌സലുകളും സംബന്ധിച്ച്  അന്വേഷണ -   നിയമനിര്‍വഹണ നടപടികള്‍ സജീവമായി പുരോഗമിക്കുന്നു.
ഈ മുന്നേറ്റത്തിന് പുറമെ ശ‍ൃംഖലയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന പ്രധാന വ്യക്തിയായി തിരിച്ചറിഞ്ഞ ഇന്ത്യൻ-അമേരിക്കൻ പൗരന്‍  അമേരിക്കയിൽ കുറ്റാരോപണം നേരിടുന്നത്   നിയമവിരുദ്ധ സംരംഭത്തിന്റെ സാമ്പത്തിക അടിത്തറ തകർക്കുന്നതിലെ നിർണായക ചുവടുവെയ്പ്പാണ്. 
 
ഇതിനൊപ്പം യുഎസ്ഡിഇഎ പിടിച്ചെടുത്ത അഞ്ച് പാഴ്സലുകളില്‍  സാധാരണ ദുരുപയോഗം ചെയ്യപ്പെടുന്ന 700 ഗ്രാമോളം സോൾപിഡെം ഗുളികകളും  കണ്ടെടുത്തു
 
.
ദൗത്യരീതി: സങ്കീര്‍ണ ആഗോള ശൃംഖല പുറത്തുകൊണ്ടുവന്നു   
 
 
ഈ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ സൂത്രധാരൻ യുഎഇ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതായും ഉന്നതതല ഏകോപനത്തിലൂടെയും വ്യവസ്ഥാപിത വിഭാഗീകരണത്തിലൂടെയും ഓർഡറുകളും വിതരണ ഘട്ടങ്ങളും ക്രമീകരിച്ചതായും അന്വേഷണത്തില്‍ വെളിപ്പെട്ടു. .
ഓർഡറുകളുടെ മൊഡ്യൂളുകൾ ഒരു പ്രധാന B2B പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രവർത്തിച്ചത്. ഇടപാടുകള്‍ നടത്തുന്നവര്‍ ‌ദൃശ്യപരത വർധിപ്പിക്കാനും ആവശ്യക്കാരെ  ആകർഷിക്കാനും പ്രീമിയം വില്പന വിഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി.  ആവശ്യകത സംബന്ധിച്ച അന്വേഷണങ്ങളും വിവരങ്ങളും  കൈകാര്യം ചെയ്യാന്‍ ഉഡുപ്പി ആസ്ഥാനമായി പൂർണ പ്രവർത്തനക്ഷമമായ  കോൾ സെന്റർ സജ്ജീകരിച്ച സംഘം പത്തോളം ജീവനക്കാരെ നിയോഗിച്ചു - ഇവരിൽ പലർക്കും പ്രവർത്തനത്തിന്റെ നിയമവിരുദ്ധ സ്വഭാവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സൂചന. 
 
ഓർഡറുകൾ സ്ഥിരീകരിച്ചാല്‍ ക്രിപ്‌റ്റോ കറൻസിയിൽ മുൻകൂർ പണമിടപാട് നടത്തി  10 മുതല്‍ 15 ശതമാനം വരെ  കമ്മീഷൻ കുറച്ച ശേഷം തുക വിതരണഘട്ടം കൈകാര്യം ചെയ്യുന്നവര്‍ക്ക് കൈമാറുന്നു.  നിയന്ത്രിത മരുന്നുകളുടെ അന്തിമ വിതരണ പ്രക്രിയ കൈകാര്യം ചെയ്യുന്ന നിയുക്ത രാജ്യങ്ങളിലെ ഇടനിലക്കാര്‍ക്ക്  പണം കൈമാറുന്നതിന് മുന്‍പ്  വിതരണ വിഭാഗം 10 ശതമാനം തുക കൈവശം വെയ്ക്കുന്നു.  
.
പ്രവർത്തന വിപുലീകരണ ആസൂത്രണത്തിന്റെ ഭാഗമായി  ആവർത്തിച്ച് വാങ്ങുന്നവരെ പരിശീലിപ്പിച്ച് ഇടനിലക്കാരായോ  താല്‍ക്കാലിക സംഭരണക്കാരായോ നിയോഗിച്ചതിലൂടെ ശൃംഖലയെ  അതിർത്തികൾ ഭേദിച്ച് സ്വമേധയാ  വളരാൻ വഴിയൊരുക്കി.  ഇത്തരം നിരവധി സംഭരണക്കാരെ  അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികള്‍ ഇതിനകം തിരിച്ചറിയുകയും നടപടികൾ സ്വീകരിച്ചുവരികയും ചെയ്യുന്നു.  
 
ആധുനിക നിയമവിരുദ്ധ കടത്തുകളില്‍ ഡിജിറ്റൽ സംവിധാനങ്ങളുടെയും ക്രിപ്‌റ്റോ കറൻസിയുടെയും അന്തർദേശീയ ചരക്കുനീക്ക മാര്‍ഗങ്ങളുടെയും കൂടിവരുന്ന സംയോജനത്തെയാണ് ഈ സങ്കീർണ ശൃംഖല എടുത്തുകാണിക്കുന്നത്.  കൂടാതെ ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കുന്നതിൽ ആഗോള സഹകരണത്തിന്റെയും ഇന്റലിജൻസ് പങ്കാളിത്തത്തിന്റെയും പ്രാധാന്യത്തെയും അടിവരയിടുന്നു.  
 
പുരോഗമിക്കുന്ന സാമ്പത്തിക, സൈബർ അന്വേഷണങ്ങൾ 
 
ഇതുവരെ എട്ടുപേരെ അറസ്റ്റ് ചെയ്തതോടെ ക്രിപ്‌റ്റോ വാലറ്റുകളും ഹവാല വഴികളും ഉൾപ്പെടുന്ന സാമ്പത്തിക പാത അന്വേഷണത്തിലാണ്. നിയന്ത്രിത മരുന്നുകളുടെ വിൽപ്പന പരസ്യപ്പെടുത്തുന്ന നിയമവിരുദ്ധ ഓൺലൈൻ മരുന്നുശാലകളുടെ വ്യാപനം ചെറുക്കാന്‍ സ്വകാര്യ മേഖല സംവിധാനങ്ങളുമായും എൻസിബി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു 
 
 
SKY
 
*****

(Release ID: 2141654)