സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം
azadi ka amrit mahotsav

ദിവ്യാംഗർക്കും വയോജനങ്ങൾക്കും സൗകര്യങ്ങള്‍ പ്രാപ്യമാക്കാന്‍ പിന്തുണ ശക്തിപ്പെടുത്തുന്ന സുഗമ്യ ഭാരത് ആപ്ലിക്കേഷന്‍ നവീകരിച്ച് സർക്കാർ

സർക്കാർ സംരംഭങ്ങളെയും പദ്ധതികളെയും കുറിച്ച് തത്സമയ വിവരങ്ങൾ നൽകുന്ന എഐ-അധിഷ്ഠിത ചാറ്റ്ബോട്ടിലൂടെ കൂടുതൽ സഹജവും ഉപയോക്തൃ സൗഹൃദവുമായി അപ്ലിക്കേഷന്‍

Posted On: 27 JUN 2025 11:38AM by PIB Thiruvananthpuram

രാജ്യത്തെ ദിവ്യാംഗർക്കും വയോജനങ്ങള്‍ക്കും സൗകര്യങ്ങള്‍ പ്രാപ്യമാക്കാന്‍ പിന്തുണ വർധിപ്പിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയ  കേന്ദ്രസര്‍ക്കാറിന്റെ  മുൻനിര സംരംഭമായ സുഗമ്യ ഭാരത് ആപ്പ് (എസ്ബിഎ) കൂടുതൽ ഉപയോക്തൃ സൗഹൃദവും ഫലപ്രദവുമായ അനുഭവം നൽകുകയെന്ന ലക്ഷ്യത്തോടെ ഈയിടെ നവീകരിച്ചു.

 

ആപ്പിന്റെ പുതിയ മാറ്റങ്ങളില്‍ ഇനിപ്പറയുന്നവയടക്കം നിരവധി മികച്ച സവിശേഷതകളുണ്ട്:

 

  • കൂടുതൽ സഹജവും ഉപയോക്തൃ-സൗഹൃദവുമായ ഘടന 

  • ഉപയോക്താക്കളെ തത്സമയം സഹായിക്കാന്‍ എഐ അധിഷ്ഠിത ചാറ്റ്ബോട്ട്  

  • പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട പുതിയ സംരംഭങ്ങളെക്കുറിച്ച് വിജ്ഞാപനങ്ങളും അറിയിപ്പുകളും

  • ഭിന്നശേഷിക്കാര്‍ക്കായി ആവിഷ്ക്കരിച്ച സർക്കാർ പദ്ധതികളുടെയും മറ്റ് വിലപ്പെട്ട വിഭവങ്ങളുടെയും സംയോജനം

 

2025 ജൂണ്‍ 25 വരെ ആകെ 14,358 ഉപയോക്താക്കള്‍  രജിസ്റ്റർ ചെയ്ത അപ്ലിക്കേഷനില്‍ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിലായി 83,791 പേര്‍ ആപ്പ് ഡൗൺലോഡ് ചെയ്തു (ആൻഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളിൽ 82,291-ഉം ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ 1500-ഉം).  നിലവിൽ ആൻഡ്രോയിഡ് ഉപകരണങ്ങൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലും ഐഒഎസ് ഉപകരണങ്ങള്‍ക്ക് ആപ്പിൾ ആപ്പ് സ്റ്റോറിലും സുഗമ്യ ഭാരത് ആപ്പ് ലഭ്യമാണ്.

 

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന് കീഴിലെ ഭിന്നശേഷി  ശാക്തീകരണ വകുപ്പ്  2021-ൽ പുറത്തിറക്കിയ ഈ അപ്ലിക്കേഷന്‍ പൊതു അടിസ്ഥാന സൗകര്യങ്ങൾ, ഗതാഗതം, വിവര - ആശയവിനിമയ സാങ്കേതികവിദ്യ (ഐസിടി) സംവിധാനങ്ങള്‍‌  എന്നിവയിലുടനീളം ഉപയോഗക്ഷമത സംബന്ധിച്ച  പ്രശ്‌നങ്ങൾ ജനങ്ങള്‍ക്ക് റിപ്പോർട്ട് ചെയ്യാവുന്ന അനിവാര്യ  വേദിയായി നിലകൊള്ളുന്നു.   

 

സൗകര്യങ്ങള്‍ പ്രാപ്യമാക്കുന്നതില്‍ തടസ്സങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങളുടെ ജിയോ-ടാഗ് ചെയ്‌ത ചിത്രങ്ങള്‍ ഉപയോക്താക്കൾക്ക് എളുപ്പം പങ്കുവെയ്ക്കാനാവും.  ഉടനടി തിരുത്തൽ നടപടി സ്വീകരിക്കാൻ ഇത്  അധിക‍ൃതരെ സഹായിക്കുന്നു. അപ്ലിക്കേഷന്‍ പുറത്തിറക്കിയതുമുതല്‍  ആകെ 2,705 പരാതികളാണ് ലഭിച്ചത്. ഇതിൽ 1,897 എണ്ണം വിജയകരമായി പരിഹരിച്ചത് എല്ലാവരെയും ഉൾക്കൊള്ളുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സർക്കാര്‍ കൈക്കൊള്ളുന്ന പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നു. പ്രവേശനക്ഷമതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ റിപ്പോർട്ട് ചെയ്യുന്നതിലും തടസ്സരഹിത ഇന്ത്യയെന്ന സർക്കാര്‍ കാഴ്ചപ്പാടിനെ പിന്തുണയ്ക്കുന്നതിലും സജീവമായി പങ്കുചേരാന്‍ ഭിന്നശേഷി  ശാക്തീകരണ വകുപ്പ്  പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. 

 

***************


(Release ID: 2140101)