വ്യോമയാന മന്ത്രാലയം
എയർ ഇന്ത്യ എഐ-171 വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങളുടെ വീണ്ടെടുക്കലും പരിശോധനയും സംബന്ധിച്ച നിലവിലെ സാഹചര്യം
Posted On:
26 JUN 2025 1:17PM by PIB Thiruvananthpuram
അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ 1944-ലെ ചിക്കാഗോ കൺവെൻഷന് ഉടമ്പടിയില്‍ ഭാഗമായ ഇന്ത്യ ഐസിഎഒ അനുബന്ധം 13-ഉം 2017-ലെ എയർക്രാഫ്റ്റ് (ഇൻവെസ്റ്റിഗേഷൻ ഓഫ് ആക്സിഡന്റ്സ് ആൻഡ് ഇൻസിഡന്റ്സ് ) നിയമവും അടിസ്ഥാനമാക്കിയാണ് വിമാനാപകടങ്ങൾ അന്വേഷിക്കുന്നത്. ഇത്തരം അന്വേഷണങ്ങളുടെ നിയുക്ത അധികാരം എയർക്രാഫ്റ്റ് ആക്സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്കാണ് (എഎഐബി).
എയർ ഇന്ത്യ വിമാനം എഐ-171 അപകടത്തില്‍പെട്ട ദൗര്‍ഭാഗ്യ സംഭവത്തിന് പിന്നാലെ ഉടന്‍തന്നെ എഎഐബി അന്വേഷണം ആരംഭിക്കുകയും നിർദിഷ്ട മാനദണ്ഡങ്ങൾക്ക -നുസൃതമായി 2025 ജൂൺ 13 ന് ഒരു ബഹുതല സംഘം രൂപീകരിക്കുകയും ചെയ്തു. അന്താരാഷ്ട്ര ചട്ടങ്ങള്‍ പ്രകാരം എഎഐബി ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സംഘത്തിൽ ഒരു ഏവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്റ്റ്, എടിസി ഓഫീസർ, വിമാനത്തിന്റെ നിർമാണവും രൂപകൽപനയും നിര്‍വഹിക്കുന്ന രാജ്യത്തെ (യുഎസ്എ) സർക്കാർ അന്വേഷണ ഏജൻസിയായ ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് (എന്‍ടിഎസ്ബി) പ്രതിനിധികൾ എന്നിവര്‍ ഉൾപ്പെടുന്നു.
ബ്ലാക്ക് ബോക്സുകളുടെ വീണ്ടെടുക്കലും കൈകാര്യവും
കോക്ക്പിറ്റ് വോയ്സ് റെക്കോർഡറുകളും (സിവിആര്‍) ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകളും (എഫ്ഡിആര്‍) നേരത്തെ കണ്ടെടുത്തിരുന്നു - ഒന്ന് 2025 ജൂൺ 13 ന് അപകട സ്ഥലത്തെ കെട്ടിട മേൽക്കൂരയിൽ നിന്നും മറ്റൊന്ന് 2025 ജൂൺ 16 ന് അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും. ഇവ സുരക്ഷിതമായി കൈകാര്യം ചെയ്യാനും സൂക്ഷിക്കാനും പരിശോധനയ്ക്കായി മറ്റിടങ്ങളിലേക്ക് മാറ്റാനും ഏകീകൃത നടപടിക്രമ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഉപകരണങ്ങൾ 24 മണിക്കൂറും പൊലീസ് സംരക്ഷണവും സിസിടിവി നിരീക്ഷണവും ഉറപ്പാക്കി അഹമ്മദാബാദിൽ സൂക്ഷിച്ചിരുന്നു.
തുടർന്ന് 2025 ജൂൺ 24 ന് ബ്ലാക്ക് ബോക്സുകൾ ഐഎഎഫ് വിമാനത്തില്‍ പൂർണ സുരക്ഷയോടെ അഹമ്മദാബാദിൽനിന്ന് ഡൽഹിയിലേക്ക് കൊണ്ടുവന്നു. മുൻവശത്തെ ബ്ലാക്ക് ബോക്സ് 2025 ജൂൺ 24 ന് ഉച്ചയ്ക്ക് രണ്ടിന് എഎഐബി ഡിജിയുടെ സാന്നിധ്യത്തില്‍ ഡൽഹിയിലെ എഎഐബി ലാബിലെത്തിച്ചു. പിന്നിലെ ബ്ലാക്ക് ബോക്സ് മറ്റൊരു എഎഐബി സംഘം 2025 ജൂൺ 24 ന് വൈകിട്ട് 5.15 ന് ഡൽഹിയിലെ എഎഐബി ലാബിലെത്തിച്ചു.
വിവരങ്ങള്‍ വേര്‍തിരിക്കലും നിലവിലെ സ്ഥിതിയും
2025 ജൂൺ 24 ന് വൈകിട്ട് എഎഐബി ഡിജിയുടെ നേതൃത്വത്തിലെ സംഘം എഎഐബി, എന്‍ടിഎസ്ബി സാങ്കേതിക അംഗങ്ങള്‍ക്കൊപ്പം ബ്ലാക്ക് ബോക്സ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ ആരംഭിച്ചു. മുൻവശത്തെ ബ്ലാക്ക് ബോക്സിലെ ക്രാഷ് പ്രൊട്ടക്ഷൻ മൊഡ്യൂൾ (സിപിഎം) സുരക്ഷിതമായി വീണ്ടെടുക്കുകയും 2025 ജൂൺ 25 ന് മെമ്മറി മൊഡ്യൂൾ വിജയകരമായി ലഭ്യമാവുകയും ഇതിലെ വിവരങ്ങള്‍ എഎഐബി ലാബിൽ ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
സിവിആര്‍, എഫ്ഡിആര്‍ വിവര വിശകലനം പുരോഗമിക്കുകയാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങള്‍ ക്രമാനുഗതമായി പുനസംഘടിപ്പിക്കുന്നതിലൂടെ അപകടകാരണമായ ഘടകങ്ങള്‍ തിരിച്ചറിയാനും വ്യോമയാന സുരക്ഷ വർധിപ്പിച്ച് ഭാവിയിൽ ഇത്തരം സംഭവങ്ങൾ തടയാനും ഈ ശ്രമങ്ങൾ ലക്ഷ്യമിടുന്നു.
ആഭ്യന്തര നിയമങ്ങളും അന്താരാഷ്ട്ര ചുമതലകളും പൂർണമായി പാലിച്ച് സമയബന്ധിതമായാണ് എല്ലാ നടപടികളും സ്വീകരിച്ചത്.
SKY
*****
(Release ID: 2139819)