പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025 ലെ TV9 ഉച്ചകോടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം

Posted On: 28 MAR 2025 8:00PM by PIB Thiruvananthpuram

ആ​ദരണീയനായ ശ്രീ രാമേശ്വർ ഗാരു ജി, രാമു ജി, ബരുൺ ദാസ് ജി, മുഴുവൻ TV9 ടീമിനും -- നിങ്ങളുടെ നെറ്റ്‌വർക്കിന്റെ എല്ലാ പ്രേക്ഷകർക്കും ഇവിടെ സന്നിഹിതരായ എല്ലാ ബഹുമാന്യ അതിഥികൾക്കും എന്റെ ആശംസകൾ. ഈ ഉച്ചകോടി സംഘടിപ്പിച്ചതിന് അഭിനന്ദനങ്ങൾ.

TV9 നെറ്റ്‌വർക്കിന് വിശാലമായ പ്രാദേശിക പ്രേക്ഷകരുണ്ട്, ഇപ്പോൾ ആഗോള പ്രേക്ഷകരും ഉയർന്നുവരുന്നു. വിവിധ രാജ്യങ്ങളിലുടനീളമുള്ള ഇന്ത്യൻ പ്രവാസികളിൽ നിന്നുള്ള നിരവധി ആളുകൾ ഈ ഉച്ചകോടിയുമായി തത്സമയം ബന്ധപ്പെട്ടിരിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവിടെ നിന്ന് കൈ വീശുന്നത് പോലും എനിക്ക് കാണാൻ കഴിയും. അവർക്കെല്ലാം ഞാൻ എന്റെ ആശംസകൾ നേരുന്നു. താഴെയുള്ള സ്‌ക്രീനിൽ അതേ ആവേശത്തോടെ ഭാരതത്തിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള നിരവധി പ്രേക്ഷകരെയും എനിക്ക് കാണാൻ കഴിയും. ഞാൻ അവരെയും ഊഷ്മളമായി സ്വാഗതം ചെയ്യുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ലോകത്തിന്റെ ശ്രദ്ധ ഭാരതത്തിലാണ്, നമ്മുടെ രാഷ്ട്രത്തിലാണ്. നിങ്ങൾ ഏത് രാജ്യം സന്ദർശിച്ചാലും, ഭാരതത്തെക്കുറിച്ചുള്ള പുതിയ ജിജ്ഞാസ അവിടത്തെ ആളുകളിൽ നിറഞ്ഞിരിക്കുന്നു. ലോകത്തിലെ പതിനൊന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറാൻ 70 വർഷങ്ങൾ എടുത്ത ഒരു രാജ്യം വെറും 7-8 വർഷങ്ങൾക്കുള്ളിൽ അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു വരാൻ എന്താണ് സംഭവിച്ചത്? അടുത്തിടെ, IMF-ൽ നിന്നുള്ള പുതിയ ഡാറ്റ പുറത്തുവന്നിട്ടുണ്ട്, അതിൽ പറയുന്നത് കഴിഞ്ഞ 10 വർഷത്തിനുള്ളിൽ GDP ഇരട്ടിയായ ലോകത്തിലെ ഏക പ്രധാന സമ്പദ്‌വ്യവസ്ഥ ഭാരതമാണെന്ന്. കഴിഞ്ഞ ദശകത്തിൽ, ഭാരതം അതിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് രണ്ട് ലക്ഷം കോടി ഡോളർ ചേർത്തു. GDP ഇരട്ടിയാക്കുന്നത് വെറും സംഖ്യകളുടെ കാര്യമല്ല - അതിന് യഥാർത്ഥ സ്വാധീനമുണ്ട്. 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് ഉയർന്നുവന്നു, അവർ നവ മധ്യവർഗത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു. ഈ നവ മധ്യവർഗം ഒരു പുതിയ ജീവിതം ആരംഭിക്കുന്നു, പുതിയ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്നു, നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നു, അതിനെ കൂടുതൽ ഊർജ്ജസ്വലമാക്കുന്നു. ഇന്ന്, ലോകത്തിലെ ഏറ്റവും വലിയ യുവ ജനസംഖ്യ ഭാരതത്തിലുണ്ട്. ഈ യുവാക്കൾ അതിവേഗം വൈദഗ്ധ്യമുള്ളവരായി മാറുന്നു, നവീകരണങ്ങൾക്ക് നേതൃത്വം നൽകുന്നു, രാഷ്ട്രത്തെ പരിവർത്തനം ചെയ്യുന്നു. ഇതിനിടയിൽ, ഭാരതത്തിന്റെ വിദേശനയ മന്ത്രം "ഇന്ത്യ ആദ്യം" ആയി മാറിയിരിക്കുന്നു. മുൻകാലങ്ങളിൽ, എല്ലാ രാജ്യങ്ങളിൽ നിന്നും തുല്യ അകലം പാലിക്കുക എന്നതായിരുന്നു ഭാരതത്തിന്റെ നയം - "സമത്വ-ദൂരം" നയം. എന്നാൽ ഇന്ന്, ഭാരതത്തിന്റെ സമീപനം "സമത്വ-അടുപ്പം" എന്നതിലേക്ക് മാറിയിരിക്കുന്നു - എല്ലാ രാജ്യങ്ങളുമായും അടുത്ത ബന്ധം കെട്ടിപ്പടുക്കുക. ലോകം ഇപ്പോൾ ഭാരതത്തിന്റെ അഭിപ്രായങ്ങളെയും, നൂതനാശയങ്ങളെയും, പരിശ്രമങ്ങളെയും മുമ്പെന്നത്തേക്കാളും വിലമതിക്കുന്നു. "ഇന്ത്യ ഇന്ന് എന്താണ് ചിന്തിക്കുന്നത്" എന്നറിയാൻ ആകാംക്ഷയോടെ ലോകം ഭാരതത്തെ നോക്കുകയാണ്.

