ആയുഷ്
'യോഗ ബന്ധന്' MDNIY ആതിഥേയത്വം വഹിച്ചു: ആഗോള യോഗ അംബാസഡർമാർ അവരുടെ യോഗ- ശാക്തീകൃത ജീവിത യാത്ര പരിപാടിയിൽ പങ്കുവെച്ചു
IDY 2025 ന് മുന്നോടിയായി ഇന്ത്യയുടെ യോഗ നയതന്ത്രം പ്രദർശിപ്പിച്ചു
യോഗ ലോകമെമ്പാടും അനുരണനം സൃഷ്ടിക്കുന്നു: ആയുഷ് സെക്രട്ടറി
സമാധാനത്തിന്റെയും ഒരുമയുടെയും ശബ്ദമാണ് പരിപാടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ: ഡിജി, ഐസിസി ആർ
Posted On:
17 JUN 2025 4:54PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനം (IDY) 2025 ആഘോഷങ്ങളുടെ ഭാഗമായി, ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ (MDNIY),യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന 'യോഗ ബന്ധൻ' എന്ന ആഗോള പരിപാടിയ്ക്ക് 2025 ജൂൺ 17 ന് തുടക്കമായി. IDY 2025 ന് കീഴിലുള്ള 10 പ്രധാന പരിപാടികളിൽ ഒന്നായ ഈ സുപ്രധാന സംരംഭം, യോഗ മേഖലയിലെ സ്ഥാപനങ്ങൾ തമ്മിലുള്ള പങ്കാളിത്തത്തിലൂടെ ആഗോള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെ എടുത്തു കാണിക്കുന്നു.
ലോകമെമ്പാടുമുള്ള ആഗോള യോഗ അംബാസഡർമാരെ ഒരുമിച്ച് കൊണ്ടുവന്ന 'യോഗ ബന്ധൻ' സാംസ്കാരിക വിനിമയത്തിനും, അക്കാദമിക സംവാദത്തിനും, യോഗയിലൂടെ ആഗോള ക്ഷേമം എന്ന ഒരു പൊതു കാഴ്ചപ്പാടിനുമുള്ള ഒരു വേദിയായി വർത്തിച്ചു. യോഗ ഗുരുക്കന്മാർ, പരിശീലകർ, സ്റ്റുഡിയോ സ്ഥാപകർ, എഴുത്തുകാർ, ആരോഗ്യ ക്ഷേമ വിദഗ്ധർ എന്നിവരുൾപ്പെടെ 15 രാജ്യങ്ങളുടെ ആവേശകരമായ അന്താരാഷ്ട്ര പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു.
ഉദ്ഘാടന സെഷനിൽ ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച പങ്കെടുത്തു. ആഗോള ക്ഷേമ ഇടപെടലുകളിൽ യോഗയെ മുൻനിരയിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തെ അദ്ദേഹം മുഖ്യ പ്രഭാഷണത്തിൽ എടുത്തുകാട്ടി. നാഷണൽ സാമ്പിൾ സർവേ ഓഫീസിൽ (NSSO) നിന്നുള്ള ഡാറ്റ പരാമർശിച്ചുകൊണ്ട്, ഇന്ത്യയിലെ ഗ്രാമ- നഗരപ്രദേശങ്ങളിലെ ജനസംഖ്യയുടെ ഏകദേശം 95% പേർക്കും ആയുഷ് സംവിധാനങ്ങളെക്കുറിച്ച് അറിയാമെന്നും, ജനസംഖ്യയുടെ ഏകദേശം 35% പേർ ഏതെങ്കിലും തരത്തിലുള്ള യോഗ രീതികൾ സജീവമായി അനുവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ യാത്രകളിൽ നിന്നുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, ലോകമെമ്പാടും യോഗ അനുരണനം സൃഷ്ടിച്ചിട്ടുള്ളതായി ശ്രീ കൊടേച്ച അഭിപ്രായപ്പെട്ടു. ഹരിത യോഗ, യോഗ കണക്റ്റ്, സംയോഗ തുടങ്ങി IDY 2025 ലെ പ്രധാന പരിപാടികൾക്ക് കീഴിൽ സംഘടിപ്പിച്ചിട്ടുള്ള സംരംഭങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. ആഗോളതലത്തിൽ ഇതിനകം 3.3 ലക്ഷത്തിലധികം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും ഈ വർഷത്തെ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് പ്രധാന പരിപാടി നടക്കുമ്പോഴേക്കും ഈ എണ്ണം 5 ലക്ഷമായി ഉയരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഗോളതലത്തിൽ സർട്ടിഫൈഡ് യോഗ പ്രൊഫഷണലുകളുടെ ആവശ്യകത വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ യോഗ സർട്ടിഫിക്കേഷൻ ബോർഡ് (YCB) അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗമിച്ചു കൊണ്ടിരിക്കുന്ന നവീകരണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പരസ്പര സഹകരണത്തിനും വളർച്ചയ്ക്കും വേണ്ടി YCB യുമായി സഹകരിക്കാൻ അന്താരാഷ്ട്ര പ്രതിനിധികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു.
