രാഷ്ട്രപതിയുടെ കാര്യാലയം
azadi ka amrit mahotsav

ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി പങ്കെടുത്തു.

Posted On: 30 JUN 2025 12:40PM by PIB Thiruvananthpuram
ഉത്തർപ്രദേശിലെ ബറേലിയിൽ ഇന്ന് (ജൂൺ 30, 2025)  നടന്ന  ഇന്ത്യൻ വെറ്ററിനറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ഐവിആർഐ) ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
 
'ഈശാവാസ്യം ഇദം സർവം' എന്ന  മൂല്യത്തെ അടിസ്ഥാനമാക്കിയുള്ള നമ്മുടെ സംസ്കാരം എല്ലാ ജീവജാലങ്ങളിലും ദൈവത്തിന്റെ സാന്നിധ്യം കാണുന്നുവെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. നമ്മുടെ ദേവന്മാരും ഋഷിമാരും മൃഗങ്ങളുമായി ആശയവിനിമയം നടത്തിയെന്ന വിശ്വാസവും ഇതേ ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്.
 
മനുഷ്യർക്ക് വനങ്ങളുമായും വന്യജീവികളുമായും സഹവർത്തിത്വ ബന്ധമുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. പല ജീവിവർഗങ്ങൾക്കും വംശനാശം സംഭവിക്കുകയോ അല്ലെങ്കിൽ വംശനാശത്തിന്റെ വക്കിലോ ആണെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ജൈവവൈവിധ്യത്തിനും ഭൂമിയുടെ ആരോഗ്യത്തിനും ഈ ജീവിവർഗങ്ങളുടെ സംരക്ഷണം നിർണായകമാണെന്ന് അവർ പറഞ്ഞു. ചിന്തിക്കുന്നതിനും മനസ്സിലാക്കുന്നതിനും ദൈവം, മനുഷ്യർക്ക് നൽകിയ ശക്തി എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് അവർ പറഞ്ഞു. ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സംസ്കാരം മനുഷ്യരാശിക്ക് മാത്രമല്ല, മറ്റ് ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും പരിഹരിക്കാനാവാത്ത നാശമുണ്ടാക്കുമെന്ന് കൊറോണ മഹാമാരി മനുഷ്യരാശിക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അവർ പറഞ്ഞു
ഇന്ന് ലോകമെമ്പാടും 'ഏക ആരോഗ്യം' എന്ന ആശയത്തിന് പ്രാധാന്യം വർദ്ധിച്ചുവരികയാണെന്ന് രാഷ്ട്രപതി പറഞ്ഞു. മനുഷ്യർ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ, സസ്യജാലങ്ങൾ, പരിസ്ഥിതി എന്നിവയെല്ലാം പരസ്പരാശ്രിതമാണെന്ന് ഈ ആശയം മുന്നോട്ട് വെയ്ക്കുന്നു. മൃഗക്ഷേമത്തിനായി നാം പരിശ്രമിക്കണം.  പ്രധാന വെറ്ററിനറി ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ, ഐവിആർഐക്ക് ഈ മേഖലയിൽ, പ്രത്യേകിച്ച് ജന്തുജന്യ രോഗങ്ങൾ തടയുന്നതിലും നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
 
മറ്റ് മേഖലകളെപ്പോലെ, വെറ്ററിനറി മെഡിസിനിലും പരിചരണ മേഖലയിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാങ്കേതികവിദ്യയ്ക്ക് ശേഷിയുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.സാങ്കേതികവിദ്യയുടെ ഉപയോഗം രാജ്യത്തുടനീളമുള്ള വെറ്ററിനറി ആശുപത്രികളെ ശാക്തീകരിക്കും. ജീനോം എഡിറ്റിംഗ്, ഭ്രൂണ മാറ്റ സാങ്കേതികവിദ്യകൾ, നിർമിത ബുദ്ധി, ബിഗ് ഡാറ്റ അനലിറ്റിക്സ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ ഉപയോഗം ഈ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരും. മൃഗങ്ങൾക്കായി തദ്ദേശീയവും കുറഞ്ഞ ചെലവിലുള്ളതുമായ ചികിത്സകളും പോഷകാഹാരവും കണ്ടെത്താൻ പ്രവർത്തനങ്ങൾ നടത്താൻ ഐവിആർഐ പോലുള്ള സ്ഥാപനങ്ങളോട് അവർ അഭ്യർത്ഥിച്ചു.  മൃഗങ്ങൾക്ക് നൽകുന്ന പാർശ്വഫലങ്ങളുള്ള മരുന്നുകൾ അവയ്ക്ക് മാത്രമല്ല, മനുഷ്യരെയും പരിസ്ഥിതിയെയും ബാധിക്കുമെന്നതിനാൽ അത്തരം മരുന്നുകൾക്ക് ബദലുകൾ തേടണമെന്നും രാഷ്‌ട്രപതി പറഞ്ഞു.
 
മൃഗങ്ങളുടെ ചികിത്സയും ക്ഷേമപരിപാലനവും തൊഴിൽ മേഖലയായി തിരഞ്ഞെടുത്തതിന് ഐവിആർഐയിലെ വിദ്യാർത്ഥികളെ രാഷ്ട്രപതി അഭിനന്ദിച്ചു. ജീവിതത്തിലും തൊഴിൽ മേഖലയിലും പ്രതിസന്ധികൾ ഉണ്ടായാൽ നിഷ്കളങ്കരായ മൃഗങ്ങളെക്കുറിച്ച് ചിന്തിക്കാൻ രാഷ്‌ട്രപതി അവരെ ഉപദേശിച്ചു. അത് ശരിയായ പാത കാണിച്ചുകൊടുക്കുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.വെറ്റിനറി സയൻസ് അനുബന്ധമായ വിവിധ മേഖലകളിൽ സംരംഭകരാകാനും സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കാനും അവർ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു. ഈ ശ്രമത്തിലൂടെ, തൊഴിൽ നൽകാൻ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകാനും വിദ്യാർഥികൾക്ക് കഴിയുമെന്ന് രാഷ്‌ട്രപതി പറഞ്ഞു.
 
*****

(Release ID: 2140790)