സുഹൃത്തുക്കളേ,

ഇന്ന്, ഭാരതം ലോകക്രമത്തിൽ പങ്കെടുക്കുക മാത്രമല്ല, ഭാവി രൂപപ്പെടുത്തുന്നതിനും സുരക്ഷിതമാക്കുന്നതിനും സംഭാവന നൽകുന്നു. കോവിഡ്-19 മഹാമാരി സമയത്ത് ലോകം ഇത് നേരിട്ട് അനുഭവിച്ചു. ഓരോ ഇന്ത്യക്കാരനും വാക്സിൻ ലഭിക്കാൻ വർഷങ്ങളെടുക്കുമെന്ന് പലരും വിശ്വസിച്ചു. എന്നാൽ ഭാരതം എല്ലാ സംശയങ്ങളും തെറ്റാണെന്ന് തെളിയിച്ചു. ഞങ്ങൾ സ്വന്തം വാക്സിനുകൾ വികസിപ്പിച്ചെടുത്തു, നമ്മുടെ പൗരന്മാർക്ക് വേഗത്തിൽ പ്രതിരോധ കുത്തിവെയ്പ്പ് ഉറപ്പാക്കി, 150 ലധികം രാജ്യങ്ങൾക്ക് മരുന്നുകളും വാക്സിനുകളും പോലും വിതരണം ചെയ്തു. പ്രതിസന്ധിയുടെ സമയത്ത്, ഭാരതത്തിന്റെ പ്രവർത്തനങ്ങൾ നമ്മുടെ മൂല്യങ്ങൾ, സംസ്കാരം, ജീവിതരീതി എന്നിവ ലോകത്തിന് കാണിച്ചുകൊടുത്തു.


സുഹൃത്തുക്കളേ,

കഴി‍ഞ്ഞ കാലങ്ങളിൽ, രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഒരു ആഗോള സ്ഥാപനം രൂപീകരിക്കപ്പെടുമ്പോഴെല്ലാം, അതിൽ പലപ്പോഴും ഏതാനും രാഷ്ട്രങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു. എന്നാൽ ഭാരതം കുത്തക ആഗ്രഹിച്ചില്ല; പകരം, എല്ലാറ്റിനുമുപരി മനുഷ്യത്വത്തിന് ഞങ്ങൾ മുൻഗണന നൽകി. 21-ാം നൂറ്റാണ്ടിലെ ആഗോള സ്ഥാപനങ്ങളെ രൂപപ്പെടുത്തുന്നതിൽ ഭാരത് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്, അവ എല്ലാവരെയും ഉൾക്കൊള്ളുന്നവയും എല്ലാവർക്കും ശബ്ദമുണ്ടെന്നും ഉറപ്പാക്കുന്നു. പ്രകൃതി ദുരന്തങ്ങളുടെ വെല്ലുവിളി ഏറ്റെടുക്കുക - ഒരു രാജ്യവും അവയിൽ നിന്ന് മുക്തമല്ല, അവ അടിസ്ഥാന സൗകര്യങ്ങൾക്ക് ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തുന്നു. ഇന്ന് തന്നെ, മ്യാൻമറിൽ ഒരു വലിയ ഭൂകമ്പം ഉണ്ടായി, ടെലിവിഷനിൽ കാണുന്നതുപോലെ, വൻ കെട്ടിടങ്ങൾ തകർന്നു, പാലങ്ങൾ തകർന്നു. ഇത് തിരിച്ചറിഞ്ഞ ഭാരതം, കോയലിഷൻ ഫോർ ഡിസാസ്റ്റർ റെസിലന്റ് ഇൻഫ്രാസ്ട്രക്ചർ (CDRI) എന്ന പേരിൽ ഒരു ആഗോള സംഘടനയ്ക്ക് തുടക്കം കുറിച്ചു. ഇത് വെറുമൊരു സ്ഥാപനമല്ല; പ്രകൃതി ദുരന്തങ്ങൾക്ക് ലോകത്തെ ഒരുക്കുന്നതിനുള്ള ആഗോള പ്രതിബദ്ധതയാണിത്. പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ, പവർ ഗ്രിഡുകൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സുരക്ഷിതമായി നിലനിൽക്കുന്നുണ്ടെന്നും പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രതിരോധശേഷിയോടെ നിർമ്മിക്കപ്പെടുന്നുവെന്നും ഉറപ്പാക്കാൻ ഭാരതം പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ഓരോ രാജ്യവും ഒരുമിച്ച് പ്രവർത്തിക്കേണ്ടത് നിർണായകമാണ്. അത്തരമൊരു വെല്ലുവിളി നമ്മുടെ ഊർജ്ജ സ്രോതസ്സുകളാണ്. അതുകൊണ്ടാണ്, ലോകത്തിന്റെ ആശങ്കകൾ മനസ്സിൽ വെച്ചുകൊണ്ട്, ഭാരതം അന്താരാഷ്ട്ര സൗര സഖ്യം (ISA) നിർദ്ദേശിച്ചത്. ഏറ്റവും ചെറിയ രാജ്യങ്ങൾക്ക് പോലും സുസ്ഥിര ഊർജ്ജത്തിൽ നിന്ന് പ്രയോജനം നേടാൻ കഴിയുമെന്ന് ഈ സംരംഭം ഉറപ്പാക്കുന്നു. ഇത് കാലാവസ്ഥയിൽ നല്ല സ്വാധീനം ചെലുത്തുക മാത്രമല്ല, ​ഗ്ലോബൽ സൗത്ത്  രാഷ്ട്രങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾ സുരക്ഷിതമാക്കുകയും ചെയ്യും. 100-ലധികം രാജ്യങ്ങൾ ഇതിനകം ഭാരതത്തിന്റെ സംരംഭത്തിൽ ചേർന്നിട്ടുണ്ടെന്ന് അറിയുമ്പോൾ നിങ്ങൾ അഭിമാനിക്കും.

