രാഷ്ട്രപതിയുടെ കാര്യാലയം
എംഎസ്എംഇ ദിനാഘോഷത്തിൽ രാഷ്ട്രപതി പങ്കെടുത്തു
കരുത്തുറ്റ എംഎസ്എംഇ ആവാസവ്യവസ്ഥ, രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് നിർണായകവും അത്യന്താപേക്ഷിതവുമാണ്: രാഷ്ട്രപതി ദ്രൗപദി മുർമു
Posted On:
27 JUN 2025 2:31PM by PIB Thiruvananthpuram
ഇന്ന് (ജൂൺ 27 2025) ന്യൂഡൽഹിയിൽ നടന്ന എംഎസ്എംഇ ദിനാഘോഷ ചടങ്ങിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ശക്തമായ ഒരു സ്തംഭമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. അവ ജിഡിപിയിൽ ഗണ്യമായ സംഭാവന നൽകുകയും അടിസ്ഥാന തലത്തിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിന് ശക്തമായ ഒരു എംഎസ്എംഇ ആവാസവ്യവസ്ഥ പ്രധാനമാണ് എന്നു മാത്രമല്ല, അത്യന്താപേക്ഷിതവുമാണ്. ഈ സംരംഭങ്ങൾ താരതമ്യേന കുറഞ്ഞ മൂലധനച്ചെലവിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. കൂടാതെ, ഈ സംരംഭങ്ങൾ ഗ്രാമീണ, പിന്നാക്ക മേഖലകളിൽ തൊഴിൽ സൃഷ്ടിക്കുന്നു. ഈ രീതിയിൽ, ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിലൂടെയും വികസനം വികേന്ദ്രീകരിക്കുന്നതിലൂടെയും എംഎസ്എംഇ മേഖല സമഗ്ര വളർച്ചയ്ക്ക് സംഭാവന നൽകുന്നു.
രാജ്യത്തിന്റെ പുരോഗതിയിൽ എംഎസ്എംഇ മേഖല ഒരു നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നതിൽ സംശയമില്ലെന്ന് രാഷ്ട്രപതി പറഞ്ഞു. എന്നാൽ, ഈ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നു.സാമ്പത്തിക പ്രശ്നം, വൻകിട കോർപ്പറേറ്റുകളിൽ നിന്നുള്ള മത്സരം, ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ അഭാവം, അസംസ്കൃത വസ്തുക്കളുടെയും വൈദഗ്ധ്യമുള്ള തൊഴിലാളികളുടെയും അഭാവം, പരിമിതമായ വിപണി, വൈകിയുള്ള പണമടയ്ക്കൽ എന്നിവ അവയിൽ പ്രധാനമാണ്.
എം.എസ്.എം.ഇ.കളുടെ പ്രാധാന്യവും, അവയുടെ പ്രശ്നങ്ങളും മനസ്സിലാക്കി, കേന്ദ്ര ഗവൺമെന്റ് നിരവധി നയപരമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. എം.എസ്.എം.ഇ.കൾക്കായുള്ള വർഗ്ഗീകരണ മാനദണ്ഡങ്ങൾ പരിഷ്കരിക്കൽ, വായ്പാ ലഭ്യത വർദ്ധിപ്പിക്കൽ, കേന്ദ്ര മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയുടെ വാർഷിക സംഭരണ ആവശ്യകതയുടെ കുറഞ്ഞത് 35 ശതമാനമെങ്കിലും സൂക്ഷ്മ, ചെറുകിട സംരംഭങ്ങളിൽ നിന്ന് വാങ്ങാൻ പ്രോത്സാഹനം നൽകൽ, പ്രധാനമന്ത്രി വിശ്വകർമ യോജന പ്രകാരം കരകൗശല വിദഗ്ധരുടെ നൈപുണ്യ വികസനം തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. രജിസ്റ്റർ ചെയ്ത എം.എസ്.എം.ഇ.കളുടെ എണ്ണത്തിൽ വളരെ വേഗത്തിലുള്ള വർദ്ധനയ്ക്ക് ഈ ശ്രമങ്ങൾ കാരണമായതിൽ അവർ സന്തോഷം രേഖപ്പെടുത്തി. പണമടയ്ക്കൽ വൈകുന്ന സന്ദർഭങ്ങളിൽ എം.എസ്.എം.ഇ.കൾക്കായുള്ള ഓൺലൈൻ തർക്ക പരിഹാര പോർട്ടൽ പ്രയോജനപ്രദമാണെന്ന് അവർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
എം.എസ്.എം.ഇ.കളുടെ സുസ്ഥിരതയ്ക്ക് നൂതനാശയങ്ങൾ വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി പറഞ്ഞു. എം.എസ്.എം.ഇ.കൾ വഴി അടിസ്ഥാനതലത്തിൽ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നത് പ്രാദേശിക പ്രശ്നങ്ങൾക്ക് പ്രാദേശിക വിഭവങ്ങളിൽ നിന്ന്തന്നെ കുറഞ്ഞ ചെലവിൽ പരിഹാരങ്ങൾ നൽകാൻ സഹായിക്കും.
സമീപ വർഷങ്ങളിൽ എം.എസ്.എം.ഇ. മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം വർദ്ധിച്ചതിൽ രാഷ്ട്രപതി സന്തോഷം അറിയിച്ചു. രാജ്യത്തിന്റെ സമഗ്ര വികസനത്തിന് ഈ മേഖലയിൽ കൂടുതൽ സ്ത്രീകളുടെ പങ്കാളിത്തം അനിവാര്യമാണെന്ന് അവർ പറഞ്ഞു. സംരംഭങ്ങൾ സ്ഥാപിച്ച് സ്വയംപര്യാപ്തരാകാൻ രാഷ്ട്രപതി യുവതികളോട് ആഹ്വാനം ചെയ്തു.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് എംഎസ്എംഇകൾ ഗണ്യമായ സംഭാവന നൽകുന്നുണ്ടെങ്കിലും, ഊർജ്ജ ഉപഭോഗത്തിലും കാർബൺ ബഹിർഗമനത്തിലും അവ വലിയൊരു പങ്ക് വഹിക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. എംഎസ്എംഇ മേഖലയിൽ ഹരിത സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് എംഎസ്എംഇകളുടെ സുസ്ഥിരതയും മത്സരക്ഷമതയും വർദ്ധിപ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാൻ അവയെ സഹായിക്കുകയും ചെയ്യും.
****
(Release ID: 2140172)