ആഭ്യന്തരകാര്യ മന്ത്രാലയം
പുതിയ ക്രിമിനൽ നിയമങ്ങൾ ഒരു വർഷം വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന "നീതി വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ സുവർണ്ണ വർഷം" എന്ന പരിപാടിയെ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ അഭിസംബോധന ചെയ്തു
'ഞാൻ ഒരു എഫ്‌ഐആർ ഫയൽ ചെയ്താൽ എന്ത് സംഭവിക്കും' എന്നതിൽ നിന്ന് 'എഫ്‌ഐആർ ഫയൽ ചെയ്യുന്നത് വേഗത്തിലുള്ള നീതിയിലേക്ക് നയിക്കും' എന്ന മനോഭാവത്തിലേക്കുള്ള മാറ്റത്തിന് പുതിയ നിയമങ്ങൾ വഴിതെളിക്കും
Posted On:
01 JUL 2025 8:00PM by PIB Thiruvananthpuram
പുതിയ ക്രിമിനൽ നിയമങ്ങൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി ന്യൂഡൽഹിയിൽ നടന്ന "നീതി വ്യവസ്ഥയിലുള്ള വിശ്വാസത്തിന്റെ സുവർണ്ണ വർഷം" എന്ന പരിപാടിയിൽ മുഖ്യാതിഥിയായി കേന്ദ്ര ആഭ്യന്തര, സഹകരണ വകുപ്പ് മന്ത്രി ശ്രീ അമിത് ഷാ ഇന്ന് പങ്കെടുത്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ ശ്രീ വി.കെ. സക്‌സേന, മുഖ്യമന്ത്രി ശ്രീമതി രേഖ ഗുപ്ത, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, ഇന്റലിജൻസ് ബ്യൂറോ ഡയറക്ടർ എന്നിവരുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ചുള്ള ഒരു പ്രദർശനവും ഉദ്ഘാടനം ചെയ്തതായി ശ്രീ അമിത് ഷാ പറഞ്ഞു. ഈ പ്രദർശനം മുമ്പ് ചണ്ഡീഗഡിൽ നടത്തിയപ്പോൾ, രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ പ്രദർശനം സംഘടിപ്പിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര സെക്രട്ടറി ശ്രീ ഗോവിന്ദ് മോഹനോട് നിർദ്ദേശിച്ചിരുന്നതായി അദ്ദേഹം പരാമർശിച്ചു. മാധ്യമപ്രവർത്തകർ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ, ബാർ അസോസിയേഷനുകളിലെ അംഗങ്ങൾ, ജുഡീഷ്യൽ ഓഫീസർമാർ, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ എന്നിവർക്ക് ഈ പ്രദർശനം കാണാനും പുതിയ ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പഠിക്കാനും കഴിയുക എന്നതാണ് ഈ പ്രദർശനത്തിന്റെ ലക്ഷ്യം. ഈ സുപ്രധാന പ്രദർശനം സംഘടിപ്പിച്ചതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെയും സംഘത്തെയും ശ്രീ ഷാ അഭിനന്ദിച്ചു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾ, നീതി സംവിധാനം താങ്ങാനാവുന്നതും പ്രവേശനക്ഷമവും സമീപിക്കാവുന്നതുമാക്കുമെന്നും, അതോടൊപ്പം നീതിന്യായ പ്രക്രിയ ലളിതവും കൂടുതൽ സ്ഥിരതയുള്ളതും സുതാര്യവുമാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതിയെ അടിസ്ഥാനമാക്കിയുള്ള ഭരണത്തിന്റെ ഒരു സുവർണ്ണ യുഗം ആരംഭിക്കാൻ പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, സമീപഭാവിയിൽ നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ ഒരു പുതിയ യുഗത്തിലേക്ക് പ്രവേശിക്കും. അത് നീതി ഉടനടി ലഭിക്കുമെന്ന ശക്തമായ വിശ്വാസം ജനങ്ങൾക്കിടയിൽ വളർത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാൻ ഒരു എഫ്‌ഐആർ ഫയൽ ചെയ്താൽ എന്ത് സംഭവിക്കും' എന്ന ഭയം ഇല്ലാതാക്കി 'എഫ്‌ഐആർ ഫയൽ ചെയ്യുന്നത് ഉടനടി നീതിയിലേക്ക് നയിക്കും' എന്ന ആത്മവിശ്വാസം സൃഷ്ടിക്കാൻ പുതിയ നിയമങ്ങൾക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ പുതിയ ക്രിമിനൽ നിയമങ്ങൾ, ഇന്ത്യൻ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപരമായി മാറ്റുമെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. നേരത്തെ, നമ്മുടെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും വലിയ പ്രശ്നം നീതി എപ്പോൾ നടപ്പാക്കപ്പെടുമെന്ന് ആർക്കും അറിയില്ല എന്നതായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ നിയമങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയ ശേഷം, ഏകദേശം മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് എഫ്‌ഐആർ ഫയൽ ചെയ്യുന്നത് മുതൽ സുപ്രീം കോടതിയിൽ നിന്ന് വരെ വേഗത്തിൽ ജനങ്ങൾക്ക് നീതി ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പൗരന്മാർക്ക് നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്വമുള്ള മൂന്ന് പ്രധാന സ്തംഭങ്ങളായ പോലീസ്, പ്രോസിക്യൂഷൻ, നീതിന്യായ സംവിധാനം എന്നിവയ്ക്ക് കർശനമായ സമയപരിധികൾ ഈ നിയമങ്ങൾ വഴി ഏർപ്പെടുത്തിയിട്ടുള്ള കാര്യം അദ്ദേഹം വിശദീകരിച്ചു. 90 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുന്നതിനും, കുറ്റപത്രം സമർപ്പിക്കുന്നതിനും, കണ്ടെത്തിയ കുറ്റങ്ങൾ തയ്യാറാക്കുന്നതിനും, വിധി പ്രസ്താവിക്കുന്നതിനുമുള്ള സമയപരിധി പുതിയ നിയമങ്ങൾ വ്യക്തമാക്കുന്നുണ്ടെന്ന് ശ്രീ ഷാ കൂട്ടിച്ചേർത്തു.
സംശയത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് കുറ്റവാളികൾക്ക് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഒരു സാധ്യതയും നൽകാത്ത വിധത്തിൽ നിരവധി സാങ്കേതികവിദ്യാധിഷ്ഠിത വ്യവസ്ഥകളും പുതിയ നിയമങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. പുതിയ ക്രിമിനൽ നീതിന്യായ വ്യവസ്ഥ പൂർണ്ണമായും നടപ്പിലാക്കിക്കഴിഞ്ഞാൽ, നമ്മുടെ രാജ്യത്തെ ശിക്ഷാനിരക്ക് ഗണ്യമായി മെച്ചപ്പെടുമെന്നും കുറ്റവാളികൾ തീർച്ചയായും ശിക്ഷിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് പുതിയ നിയമങ്ങളും പൂർണ്ണമായി നടപ്പിലാക്കികഴിയുമ്പോൾ, സാങ്കേതികവിദ്യയുടെ ഉപയോഗത്തോടെ, നമ്മുടെ നീതിന്യായ വ്യവസ്ഥ ലോകത്തിലെ ഏറ്റവും ആധുനികമായി മാറുമെന്ന് ശ്രീ ഷാ പറഞ്ഞു.
