പ്രധാനമന്ത്രിയുടെ ഓഫീസ്
സിക്കിം@50 പരിപാടിയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം
Posted On:
29 MAY 2025 12:39PM by PIB Thiruvananthpuram
സിക്കിം ഗവർണർ ശ്രീ ഒ.പി. പ്രകാശ് മാത്തൂർ ജി; സംസ്ഥാനത്തെ ജനപ്രിയ മുഖ്യമന്ത്രിയും എന്റെ സുഹൃത്തുമായ പ്രേം സിംഗ് തമാങ് ജി; പാർലമെന്റിലെ എന്റെ സഹപ്രവർത്തകരായ ദോർജി ഷെറിംഗ് ലെപ്ച ജി, ഡോ. ഇന്ദ്ര ഹാങ് സുബ്ബ ജി; ഇവിടെ സന്നിഹിതരായ മറ്റ് പൊതു പ്രതിനിധികൾ; മഹതികളെ, മാന്യരെ!
(പ്രാദേശിക ഭാഷയിൽ ആശംസകൾ)
സിക്കിമിന്റെ ജനാധിപത്യ യാത്രയുടെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഒരു സുപ്രധാന ദിവസമാണ് ഇന്ന്. നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഉണ്ടായിരിക്കാനും ഈ ആഘോഷത്തിനും, ഈ ചൈതന്യത്തിനും, ഈ ശ്രദ്ധേയമായ 50 വർഷത്തെ യാത്രയ്ക്കും സാക്ഷ്യം വഹിക്കാനും ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. ഈ ആഘോഷത്തിൽ നിങ്ങളോടൊപ്പം തോളോട് തോൾ ചേർന്ന് നിൽക്കാൻ ഞാൻ ആഗ്രഹിച്ചു. ഇന്ന് പുലർച്ചെ ഞാൻ ഡൽഹിയിൽ നിന്ന് പുറപ്പെട്ട് ബാഗ്ഡോഗ്രയിൽ എത്തി, കാലാവസ്ഥ എന്നെ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിച്ചെങ്കിലും, അത് എന്നെ മുന്നോട്ട് സഞ്ചരിക്കുന്നതിൽ നിന്ന് തടഞ്ഞു. തൽഫലമായി, നിങ്ങളെയെല്ലാം നേരിട്ട് കാണാൻ എനിക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും, ഈ മഹത്തായ അവസരത്തിന് ഞാൻ സാക്ഷ്യം വഹിക്കുന്നു - എത്ര മനോഹരമായ ഒരു കാഴ്ചയാണ് എന്റെ മുന്നിൽ! എല്ലാ ദിശകളിലും ആളുകളെ കാണാൻ സാധിക്കുന്നു; ഇത് ശരിക്കും ഒരു മനോഹരമായ കാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും ഇടയിൽ ഉണ്ടായിരുന്നെങ്കിൽ എത്ര മനോഹരമായിരുന്നേനെ. നിർഭാഗ്യവശാൽ, എനിക്ക് നിങ്ങളുടെ അടുത്ത് എത്താൻ കഴിഞ്ഞില്ല, അതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു.
എന്നിരുന്നാലും, ബഹുമാനപ്പെട്ട മുഖ്യമന്ത്രി എന്നെ സ്നേഹപൂർവ്വം ക്ഷണിച്ചതിനാൽ, സംസ്ഥാന ഗവൺമെൻ്റ് തീയതി നിശ്ചയിച്ചാലുടൻ ഞാൻ തീർച്ചയായും സിക്കിം സന്ദർശിക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. നിങ്ങളെയെല്ലാം കാണാനും ഈ 50 വർഷത്തെ സുവർണ്ണ യാത്രയുടെ സാക്ഷിയാകാനും ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനുള്ള ഒരു ദിവസമാണ് ഇന്ന്, ഈ അവസരത്തിനായി നിങ്ങൾ ഒരു ഗംഭീര പരിപാടി സംഘടിപ്പിച്ചു. ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയും കേൾക്കുകയും ചെയ്തു, ഈ പരിപാടി യഥാർത്ഥത്തിൽ അവിസ്മരണീയമാക്കുന്നതിൽ മുഖ്യമന്ത്രി തന്നെ വളരെയധികം സമർപ്പണം കാണിച്ചിട്ടുണ്ടെന്ന് എടുത്ത് പറയേണ്ടതാണ്. വ്യക്തിപരമായി ക്ഷണിക്കാൻ അദ്ദേഹം രണ്ടുതവണ ഡൽഹിയിലേക്ക് യാത്ര ചെയ്തു. സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50-ാം വാർഷികത്തിൽ നിങ്ങളെ എല്ലാവരെയും ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
അമ്പത് വർഷങ്ങൾക്ക് മുമ്പ്, സിക്കിം അതിന്റെ ഭാവിക്കായി ഒരു ജനാധിപത്യ പാത തെരഞ്ഞെടുത്തു. സിക്കിമിലെ ജനങ്ങൾ ഭാരതത്തിന്റെ ഭൂമിശാസ്ത്രവുമായി മാത്രമല്ല, അതിന്റെ ആത്മാവുമായും ബന്ധപ്പെടാൻ ആഗ്രഹിച്ചിരുന്നു. എല്ലാ ശബ്ദങ്ങളും കേൾക്കുകയും എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുകയും ചെയ്യുമ്പോൾ, വികസനത്തിനുള്ള തുല്യ അവസരങ്ങൾ ഉറപ്പാക്കപ്പെടുമെന്ന ആഴത്തിലുള്ള ബോധ്യമുണ്ടായിരുന്നു. ഇന്ന്, എല്ലാ സിക്കിം കുടുംബങ്ങളുടെയും ആത്മവിശ്വാസം കൂടുതൽ ശക്തമായി എന്ന് എനിക്ക് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. സിക്കിമിന്റെ ശ്രദ്ധേയമായ പുരോഗതിയിലൂടെ ഈ വിശ്വാസത്തിന്റെ ഫലങ്ങൾ രാജ്യം കണ്ടിട്ടുണ്ട്. ഇന്ന്, സിക്കിം ഭാരതത്തിന്റെ അഭിമാനമാണ്. ഈ അമ്പത് വർഷത്തിനിടയിൽ, പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന വികസനത്തിന്റെ ഒരു മാതൃകയായി സിക്കിം മാറിയിരിക്കുന്നു. ജൈവവൈവിധ്യത്തിന്റെ വിശാലമായ പൂന്തോട്ടമായി അത് വികസിച്ചു. 100% ജൈവ സംസ്ഥാനം എന്ന ബഹുമതി അത് നേടിയിട്ടുണ്ട്. സാംസ്കാരികവും പൈതൃകപരവുമായ വികസനത്തിന്റെ തിളങ്ങുന്ന പ്രതീകമായി അത് ഉയർന്നുവന്നിട്ടുണ്ട്. ഇന്ന്, ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് സിക്കിം. ഈ നേട്ടങ്ങളെല്ലാം സിക്കിമിലെ ജനങ്ങളുടെ കഠിനാധ്വാനത്തിന്റെയും ഐക്യത്തിന്റെയും ഫലമാണ്. ഈ അഞ്ച് ദശകങ്ങളിൽ, ഇന്ത്യൻ ആകാശത്തെ ശോഭിപ്പിച്ചുകൊണ്ട് സിക്കിമിൽ നിന്ന് നിരവധി തിളക്കമുള്ള നക്ഷത്രങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തെയും വളർച്ചയെയും സമ്പന്നമാക്കുന്നതിൽ ഇവിടുത്തെ ഓരോ സമൂഹവും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
2014-ൽ അധികാരമേറ്റ ശേഷം ഞാൻ പ്രഖ്യാപിച്ചു - സബ്കാ സാത്ത്, സബ്കാ വികാസ്. ഒരു വികസിത ഭാരതം കെട്ടിപ്പടുക്കുന്നതിന് രാജ്യത്തുടനീളമുള്ള സന്തുലിത വികസനം നിർണായകമാണ്. വികസനം ഒരു പ്രദേശത്ത് മാത്രം ഒതുങ്ങി നിൽക്കരുത്, മറ്റ് പ്രദേശങ്ങൾ പിന്നിലാക്കരുത്. ഭാരതത്തിലെ ഓരോ സംസ്ഥാനത്തിനും പ്രദേശത്തിനും അതിന്റേതായ സവിശേഷമായ ശക്തികളുണ്ട്. ഈ ദർശനത്താൽ നയിക്കപ്പെട്ട്, കഴിഞ്ഞ ദശകത്തിൽ, നമ്മുടെ ഗവൺമെൻ്റ് വടക്കുകിഴക്കൻ മേഖലയെ വികസനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവന്നു. 'ആക്റ്റ് ഫാസ്റ്റ്' എന്ന മനോഭാവത്താൽ നയിക്കപ്പെടുന്ന 'ആക്റ്റ് ഈസ്റ്റ്' എന്ന ദൃഢനിശ്ചയത്തോടെയാണ് ഞങ്ങൾ മുന്നേറുന്നത്. അടുത്തിടെ, ഡൽഹിയിൽ വടക്കുകിഴക്കൻ നിക്ഷേപ ഉച്ചകോടി നടന്നു. രാജ്യത്തുടനീളമുള്ള പ്രധാന വ്യവസായികളും നിക്ഷേപകരും പങ്കെടുത്തു. സിക്കിം ഉൾപ്പെടെ വടക്കുകിഴക്കൻ മേഖലയിലുടനീളം അവർ ഗണ്യമായ നിക്ഷേപങ്ങൾ പ്രഖ്യാപിച്ചു. വരും വർഷങ്ങളിൽ സിക്കിമിലെയും വിശാലമായ വടക്കുകിഴക്കൻ മേഖലയിലെയും യുവാക്കൾക്ക് ഗണ്യമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ഇത് വാഗ്ദാനം ചെയ്യുന്നു.