സുഹൃത്തുക്കളേ,

സമീപകാലത്ത്, ലോകം ആഗോള വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും ലോജിസ്റ്റിക്സിലെ വെല്ലുവിളികളും നേരിട്ടിട്ടുണ്ട്. ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്, ഭാരതം പുതിയ സംരംഭങ്ങളിൽ ലോകവുമായി സഹകരിച്ചു. അത്തരമൊരു അഭിലാഷ പദ്ധതിയാണ് ഇന്ത്യ–മിഡിൽ ഈസ്റ്റ്–യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC). ഈ പദ്ധതി ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ വാണിജ്യത്തിലൂടെയും കണക്റ്റിവിറ്റിയിലൂടെയും ബന്ധിപ്പിക്കും. ഇത് സാമ്പത്തിക അവസരങ്ങൾ വർദ്ധിപ്പിക്കുക മാത്രമല്ല, ലോകത്തിന് ബദൽ വ്യാപാര മാർഗങ്ങൾ നൽകുകയും ആഗോള വിതരണ ശൃംഖല ശക്തിപ്പെടുത്തുകയും ചെയ്യും.

സുഹൃത്തുക്കളേ,

ആഗോള സംവിധാനങ്ങളെ കൂടുതൽ പങ്കാളിത്തപരവും ജനാധിപത്യപരവുമാക്കുന്നതിന് ഭാരതം നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവിടെ, ഭാരത് മണ്ഡപത്തിൽ, ജി 20 ഉച്ചകോടി നടന്നു, അവിടെ ഒരു ചരിത്രപരമായ തീരുമാനം എടുത്തു - ആഫ്രിക്കൻ യൂണിയന് ജി 20 ൽ സ്ഥിരാംഗത്വം ലഭിച്ചു. ഇത് വളരെക്കാലമായി ഉന്നയിക്കപ്പെട്ട ഒരു ആവശ്യമായിരുന്നു, അത് ഭാരതത്തിന്റെ അധ്യക്ഷതയിൽ പൂർത്തീകരിക്കപ്പെട്ടു. ഇന്ന്, ആഗോള തീരുമാനമെടുക്കൽ സ്ഥാപനങ്ങളിൽ ​​ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളുടെ ശബ്ദമായി ഭാരതം മാറുകയാണ്. അന്താരാഷ്ട്ര യോഗ ദിനം മുതൽ ലോകാരോഗ്യ സംഘടനയുടെ   ഗ്ലോബൽ സെന്റർ ഫോർ ട്രഡീഷണൽ മെഡിസിൻ വരെയും, നിർമ്മിത ബുദ്ധിക്കുള്ള ഒരു ആഗോള ചട്ടക്കൂട് രൂപപ്പെടുത്തുന്നത് മുതൽ മറ്റ് നിരവധി സംരംഭങ്ങൾ വരെയും, ഭാരതത്തിന്റെ ശ്രമങ്ങൾ പുതിയ ലോകക്രമത്തിൽ അതിന്റെ സാന്നിധ്യം ഉറപ്പിച്ചു. ഇത് ഒരു തുടക്കം മാത്രമാണ്. ആഗോള വേദിയിൽ ഭാരതത്തിന്റെ ശക്തി പുതിയ ഉയരങ്ങളിലെത്തുകയാണ്!


