ആഭ്യന്തരകാര്യ മന്ത്രാലയം
ദുരിതാശ്വാസ കമ്മീഷണർമാരുടെയും സംസ്ഥാന ദുരന്ത പ്രതികരണ സേനകളുടെയും വാർഷിക സമ്മേളനത്തിന് ന്യൂഡൽഹിയിൽ സമാപനം
Posted On:
17 JUN 2025 5:28PM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയം (എംഎച്ച്എ) സംഘടിപ്പിച്ച സംസ്ഥാന - കേന്ദ്രഭരണ പ്രദേശങ്ങളിലെ ദുരിതാശ്വാസ കമ്മീഷണർമാരുടെയും സംസ്ഥാന ദുരന്ത പ്രതികരണ സേനകളുടെയും (എസ്ഡിആർഎഫ്) 2025 ലെ ദ്വിദിന വാർഷിക സമ്മേളനം ഇന്ന് ന്യൂഡൽഹിയിൽ സമാപിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. പി. കെ. മിശ്ര സമാപന സമ്മേളനത്തിൽ അധ്യക്ഷനായി.

പതിവ് ചടങ്ങിലുപരി ദുരന്തസാധ്യതാ പ്രതിരോധ നിര്‍വഹണത്തിലെ കൂട്ടായ സമീപനം പ്രതിഫലിപ്പിക്കാനും പുനഃക്രമീകരിക്കാനും ശക്തിപ്പെടുത്താനും പങ്കാളിത്ത അവസരമാണ് വാർഷിക സമ്മേളനമെന്ന് ചടങ്ങിൽ സംസാരിച്ച ഡോ. പി. കെ. മിശ്ര പറഞ്ഞു. പരസ്പര ബന്ധിത ദുരന്തങ്ങളുടെയും പെരുകുന്ന ആഘാതങ്ങളുടെയും പൊരുത്തപ്പെടലിനെ മറികടക്കുന്ന അപകടസാധ്യതകളുടെയും യാഥാർത്ഥ്യം നാം തിരിച്ചറിയണമെന്ന് മാറിക്കൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ സ്വഭാവം നിരീക്ഷിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു.

ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്താന്‍ വരും ദിവസങ്ങളിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട നടപടികൾ ഡോ. പി. കെ. മിശ്ര എടുത്തുപറഞ്ഞു:
-
ദുരന്തങ്ങളെക്കുറിച്ച് വർധിച്ചുവരുന്ന അനിശ്ചിതത്വം നേരിടാന്‍ തയ്യാറെടുപ്പും അവബോധവും നിർണായകമാണ്. അപകടസാധ്യതയുടെയും ദുരന്ത ദൗര്‍ബല്യത്തിന്റെയും അന്തരീക്ഷം മാറിക്കൊണ്ടിരിക്കുന്നതിനാൽ സംസ്ഥാനതലത്തില്‍ തയ്യാറെടപ്പിന്റെ നിലവാരം മെച്ചപ്പെടുത്തണം.
-
ദുരിതാശ്വാസ, പ്രതികരണ സമീപനങ്ങളിൽ നിന്ന് തയ്യാറെടുപ്പിന്റെയും ലഘൂകരണത്തിന്റെയും സമീപനത്തിലേക്ക് മികച്ചരീതിയില്‍ പരിവർത്തനം സാധ്യമാക്കാന്‍ പഠിച്ച പാഠങ്ങൾ സംസ്ഥാനങ്ങൾ സ്ഥാപനവൽക്കരിക്കേണ്ടതുണ്ട്. മുൻകാല ദുരന്തങ്ങളിലെ ഉൾക്കാഴ്ചകൾ മറക്കാതിരിക്കാൻ ഇത് അനിവാര്യമാണ്.
-
2025 ജൂൺ 4-6 തീയതികളിൽ ജനീവയിൽ നടന്ന ഡിആർആര്‍ ആഗോളവേദിയില്‍ ഇന്ത്യയുടെ ഡിആർആർ ധനസഹായ മാതൃക അംഗീകരിക്കപ്പെട്ടുവെങ്കിലും വീണ്ടെടുക്കൽ, ലഘൂകരണ ഫണ്ടുകളുടെ ശരിയായ വിനിയോഗം സംസ്ഥാനങ്ങൾ ഉറപ്പാക്കണം.
-
ശക്തമായ ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് പുറമെ ഇന്ത്യയുടെ വിശാല ഭൂമിശാസ്ത്രം പരിഗണിച്ച് ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ഏര്‍പ്പെട്ടിരിക്കുന്ന ഏജൻസികളുടെ ശേഷിവര്‍ധനയെക്കുറിച്ച് സംസ്ഥാനങ്ങൾ വിലയിരുത്തുകയും നിക്ഷേപം നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്.