സുഹൃത്തുക്കളെ,
ഇന്നത്തെ പരിപാടി സിക്കിമിന്റെ ഭാവി യാത്രയിലേക്കുള്ള ഒരു നേർക്കാഴ്ച കൂടിയാണ് നൽകുന്നത്. സംസ്ഥാനവുമായി ബന്ധപ്പെട്ട നിരവധി വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യപ്പെടുകയോ തറക്കല്ലിടപ്പെടുകയോ ചെയ്തിട്ടുണ്ട്. ആരോഗ്യ സംരക്ഷണം, ടൂറിസം, സംസ്കാരം, കായികം എന്നീ മേഖലകളിലെ സൗകര്യങ്ങൾ ഈ പദ്ധതികൾ മെച്ചപ്പെടുത്തും. ഈ സുപ്രധാന സംരംഭങ്ങളുടെ ആരംഭത്തിന് നിങ്ങൾക്കെല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ.
സുഹൃത്തുക്കളെ,
സിക്കിം ഉൾപ്പെടെയുള്ള മുഴുവൻ വടക്കുകിഴക്കൻ മേഖലയും പുതിയൊരു ഭാരതത്തിന്റെ വികസനത്തിന്റെ ആഖ്യാനത്തിലെ തിളക്കമാർന്ന അധ്യായമായി അതിവേഗം മാറിക്കൊണ്ടിരിക്കുന്നു. ഒരുകാലത്ത് ഡൽഹിയിൽ നിന്നുള്ള ഭൂമിശാസ്ത്രപരമായ അകലം പുരോഗതിക്ക് തടസ്സമായിരുന്നെങ്കിൽ, ഇപ്പോൾ അവസരങ്ങളുടെ പുതിയ വഴികൾ തുറക്കപ്പെടുന്നു. ഈ പരിവർത്തനത്തിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉത്തേജകം കണക്റ്റിവിറ്റിയിലെ പുരോഗതിയാണ് - നിങ്ങൾ എല്ലാവരും വ്യക്തിപരമായി കണ്ട മാറ്റം.
വിദ്യാഭ്യാസം, വൈദ്യചികിത്സ, തൊഴിൽ എന്നിവയ്ക്കായി യാത്ര ചെയ്യുന്നത് ഒരു വലിയ വെല്ലുവിളിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ പത്ത് വർഷത്തിനിടെ സ്ഥിതിഗതികൾ ഗണ്യമായി മാറി. ഈ കാലയളവിൽ, സിക്കിമിൽ ഏകദേശം 400 കിലോമീറ്റർ പുതിയ ദേശീയ പാതകൾ നിർമ്മിക്കപ്പെട്ടു. നൂറുകണക്കിന് കിലോമീറ്റർ ഗ്രാമീണ റോഡുകൾ നിർമ്മിക്കപ്പെട്ടു. അടൽ സേതു സിക്കിമിനും ഡാർജിലിംഗിനും ഇടയിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തി. സിക്കിമിനെ കലിംപോങ്ങുമായി ബന്ധിപ്പിക്കുന്ന റോഡിലും ദ്രുതഗതിയിലുള്ള പുരോഗതി ഉണ്ടായിക്കൊണ്ടിരിക്കുന്നു. മാത്രമല്ല, ബാഗ്ഡോഗ്ര-ഗാങ്‌ടോക്ക് എക്‌സ്‌പ്രസ്‌വേയുടെ വികസനത്തോടെ സിക്കിമിലേക്കുള്ള യാത്ര കൂടുതൽ സൗകര്യപ്രദമാകും. സമീപഭാവിയിൽ, ഈ റൂട്ട് ഗോരഖ്പൂർ-സിലിഗുരി എക്‌സ്‌പ്രസ്‌വേയുമായി ബന്ധിപ്പിക്കും.
സുഹൃത്തുക്കളെ,
ഇന്ന്, ഓരോ വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെയും തലസ്ഥാന നഗരത്തെ ദേശീയ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള പ്രചാരണം അതിവേഗം പുരോഗമിക്കുകയാണ്. സെവോക്-റാങ്‌പോ റെയിൽവേ ലൈൻ ഉടൻ തന്നെ സിക്കിമിനെ ഈ ശൃംഖലയുമായി ബന്ധിപ്പിക്കും. റോഡുകൾ നിർമ്മിക്കുന്നത് സാധ്യമല്ലാത്ത പ്രദേശങ്ങളിൽ, റോപ്പ്‌വേകൾ സ്ഥാപിക്കുന്നതിനും ഞങ്ങൾ പ്രവർത്തിക്കുന്നു. കുറച്ചു കാലം മുമ്പ്, അത്തരമൊരു റോപ്പ്‌വേ പദ്ധതി ഉദ്ഘാടനം ചെയ്തു, ഇത് സിക്കിമിലെ ജനങ്ങളുടെ സൗകര്യം ഗണ്യമായി മെച്ചപ്പെടുത്തും.