സുഹൃത്തുക്കളേ,

21-ാം നൂറ്റാണ്ടിലെ ഇരുപത്തിയഞ്ച് വർഷങ്ങൾ കടന്നുപോയി. ഈ 25 വർഷങ്ങളിൽ 11 വർഷമായി നമ്മുടെ ​ഗവൺമെന്റ് രാഷ്ട്രത്തെ സേവിച്ചു. "ഇന്ത്യ ഇന്ന് എന്താണ് ചിന്തിക്കുന്നത്" എന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോൾ, ഉയർന്നുവന്ന ചോദ്യങ്ങളും അവയ്ക്ക് നൽകിയ ഉത്തരങ്ങളും നാം പരിശോധിക്കണം. ഭാരതം ആശ്രിതത്വത്തിൽ നിന്ന് സ്വാശ്രയത്വത്തിലേക്കും, അഭിലാഷങ്ങളിൽ നിന്ന് നേട്ടങ്ങളിലേക്കും, നിരാശയിൽ നിന്ന് വികസനത്തിലേക്കും എങ്ങനെ നീങ്ങി എന്ന് ടിവി 9 ന്റെ വിശാലമായ പ്രേക്ഷകരെ മനസ്സിലാക്കാൻ ഇത് സഹായിക്കും. ഒരു ദശാബ്ദം മുമ്പുള്ളതിലേക്ക് തിരിഞ്ഞുനോക്കുക: ഗ്രാമങ്ങളിൽ ശൗചാലയങ്ങളുടെ പ്രശ്നം ഉയർന്നുവന്നപ്പോൾ, സ്ത്രീകൾക്ക് ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ - ഇരുട്ടുന്നതുവരെയോ പ്രഭാതത്തിനു മുമ്പോ അവർക്ക് കാത്തിരിക്കേണ്ടിവന്നു. ഇന്ന്, സ്വച്ഛ് ഭാരത് മിഷനിലൂടെ ആ പ്രശ്നം പരിഹരിച്ചു. 2013-ൽ, ആരെങ്കിലും വൈദ്യചികിത്സയെക്കുറിച്ച് സംസാരിച്ചപ്പോൾ, ഉയർന്ന ചെലവുകളെ ചുറ്റിപ്പറ്റിയായിരുന്നു സംഭാഷണം. ഇന്ന്, ആ പ്രശ്നത്തിനുള്ള പരിഹാരം ആയുഷ്മാൻ ഭാരതിൽ വ്യക്തമാണ്. 2013-ൽ, ഒരു ദരിദ്ര കുടുംബത്തിന്റെ അടുക്കളയെക്കുറിച്ച് ആളുകൾ ചിന്തിച്ചപ്പോൾ, അവർ പുക നിറഞ്ഞ മുറികൾ സങ്കൽപ്പിച്ചു. ഇന്ന്, ഉജ്ജ്വല യോജനയിലൂടെ ആ പ്രശ്നം പരിഹരിച്ചു. 2013-ൽ സ്ത്രീകളോട് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് ചോദിച്ചാൽ അവർ പലപ്പോഴും മൗനം പാലിച്ചു. ഇന്ന്, ജൻ ധൻ യോജനയുടെ ഫലമായി, 30 കോടിയിലധികം സ്ത്രീകൾക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ടുകളുണ്ട്. മുമ്പ്, കിണറുകളിൽ നിന്നും കുളങ്ങളിൽ നിന്നും കുടിവെള്ളം കൊണ്ടുവരാൻ കുടുംബങ്ങൾക്ക് വളരെ ദൂരം നടക്കേണ്ടി വന്നിരുന്നു. ഇന്ന്, ഹർ ഘർ നൽ സേ ജൽ പദ്ധതിയിലൂടെ ആ പ്രശ്‌നം പരിഹരിച്ചു. മാറിയത് ദശകത്തിൽ മാത്രമല്ല, ജനങ്ങളുടെ ജീവിതത്തിലും മാറ്റം വന്നിട്ടുണ്ട്. ലോകം ഇത് ശ്രദ്ധിക്കുകയും ഭാരതത്തിന്റെ വികസന മാതൃകയെ അംഗീകരിക്കുകയും ചെയ്യുന്നു. ഇന്ന്, ഭാരതം സ്വപ്നങ്ങളുടെ ഒരു രാഷ്ട്രം മാത്രമല്ല - അത് ജീവൻ നൽകുന്ന ഒരു രാഷ്ട്രമാണ്!

സുഹൃത്തുക്കളേ,

ഒരു രാജ്യം അതിന്റെ പൗരന്മാരുടെ സൗകര്യത്തിനും സമയത്തിനും വില കല്പിക്കുമ്പോൾ, രാജ്യത്തിന്റെ പുരോഗതി ത്വരിതഗതിയിലാകുന്നു. ഇന്ന് ഭാരതത്തിൽ ഈ പരിവർത്തനം നാം അനുഭവിക്കുന്നു. ഒരു ഉദാഹരണം ഞാൻ നിങ്ങൾക്ക് നൽകട്ടെ: മുൻകാലങ്ങളിൽ പാസ്‌പോർട്ട് ലഭിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് നിങ്ങൾക്കറിയാം. നീണ്ട കാത്തിരിപ്പ് കാലയളവുകൾ, സങ്കീർണ്ണമായ രേഖകൾ, സംസ്ഥാന തലസ്ഥാനങ്ങളിൽ മാത്രം സ്ഥിതി ചെയ്യുന്ന പാസ്‌പോർട്ട് ഓഫീസുകൾ എന്നിവ കാരണം ചെറിയ പട്ടണങ്ങളിൽ നിന്നുള്ള ആളുകൾക്ക് അപേക്ഷിക്കാൻ വേണ്ടി പലപ്പോഴും മറ്റൊരു നഗരത്തിൽ ഒന്നോ രണ്ടോ ദിവസം താമസിക്കേണ്ടി വന്നു. എന്നാൽ ഇന്ന് സ്ഥിതി പൂർണ്ണമായും മാറിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ ഈ കണക്ക് നോക്കൂ. മുമ്പ്, ഭാരതത്തിൽ 77 പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്, 550-ൽ അധികം ഉണ്ട്. മുൻപ്, പാസ്‌പോർട്ട് ലഭിക്കാൻ 50 ദിവസം വരെ എടുത്തിരുന്നു. ഇന്ന്, കാത്തിരിപ്പ് സമയം വെറും 5-6 ദിവസമായി ചുരുക്കിയിരിക്കുന്നു! കഴിഞ്ഞ നൂറ്റാണ്ടിനെക്കുറിച്ചല്ല ഞാൻ സംസാരിക്കുന്നത്. 2013 ന് മുമ്പുള്ള കാലഘട്ടത്തെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്.

