ആയുഷ്
പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം 2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ചരിത്രപരമായ ദേശീയാഘോഷത്തിനൊരുങ്ങി ഗ്രാമപഞ്ചായത്തുകൾ
2025-ലെ യോഗ ദിനാഘോഷത്തില്‍ സാമൂഹ്യപങ്കാളിത്തത്തിന് നേതൃത്വം നല്‍കാന്‍ ഗ്രാമത്തലവന്മാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി
ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും യോഗ ജീവിതത്തില്‍ മികച്ച പരിവർത്തനം വരുത്തി: ഗ്രാമീണ നേതൃത്വത്തോട് പ്രധാനമന്ത്രി
Posted On:
18 JUN 2025 7:11PM by PIB Thiruvananthpuram
വരാനിരിക്കുന്ന അന്താരാഷ്ട്ര യോഗ ദിനാഘോഷം (ഐഡിവൈ) ജനങ്ങളെ ഒരുമിച്ചുചേര്‍ത്ത് ചരിത്രപരമാക്കാനൊരുങ്ങുകയാണ് രാജ്യത്തുടനീളം പഞ്ചായത്തുകൾ. ഗ്രാമത്തലവന്മാരോട് അവരുടെ പഞ്ചായത്തിലെ ജനങ്ങളെ അന്താരാഷ്ട്ര യോഗ ദിനത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കാനും പ്രചോദിപ്പിക്കാനും അഭ്യർത്ഥിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എഴുതിയ കത്തിന് മറുപടിയായാണിത്.
യോഗയെ സാമൂഹ്യജീവിതത്തിന്റെ ഭാഗമാക്കുന്നതിൽ മുന്നിൽ നിന്ന് നയിക്കണമെന്ന് പ്രധാനമന്ത്രി ഗ്രാമത്തലവന്മാരോട് കത്തിലൂടെ അഭ്യർത്ഥിച്ചിരുന്നു. ഇതിന് ആവേശകരമായ പ്രതികരണമെന്നോണം സ്കൂളുകളിലും അങ്കണവാടികളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ പ്രത്യേക യോഗ സെഷനുകളും സാമൂഹ്യപ്രവർത്തനങ്ങളും പൊതു യോഗ ചട്ടത്തിന്റെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നതിലൂടെ ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷം ഗ്രാമീണതലത്തിൽ യഥാർത്ഥ ജനകീയപ്രസ്ഥാനമായി മാറുന്നു.
യോഗ കേവലം ആഗോള ദിനാചരണം മാത്രമല്ലെന്നും ലോകമെങ്ങും യോഗയുടെ പുനരുജ്ജീവനത്തിന്റെ ഒരു ദശാബ്ദക്കാലത്തെ അർത്ഥപൂര്‍ണമായ പ്രയാണത്തിന്റെ പൂർത്തീകരണംകൂടിയാണെന്നും യോഗ ദിനാഘോഷത്തിന്റെ വരാനിരിക്കുന്ന പതിപ്പിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ മാത്രമല്ല, ലോകമെങ്ങും നിരവധി പേരുടെ ജീവിതത്തില്‍ യോഗ മികച്ച പരിവർത്തനം കൊണ്ടുവന്നത് അഭിമാനകരമാണെന്നും പ്രധാനമന്ത്രി കത്തിൽ കുറിച്ചു.
‘ഭൂമിയ്ക്കും ഏകാരോഗ്യത്തിനും യോഗ’ എന്ന ഈ വർഷത്തെ ദിനാചരണ പ്രമേയം വ്യക്തിഗത ക്ഷേമത്തിലുപരി മനുഷ്യരാശിയുടെ ഒരുമയുടെയും പാരിസ്ഥിതിക ഐക്യത്തിന്റെയും ആഗോള ക്ഷേമത്തിന്റെയും ആത്മാവിനെ എടുത്തുകാണിക്കുന്നു. ശരീരത്തെയും മനസ്സിനെയും സന്തുലിതമാക്കി വ്യക്തികളെ സമഗ്ര ശാന്ത ജീവിതത്തിലേക്ക് നയിക്കുന്ന ‘നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ അവിഭാജ്യഘടകം’ എന്നാണ് പ്രധാനമന്ത്രി യോഗയെ വിശേഷിപ്പിച്ചത്.
