പഴ്‌സണല്‍, പബ്ലിക് ഗ്രീവന്‍സസ് ആന്റ് പെന്‍ഷന്‍സ് മന്ത്രാലയം
azadi ka amrit mahotsav

നിയമനപ്രക്രിയ വേഗത്തിലാക്കാനും ഡാറ്റ സുരക്ഷ ശക്തിപ്പെടുത്താനും, ഇലക്ട്രോണിക് രേഖകളിലേക്ക് (ഇ-ഡോസിയറുകൾ) മാറി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഡിജിറ്റൽ ആകുന്നു

Posted On: 26 JUN 2025 3:30PM by PIB Thiruvananthpuram
തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ രേഖകൾ മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും കൈമാറുന്നതിനായി സാധാരണ ഉപയോഗിക്കുന്ന ഭൗതിക രേഖകൾ ഒഴിവാക്കി ഇലക്ട്രോണിക് രേഖകളിലേക്ക് (ഇ-ഡോസിയറുകൾ) മാറിയിരിക്കുകയാണ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC). ഡിജിറ്റൽ ഇന്ത്യ ദർശനത്തിന് അനുപൂരകമായാണ് ഈ മാറ്റം. മന്ത്രാലയങ്ങൾ, വകുപ്പുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയ്ക്ക് രേഖകൾ കൈമാറുന്ന പ്രക്രിയ SSC യുടെ 'ഇ-ഡോസിയർ' പോർട്ടൽ ഉപയോഗിച്ച് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്തു. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ രേഖകൾ SSC ഇലക്ട്രോണിക് ആയി സമാഹരിക്കുകയും വിവിധ മന്ത്രാലയങ്ങളിലെയും വകുപ്പുകളിലെയും നോഡൽ ഓഫീസർമാർക്ക് നിയമന പൂർവ്വ ഔപചാരികതകൾ പൂർത്തിയാക്കുന്നതിനായി ഇ-ഡോസിയർ പോർട്ടലിൽ ലഭ്യമാക്കുകയും ചെയ്യുന്നു. ഭൗതിക രേഖകളിൽ നിന്ന് ഇ-ഡോസിയറുകളിലേക്കുള്ള മാറ്റത്തിന് ഇനിപ്പറയുന്ന സുപ്രധാന ഗുണങ്ങളുണ്ട്:

1. മെച്ചപ്പെട്ട ഡാറ്റ സമഗ്രത: നോഡൽ ഓഫീസർമാർക്ക് നൽകിയിട്ടുള്ള സുരക്ഷിതമായ ലോഗിൻ വിവരങ്ങൾ മുഖേന മാത്രമേ ഇ-ഡോസിയറുകൾ പരിശോധിക്കാൻ കഴിയൂ. ഇത് രേഖകളിൽ അനധികൃതമായി  മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറയ്ക്കുകയും മെച്ചപ്പെട്ട ഡാറ്റ സമഗ്രത ഉറപ്പാക്കുകയും ചെയ്യുന്നു. ഇ-ഡോസിയറുകളുടെ ഡിജിറ്റൽ സ്വഭാവം ഭൗതിക രേഖകളിൽ കൃത്രിമം കാട്ടുന്നതിനോ അവയെ മാറ്റിസ്ഥാപിക്കുന്നതോതിനോ ഉള്ള സാധ്യത ഇല്ലാതാക്കുന്നു.

2. മെച്ചപ്പെട്ട സുരക്ഷയും നിയന്ത്രണവും: ഇ-ഡോസിയർ മൊഡ്യൂൾ ആക്‌സസ് ലോഗുകളുള്ള ഒരു സംരക്ഷിത മൊഡ്യൂളാണ്, ഇത് ആധികാരികത ഉറപ്പാക്കുകയും എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുകയുംചെയ്യുന്നു.

3. വേഗതയേറിയതും കൂടുതൽ കാര്യക്ഷമവുമായ ആശയവിനിമയം: രേഖകളുടെ വേഗത്തിലുള്ള കൈമാറ്റം, നിയമന പ്രക്രിയ ലളിതമാക്കൽ എന്നിവ ഇ-ഡോസിയറുകൾ മുഖേന സാധ്യമാകുന്നു.

4. കുറഞ്ഞ ചെലവും പരിസ്ഥിതി സൗഹൃദവും: കടലാസ് രേഖകളുടെ ആവശ്യകത കുറയ്ക്കുന്നത് ചെലവ് കുറയുന്നതിനും പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുന്നതിനും കാരണമാകുന്നു.

ജൂനിയർ എഞ്ചിനീയർ പരീക്ഷ 2024, കമ്പൈൻഡ് ഹയർ സെക്കൻഡറി ലെവൽ പരീക്ഷ 2024, മൾട്ടി-ടാസ്കിംഗ് സ്റ്റാഫ് പരീക്ഷ 2024, കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ 2024 എന്നിവയുൾപ്പെടെ SSC നടത്തുന്ന പ്രധാന റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ ഇ-ഡോസിയർ സംവിധാനം വിജയകരമായി നടപ്പിലാക്കി. SSC-യുടെ ഈ സംരംഭം SSC-യും മന്ത്രാലയങ്ങളും/വകുപ്പുകളും തമ്മിലുള്ള ചടുലവും കാര്യക്ഷമവുമായ ആശയവിനിമയം സാധ്യമാക്കുക മാത്രമല്ല, നിയമന പ്രക്രിയയുടെ സമഗ്രത സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. മാത്രമല്ല നിയമനത്തിന് മുമ്പുള്ള ഔപചാരികതകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് പ്രയോജനം ചെയ്യും.
 
*****

(Release ID: 2139851)