സുഹൃത്തുക്കളേ,

ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങളിൽ സമാനമായ ഒരു പരിവർത്തനത്തിന് നമ്മൾ സാക്ഷ്യം വഹിച്ചു. ഏകദേശം 50-60 വർഷങ്ങൾക്ക് മുമ്പ്, ബാങ്കിംഗ് സേവനങ്ങൾ ജനങ്ങൾക്ക് പ്രാപ്യമാക്കുമെന്ന് അവകാശപ്പെട്ടുകൊണ്ട് ബാങ്കുകൾ ദേശസാൽക്കരിച്ചു. പക്ഷേ നമുക്കെല്ലാവർക്കും യാഥാർത്ഥ്യം അറിയാം. പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഗ്രാമങ്ങളിൽ ബാങ്കിംഗ് സൗകര്യങ്ങൾ ഇല്ലായിരുന്നു. ഈ അവസ്ഥ നമ്മൾ മാറ്റി. ഓൺലൈൻ ബാങ്കിംഗ് എല്ലാ വീട്ടിലും എത്തിയിരിക്കുന്നു. ഇന്ന്, ഓരോ 5 കിലോമീറ്റർ ചുറ്റളവിലും, കുറഞ്ഞത് ഒരു ബാങ്കിംഗ് ടച്ച് പോയിന്റെങ്കിലും ഉണ്ട്. ബാങ്കിംഗ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക മാത്രമല്ല, ബാങ്കിംഗ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന്, നിഷ്ക്രിയ ആസ്തികൾ (NPA) ഗണ്യമായി കുറഞ്ഞു. ഇന്ന്, ബാങ്കിന്റെ ലാഭം 1.4 ലക്ഷം കോടി രൂപ കവിഞ്ഞു, ഒരു പുതിയ റെക്കോർഡ് സൃഷ്ടിച്ചു. ഇത് മാത്രമല്ല, ജനങ്ങളുടെ പണം കൊള്ളയടിച്ചവർ ആ പണം തിരികെ നൽകാൻ നിർബന്ധിതരാകുന്നു. പലപ്പോഴും വിമർശിക്കപ്പെടുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) 22,000 കോടി രൂപ തിരിച്ചുപിടിച്ചു. ഈ പണം കൊള്ളയടിക്കപ്പെട്ട ഇരകൾക്ക് നിയമപരമായി തിരികെ നൽകുന്നു.


സുഹൃത്തുക്കളേ,

കാര്യക്ഷമത ഭരണം ഫലപ്രദമാക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ജോലികൾ ചെയ്യുമ്പോൾ, കുറഞ്ഞ വിഭവങ്ങൾ ഉപയോഗിച്ച് കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമ്പോൾ, പാഴാക്കൽ ഇല്ലാതിരിക്കുമ്പോൾ, ചുവപ്പുനാട മാറ്റി ചുവന്ന പരവതാനി വിരിക്കുമ്പോൾ - ഒരു ​ഗവൺമെന്റ് രാജ്യത്തിന്റെ വിഭവങ്ങളെ യഥാർത്ഥത്തിൽ ബഹുമാനിക്കുമ്പോൾ. കഴിഞ്ഞ 11 വർഷമായി, ഇത് നമ്മുടെ ​ഗവൺമെന്റിന്റെ ഒരു പ്രധാന മുൻഗണനയാണ്. ഇക്കാര്യം കുറച്ച് ഉദാഹരണങ്ങളിലൂടെ ഞാൻ വിശദീകരിക്കാം.

സുഹൃത്തുക്കളേ,

മുൻകാലങ്ങളിൽ, ഗവൺമെന്റുകൾ മന്ത്രാലയങ്ങളിൽ കൂടുതൽ ആളുകളെ എങ്ങനെ ഉൾപ്പെടുത്തിയെന്ന് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ നമ്മുടെ ആദ്യ ടേമിൽ തന്നെ, കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി നിരവധി മന്ത്രാലയങ്ങൾ ലയിപ്പിച്ചു. നേരത്തെ, നഗരവികസനവും ഭവന, നഗര ദാരിദ്ര്യ നിർമാർജനവും പ്രത്യേക മന്ത്രാലയങ്ങളായിരുന്നു. രണ്ടും ഭവന, നഗരകാര്യ മന്ത്രാലയത്തിൽ ലയിപ്പിച്ചു. അതുപോലെ, പ്രവാസികാര്യവും  വിദേശകാര്യവും പ്രത്യേക മന്ത്രാലയങ്ങളായിരുന്നു. ഞങ്ങൾ അവയെ ലയിപ്പിച്ചു. മുമ്പ്, ജലവിഭവം, നദീ വികസനം, കുടിവെള്ളം എന്നിവ പ്രത്യേക മന്ത്രാലയങ്ങളായിരുന്നു. ഞങ്ങൾ അവയെ ജലശക്തി മന്ത്രാലയത്തിൽ സംയോജിപ്പിച്ചു. രാഷ്ട്രീയ നിർബന്ധങ്ങളേക്കാൾ രാജ്യത്തിന്റെ ആവശ്യങ്ങളും വിഭവങ്ങളും ഞങ്ങൾ മുൻഗണന നൽകി.