"സമാധാനത്തിന്റെയും ഐക്യത്തിന്റെയും ശബ്ദമായതിന് നന്ദി" എന്ന് പറഞ്ഞുകൊണ്ട് പരിപാടിയിൽ പ്രമുഖരായ അന്താരാഷ്ട്ര വ്യക്തികളുടെ പങ്കാളിത്തത്തിന് ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസിന്റെ (ഐസിസിആർ) ഡയറക്ടർ ജനറൽ ശ്രീമതി കെ. നന്ദിനി സിംഗ്ല അഭിനന്ദിച്ചു. " യോഗയിൽ താല്പര്യമുള്ള ഓരോ വ്യക്തിയും യോഗയുടെ യഥാർത്ഥ അംബാസഡറാണ് - യോഗയുടെ നേട്ടങ്ങൾ ഓരോ വീട്ടിലേക്കും എത്തിക്കുന്നതിൽ അവർ നിർണായക പങ്ക് വഹിക്കുന്നു. ഡൽഹി, വാരണാസി, ജോധ്പൂർ, ജയ്പൂർ തുടങ്ങിയ പ്രശസ്തമായ സ്ഥലങ്ങളിൽ നിന്നും പ്രമുഖരായ വിദേശ വ്യക്തികളുടെ യോഗ പ്രകടനം കാണുന്നത് സന്തോഷകരമാണ്. ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിന്റെ വലിയ വിജയമാണിത്." അവർ പറഞ്ഞു
ഇന്ത്യ സന്ദർശിക്കുന്ന വിശിഷ്ട വ്യക്തികൾക്കായി ചില ഹ്രസ്വകാല യോഗ കോഴ്സുകൾ പരിചയപ്പെടുത്താനും ശ്രീമതി സിംഗ്ല നിർദ്ദേശിച്ചു.
അന്താരാഷ്ട്ര യോഗ ദിനം ഇപ്പോൾ സീമാതീതമായി ദശലക്ഷക്കണക്കിന് പേരെ ആരോഗ്യത്തിനും ഐക്യത്തിനും വേണ്ടി ഒന്നിപ്പിക്കുന്ന ഒരു ആഗോള പ്രസ്ഥാനമായി മാറിയിരിക്കുന്നുവെന്ന് ആയുഷ് മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീമതി മൊണാലിസ ഡാഷ് പറഞ്ഞു. "യോഗയുടെ സാർവത്രിക പ്രസക്തിയെ പ്രതിഫലിപ്പിക്കുന്നതും 'വസുധൈവ കുടുംബകം - ലോകം ഒരു കുടുംബം' എന്ന കാലാതീതമായ ഇന്ത്യൻ തത്ത്വചിന്തയെ ഉൾക്കൊള്ളുന്നതുമായ ഒരു സവിശേഷ പ്രമേയത്തോടെയാണ് ഓരോ വർഷവും അന്താരാഷ്ട്ര യോഗാദിനം ആഘോഷിക്കുന്നത്. ഇതാണ് യോഗയുടെ ആത്മാവും ഇന്ത്യയുടെ സാംസ്കാരിക നയതന്ത്രത്തിന്റെ ചൈതന്യവും" എന്ന് അവർ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര സമ്മേളനത്തിന് MDNIY ഡയറക്ടർ ഡോ. കാശിനാഥ് സമഗന്ധി ഊഷ്മളമായ സ്വാഗതം ആശംസിച്ചു. "യോഗയുടെ കാലാതീതമായ ജ്ഞാനം ആഗോള സമൂഹവുമായി പങ്കുവയ്ക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധതയാണ് യോഗ ബന്ധൻ പ്രതിഫലിപ്പിക്കുന്നത്. സമഗ്ര ക്ഷേമത്തിന്റെ തത്വങ്ങളിൽ അധിഷ്ഠിതമായ ഈ സംരംഭം യോഗയുടെ ഏകീകരണ ശക്തിയിലൂടെ മനുഷ്യരാശിയുടെ പരസ്പര ബന്ധങ്ങൾ കരുത്തുറ്റതാക്കാൻ ശ്രമിക്കുന്നു."
