തൊഴില്‍, ഉദ്യോഗ മന്ത്രാലയം
azadi ka amrit mahotsav

സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കുന്നതിനുള്ള SPREE 2025-ന് തുടക്കം കുറിച്ച് ESIC

Posted On: 02 JUL 2025 3:13PM by PIB Thiruvananthpuram

ഹിമാചൽ പ്രദേശിലെ ഷിംലയിൽ കേന്ദ്ര തൊഴിൽ, യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന 196-ാമത് ESI കോർപ്പറേഷൻ യോഗത്തിൽ, തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ SPREE 2025 എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC)  അംഗീകരിച്ചു.

SPREE 2025

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ (ESIC) അംഗീകരിച്ച തൊഴിലുടമകളുടെയും തൊഴിലാളികളുടെയും രജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ SPREE 2025, ESI നിയമപ്രകാരം സാമൂഹിക സുരക്ഷാ പരിരക്ഷ വിപുലീകരിക്കാൻ ലക്ഷ്യമിട്ടുള്ള പ്രത്യേക സംരംഭമാണ്. 2025 ജൂലൈ 1 മുതൽ ഡിസംബർ 31 വരെ പദ്ധതി തുടരും. രജിസ്റ്റർ ചെയ്യാത്ത തൊഴിലുടമകൾക്കും തൊഴിലാളികൾക്കും - കരാർ, താൽക്കാലിക തൊഴിലാളികൾ ഉൾപ്പെടെ - പരിശോധനകളോ മുൻകാല കുടിശ്ശികകളോ പരിഗണിക്കാതെ രജിസ്റ്റർ ചെയ്യാൻ ഒറ്റത്തവണ കൂടി അവസരം നൽകും.

SPREE 2025 പ്രകാരം:

  • തൊഴിലുടമകൾക്ക് ESIC പോർട്ടൽ, ശ്രം സുവിധ, MCA പോർട്ടൽ എന്നിവ വഴി സ്വന്തം യൂണിറ്റുകളെയും ജീവനക്കാരെയും ഡിജിറ്റലായി രജിസ്റ്റർ ചെയ്യാൻ കഴിയും.
  • തൊഴിലുടമ പ്രഖ്യാപിച്ച തീയതി മുതൽ രജിസ്ട്രേഷൻ സാധുവായി കണക്കാക്കും.
  • രജിസ്ട്രേഷന് മുമ്പുള്ള കാലയളവുകൾക്ക് സംഭാവനയോ ആനുകൂല്യമോ ബാധകമല്ല.
  • രജിസ്ട്രേഷന് മുമ്പുള്ള കാലയളവിനായി പരിശോധന നടത്തുകയോ പഴയ രേഖകൾ ആവശ്യപ്പെടുകയോ ചെയ്യില്ല.

മുൻകാല പിഴകളെക്കുറിച്ചുള്ള ഭയം ഒഴിവാക്കിയും രജിസ്ട്രേഷൻ പ്രക്രിയ ലഘൂകരിച്ചും സ്വമേധയാ ഉള്ള അനുവർത്തനത്തെ ഈ പദ്ധതി പ്രോത്സാഹിപ്പിക്കുന്നു. SPREE ആരംഭിക്കുന്നതിന് മുമ്പ്, നിശ്ചിത സമയപരിധിക്കുള്ളിൽ രജിസ്റ്റർ ചെയ്യാത്തതിന്മേലുള്ള നിയമനടപടികൾക്കും കാലഹരണപ്പെട്ടത് മൂലമുള്ള   കുടിശ്ശികകൾ ആവശ്യപ്പെടുന്നതിനും ഇടയാക്കുമായിരുന്നു. SPREE 2025 ഈ തടസ്സങ്ങളെ ദൂരീകരിക്കുന്നു. ഏതെങ്കിലും കാരണത്താൽ ഒഴിവായിപ്പോയ സ്ഥാപനങ്ങളെയും തൊഴിലാളികളെയും ESI പരിധിയിലേക്ക് കൊണ്ടുവരികയും വിശാലമായ സാമൂഹിക സംരക്ഷണം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷൻ, സമഗ്രവും പ്രാപ്യവുമായ സാമൂഹിക സുരക്ഷ ലക്ഷ്യമിട്ട് നടത്തുന്ന പുരോഗമനാത്മക ചുവടുവയ്പ്പാണ് SPREE 2025ന്റെ സമാരംഭം. രജിസ്ട്രേഷൻ പ്രക്രിയ ലളിതമാക്കുന്നതിനൊപ്പം മുൻകാല ബാധ്യതകളിൽ നിന്ന് സംരക്ഷണവും  SPREE 2025 വാഗ്ദാനം ചെയ്യുന്നു.  ഈ പദ്ധതി തൊഴിലുടമകളെ അവരുടെ തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്താൻ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, കൂടുതൽ തൊഴിലാളികൾക്ക്, പ്രത്യേകിച്ച് കരാർ തൊഴിലാളികൾക്ക്, ESI നിയമപ്രകാരം അവശ്യ ആരോഗ്യ, സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ഇന്ത്യ വിഭാവനം ചെയ്യുന്ന ക്ഷേമ കേന്ദ്രീകൃത തൊഴിൽ ആവാസവ്യവസ്ഥയുടെ ദർശനവുമായി പൊരുത്തപ്പെടുന്ന തരത്തിൽ, വ്യാപ്തി വിപുലപ്പെടുത്തുന്നതിനും സാർവത്രിക സാമൂഹിക സംരക്ഷണം എന്ന ലക്ഷ്യം നിറവേറ്റുന്നതിനും ESIC പ്രതിജ്ഞാബദ്ധമാണ്.

 
****

(Release ID: 2141615)