സുഹൃത്തുക്കളേ,

അനാവശ്യമായ സങ്കീർണ്ണതകൾ നീക്കം ചെയ്തുകൊണ്ട് നമ്മുടെ ​ഗവൺമെന്റ് നിയമങ്ങളും ചട്ടങ്ങളും ലളിതമാക്കിയിട്ടുണ്ട്. കാലഹരണപ്പെട്ടതും പ്രസക്തി നഷ്ടപ്പെട്ടതുമായ ഏകദേശം 1,500 നിയമങ്ങൾ നിർത്തലാക്കപ്പെട്ടു. ഏകദേശം 40,000 നിയമങ്ങൾ പിൻവലിച്ചു. ഇതിന് രണ്ട് പ്രധാന നേട്ടങ്ങളുണ്ടായിരുന്നു: അനാവശ്യമായ പീഡനങ്ങളിൽ നിന്ന് ആളുകളെ മോചിപ്പിക്കുകയും രണ്ടാമതായി, ​ഗവൺമെന്റ്  നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്തു. ഒരു മികച്ച ഉദാഹരണമാണ് ജിഎസ്ടി (ചരക്ക് സേവന നികുതി). മുമ്പ്, 30-ലധികം വ്യത്യസ്ത നികുതികൾ ഉണ്ടായിരുന്നു, അവ ഇപ്പോൾ ഒരൊറ്റ നികുതിയിൽ ലയിപ്പിച്ചിരിക്കുന്നു. ഇത് പ്രോസസ്സിംഗ് സമയത്തിലും ഡോക്യുമെന്റേഷനിലും വലിയ ലാഭം നേടി.

സുഹൃത്തുക്കളേ,

മുമ്പ് ​ഗവൺമെ‍ന്റ് പർച്ചേസുകളിൽ പാഴായ ചെലവുകളും അഴിമതിയും ഉണ്ടായിരുന്നു, മാധ്യമങ്ങൾ പലപ്പോഴും ഇത് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ഇല്ലാതാക്കാൻ, ഞങ്ങൾ GeM (ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ്) അവതരിപ്പിച്ചു. ഇപ്പോൾ, ​ഗവൺമെ‍ന്റ് വകുപ്പുകൾ ഈ പ്ലാറ്റ്‌ഫോമിൽ അവരുടെ ആവശ്യകതകൾ പട്ടികപ്പെടുത്തുന്നു. വിൽപ്പനക്കാർ സുതാര്യമായി ബിഡുകൾ നൽകുന്നു. അതനുസരിച്ച് ഓർഡറുകൾ നൽകുന്നു. തൽഫലമായി, അഴിമതി ഗണ്യമായി കുറഞ്ഞു, ​ഗവൺമെ‍ന്റ് ഒരു ലക്ഷം കോടിയിലധികം രൂപ ലാഭിച്ചു. മറ്റൊരു  പരിഷ്കാരമാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT). ഈ മാതൃക ഇപ്പോൾ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്നു. DBT ഇന്ത്യൻ നികുതിദായകർക്ക് 3 ലക്ഷം കോടിയിലധികം രൂപ ലാഭിച്ചു, അത് തെറ്റായ കൈകളിൽ എത്തുന്നത് തടഞ്ഞു. 10 കോടി വ്യാജ ഗുണഭോക്താക്കളെ - അവരിൽ ചിലർ ഉണ്ടായിരുന്നില്ല, അർഹതയില്ലാതെ ​ഗവൺമെ‍ന്റ് പദ്ധതികളുടെ ആനുകൂല്യങ്ങൾ ആസ്വദിച്ചുകൊണ്ടിരുന്നവരെ ഗവൺമെ‍ന്റ് രേഖകളിൽ നിന്ന് നീക്കം ചെയ്തു.

സുഹൃത്തുക്കളേ,

നികുതിദായകരുടെ പണത്തിന്റെ ഓരോ ചില്ലിക്കാശും സത്യസന്ധമായി ഉപയോഗിക്കുന്നുണ്ടെന്ന് ഞങ്ങളുടെ ​ഗവൺമെ‍ന്റ് ഉറപ്പാക്കുന്നു. ഞങ്ങൾ നികുതിദായകരെ ബഹുമാനിക്കുകയും നികുതി സമ്പ്രദായത്തെ കൂടുതൽ ഉപയോക്തൃ സൗഹൃദമാക്കുകയും ചെയ്തു. ITR (ആദായ നികുതി റിട്ടേൺ) ഫയലിംഗ് ഇപ്പോൾ മുമ്പത്തേക്കാൾ വേഗതയുള്ളതും എളുപ്പവുമാണ്. മുമ്പ്, ഒരു CA ഇല്ലാതെ ഒരു ITR ഫയൽ ചെയ്യുന്നത് മിക്കവാറും അസാധ്യമായിരുന്നു. ഇന്ന്, ആർക്കും മിനിറ്റുകൾക്കുള്ളിൽ അവരുടെ ഐടിആർ ഓൺലൈനായി ഫയൽ ചെയ്യാൻ കഴിയും, കൂടാതെ റിട്ടേണുകൾ സമർപ്പിച്ച് ദിവസങ്ങൾക്കുള്ളിൽ റീഫണ്ടുകൾ പ്രോസസ്സ് ചെയ്യപ്പെടുകയും ചെയ്യും. ഫെയ്‌സ്‌ലെസ് അസസ്‌മെന്റ് സ്‌കീം നികുതിദായകർക്കുള്ള അനാവശ്യ ബുദ്ധിമുട്ടുകൾ കൂടുതൽ ഇല്ലാതാക്കി. അത്തരം ഭരണ പരിഷ്‌കാരങ്ങളിലൂടെ, ഭാരതം ലോകത്തിന് ഒരു മാതൃക സൃഷ്ടിച്ചു - കാര്യക്ഷമമായ ഭരണത്തിന്റെ ഒരു പുതിയ മാതൃക.