സുഹൃത്തുക്കളെ,
കഴിഞ്ഞ ദശകത്തിൽ, ഭാരതം പുതുക്കിയ ദൃഢനിശ്ചയത്തോടെയും പുതിയ അഭിലാഷങ്ങളോടെയും മുന്നേറുകയാണ്. ആരോഗ്യ സംരക്ഷണം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യമാണ് നമ്മുടെ ഏറ്റവും ഉയർന്ന മുൻഗണനകളിൽ ഒന്ന്. കഴിഞ്ഞ 10 മുതൽ 11 വർഷത്തിനുള്ളിൽ, രാജ്യത്തുടനീളമുള്ള എല്ലാ സംസ്ഥാനങ്ങളിലും പ്രധാന ആശുപത്രികൾ സ്ഥാപിക്കപ്പെട്ടു. എയിംസ് സ്ഥാപനങ്ങളും മെഡിക്കൽ കോളേജുകളും ഗണ്യമായ വളർച്ച കൈവരിച്ചു. ഇന്ന്, നിങ്ങളുടെ പ്രയോജനത്തിനായി 500 കിടക്കകളുള്ള ഒരു ആശുപത്രി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെട്ടു. ഏറ്റവും ദരിദ്ര കുടുംബങ്ങൾക്ക് പോലും ഗുണനിലവാരമുള്ള ചികിത്സ ലഭ്യമാകുമെന്ന് ഈ ആശുപത്രി ഉറപ്പാക്കും.
സുഹൃത്തുക്കളെ,
ഒരു വശത്ത്, നമ്മുടെ ഗവൺമെൻ്റ് ആശുപത്രികൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മറുവശത്ത്, താങ്ങാനാവുന്നതും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിന് ഗവൺമെൻ്റ് പ്രതിജ്ഞാബദ്ധമാണ്. ആയുഷ്മാൻ ഭാരത് പദ്ധതി പ്രകാരം, സിക്കിമിൽ നിന്നുള്ള 25,000-ത്തിലധികം ആളുകൾക്ക് സൗജന്യ വൈദ്യചികിത്സ ലഭിച്ചു. ഇപ്പോൾ, രാജ്യത്തുടനീളമുള്ള 70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ മുതിർന്ന പൗരന്മാർക്കും 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയ്ക്ക് അർഹതയുണ്ട്. ഇനി മുതൽ, സിക്കിമിലെ ഒരു കുടുംബവും അവരുടെ പ്രായമായ പ്രിയപ്പെട്ടവരുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് വിഷമിക്കേണ്ടതില്ല - ഞങ്ങളുടെ ഗവൺമെൻ്റ് അവരുടെ ചികിത്സ ഏറ്റെടുക്കും.
സുഹൃത്തുക്കളെ,
ഒരു 'വികസിത ഭാരതം' അഥവാ വികസിത ഇന്ത്യ നാല് ശക്തമായ സ്തംഭംങ്ങളിലാണ് കെട്ടിപ്പടുക്കപ്പെടുന്നത്: ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ. ഇന്ന്, രാഷ്ട്രം ഈ സ്തംഭംങ്ങളെ നിരന്തരം ശക്തിപ്പെടുത്തുകയാണ്. ഈ പ്രത്യേക അവസരത്തിൽ, സിക്കിമിലെ കർഷകരെ ഞാൻ പൂർണ്ണഹൃദയത്തോടെ അഭിനന്ദിക്കുന്നു. കൃഷിയിൽ ഭാരതം ഒരു പുതിയ പ്രവണതയ്ക്ക് സാക്ഷ്യം വഹിക്കുകയാണ്, സിക്കിം അതിന് വഴിയൊരുക്കുന്നു. സിക്കിമിൽ നിന്നുള്ള ജൈവ ഉൽപ്പന്നങ്ങളുടെ കയറ്റുമതിയും വർദ്ധിച്ചുവരികയാണ്. അടുത്തിടെ, പ്രശസ്തമായ 'ഡല്ലെ ഖുർസാനി' മുളക് ആദ്യമായി കയറ്റുമതി ചെയ്യാൻ തുടങ്ങി. മാർച്ചിൽ, ആദ്യ ചരക്ക് വിദേശത്തേക്ക് അയച്ചു. ഭാവിയിൽ, സിക്കിമിൽ നിന്നുള്ള അത്തരം നിരവധി ഉൽപ്പന്നങ്ങൾ അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യും. ഇത് സാധ്യമാക്കുന്നതിന് സംസ്ഥാന ഗവണ്മെൻ്റിൻ്റെ ശ്രമങ്ങളുമായി കേന്ദ്ര ഗവണ്മെൻ്റ് അടുത്ത ഏകോപനത്തോടെ പ്രവർത്തിക്കുന്നു.
സുഹൃത്തുക്കളെ,
സിക്കിമിന്റെ ജൈവ ഉൽപന്നങ്ങൾ സമ്പന്നമാക്കുന്നതിന് കേന്ദ്ര ഗവണ്മെൻ്റ് മറ്റൊരു സുപ്രധാന നടപടി സ്വീകരിച്ചു. രാജ്യത്തെ ആദ്യത്തെ ജൈവ മത്സ്യബന്ധന ക്ലസ്റ്റർ സോറെങ് ജില്ലയിൽ വികസിപ്പിക്കുന്നു. ഇത് സിക്കിമിന് ദേശീയമായും ആഗോളമായും ഒരു പുതിയ സ്വത്വം നൽകും. ജൈവ കൃഷിക്ക് പുറമേ, സിക്കിം ഇപ്പോൾ ജൈവ മത്സ്യകൃഷിക്കും അംഗീകരിക്കപ്പെടും. ലോകമെമ്പാടും ജൈവ മത്സ്യങ്ങൾക്കും മത്സ്യ ഉൽപന്നങ്ങൾക്കും വർദ്ധിച്ചുവരുന്ന ആവശ്യകതയുണ്ട്. ഈ വികസനം സിക്കിമിലെ യുവാക്കൾക്ക് മത്സ്യകൃഷിയിൽ പുതിയ വഴികൾ തുറക്കും.
സുഹൃത്തുക്കളെ,
ഏതാനും ദിവസങ്ങൾക്ക് മുമ്പ്, നീതി ആയോഗിന്റെ ഭരണസമിതി ഡൽഹിയിൽ യോഗം ചേർന്നു. യോഗത്തിൽ, ഓരോ സംസ്ഥാനവും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്ന് ഞാൻ ഊന്നിപ്പറഞ്ഞു. സിക്കിം ഒരു ഹിൽ സ്റ്റേഷൻ എന്ന നിലയിൽ മാത്രമല്ല, ആഗോള ടൂറിസം കേന്ദ്രമായും മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. സിക്കിമിന്റെ സാധ്യതകൾ സമാനതകളില്ലാത്തതാണ്. ഇതൊരു സമ്പൂർണ്ണ ടൂറിസം പാക്കേജാണ്. പ്രകൃതി സൗന്ദര്യവും ആത്മീയ പൈതൃകവും ഇവിടെയുണ്ട്. തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, പർവതങ്ങൾ, പ്രശാന്തമായ ബുദ്ധ വിഹാരങ്ങൾ എന്നിവയാൽ, സിക്കിം ഒരു സമഗ്രമായ അനുഭവം പ്രദാനം ചെയ്യുന്നു. യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ കാഞ്ചൻജംഗ ദേശീയോദ്യാനം ഭാരതത്തിന്റെ നിധി മാത്രമല്ല, മുഴുവൻ ലോകത്തിന്റെയും അഭിമാനമാണ്.
ഇന്ന്, ഒരു പുതിയ സ്കൈവാക്ക് നിർമ്മിക്കപ്പെടുമ്പോൾ, സുവർണ്ണ ജൂബിലി പദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുകയും അടൽ ജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെടുകയും ചെയ്യുന്നു - ഈ വികസനങ്ങൾ ഓരോന്നും ഒരു പുതിയ ചക്രവാളത്തിനായുള്ള സിക്കിമിന്റെ അഭിലാഷങ്ങളെ പ്രതീകപ്പെടുത്തുന്നു.
സുഹൃത്തുക്കളെ,
സാഹസിക, കായിക ടൂറിസത്തിന് സിക്കിമിന് വലിയ സാധ്യതകളുണ്ട്. ട്രെക്കിംഗ്, മൗണ്ടൻ ബൈക്കിംഗ്, ഉയർന്ന ഉയരത്തിലുള്ള പരിശീലനം തുടങ്ങിയ പ്രവർത്തനങ്ങൾ ഇവിടെ എളുപ്പത്തിൽ സാധ്യമാകും. കോൺഫറൻസ് ടൂറിസം, ക്ഷേമ ടൂറിസം, കൺസേർട്ട് ടൂറിസം എന്നിവയുടെ കേന്ദ്രമായി സിക്കിം വികസിക്കുന്നത് ഞങ്ങൾ വിഭാവനം ചെയ്യുന്നു. സുവർണ്ണ ജൂബിലി കൺവെൻഷൻ സെന്റർ ഈ ദിശയിലുള്ള ഒരു ചുവടുവയ്പ്പാണ് - ഭാവിയിലേക്കുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകളുടെ ഭാഗമാണിത്.
