വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

ഇന്ത്യയുടെ ആഗോള അനിമേഷൻ വിജയത്തിലേക്ക് നയിച്ച് ‘ദേസി ഊന്‍’

വേവ്സ് 2025-ലെ വിജയചിത്രത്തിന് ഫ്രാൻസിലെ ആനെസി അന്താരാഷ്ട്ര ആനിമേഷൻ മേളയിലും ജയം

प्रविष्टि तिथि: 18 JUN 2025 5:28PM by PIB Thiruvananthpuram

വേവ്സ് 2025-ന്റെ ഭാഗമായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം തുടക്കം കുറിച്ച ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങള്‍ ഇന്ത്യയുടെ സർഗ പ്രതിഭകളെ തിരിച്ചറിയാനും ആഗോള വേദിയിലേക്കുയർത്താനും പരിവർത്തനാത്മക വേദിയായി മാറിയിരിക്കുന്നു. അതിന്റെ മികച്ച വിജയഗാഥകളിലൊന്നായി പ്രശസ്ത ആനിമേഷൻ ചലച്ചിത്ര നിർമാതാവ് ശ്രീ സുരേഷ് എറിയാട്ടിന്റെ 'ദേസി ഊന്‍' 2025-ലെ ഫ്രാൻസ് ആനെസി അന്താരാഷ്ട്ര ആനിമേഷൻ മേളയില്‍ മികച്ച കമ്മീഷന്‍ഡ് ചിത്രത്തിന്  ജൂറി പുരസ്കാരം നേടുകയും ഇന്ത്യൻ ആനിമേഷന് അന്താരാഷ്ട്ര അംഗീകാരം നേടിക്കൊടുക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും അഭിമാനകരമായ ആനിമേഷൻ വേദിയായി കണക്കാക്കപ്പെടുന്ന മേളയിലെ അപൂർവവും മഹത്തരവുമായ  വിജയം ഇന്ത്യൻ ആനിമേഷനെ ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുന്നു.  

ഇന്ത്യയുടെ എവിജിസി-എക്സ്ആര്‍ ആവാസവ്യവസ്ഥ (ആനിമേഷൻ, വിഷ്വല്‍ എഫക്ട്സ്, ഗെയിമിംഗ്, കോമിക്സ്, എക്സ്റ്റെൻഡഡ് റിയാലിറ്റി) പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച മുൻനിര സംരംഭമായ ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളില്‍ 60-ലേറെ രാജ്യങ്ങളിൽ നിന്ന് 32  മത്സരങ്ങളിലായി ലഭിച്ച സൃഷ്ടികള്‍  ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയതും ആധുനിക സാങ്കേതികവിദ്യയിലൂടെ സാക്ഷാത്ക്കരിക്കുന്നതുമായ നൂതന കഥാഖ്യാനത്തെ എടുത്തുകാണിച്ചു. 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന വേവ്സ് ഉച്ചകോടിയില്‍  പ്രത്യേകമൊരുക്കിയ ക്രിയേറ്റോസ്ഫിയര്‍ വേദിയില്‍ 750-ലേറെ  അന്തിമഘട്ട മത്സരാര്‍ഥികളുടെ സൃഷ്ടികള്‍ പ്രദർശിപ്പിച്ചു.

ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരത്തിന് കീഴില്‍ ഇന്ത്യയിലെ മുൻനിര ആനിമേഷൻ - ഡിസൈൻ പുരസ്കാര വേദിയായ വേവ്സ് മികവിന്റെ പുരസ്കാരത്തില്‍ ദേസി ഊന്‍ ഈയിടെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ആനെസി അംഗീകാരത്തിന് പുറമെ കാൻസ് ലയൺസ്-2025 മേളയില്‍ ഫിലിം ക്രാഫ്റ്റ് ലയൺസ് വിഭാഗത്തിലും ഈ ചിത്രം ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത് ഇന്ത്യയുടെ ആനിമേഷൻ വ്യവസായത്തിന്  സുപ്രധാന നേട്ടമായി മാറി.

സുരേഷ് എറിയാട്ടിന്റെ കഥാഖ്യാന മികവും സ്റ്റുഡിയോ ഈക്‌സോറസിന്റെ നിര്‍മാണ വൈദഗ്ധ്യവും നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്:

  • 2025-ലെ എഐസിപി ഷോ വിജയം - സ്വാധീനമേറിയ ആഗോള സൃഷ്ടികള്‍ക്ക് നല്‍കുന്ന ബഹുമതിയായി  ന്യൂയോർക്കിലെ ആധുനിക കലാ മ്യൂസിയത്തില്‍ (എംഒഎംഎ) ഈ ചിത്രം സൂക്ഷിക്കും.  

  • ഗുഡ് ആഡ്‌സ് മാറ്റർ 2025-ൽ രണ്ട് സുവര്‍ണനേട്ടങ്ങള്‍  - മികച്ച ആനിമേഷൻ ചിത്രത്തിനും  ആനിമേഷന്റെയും കമ്പ്യൂട്ടര്‍ നിര്‍മിത ചിത്രങ്ങളുടെയും സമന്വയത്തിനും അംഗീകാരം.