-
ദുരന്ത തയ്യാറെടുപ്പ് മണിക്കൂറുകളുടെ കാര്യമല്ല, മറിച്ച് മിനുറ്റുകളുടെ കാര്യമാണ്. പ്രതിരോധ വിഭവ സമാഹരണത്തിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലും ഓരോ മിനിറ്റും പ്രധാനമാണെന്നനതിനാല്‍ പ്രതികരണ വേഗം മെച്ചപ്പെടുത്തണം. ചില ദുരന്തങ്ങളുടെ മുന്നറിയിപ്പ് സംബന്ധിച്ച് ഇനിയുമേറെ കാര്യങ്ങൾ ചെയ്യാനുണ്ട്.
-
ചില ദുരന്തങ്ങളിൽ നാശനഷ്ടങ്ങൾ കണക്കാക്കിയതിലും കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് വരൾച്ച ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഈയിടെയായി അപകടസാധ്യതയേറിയ വലിയ ദുരന്തങ്ങളിലൊന്നായി മിന്നൽ മാറിയിരിക്കുന്നു. അതിനാൽ ഇത്തരം ദുരന്തങ്ങളെ നേരിടാൻ ദുരന്ത നിവാരണ ശ്രമങ്ങൾ പുനഃക്രമീകരിക്കണം.
-
ദുരന്തസാധ്യതകൾ ലഘൂകരിക്കാന്‍ സംസ്ഥാനങ്ങൾ കുറഞ്ഞ ചെലവില്‍ ഫലപ്രാപ്തിയേറിയ ഇടപെടലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. നഗരപ്രദേശങ്ങളിലെ വെള്ളപ്പൊക്ക പരിഹാരങ്ങൾ പ്രാദേശിക ഭൂമിശാസ്ത്രവും കാലാവസ്ഥാ സാഹചര്യങ്ങളും മനസ്സിലാക്കിയായിരിക്കണം.
-
ദുരന്ത പ്രതികരണത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനന്‍ ‘ആപത മിത്ര’യിലൂടെ നടത്തുന്ന സാമൂഹ്യ പങ്കാളിത്തമടക്കം സന്നദ്ധസേവനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്. ദുരന്തഘട്ടങ്ങളില്‍ ജീവൻ രക്ഷിക്കുന്നതിൽ ജനപങ്കാളിത്തം വഹിക്കുന്ന പങ്ക് സംസ്ഥാനങ്ങൾ തിരിച്ചറിയണം. ദുരന്ത നിവാരണത്തിൽ യുവാക്കളെ ഉൾപ്പെടുത്താന്‍ പ്രധാനമന്ത്രിയുടെ 'മൈ ഭാരത്' സംരംഭം ഉപയോഗപ്പെടുത്താം.
-
ദുരന്തനിവാരണത്തിൽ വിവരശേഖരത്തിന് ഏറെ പ്രാധാന്യമുണ്ടെന്നിരിക്കെ ദുരന്തനിവാരണ പദ്ധതികൾ തയ്യാറാക്കുന്നതിൽ പിഎം ഗതി ശക്തി സംവിധാനം ഉപയോഗപ്പെടുത്തണം.
-
അതിതീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെയും അനിശ്ചിതത്വങ്ങളുടെയും ഉയർന്നുവരുന്ന വെല്ലുവിളികൾ കണക്കിലെടുത്ത് ജീവനും സ്വത്തും നഷ്ടപ്പെടാതെ അത്തരം സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാൻ സ്വയം സജ്ജമാക്കുന്നതിന് സംസ്ഥാനങ്ങള്‍ സ്ഥാപനങ്ങളെയും പ്രക്രിയകളെയും സംവിധാനങ്ങളെയും പുനഃക്രമീകരിക്കുകയും സജീവമാക്കുകയും വേണം.
ദ്വിദിന സമ്മേളനത്തിൽ സംസ്ഥാന സർക്കാരുകൾ,, കേന്ദ്രഭരണ പ്രദേശങ്ങൾ, മന്ത്രാലയങ്ങൾ, വകുപ്പുകൾ, കേന്ദ്ര സർക്കാര്‍ സംഘടനകൾ, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്ഡിആർഎഫ്, സിവിൽ ഡിഫൻസ്, ഹോം ഗാർഡുകൾ, അഗ്നിശമന സേനകൾ തുടങ്ങിയവയിലെ1000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്തു.
മുന്നറിയിപ്പ് സംവിധാനങ്ങള്‍, ദുരന്താനന്തര ആവശ്യകത വിലയിരുത്തൽ, നഗര വെള്ളപ്പൊക്ക പ്രതിരോധ നിര്‍വഹണം, പുതിയ വെല്ലുവിളികളും നവ സാങ്കേതികവിദ്യകളുടെ സ്വീകാര്യതയും, ദുരന്ത പ്രതികരണ സേനയുടെ പങ്ക്, പ്രതിരോധ പരിശീലന പ്രവര്‍ത്തനങ്ങള്‍, സന്നദ്ധസേവനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സമ്മേളനത്തിലെ വിവിധ സെഷനുകളില്‍ വിദഗ്ധർ ചർച്ച ചെയ്തു.
******************
(Release ID: 2137041)