സുഹൃത്തുക്കളേ,

കഴിഞ്ഞ 10-11 വർഷങ്ങളിൽ, ഭാരതം എല്ലാ മേഖലകളിലും പരിവർത്തനം ചെയ്യുകയും ഗണ്യമായി പുരോഗമിക്കുകയും ചെയ്തു. എന്നാൽ ഏറ്റവും വലിയ മാറ്റം നമ്മുടെ മാനസികാവസ്ഥയിലാണ്. സ്വാതന്ത്ര്യാനന്തരം നിരവധി പതിറ്റാണ്ടുകളായി, വിദേശ ഉൽപ്പന്നങ്ങൾ മാത്രം ശ്രേഷ്ഠമായി കണക്കാക്കുന്ന ഒരു മാനസികാവസ്ഥ ഭാരതത്തിൽ പ്രോത്സാഹിപ്പിക്കപ്പെട്ടു. കടകളിൽ പോലും, എന്തെങ്കിലും വിൽക്കുമ്പോൾ ഒരു കടയുടമ ആദ്യം പറയുന്നത് - 'സഹോദരാ, ഇത് എടുക്കുക, ഇത് ഇറക്കുമതി ചെയ്തതാണ്!' എന്നായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. ഇപ്പോൾ, ആളുകൾ നേരിട്ട് ചോദിക്കുന്നു - 'സഹോദരാ, ഇത് ഇന്ത്യയിൽ നിർമ്മിച്ചതാണോ അല്ലയോ?'

സുഹൃത്തുക്കളേ,

ഇന്ന് നമ്മൾ ഭാരതത്തിന്റെ നിർമ്മാണ മികവിന്റെ ഒരു പുതിയ യുഗത്തിന് സാക്ഷ്യം വഹിക്കുകയാണ്. വെറും 3-4 ദിവസങ്ങൾക്ക് മുമ്പ്, ഭാരതം അതിന്റെ ആദ്യത്തെ MRI മെഷീൻ നിർമ്മിച്ചുവെന്ന വാർത്ത വന്നു. ഒന്ന് ആലോചിച്ചു നോക്കൂ— പതിറ്റാണ്ടുകളായി, നമുക്ക് തദ്ദേശീയമായി നിർമ്മിച്ച ഒരു MRI മെഷീൻ ഉണ്ടായിരുന്നില്ല. ഇപ്പോൾ നമുക്ക് ഒരു മെയ്ഡ് ഇൻ ഇന്ത്യ MRI മെഷീൻ ഉള്ളതിനാൽ, മെഡിക്കൽ പരിശോധനകളുടെ ചെലവും ഗണ്യമായി കുറയും.

സുഹൃത്തുക്കളേ,

ആത്മനിർഭർ ഭാരത്, മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങൾ രാജ്യത്തിന്റെ നിർമ്മാണ മേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നു. മുമ്പ്, ലോകം ഭാരതത്തെ ഒരു ആഗോള വിപണിയായി മാത്രമേ കണ്ടിരുന്നുള്ളൂ, എന്നാൽ ഇന്ന്, അതേ ലോകം ഭാരതത്തെ ഒരു പ്രധാന നിർമ്മാണ കേന്ദ്രമായി കാണുന്നു. ഈ വിജയത്തിന്റെ വ്യാപ്തി വിവിധ മേഖലകളിൽ കാണാൻ കഴിയും. ഉദാഹരണത്തിന്, നമ്മുടെ മൊബൈൽ ഫോൺ വ്യവസായത്തെ എടുക്കുക. 2014-15 ൽ, നമ്മുടെ മൊബൈൽ കയറ്റുമതി ഒരു ബില്യൺ ഡോളർ പോലും വിലമതിക്കുന്നില്ലായിരുന്നു. എന്നാൽ ഒരു ദശാബ്ദത്തിനുള്ളിൽ, നമ്മൾ ഇരുപത് ബില്യൺ ഡോളർ എന്ന മാർക്ക് മറികടന്നു. ഇന്ന്, ആഗോള ടെലികോം, നെറ്റ്‌വർക്കിംഗ് വ്യവസായത്തിലെ ഒരു പവർ സെന്ററായി ഭാരതം ഉയർന്നുവരുന്നു. നമ്മുടെ ഓട്ടോമോട്ടീവ് മേഖലയുടെ വിജയവും നിങ്ങൾക്ക് നന്നായി അറിയാം. ഓട്ടോമോട്ടീവ് ഘടകങ്ങളുടെ കയറ്റുമതിയിൽ ഭാരതം ശക്തമായ ഒരു വ്യക്തിമുദ്ര പതിപ്പിക്കുന്നു. മുൻപ്, ഞങ്ങൾ ധാരാളം മോട്ടോർ സൈക്കിൾ ഭാഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന്, ഇന്ത്യയിൽ നിർമ്മിച്ച ഭാഗങ്ങൾ യുഎഇ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് എത്തുന്നു. സൗരോർജ്ജ മേഖലയും ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. സോളാർ സെല്ലുകളുടെയും സോളാർ മൊഡ്യൂളുകളുടെയും ഇറക്കുമതി കുറഞ്ഞു, അതേസമയം കയറ്റുമതി 23 മടങ്ങ് വർദ്ധിച്ചു. കഴിഞ്ഞ ദശകത്തിൽ, നമ്മുടെ പ്രതിരോധ കയറ്റുമതിയും 21 മടങ്ങ് വർദ്ധിച്ചു. ഈ നേട്ടങ്ങളെല്ലാം നമ്മുടെ നിർമ്മാണ സമ്പദ്‌വ്യവസ്ഥയുടെ ശക്തിയെ പ്രകടമാക്കുന്നു. രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും പുതിയ തൊഴിലവസരങ്ങൾ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന് അവ പ്രകടമാക്കുന്നു.