ലോകമെമ്പാടുമുള്ള പ്രശസ്തരായ കലാകാരന്മാർ ഗാങ്‌ടോക്കിന്റെ മനോഹരമായ താഴ്‌വരകളിൽ തങ്ങളുടെ പ്രകടനം അവതരിപ്പിക്കാൻ വരുന്ന ഒരു ദിവസം ഞാൻ വിഭാവനം ചെയ്യുന്നു, ലോകം ഇങ്ങനെ പ്രഖ്യാപിക്കുന്നു: "പ്രകൃതിയും സംസ്കാരവും എവിടെയെങ്കിലും പൂർണ്ണമായ ഐക്യത്തിൽ നിലനിൽക്കുന്നുണ്ടെങ്കിൽ, അത് നമ്മുടെ സിക്കിമിലാണ്!"
സുഹൃത്തുക്കളെ,
ലോകത്തിന് അതിന്റെ കഴിവുകൾ കാണാനും അതിന്റെ അപാരമായ സാധ്യതകളെ അഭിനന്ദിക്കാനും വേണ്ടി, ജി-20 ഉച്ചകോടി യോഗങ്ങൾ വടക്കുകിഴക്കൻ മേഖലയിലേക്ക് ഞങ്ങൾ കൊണ്ടുവന്നു. സിക്കിമിലെ എൻഡിഎ ഗവണ്മെൻ്റ് ഈ ദർശനം വേഗത്തിൽ യാഥാർത്ഥ്യമാക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്.
സുഹൃത്തുക്കളെ,
ഇന്ന്, ലോകത്തിലെ മുൻനിര സാമ്പത്തിക ശക്തികളിൽ ഒന്നാണ് ഭാരതം. വരും വർഷങ്ങളിൽ, ഭാരതം ഒരു കായിക സൂപ്പർ പവറായി മാറാൻ പോകുന്നു. ഈ അഭിലാഷം സാക്ഷാത്കരിക്കുന്നതിൽ, വടക്കുകിഴക്കൻ മേഖലയിലെ യുവാക്കൾ - പ്രത്യേകിച്ച് സിക്കിമിലെ - നിർണായക പങ്ക് വഹിക്കും. ഭൈച്ചുങ് ബൂട്ടിയ പോലുള്ള ഫുട്ബോൾ ഇതിഹാസങ്ങളെ സൃഷ്ടിച്ച നാടാണിത്. തരുൺദീപ് റായിയെപ്പോലുള്ള ഒളിമ്പ്യന്മാർ ഉയർന്നുവന്നത് സിക്കിമിൽ നിന്നാണ്. ജസ്‌ലാൽ പ്രധാനെപ്പോലുള്ള അത്‌ലറ്റുകൾ ഭാരതത്തിന് വലിയ കീർത്തി കൊണ്ടുവന്നിട്ടുണ്ട്. ഇപ്പോൾ, സിക്കിമിലെ എല്ലാ ഗ്രാമങ്ങളിൽ നിന്നും എല്ലാ പട്ടണങ്ങളിൽ നിന്നും ചാമ്പ്യന്മാർ ഉയർന്നുവരുന്നത് കാണുക എന്നതാണ് നമ്മുടെ ലക്ഷ്യം. കായികരംഗത്തെ പങ്കാളിത്തത്തിനപ്പുറം വിജയത്തിനായുള്ള ദൃഢനിശ്ചയത്തോടെയുള്ള പ്രതിബദ്ധതയിലേക്ക് നാം നീങ്ങണം. ഗാങ്‌ടോക്കിൽ നിലവിൽ നിർമ്മാണത്തിലിരിക്കുന്ന പുതിയ സ്‌പോർട്‌സ് കോംപ്ലക്‌സ് വരും വർഷങ്ങളിൽ ഭാവി ചാമ്പ്യന്മാർക്കുള്ള കളിത്തൊട്ടിലായിരിക്കും. 'ഖേലോ ഇന്ത്യ' സംരംഭത്തിന് കീഴിൽ സിക്കിമിന് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. എല്ലാ തലങ്ങളിലും പിന്തുണ നൽകുന്നു - പ്രതിഭകളെ തിരിച്ചറിയുന്നത് മുതൽ പരിശീലനം, സാങ്കേതികവിദ്യ, മത്സര അവസരങ്ങൾ എന്നിവ നൽകുന്നതുവരെ. സിക്കിമിലെ യുവാക്കൾക്കിടയിലുള്ള ഈ ഊർജ്ജസ്വലമായ ഉത്സാഹവും ആവേശവും ഒളിമ്പിക് പോഡിയത്തിൽ ഭാരതത്തിന്റെ സ്ഥാനം ഉറപ്പാക്കാൻ സഹായിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
സുഹൃത്തുക്കളെ,
സിക്കിമിലെ നിങ്ങൾക്കെല്ലാവർക്കും ടൂറിസത്തിന്റെ ശക്തിയെക്കുറിച്ച് പൂർണ്ണമായി അറിയാം. ടൂറിസം എന്നത് വെറുമൊരു വിനോദോപാധിയല്ല; അത് നമ്മുടെ വൈവിധ്യത്തിന്റെ ആഘോഷമാണ്. എന്നിരുന്നാലും, പഹൽഗാമിൽ തീവ്രവാദികൾ നടത്തിയ ഹീനമായ പ്രവൃത്തി ഇന്ത്യൻ പൗരന്മാർക്കെതിരായ ഒരു ആക്രമണം മാത്രമായിരുന്നില്ല - അത് മനുഷ്യത്വത്തിന്റെ ആത്മാവിനു നേരെയുള്ള ഒരു ആക്രമണമായിരുന്നു, ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ആത്മാവിന് നേരെയുള്ള ഒരു പ്രഹരമായിരുന്നു.
