ആയുഷ്‌
azadi ka amrit mahotsav

2025-ലെ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിനൊരുങ്ങി വിശാഖപട്ടണം: സുപ്രധാന അവലോകന യോഗം ചേര്‍ന്ന് മുതിർന്ന ഉദ്യോഗസ്ഥർ

Posted On: 15 JUN 2025 1:26PM by PIB Thiruvananthpuram
അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ദശാബ്ദമാഘോഷിക്കാന്‍ ഇന്ത്യ ഒരുങ്ങവെ പതിനൊന്നാം പതിപ്പിന്റെ ദേശീയ ആതിഥേയ നഗരമായി തിരഞ്ഞെടുക്കപ്പെട്ട വിശാഖപട്ടണത്ത് സമഗ്ര മേഖലാ സന്ദർശനം നടത്തിയ ആയുഷ് മന്ത്രാലയത്തിലെയും ആന്ധ്രാപ്രദേശ് സർക്കാരിലെയും മുതിർന്ന ഉദ്യോഗസ്ഥര്‍ ഉന്നതതല അവലോകന യോഗം ചേര്‍ന്നു.  അവസാന തലങ്ങളിലെ വ്യക്തികളിലേക്കുവരെ യോഗ എത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ വ്യക്തമായ ആഹ്വാനത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യമെങ്ങും തയ്യാറെടുപ്പുകൾ ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തിലാണ് അവലോകനയോഗം.


ആയുഷ് മന്ത്രാലയം സെക്രട്ടറി വൈദ്യ രാജേഷ് കൊടേച്ച, ആന്ധ്രാപ്രദേശ്  സ്പെഷ്യൽ ചീഫ് സെക്രട്ടറി ശ്രീ കെ. വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അടിസ്ഥാനതല പരിശോധനയിൽ ആയുഷ് മന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീമതി മോണാലിസ ദാഷ്, ജില്ലാ കലക്ടർ എം.എൻ. ഹരേന്ധിര പ്രസാദ് എന്നിവര്‍ക്കു പുറമെ  ആരോഗ്യം, നഗരാസൂത്രണം, ആയുഷ്, വി.എം.ആർ.ഡി.എ തുടങ്ങിയ പ്രധാന വകുപ്പ് മേധാവികളും പങ്കെടുത്തു. ആർ.കെ. ബീച്ച്, ഋഷികൊണ്ട ബീച്ച്, ആന്ധ്ര സർവകലാശാല, ഗീതം സർവകലാശാല തുടങ്ങിയ പ്രധാന വേദികളിലേക്ക് നടത്തിയ സംയുക്ത സന്ദർശനം പരിപാടിയുടെ ആസൂത്രണ വ്യാപ്തിയും ഗൗരവവും അടിവരയിടുന്നു. ഈ വേദികൾ പ്രധാന യോഗ പ്രകടനത്തിന് ആതിഥേയത്വം വഹിക്കുന്നതിനൊപ്പം യോഗയെ  ജനകേന്ദ്രീകൃത പ്രസ്ഥാനമായി കാണണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനനുസൃതമായി സാംസ്കാരിക - വിദ്യാഭ്യാസ - ക്ഷേമ പ്രവർത്തന കേന്ദ്രങ്ങളായി നിലകൊള്ളും.  

വകുപ്പുകൾ തമ്മിലെ ഏകോപനം, പൊതുജന ഏകോപന തന്ത്രങ്ങൾ, സുരക്ഷാ ചട്ടങ്ങള്‍, സാംസ്കാരിക സംയോജനം എന്നിവയെക്കുറിച്ച് അവലോകന വേളയിൽ വിശദമായി ചര്‍ച്ച ചെയ്തു.  യോഗയെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റുകയെന്ന ദേശീയ ലക്ഷ്യവുമായി തയ്യാറെടുപ്പിന്റെ എല്ലാ വശങ്ങളും ചേര്‍ന്നുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കി അടിസ്ഥാന സൗകര്യ - പൊതുജനപങ്കാളിത്ത സജ്ജീകരണങ്ങള്‍ക്ക് പ്രത്യേക ഊന്നൽ നൽകി. കൂട്ടായ ക്ഷേമത്തിന് യോഗ സ്ഥാപനങ്ങളെയും സമൂഹങ്ങളെയും ഒന്നിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന്റെ പ്രതിധ്വനിയായി വിവിധ വകുപ്പുകൾ എങ്ങനെ സഹകരണത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി.

യോഗയെ സംസ്ഥാനത്തുടനീളം രണ്ട് കോടിയിലധികം ജനങ്ങളുടെ ദൈനംദിന പരിശീലനമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ആവിഷ്ക്കരിച്ച "യോഗാന്ധ്ര" സംരംഭമാണ് ആന്ധ്രാപ്രദേശിലെ യോഗ ശ്രമങ്ങളുടെ കാതൽ. സമൂഹങ്ങളെ വലിയ തോതിൽ ഏകോപിപ്പിക്കാന്‍ രൂപകൽപന ചെയ്‌തിരിക്കുന്ന യോഗാന്ധ്രയിൽ ബഹുജന ബോധവൽക്കരണ പ്രവർത്തനങ്ങളും  സ്‌കൂളുകളിലെയും സർവകലാശാലകളിലെയും യോഗ ക്യാമ്പുകളും സാക്ഷ്യപ്പെടുത്തിയ  20 ലക്ഷം യോഗ പരിശീലകരുടെ സംഘം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും ഉൾപ്പെടുന്നു. സംസ്ഥാനത്തുടനീളം ഒരു ലക്ഷം കേന്ദ്രങ്ങളിലെ അന്താരാഷ്ട്ര യോഗ ദിനാഘോഷ ആസൂത്രണവും വിശാഖപട്ടണത്ത് മാത്രം അഞ്ച് ലക്ഷം പേർ പങ്കെടുക്കുമെന്ന പ്രതീക്ഷയും യഥാർത്ഥത്തിൽ   യോഗ എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രാപ്യവും പരിവർത്തനാത്മകവുമാക്കാന്‍ പ്രധാനമന്ത്രി നടത്തിയ ആഹ്വാനത്തിന്റെ ശക്തമായ പ്രതിഫലനമാക്കി മാറ്റുന്നു.

ആന്ധ്രാപ്രദേശ് സർക്കാരിന്റെ മുന്നൊരുക്ക നേതൃത്വത്തെ പ്രശംസിച്ച ആയുഷ് മന്ത്രാലയം,  സംസ്ഥാനത്തിന്റെ അഭിലഷണീയ അടിസ്ഥാനതല ഇടപെടലുകളുടെ മാതൃക ഇന്ത്യൻ പാരമ്പര്യത്തിൽ വേരൂന്നിയ  ആഗോള ക്ഷേമ പ്രചാരണമെന്ന നിലയിൽ അന്താരാഷ്ട്ര യോഗ ദിനാഘോഷത്തിന്റെ വികസിച്ചുവരുന്ന  മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വ്യക്തമാക്കി. ജൂൺ 21 ന് ദിവസങ്ങള്‍  മാത്രം ശേഷിക്കെ   യോഗയിലൂടെ  സമൂഹങ്ങളെ ബന്ധിപ്പിക്കാനും ക്ഷേമം മെച്ചപ്പെടുത്താനും ‘ഏക ഭൂമിയ്ക്കും ഏകാരോഗ്യത്തിനും യോഗ’ എന്ന ദര്‍ശനത്തിലൂന്നിയ ഇന്ത്യയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കാനും എങ്ങനെ  സാധിക്കുന്നുവെന്ന  പ്രദര്‍ശനത്തിന് വിശാഖപട്ടണം സുസജ്ജമാണ്.  
 
*****

(Release ID: 2136563) Visitor Counter : 2