രാഷ്ട്രപതിയുടെ കാര്യാലയം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചുള്ള കൂട്ടയോഗ പ്രദർശനത്തിൽ രാഷ്ട്രപതി പങ്കെടുത്തു
Posted On:
21 JUN 2025 6:37PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് (ജൂൺ 21, 2025) ഡെറാഡൂണിലെ ഉത്തരാഖണ്ഡ് സംസ്ഥാന പോലീസ് ലൈൻ മൈതാനിയിൽ നടന്ന കൂട്ട യോഗ പ്രദർശനത്തിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു പങ്കെടുത്തു.യോഗ സെഷനുശേഷം നടത്തിയ ഹ്രസ്വ പ്രഭാഷണത്തിൽ 'അന്താരാഷ്ട്ര യോഗ ദിന'ത്തോടനുബന്ധിച്ച് യോഗ പരിശീലിക്കുന്ന ലോകമെമ്പാടുമുള്ള എല്ലാവരെയും രാഷ്ട്രപതി ആശംസകൾ അറിയിച്ചു. 2015 മുതൽ യോഗ മനുഷ്യരാശിയുടെ മുഴുവൻ പൊതു പൈതൃകമായി മാറിയിട്ടുണ്ടെന്നും ഇന്ത്യയുടെ 'മൃദുശക്തി'യുടെ ഒരു പ്രധാന ഉദാഹരണമാണിതെന്നും രാഷ്ട്രപതി പറഞ്ഞു.
ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനുള്ള കലയാണ് യോഗ എന്നും അത് സ്വീകരിക്കുന്നത് മനുഷ്യന്റെ ശരീരത്തോടൊപ്പം മാനസികവും വ്യക്തിത്വപരവുമായ വികസനത്തിനും ഗുണം ചെയ്യുമെന്നും രാഷ്ട്രപതി പറഞ്ഞു. ഒരു വ്യക്തി ആരോഗ്യവാനായിരിക്കുമ്പോൾ, കുടുംബം ആരോഗ്യത്തോടെ തുടരും. കുടുംബവും സമൂഹവും ആരോഗ്യകരമാകുമ്പോൾ, രാജ്യം ആരോഗ്യ പൂർണ്ണമായി തുടരുമെന്ന് രാഷ്ട്രപതി പറഞ്ഞു.
'യോഗ' എന്നാൽ 'ബന്ധിപ്പിക്കുക' എന്നാണ് അർത്ഥമാക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. യോഗ പരിശീലനം ഒരു വ്യക്തിയുടെ ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ പരസ്പരം ബന്ധിപ്പിക്കുകയും വ്യക്തിയെ ആരോഗ്യവാനാക്കുകയും ചെയ്യുന്നു. യോഗയ്ക്ക് ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയുമായും, ഒരു സമൂഹത്തെ മറ്റൊന്നുമായും ഒരു രാജ്യത്തെ മറ്റൊരു രാജ്യവുമായും ബന്ധിപ്പിക്കാൻ കഴിയും.
രോഗ പ്രതിരോധമാണ് ചികിത്സയെക്കാൾ മികച്ചത് എന്ന് പൊതുവെ വിശേഷിപ്പിക്കാറുള്ളതായി രാഷ്ട്രപതി പറഞ്ഞു. രോഗ പ്രതിരോധത്തിന് യോഗ വളരെ ഉപയോഗപ്രദമാണെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യോഗയെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാക്കാനും യോഗ പരിശീലിക്കാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും രാഷ്ട്രപതി എല്ലാവരോടും അഭ്യർത്ഥിച്ചു.
SKY
******************
(Release ID: 2138604)