ഉദ്ഘാടന സെഷനുശേഷം, പ്രതിനിധികൾ എംഡിഎൻഐവൈ കാമ്പസിൽ സന്ദർശനം നടത്തി. യോഗയുമായി ബന്ധപ്പെട്ട ആശയവിനിമയത്തെയും വിജ്ഞാന വിനിമയത്തെയും കുറിച്ചുള്ള ഒരു സംവേദനാത്മക സെഷനിൽ അവർ പങ്കെടുത്തു. എംഡിഎൻഐവൈയിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ സാംസ്കാരിക യോഗ ഫ്യൂഷൻ പ്രകടനത്തിലും പങ്കാളികളായി
ജനങ്ങൾ തമ്മിലുള്ള അർത്ഥവത്തായ ആശയവിനിമയത്തിലൂടെയും ദീർഘകാല സ്ഥാപന സഹകരണങ്ങളിലൂടെയും യോഗയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ വഹിക്കുന്ന നേതൃത്വത്തെ പരിപാടി എടുത്തു കാണിച്ചു . യോഗ ഗവേഷണം, വിദ്യാഭ്യാസം, പരിശീലനം എന്നിവയിലെ സഹകരണ അവസരങ്ങൾ പ്രതിനിധികൾ പരിപാടിയിൽ പര്യവേക്ഷണം ചെയ്തു.
പരിപാടിയിൽ പങ്കെടുക്കുന്ന വിശിഷ്ട അന്താരാഷ്ട്ര പ്രതിനിധികളിൽ ഇവർ ഉൾപ്പെടുന്നു:
• Mr ജോഷ് പ്രയർ-യോഗ ഓസ്ട്രേലിയയുടെ പ്രസിഡന്റും സിഇഒയും
• Mr ഗ്രിഗർ കോസ്- ഓസ്ട്രിയയിലെ 'യോഗ ഇൻ ഡെയ്ലി ലൈഫിൽ' നിന്നുള്ള പ്രതിനിധി
• പ്രൊഫസർ ഡാനിലോ ഫോർഗിയേരി സാന്റെല്ലാ- സാവോ പോളോ സർവകലാശാല,ബ്രസീൽ
• മിസ് യിൻ യാൻ- ചൈനയിലെ യോഗി യോഗയുടെ സ്ഥാപക
• മേജർ ഇംഗെമാൻ-മോൾഡൻ, ഡെൻമാർക്ക്.
• Mr സ്ലാമാറ്റ് റിയാന്റോ- ചെയർ പേഴ്സൺ പിപിവൈഎൻഐ, ഇന്തോനേഷ്യ
• ശ്രീമതി വിദ്യ വോൾക്കോവ- ഡയറക്ടർ, ശക്തി യോഗ സ്റ്റുഡിയോ ,കസാക്കിസ്ഥാൻ
• ശ്രീ,മണിശേഖരൻ,ശ്രീമതി സിന്തമണി അരുണാചലം- മലേഷ്യ
• ഐറിന ഫർസോവ, റഷ്യ.
• ഡോ. സുജാത കൗലാഗി-സിംഗപ്പൂർ
• പ്രൊഫ. ജിയോ-ലിയോങ് ലീ-ദക്ഷിണ കൊറിയ
• Mr കുഗൻ നൈഡു, Ms സിവ്ലുച്ചിമെ നൈഡു, ദക്ഷിണാഫ്രിക്ക.
• Mr ജോസ് മരിയ മാർക്വേസ് ജുറാഡോ (ഗോപാല)- സ്പെയിൻ
• ശ്രീ വിമുക്തി ജയസുന്ദര-ശ്രീലങ്ക
• Ms റോസിയോ ബെലെൻ ബൊനാച്ചി- അർജന്റീന.
ഇനിയുള്ള ഏതാനും ദിവസങ്ങളിൽ, ഈ ആഗോള യോഗ അംബാസഡർമാർ സാംസ്കാരിക പരിപാടികളിലും, സ്ഥാപന സന്ദർശനങ്ങളിലും, നയ സംഭാഷണങ്ങളിലും പങ്കെടുക്കും. പര്യടനത്തിന് സമാപനം കുറിച്ചുകൊണ്ട് 2025 ജൂൺ 21 ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ അവർ പങ്കെടുക്കും
ഇന്ത്യയുടെ മൃദുശക്തിയുടെയും യോഗ രംഗത്തെ ആഗോള നേതൃത്വത്തിന്റെയും തെളിവായി 'യോഗ ബന്ധൻ' നിലകൊള്ളുന്നു. സാംസ്കാരിക വിനിമയം, സ്ഥാപന ഇടപെടൽ, പൊതുവായ അറിവ് എന്നിവയിലൂടെ, കൂടുതൽ ഐക്യത്തോടെ ആരോഗ്യകരവും പരസ്പര ബന്ധിതവുമായ ഒരു ലോകം സൃഷ്ടിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
***************
(Release ID: 2137039)