സുഹൃത്തുക്കളേ,

ഈ ടിവി9 ഉച്ചകോടിയിൽ, വിവിധ വിഷയങ്ങളിൽ വിപുലമായ ചർച്ചകളും ആഴത്തിലുള്ള ചർച്ചകളും നടക്കും. ഇന്ന് നമ്മൾ എന്ത് ചിന്തിക്കുന്നുവോ, ഏത് കാഴ്ചപ്പാടോടെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്, അത് നമ്മുടെ രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്തുകയും രൂപകൽപ്പന ചെയ്യുകയും ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിലെ അതേ ദശകത്തിൽ, ഭാരതം നവോന്മേഷത്തോടെ സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു പുതിയ യാത്ര ആരംഭിച്ചു. 1947 ൽ നമ്മൾ നമ്മുടെ സ്വാതന്ത്ര്യം വിജയകരമായി നേടി. ഇപ്പോൾ, ഈ ദശകത്തിൽ, നമ്മൾ ഒരു 'വികസിത് ഭാരത്' (വികസിത ഇന്ത്യ) എന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. 2047 ഓടെ 'വികസിത് ഭാരത്' എന്ന സ്വപ്നം നാം സാക്ഷാത്കരിക്കണം. ഞാൻ ചുവപ്പുകോട്ടയിൽ നിന്ന് പറഞ്ഞതുപോലെ, 'സബ്കാ പ്രയാസ്' (എല്ലാവരുടെയും പരിശ്രമം) ഈ ദൗത്യത്തിൽ അത്യാവശ്യമാണ്. ഈ ഉച്ചകോടി സംഘടിപ്പിക്കുന്നതിലൂടെ, ടിവി9 ഒരു നല്ല പരിശ്രമം എടുത്തിട്ടുണ്ട്. ഒരിക്കൽ കൂടി, ഈ ഉച്ചകോടിയുടെ വിജയത്തിനായി ഞാൻ എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.

ടിവി9 നെ പ്രത്യേകിച്ച് അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാരണം, മാധ്യമ സ്ഥാപനങ്ങൾ മുമ്പ് ഉച്ചകോടികൾ നടത്തിയിട്ടുണ്ടെങ്കിലും, അവയിൽ മിക്കതും ഒരു ചെറിയ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിലാണ് നടന്നത്, അതേ പ്രഭാഷകർ, ഒരേ പ്രേക്ഷകർ, ഒരേ ക്രമീകരണം. ടിവി9 ഈ പാരമ്പര്യം തകർത്ത് ഒരു പുതിയ മാതൃക അവതരിപ്പിച്ചു. എന്റെ വാക്കുകൾ ശ്രദ്ധിക്കുക - രണ്ട് വർഷത്തിനുള്ളിൽ, എല്ലാ മാധ്യമ സ്ഥാപനങ്ങളും ഈ സമീപനം പിന്തുടരേണ്ടിവരും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 'ടിവി9 തിങ്ക്സ് ടുഡേ' മറ്റുള്ളവർക്ക് വഴിയൊരുക്കും. ഈ ശ്രമത്തെ ഞാൻ ആത്മാർത്ഥമായി അഭിനന്ദിക്കുകയും നിങ്ങളുടെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രശംസനീയമായ കാര്യം, ഒരു മാധ്യമ സ്ഥാപനത്തിന്റെ പ്രയോജനത്തിനായി മാത്രമല്ല, രാജ്യത്തിന്റെ ക്ഷേമത്തിനുമായി നിങ്ങൾ ഈ പരിപാടി സംഘടിപ്പിച്ചു എന്നതാണ്. 50,000-ത്തിലധികം യുവാക്കളെ ഒരു ദൗത്യത്തിൽ ഉൾപ്പെടുത്തുക, അവരെ ഒരു ലക്ഷ്യവുമായി ബന്ധിപ്പിക്കുക, വാഗ്ദാനമുള്ള വ്യക്തികളെ തിരഞ്ഞെടുക്കുക, അവരുടെ തുടർ പരിശീലനം ഉറപ്പാക്കുക എന്നിവ ശരിക്കും ഒരു അസാധാരണ സംരംഭമാണ്. ഞാൻ നിങ്ങളെ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. ഇവിടെ സന്നിഹിതരായ കഴിവുള്ള യുവാക്കളോടൊപ്പം ഒരു ഫോട്ടോ എടുക്കാനും എനിക്ക് അവസരം ലഭിച്ചു, അത് എനിക്ക് സന്തോഷകരമായ ഒരു നിമിഷമായിരുന്നു. ഇന്ന് നിങ്ങളോടൊപ്പമുള്ള എന്റെ ചിത്രം എടുക്കാൻ കഴിഞ്ഞത് എന്റെ സവിശേഷ ഭാ​ഗ്യമായി ഞാൻ കരുതുന്നു. 2047 ൽ രാജ്യം ഒരു 'വികസിത ഭാരതം' ആയി മാറുമ്പോൾ, ഇന്ന് ഞാൻ കാണുന്ന യുവതലമുറയായിരിക്കും ഏറ്റവും വലിയ ഗുണഭോക്താക്കൾ എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അപ്പോഴേക്കും, ഭാരതം വികസിപ്പിക്കപ്പെടുമ്പോൾ നിങ്ങൾ നിങ്ങളുടെ കരിയറിന്റെ ഉന്നതിയിൽ ആയിരിക്കും, നിങ്ങൾക്ക് അവസരങ്ങൾ അനന്തമായിരിക്കും. നിങ്ങൾക്കെല്ലാവർക്കും എന്റെ ആശംസകൾ.

നന്ദി.

ഡിസ്ക്ലൈമർ: ഇത് പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണ്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.

***


(Release ID: 2140132) Visitor Counter : 2