ഏകദേശം 89 രാജ്യങ്ങളിലെ നീതിന്യായ വ്യവസ്ഥകളെക്കുറിച്ചും അവയിൽ സാങ്കേതികവിദ്യയുടെ ഉപയോഗം നിയമപരമായി ഉൾപ്പെടുത്തുന്ന വിധത്തെ ക്കുറിച്ചും പഠിച്ച ശേഷമാണ് , ഈ വ്യവസ്ഥകൾ രാജ്യത്തെ പുതിയ നിയമങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഇന്ത്യൻ വീക്ഷണകോണിൽ നിന്നാണ് മോദി ഗവൺമെന്റ് ഈ നിയമങ്ങൾ സൃഷ്ടിച്ചത്. മുൻ നിയമങ്ങൾ ബ്രിട്ടീഷുകാർ ഇംഗ്ലണ്ടിലെ പാർലമെന്റിൽ അവരുടെ ഭരണം ദീർഘിപ്പിക്കാൻ വേണ്ടി നിർമ്മിച്ചതാണെന്നും, പുതിയ ക്രിമിനൽ നിയമങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ഇന്ത്യയിലെ ജനങ്ങൾ തിരഞ്ഞെടുത്ത ഗവൺമെന്റ്, ഇന്ത്യൻ പൗരന്മാരുടെ പ്രയോജനത്തിനായി നിർമ്മിച്ചതാണെന്നും അദ്ദേഹം പ്രസ്താവിച്ചു. പഴയ നിയമങ്ങളുടെ ഉദ്ദേശ്യം ബ്രിട്ടീഷ് ഭരണം ദീർഘിപ്പിക്കുകയും അവരുടെ സ്വത്ത് സംരക്ഷിക്കുകയും ചെയ്യുക എന്നതാണെന്നും, പുതിയ നിയമങ്ങളുടെ ഉദ്ദേശ്യം ഇന്ത്യൻ പൗരന്മാരുടെ ജീവൻ, സ്വത്ത്, ഭരണഘടനാപരമായി ഉറപ്പുനൽകുന്ന അവകാശങ്ങൾ എന്നിവ സംരക്ഷിക്കുക എന്നതാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഐപിസിക്ക് പകരം ഭാരതീയ ന്യായ്‍ സംഹിത 2023 (ബിഎന്‍എസ്), സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 (ബിഎന്‍എസ്എസ്), ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ അധിനിയം 2023 (ബിഎസ്എ) എന്നിവ നിലവില്‍ വന്നതോടെ, ഈ നിയമങ്ങളുടെ ലക്ഷ്യം ശിക്ഷയല്ല, നീതിയാണെന്ന് തെളിയിക്കപ്പെട്ടതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇന്ത്യയുടെ നീതിന്യായ യാത്രയിൽ ഇതൊരു സുവര്‍ണ്ണാവസരമാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഈ മാറ്റം കേവലം കടലാസിൽ ഒതുങ്ങുന്നില്ല.ഈ നിയമങ്ങളില്‍ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിനായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ കോടിക്കണക്കിന് രൂപ ചെലവഴിച്ചു. 7 വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന എല്ലാ കുറ്റകൃത്യങ്ങളിലും ഫോറന്‍സിക് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും ഇപ്പോള്‍ നാഷണല്‍ ഓട്ടോമേറ്റഡ് ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (എന്‍എഎഫ്‌ഐഎസ്) മികച്ച രീതിയില്‍ ഉപയോഗിക്കുന്നുണ്ടെന്നും ശ്രീ ഷാ പറഞ്ഞു. അതുപോലെ, പോക്സോയുടെ കാര്യത്തിൽ, ഡിഎന്‍എ പരിശോധന നടത്തുന്നത് വഴി ഒരു കുറ്റവാളിയും ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുന്നില്ല എന്ന് ഉറപ്പാക്കുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 14,80, 000 പോലീസുകാർ, 42,000 ജയിൽ ജീവനക്കാർ, 19,000 ലധികം ജുഡീഷ്യൽ ഓഫീസർമാർ, 11, 000ലധികം പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവർക്ക് പരിശീലനം നൽകിയിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനിടെ തുടർച്ചയായ അവലോകന യോഗങ്ങൾ നടത്തിയിട്ടുണ്ടെന്നും 23 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 100 ശതമാനം ശേഷി വികസനം പൂർത്തിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 11 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇ-തെളിവുകൾ, ഇ-സമൻസ് എന്നിവ സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ന്യായ് ശ്രുതി വിജ്ഞാപനം ചെയ്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ശിക്ഷയായി സാമൂഹ്യ സേവനം വിജ്ഞാപനം ചെയ്തിട്ടുണ്ട്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും താരതമ്യപ്പെടുത്തുമ്പോൾ, ഈ നിയമങ്ങൾ ദ്രുത ഗതിയിൽ നടപ്പിലാക്കുന്നതിൽ ഡൽഹി ഗവൺമെന്റ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നതിനായി,ബഹുമുഖ പങ്കാളിത്തത്തോടെ നിരവധി കൂടിയാലോചനകളും പ്രവർത്തനങ്ങളും നടത്തി എല്ലാ പഴുതുകളും അടച്ചിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഈ നിയമങ്ങളെക്കുറിച്ച് 160 യോഗങ്ങൾ താൻ മുൻകൈയെടുത്ത നടത്തിയതായി ശ്രീ ഷാ പറഞ്ഞു. 2019-ൽ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഗവർണർമാർ, ലെഫ്റ്റനന്റ് ഗവർണർമാർ, മുഖ്യമന്ത്രിമാർ, അഡ്മിനിസ്ട്രേറ്റർമാർ, ചീഫ് ജസ്റ്റിസുമാർ, ബാർ കൗൺസിൽ, നിയമ സർവകലാശാലകൾ, ബിപിആർ & ഡി എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ തേടിയിരുന്നതായി അദ്ദേഹം പറഞ്ഞു. ഇതിനുശേഷം, ഒരു കമ്മിറ്റി രൂപീകരിച്ചുവെന്നും ഓരോ വകുപ്പും സൂക്ഷ്മമായി വായിച്ച് എല്ലാ നിർദ്ദേശങ്ങളും പരിഗണിച്ചാണ് ഈ നിയമങ്ങൾ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ഈ നിയമങ്ങളിൽ കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു പ്രത്യേക അധ്യായം ചേർത്തിട്ടുണ്ടെന്ന് ശ്രീ അമിത് ഷാ പറഞ്ഞു. ഭീകരതയെയും സംഘടിത കുറ്റകൃത്യങ്ങളെയും ആദ്യമായി നിർവചിക്കുകയും കർശനമായ ശിക്ഷയ്ക്കുള്ള വ്യവസ്ഥ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പുതിയ നിയമങ്ങളിൽ പ്രോസിക്യൂഷൻ ഡയറക്ടറെ നിയമിക്കുന്നതിനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇത് ശിക്ഷാ നിരക്ക് വളരെയധികം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനും ആഭ്യന്തര മന്ത്രാലയത്തിനും മാത്രമായി ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി പറഞ്ഞു. പുതിയ നിയമങ്ങൾ വിജയകരവും ഫലപ്രദവുമായി നടപ്പിലാക്കുന്നതിന്,പൊതുജനങ്ങൾക്ക് അവരുടെ അവകാശങ്ങളെക്കുറിച്ചുള്ള അവബോധവും അറിവും വളരെ പ്രധാനമാണ്. ഈ നിയമങ്ങൾ വിശകലനം ചെയ്യുമ്പോഴെല്ലാം, സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരമായി അവ കണക്കാക്കപ്പെടുമെന്ന് ശ്രീ ഷാ പറഞ്ഞു.ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നനീതിന്യായ വ്യവസ്ഥയെ സുതാര്യവും പൗരകേന്ദ്രീകൃതവും സമയബന്ധിതവുമാക്കുക എന്നത് ഒരു മഹത്തായ പരിഷ്കരണം ആണെന്നും ശ്രീ അമിത് ഷാ പറഞ്ഞു
*****
(Release ID: 2141437)