തീവ്രവാദികൾ നിരവധി കുടുംബങ്ങളുടെ ജീവിതം നശിപ്പിക്കുക മാത്രമല്ല, ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കാനും ഗൂഢാലോചന നടത്തി. എന്നാൽ ഇന്ന്, ഭാരതം മുമ്പെന്നത്തേക്കാളും കൂടുതൽ ഐക്യത്തോടെയിരിക്കുന്നുവെന്ന് ലോകത്തിന് വ്യക്തമായി കാണാൻ കഴിയും. നമ്മുടെ ഐക്യത്തിലൂടെ, തീവ്രവാദികൾക്കും അവരെ പിന്തുണയ്ക്കുന്നവർക്കും നാം ഉറച്ചതും വ്യക്തവുമായ ഒരു സന്ദേശം നൽകി.
നമ്മുടെ പെൺമക്കളുടെ നെറ്റിയിലെ സിന്ദൂരം തുടച്ചുകൊണ്ട് അവർ ജീവിതം തകർത്തു, പക്ഷേ നാം ഓപ്പറേഷൻ സിന്ദൂറിലൂടെ പ്രതികരിച്ചു - അവരുടെ ക്രൂരതയ്ക്കുള്ള നിർണായകവും ശക്തവുമായ മറുപടി.
സുഹൃത്തുക്കളെ,
ഭീകര താവളങ്ങൾ നശിപ്പിച്ചതിൽ പ്രകോപിതരായ പാകിസ്ഥാൻ, നമ്മുടെ പൗരന്മാരെയും സൈനികരെയും ലക്ഷ്യമിട്ട് തിരിച്ചടിക്കാൻ ശ്രമിച്ചു. അതിൽ പോലും പാകിസ്ഥാന്റെ ഇരട്ടത്താപ്പ് തുറന്ന് പ്രകടമായി. പ്രതികരണമായി, അവരുടെ നിരവധി വ്യോമതാവളങ്ങൾ നാം നശിപ്പിച്ചു, ഭാരതത്തിന് എന്ത് കഴിവുണ്ടെന്ന് ലോകത്തിന് കാണിച്ചുകൊടുത്തു - എത്ര വേഗത്തിൽ, എത്ര കൃത്യമായി, എത്ര നിർണ്ണായകമായി നമുക്ക് പ്രവർത്തിക്കാൻ കഴിയും.
സുഹൃത്തുക്കളെ,
സിക്കിം സംസ്ഥാന രൂപീകരണത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുന്ന ഈ അവസരം നമുക്കെല്ലാവർക്കും പ്രചോദനമാണ്. വികസന യാത്ര ഇനി ത്വരിതപ്പെടും. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുന്ന 2047 വർഷമാണ് നമ്മുടെ മുന്നിലുള്ളത്.