ശാരീരികമായും മാനസികമായും ശക്തരായ പൗരന്മാരെ വളർത്തിയെടുക്കുന്നതിലൂടെ വികസിത ഇന്ത്യയെന്ന രാജ്യത്തിന്റെ കൂട്ടായ കാഴ്ചപ്പാടില്‍ ശാക്തീകരണത്തിന്റെ പങ്കാണ് യോഗ നിറവേറ്റുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
പഞ്ചായത്ത് കേന്ദ്രങ്ങള്‍, അങ്കണവാടികൾ, സ്കൂളുകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി സാമൂഹ്യ ഇടങ്ങളിൽ യോഗ പരിശീലനം സംഘടിപ്പിച്ച് പരമാവധി ഗ്രാമീണ പങ്കാളിത്തം ഉറപ്പാക്കാന്‍ പ്രധാനമന്ത്രി ഗ്രാമത്തലവന്മാരോട് കത്തിൽ ആഹ്വാനം ചെയ്തു. ഓരോ പൗരനും യോഗയുടെ പ്രയോജനം അനുഭവിച്ചറിയാന്‍ കുട്ടികൾ, യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങി എല്ലാ ജനവിഭാഗങ്ങളുടെയും സമഗ്ര പങ്കാളിത്തം ഉറപ്പാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ഈ സംരംഭം എല്ലാ വീടുകളിലുമെത്തുമെന്നും യോഗയെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ ജനങ്ങളെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ ഈ വലിയ പ്രതികരണം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ പ്രചോദനാത്മക നേതൃത്വത്തിന്റെ തെളിവാണെന്ന് രാജ്യത്തെ ഗ്രാമപഞ്ചായത്തുകളുടെ ശ്രമങ്ങളെ അഭിനന്ദിച്ച് ആയുഷ് സഹമന്ത്രിയും (ഇന്‍-ചാര്‍ജ്) കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയുമായ ശ്രീ പ്രതാപ് റാവു ജാദവ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഹൃദയംഗമ ആഹ്വാനം അന്താരാഷ്ട്ര യോഗ ദിനത്തെ യഥാർത്ഥ ജനകീയപ്രസ്ഥാനമാക്കി മാറ്റുകയും ഇന്ത്യയിലുടനീളം ഗ്രാമങ്ങൾ യോഗയെ ജീവിതരീതിയായി സ്വീകരിക്കുകയും ചെയ്തു. യോഗയിലൂടെ സമഗ്ര ആരോഗ്യം കൈവരിക്കാനുള്ള പൊതുജന പ്രതിബദ്ധതയും ആഴമേറിയ സാംസ്കാരിക ബന്ധവും ഈ അടിസ്ഥാന ശ്രമങ്ങൾ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയുടെ കത്ത് സമൂഹത്തിന് എങ്ങനെ ഹൃദയംഗമവും പ്രചോദനാത്മകവുമായ സന്ദേശമായി മാറിയെന്ന് ഉത്തർപ്രദേശിലെ ജൗൻപൂര്‍ കെരാകട്ടിലെ പരിയാരി ഗ്രാമ സർപഞ്ച് ഓം പ്രകാശ് യാദവ് വിശദീകരിച്ചു. കത്ത് പ്രധാനമന്ത്രിയുടെ വ്യക്തിപരമായ സന്ദേശം പോലെ തോന്നിയെന്നും മുഴുവൻ ഗ്രാമത്തെയും യോഗ സ്വീകരിക്കാൻ അത് പ്രേരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ആഹ്വാനത്തിന് പിന്നാലെ ഗ്രാമപഞ്ചായത്ത് കേന്ദ്രത്തില്‍ ആഴ്ചതോറും യോഗ സെഷനുകൾ സംഘടിപ്പിക്കാൻ തുടങ്ങി. സ്കൂൾവിദ്യാര്‍ത്ഥികളുടെ ആത്മവിശ്വാസവും അച്ചടക്കവും വർധിപ്പിക്കാന്‍ യോഗ മത്സരങ്ങൾ നടത്തി. യോഗയിലൂടെ വ്യാപക അവബോധവും ശക്തമായ ഐക്യബോധവും സൃഷ്ടിച്ച് ഗ്രാമത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ആവേശകരമായ പങ്കാളിത്തത്തോടെ പ്രത്യേക 'യോഗ യാത്ര'യും സംഘടിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നൽകിയ പ്രചോദനാത്മക സന്ദേശത്തിന് മധ്യപ്രദേശിലെ ദാമോ ബന്ദക്പൂർ ഗ്രാമത്തിലെ ഗ്രാമത്തലവന്‍ സുനിൽ കുമാർ ഡബ്ല്യു ഹൃദയംഗമമായ നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ ചരിത്രപരമായ സംരംഭം യോഗയെ ബഹുജന പ്രസ്ഥാനമാക്കി മാറ്റിയെന്നും രാജ്യത്തുടനീളം എല്ലാ ഗ്രാമങ്ങളിലേക്കും എത്തിച്ചേർന്നുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തില്‍ പരമാവധി സാമൂഹ്യപങ്കാളിത്തം ഉറപ്പാക്കുന്നുണ്ടെന്നും 2025-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷവേളയില്‍ പൊതു യോഗ ചട്ടത്തിന് കീഴിൽ പ്രത്യേക യോഗ സെഷൻ സംഘടിപ്പിക്കുമെന്നും ഈ കൂട്ടായ യോഗ പരിശീലനത്തിൽ പങ്കെടുക്കാൻ ഗ്രാമവാസികൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും ഗ്രാമീണതല തയ്യാറെടുപ്പുകൾ പങ്കുവെച്ച് അദ്ദേഹം പറഞ്ഞു. യോഗ ദിനാഘോഷത്തെക്കുറിച്ച് എല്ലാ വീടുകളും അറിയുന്നുവെന്നും ആഘോഷത്തിൽ പങ്കുചേരാൻ പ്രചോദനമുള്‍ക്കൊള്ളുന്നുവെന്നും ഉറപ്പാക്കാൻ പഞ്ചായത്ത് തലത്തിൽ വിപുലമായ അവബോധ പ്രചാരണ പരിപാടി നടന്നുവരുന്നതായും അദ്ദേഹം അറിയിച്ചു.
പ്രധാനമന്ത്രിയുടെ കത്ത് ലഭിച്ചതിൽ ഉത്തർപ്രദേശിലെ കാൺപൂർ ദേഹത്തിലെ ഖേര കുർസി ഗ്രാമപഞ്ചായത്ത് സർപഞ്ച് പവാനി മിശ്ര അഭിമാനവും പ്രചോദനവും പ്രകടിപ്പിച്ചു. ഇത് വലിയ ബഹുമതിയാണെന്നും യോഗ പരിശീലിക്കാൻ മാത്രമല്ല, അതൊരു ജീവിതരീതിയായി സ്വീകരിക്കാന്‍ കത്ത് പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2025-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പ്രത്യേക യോഗ പരിപാടികൾക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു. മലയോര പ്രദേശമാണെങ്കിലും പതിവായി പ്രഭാത സെഷനുകൾ നടത്താന്‍ തുറന്ന യോഗ വേദിയൊരുക്കാന്‍ പ്രാദേശിക യുവത ഒത്തുചേർന്നു. 'ആരോഗ്യമാണ് സമ്പത്ത്' എന്ന വിഷയത്തിൽ യോഗയെയും പോഷകാഹാരത്തെയും കുറിച്ച് ചർച്ചകൾ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് വനിതാ സംഘങ്ങള്‍ തുടക്കം കുറിച്ചു. കൂടാതെ 'യോഗയിലൂടെ സമൃദ്ധി' എന്ന വിഷയത്തിൽ ഗ്രാമീണതലത്തില്‍ നടത്തിയ ചിത്രരചന, ഉപന്യാസ മത്സരങ്ങളിൽ കുട്ടികളുടെ ആവേശകരമായ പങ്കാളിത്തമുണ്ടായി. ഈ കൂട്ടായ പരിശ്രമത്തിലൂടെ 2025-ലെ അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരവും ജനകീയവുമായ ആഘോഷമായി മാറുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
(Release ID: 2137575)