രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള ശേഷി വർദ്ധിപ്പിക്കുന്നതിന് ഏകദേശം 2,000 കോടി രൂപയുടെ അടിയന്തര ആയുധ കരാറുകൾ പ്രതിരോധ മന്ത്രാലയം പൂർത്തിയാക്കി.

Posted On: 24 JUN 2025 10:26AM by PIB Thiruvananthpuram
ഭീകരവിരുദ്ധ (CT) പ്രവർത്തനങ്ങളിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രവർത്തന സന്നദ്ധത ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന നീക്കമെന്ന നിലയിൽ, അടിയന്തര ആയുധ സംഭരണ (EP) സംവിധാനത്തിന് കീഴിൽ പ്രതിരോധ മന്ത്രാലയം പതിമൂന്ന് കരാറുകൾ അന്തിമമാക്കി. ഇന്ത്യൻ സൈന്യത്തിന് ആകെ അനുവദിച്ച ₹2,000 കോടി വിഹിതത്തിൽ ₹1,981.90 കോടി മൂല്യമുള്ള കരാറുകളാണ് അന്തിമമാക്കിയത്.

അടിയന്തര ആയുധ സംഭരണത്തിന് കീഴിൽ ഫാസ്റ്റ്-ട്രാക്ക് നടപടിക്രമങ്ങളിലൂടെ നടപ്പിലാക്കിയ  സംഭരണം, ഭീകരവിരുദ്ധ (CT) പരിതസ്ഥിതികളിൽ വിന്യസിച്ചിരിക്കുന്ന സൈനികരുടെ സാഹചര്യ അവബോധം, പ്രഹര ശേഷി, ചലനാത്മകത, സുരക്ഷ എന്നിവ വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. അതിവേഗം കാര്യക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഏറ്റെടുക്കലുകൾ ചുരുങ്ങിയ സമയപരിധിക്കുള്ളിൽ പൂർത്തിയാക്കി.

വാങ്ങുന്ന പ്രധാന ഉപകരണങ്ങളിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

• ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റങ്ങൾ (IDDIS)

• ലോ ലെവൽ ലൈറ്റ്‌വെയ്റ്റ് റഡാറുകൾ (LLLR)

• ഹ്രസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾ (VSHORADS)- ലോഞ്ചറുകളും മിസൈലുകളും

• വിദൂര നിയന്ത്രിത നിരീക്ഷണ ഡ്രോണുകള്‍ (RPAV-കൾ)

• വെർട്ടിക്കൽ ടേക്ക്-ഓഫ്, ലാൻഡിംഗ് (VTOL) സിസ്റ്റങ്ങൾ ഉൾപ്പെടെയുള്ള ലോയ്റ്ററിങ് യുദ്ധോപകരണങ്ങൾ

• വിവിധ വിഭാഗത്തിലുള്ള ഡ്രോണുകൾ

• ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ (BPJ-കൾ)

• ബാലിസ്റ്റിക് ഹെൽമെറ്റുകൾ

• ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിൾസ് (QRFV-കൾ) - ഹെവി, മീഡിയം

• രാത്രി കാഴ്ച സംവിധാനമുള്ള റൈഫിളുകൾ

ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിന് ഇന്ത്യൻ സൈന്യത്തെ ആധുനികവും, ദൗത്യ യുക്തവും, തദ്ദേശീയവുമായ സംവിധാനങ്ങൾ കൊണ്ട് സജ്ജമാക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയാണ് ഈ സംഭരണങ്ങൾ പ്രതിഫലിപ്പിക്കുന്നത്. അടിയന്തര ശേഷിയിലെ പരിമിതികൾ  നികത്തുന്നതിലും സുപ്രധാന ഉപകരണങ്ങളുടെ സമയബന്ധിതമായ സംഭരണം ഉറപ്പാക്കുന്നതിലും അടിയന്തര സംഭരണ (EP) സംവിധാനം ഏറെ സഹായകമാണ്. 
 
****
 

(Release ID: 2139210)