അതേസമയം തന്നെ, ഇന്ത്യൻ യൂണിയനിൽ ചേർന്നതിൻ്റെ 75-ാം വാർഷികം സിക്കിം ആഘോഷിക്കും. അതിനാൽ, ഇന്ന് നമ്മുടെ കൂട്ടായ ലക്ഷ്യം നിശ്ചയിക്കേണ്ട നിമിഷമാണ്: ആ 75 വർഷത്തെ നാഴികക്കല്ലിൽ സിക്കിമിനായി നമ്മൾ എന്ത് ദർശനം പുലർത്തുന്നു? ഏതുതരം സിക്കിമിനെയാണ് നമ്മൾ കാണാൻ ആഗ്രഹിക്കുന്നത്? അടുത്ത 25 വർഷത്തേക്ക് നമ്മൾ ഒരു മാർഗ രേഖ - ഘട്ടം ഘട്ടമായി - രൂപപ്പെടുത്തണം. നമ്മുടെ പുരോഗതി ഇടയ്ക്കിടെ വിലയിരുത്തണം, ഇനിയും സഞ്ചരിക്കേണ്ട ദൂരം അളക്കണം, നാം മുന്നേറേണ്ട വേഗത നിർണ്ണയിക്കണം. പുതുക്കിയ ധൈര്യത്തോടെയും, പുതിയ ഉത്സാഹത്തോടെയും, അതിരുകളില്ലാത്ത ഊർജ്ജത്തോടെയും നാം മുന്നോട്ട് പോകണം. സിക്കിമിന്റെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച വർദ്ധിപ്പിക്കണം. സിക്കിമിനെ ഒരു ക്ഷേമ സംസ്ഥാനമാക്കി മാറ്റാൻ നാം പരിശ്രമിക്കണം. ഈ ലക്ഷ്യത്തിൽ, നമ്മുടെ യുവാക്കൾ കേന്ദ്രീകൃതമായിരിക്കണം - അവർക്ക് വിപുലമായ അവസരങ്ങൾ നൽകണം. പ്രാദേശിക ആവശ്യങ്ങളും ആഗോള ആവശ്യങ്ങളും നിറവേറ്റുന്നതിന് സിക്കിമിലെ യുവാക്കളെ നാം തയ്യാറാക്കണം. അതിനായി, യുവാക്കൾക്ക് ഉയർന്ന അന്താരാഷ്ട്ര ഡിമാൻഡ് ഉള്ള മേഖലകളിൽ നൈപുണ്യ വികസനത്തിന് പുതിയ അവസരങ്ങൾ നാം സ്ഥാപിക്കണം.
സുഹൃത്തുക്കളെ,
അടുത്ത 25 വർഷത്തിനുള്ളിൽ സിക്കിമിനെ വികസനത്തിന്റെയും പൈതൃകത്തിന്റെയും ആഗോള അംഗീകാരത്തിന്റെയും കൊടുമുടിയിലേക്ക് ഉയർത്തുമെന്ന് നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാം. ഭാരതത്തിന് മാത്രമല്ല, മുഴുവൻ ലോകത്തിനും വേണ്ടി സിക്കിം ഒരു ഹരിത മാതൃകാ സംസ്ഥാനമായി മാറണമെന്നാണ് നമ്മുടെ ആഗ്രഹം. ഓരോ പൗരനും ഉറച്ച മേൽക്കൂരയ്ക്ക് കീഴിൽ താമസിക്കുന്ന ഒരു സംസ്ഥാനം; ഓരോ വീട്ടിലും സൗരോർജ്ജത്താൽ ഊർജ്ജം ലഭിക്കുന്ന ഒരു സംസ്ഥാനം; കാർഷിക-സ്റ്റാർട്ടപ്പുകളിലും ടൂറിസം സ്റ്റാർട്ടപ്പുകളിലും നേതൃത്വം നൽകുന്ന ഒരു സംസ്ഥാനം, ജൈവ ഉൽപന്നങ്ങളുടെ കയറ്റുമതിക്ക് ആഗോള അംഗീകാരം നേടുന്ന ഒരു സംസ്ഥാനം. ഓരോ പൗരനും ഡിജിറ്റൽ ഇടപാടുകളിൽ ഏർപ്പെടുന്ന ഒരു സംസ്ഥാനം; മാലിന്യത്തെ സമ്പത്താക്കി മാറ്റുന്നതിലൂടെ നമ്മുടെ സ്വത്വം പുതിയ ഉയരങ്ങളിലേക്ക് ഉയർത്തുന്ന ഒരു സംസ്ഥാനം. അടുത്ത 25 വർഷങ്ങൾ ഇവയും മറ്റ് നിരവധി അഭിലാഷങ്ങളും സാക്ഷാത്കരിക്കാനുള്ള സമയമാണ് - ആഗോളതലത്തിൽ സിക്കിമിനെ അഭൂതപൂർവമായ ഉയരങ്ങളിലേക്ക് നയിക്കുന്നതിന്. ഈ ദൃഢനിശ്ചയത്തോടെ നമുക്ക് മുന്നോട്ട് പോകാം, ഈ മനോഭാവത്തിൽ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുന്നത് തുടരാം.
ഭാരതത്തിലെ ജനങ്ങളുടെ പേരിൽ, ഈ സുപ്രധാന അവസരത്തിൽ, 50 വർഷത്തെ ഈ സുപ്രധാന നാഴികക്കല്ലിൽ സിക്കിമിലെ എല്ലാ ജനങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ നേരുന്നു.
വളരെ നന്ദി!
-SK-
(Release ID: 2136573)
Read this release in:
Odia
,
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada