രാഷ്ട്രപതിയുടെ കാര്യാലയം
മഹായോഗി ഗുരു ഗോരഖ്നാഥ് ആയുഷ് സർവകലാശാല രാഷ്‌ട്രപതി ഉദ്ഘാടനം ചെയ്തു
Posted On:
01 JUL 2025 3:39PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ഇന്ന് (ജൂലൈ 1, 2025) ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ മഹായോഗി ഗുരു ഗോരഖ്നാഥ് ആയുഷ് സർവകലാശാല ഉദ്ഘാടനം ചെയ്തു.
നമ്മുടെ സമ്പന്നമായ പുരാതന പാരമ്പര്യങ്ങളുടെ ശ്രദ്ധേയമായ ഒരു ആധുനിക കേന്ദ്രമാണ് മഹായോഗി ഗുരു ഗോരഖ്നാഥ് ആയുഷ് സർവകലാശാല എന്ന് രാഷ്ട്രപതി പറഞ്ഞു. ഉത്തർപ്രദേശിൽ മാത്രമല്ല, രാജ്യത്തിന്റെയാകെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും മെഡിക്കൽ സേവനങ്ങളുടെയും വികസനത്തിലെ ഒരു നാഴികക്കല്ലാണിത്. സർവകലാശാലയിൽ വികസിപ്പിച്ച നൂതന സൗകര്യങ്ങൾ ഇപ്പോൾ ധാരാളം പേർക്ക് ലഭിക്കുന്നതിൽ അവർ സന്തോഷം രേഖപ്പെടുത്തി. ഈ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഏകദേശം 100 ആയുഷ് കോളേജുകളും സർവകലാശാലയുടെ മികവിൽ നിന്ന് പ്രയോജനം നേടുന്നു.
പൊതുജീവിതത്തിൽ, ജനങ്ങളെ സഹായിക്കാൻ ഒരാൾ സ്വയം സുഖസൗകര്യങ്ങൾ ഉപേക്ഷിക്കേണ്ടതുണ്ടെന്ന് സ്വന്തം പൊതുജീവിതത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. പൊതുജനക്ഷേമത്തിനായുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമർപ്പണത്തെ അവർ പ്രശംസിച്ചു. അദ്ദേഹത്തിന്റെ അക്ഷീണ പരിശ്രമം സംസ്ഥാനത്തിന്റെ ആരോഗ്യം, വിദ്യാഭ്യാസം, കാർഷിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് കാരണമായെന്ന് അവർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ ആരംഭിച്ച ക്ഷേമ നടപടികൾ മുന്നോട്ട് കൊണ്ടുപോകാൻ ഭരണാധികാരികളോടും ഡോക്ടർമാരോടും നഴ്‌സുമാരോടും രാഷ്‌ട്രപതി അഭ്യർത്ഥിച്ചു. ഏതെങ്കിലും തൊഴിൽ മേഖലയിൽ പ്രവേശിക്കുമ്പോൾ സ്വയം സൃഷ്‌ടിച്ച വാഗ്ദാനത്തെക്കുറിച്ച് ആത്മപരിശോധന നടത്താൻ രാഷ്‌ട്രപതി എല്ലാവരോടും ഉപദേശിച്ചു.
'ആരോഗ്യമാണ് സമ്പത്ത്' എന്ന ചൊല്ലിനെക്കുറിച്ച് പരാമർശിച്ച രാഷ്‌ട്രപതി സ്വയം ആരോഗ്യവാന്മാരാകാൻ ഓരോ ചുവടും സ്വീകരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതിനുള്ള യാത്രയിൽ ഇത് ഒരു സുപ്രധാന ചുവടുവയ്പ്പായിരിക്കുമെന്ന് അവർ പറഞ്ഞു. അധ്വാനം കുറഞ്ഞ ജീവിതശൈലി നയിക്കുന്നവർക്ക് യോഗ വളരെ ഗുണം ചെയ്യുമെന്നും അത്തരക്കാർ പതിവായി യോഗ പരിശീലിക്കണമെന്നും രാഷ്‌ട്രപതി ഉപദേശിച്ചു.
ആയുർവേദം, യോഗ, പ്രകൃതിചികിത്സ, സിദ്ധ തുടങ്ങിയ പുരാതന ഇന്ത്യൻ സമ്പ്രദായങ്ങൾ സമഗ്രവും അർത്ഥവത്തായതുമായ ജീവിതം നയിക്കുന്നതിനുള്ള ശാസ്ത്രീയ രീതികളെ വിശദമാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ പുരാതന ജീവിതശൈലിയിൽ, സമീകൃതാഹാരം, ജീവിതശൈലി, ചിന്തകൾ എന്നിവയിൽ നാം വളരെയധികം ശ്രദ്ധ ചെലുത്തുന്നു. ആയുർവേദം നമ്മുടെ ഭൂമിയുമായി ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ വയലുകളും വനങ്ങളും ഔഷധ സസ്യങ്ങളുടെ ഒരു കലവറയാണ്. ആഗോള സമൂഹത്തിന് ഇന്ത്യ നൽകിയ വിലയേറിയ സമ്മാനമാണ് ആയുഷ് സമ്പ്രദായങ്ങൾ എന്ന് അവർ പറഞ്ഞു
ആയുഷ് സമ്പ്രദായങ്ങളെ അടിസ്ഥാനമാക്കിയുള്ള വൈദ്യശാസ്ത്ര ചികിത്സയുടെ ജനപ്രീതി വർദ്ധിച്ചുവരികയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആയുഷ് സമ്പ്രദായങ്ങളുടെ ജനപ്രീതി കൂടുതൽ വർദ്ധിപ്പിക്കുന്നതിൽ മഹായോഗി ഗുരു ഗോരഖ്നാഥ് ആയുഷ് സർവകലാശാലയ്ക്ക് ഗണ്യമായ പങ്കു വഹിക്കാൻ കഴിയുമെന്ന് അവർ പറഞ്ഞു. ഈ സംവിധാനങ്ങളുടെ ശാസ്ത്രീയ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിൽ അത്തരം സർവകലാശാലകൾ നിർണായക പങ്ക് വഹിക്കേണ്ടതുണ്ടെന്ന് അവർ എടുത്തുപറഞ്ഞു.
SKY
******
(Release ID: 2141282)