  • ക്യൂരിയസ് സര്‍ഗാത്മക പുരസ്കാരങ്ങളില്‍ രണ്ട്  ‘ബ്ലൂ എലിഫന്റ്‌സ്’, ഒരു ബേബി ബ്ലാക്ക് എലിഫന്റ് പുരസ്കാരങ്ങള്‍. 

  • ഡി & ആഡ് വുഡൻ പെൻസിൽ വിജയി - ആഗോള പരസ്യമേഖലയിലെ രൂപകകല്പനാ മികവിന്റെ ആഘോഷം.  

'ദേസി ഊന്‍' കേവലം ചലച്ചിത്രമെന്നതിലുപരി ഒരു സാംസ്കാരിക നാഴികക്കല്ലാണ്. ഇന്ത്യൻ ധാർമികതയിൽ ആഴത്തിൽ വേരൂന്നിയതും അതേസമയം ആഗോളതലത്തിൽ ശ്രദ്ധനേടുന്ന ആനിമേഷന്‍ സങ്കേതത്തിലൂടെ ദൃശ്യവല്‍ക്കരിച്ചതുമായ ഈ ചിത്രം  മൗലികതയോടെയും  സാങ്കേതികത്തികവോടെയും തദ്ദേശീയ കഥകള്‍ ആവിഷ്ക്കരിക്കുമ്പോള്‍ ഭൂഖണ്ഡങ്ങളിലുടനീളം അവ എങ്ങനെ ഹൃദയങ്ങളെ കീഴടക്കുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ്.  

 

എവിജിസി-എക്സ്ആര്‍ മേഖലയെ പരിപോഷിപ്പിക്കാന്‍ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങള്‍ക്ക് മേൽനോട്ടം വഹിച്ച വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയ ഉദ്യോഗസ്ഥൻ ശ്രീ അനുഭവ് സിങ് പറഞ്ഞു. വേവ്സ് പോലുള്ള വേദികളിലൂടെയും ക്രിയേറ്റ് ഇൻ ഇന്ത്യ മത്സരങ്ങളടക്കം സംരംഭങ്ങളിലൂടെയും ആഗോള ഉള്ളടക്ക നിർമാണ ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സര്‍ഗാത്മക മികവ് ഉയർത്തിക്കാട്ടാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.  

 

ഈ വിജയം സുരേഷ് എറിയാട്ടിന്റേത് മാത്രമല്ലെന്നും മറിച്ച്  ഇന്ത്യയുടേതാണെന്നും അസിഫ ഇന്ത്യ പ്രസിഡന്റ് ശ്രീ സഞ്ജയ് ഖിമേസര പറഞ്ഞു. നർമവും വികാരവും കലാപരമായ കഴിവും സമന്വയിപ്പിക്കുന്ന ഓരോ ഫ്രെയിമുകളിലൂടെയുമുള്ള യാത്രയിൽ ദേസി ഊന്‍ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. പുതുതലമുറയിലെ ഇന്ത്യൻ സര്‍ഗസൃഷ്ടാക്കളെ വിപുലമായി ചിന്തിക്കാനും ഇന്ത്യന്‍ ധാര്‍മികതയില്‍ വേരൂന്നി  തുടരാനും ആഗോള വിജയങ്ങള്‍ ലക്ഷ്യമിടാനും ഇത് പ്രചോദിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


വേവ്സ് മികവിന്റെ പുരസ്കാരങ്ങളെക്കുറിച്ച് 

അസിഫ ഇന്ത്യയുമായി സഹകരിച്ച് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  സംഘടിപ്പിക്കുന്ന വേവ്സ്  ഇന്ത്യന്‍ സർഗാത്മക ഭൂമികയുടെ വൈവിധ്യവും സാധ്യതയും ആഘോഷമാക്കി ആനിമേഷൻ, വി-എഫക്ട്സ്, ഡിസൈൻ, ഉയര്‍ന്നുവരുന്ന മാധ്യമസങ്കേതങ്ങള്‍ എന്നിവയിലെ  പ്രതിഭകളെ ആദരിക്കുന്നു. 

 

അസിഫ ഇന്ത്യയെക്കുറിച്ച്

യുനെസ്കോ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ആഗോള സ്ഥാപനമായ അസിഫ ഇന്റർനാഷണലിന്റെ ഇന്ത്യൻ ഘടകമാണ് അസിഫ ഇന്ത്യ. ആനിമേഷൻ കലയ്ക്കായി സമർപ്പിച്ചിരിക്കുന്ന ഈ സംരംഭം മേളകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും മാര്‍ഗനിര്‍ദേശ പരിപാടികളിലൂടെയും പുരസ്കാരങ്ങളിലൂടെയും  സര്‍ഗാത്മക കൈമാറ്റവും ശേഷി വികസനവും അംഗീകാരവും വളർത്തുന്നു.

******************


(रिलीज़ आईडी: 2137533) आगंतुक पटल : 26
इस विज्ञप्ति को इन भाषाओं में पढ़ें: Odia , English , Urdu , हिन्दी , Marathi , Punjabi , Gujarati , Tamil , Telugu