പതിനൊന്നാം അന്താരാഷ്ട്ര യോഗ ദിനത്തിന്റെ (IDY) മുന്നോടിയായി ആയുഷ് മന്ത്രാലയം 2025 ജൂൺ 14-ന് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ 'യോഗ കണക്റ്റ്' എന്ന പേരിൽ ആഗോള ഉച്ചകോടി ഹൈബ്രിഡ് രീതിയിൽ സംഘടിപ്പിക്കുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള യോഗ ഗുരുക്കന്മാർ, നയരൂപകർത്താക്കൾ, ആരോഗ്യ വിദഗ്ധർ, ബിസിനസ്സ് പ്രമുഖർ, ഗവേഷകർ, ആഗോളതലത്തിൽ സ്വാധീനം ചെലുത്തുന്നവർ തുടങ്ങിയവരുടെ ഒരു വിശിഷ്ടമായ സംഗമത്തിന് ഈ ഉച്ചകോടി വേദിയാകും
യോഗ മേഖലയിലെ പരമോന്നത ഗവേഷണ സ്ഥാപനമായ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യോഗ ആൻഡ് നാച്ചുറോപ്പതി (CCRYN) ആണ് പരിപാടി ഏകോപിപ്പിക്കുന്നത്. പ്രമുഖ അന്താരാഷ്ട്ര യോഗ സ്ഥാപനങ്ങളിൽ നിന്നും ആരോഗ്യ ക്ഷേമസമൂഹങ്ങളിൽ നിന്നും 1,000-ത്തിലധികം പേർ നേരിട്ടും വെർച്വൽ രീതിയിലും പങ്കെടുക്കുന്ന രീതിയിൽ ഒരു ഹൈബ്രിഡ് മാതൃകയിലാണ് 'യോഗ കണക്ട്' സംഘടിപ്പിച്ചിരിക്കുന്നത്. ബഹ്റൈൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ദക്ഷിണ കൊറിയ എന്നിവയുൾപ്പെടെ നാലിലധികം രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധർ ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുടെ യോഗ പ്രസ്ഥാനത്തിന്റെ ആഗോള പ്രാധാന്യം പ്രതിഫലിപ്പിച്ചുകൊണ്ട് യോഗ, ആരോഗ്യ സംരക്ഷണം, ഗവേഷണം അല്ലെങ്കിൽ ക്ഷേമം എന്നീ മേഖലകളിലെ വിദഗ്ധരാണ് പങ്കെടുക്കുന്നത്
കഴിഞ്ഞ ദശകത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ സ്വാധീനത്തെക്കുറിച്ച് CCRYN നടത്തിയ രാജ്യവ്യാപക പഠനറിപ്പോർട്ട്- 'യോഗ പ്രഭാവ'യുടെ പ്രകാശനമാണ് ഉച്ചകോടിയുടെ മറ്റൊരു പ്രധാന ആകർഷണം. രാജ്യത്തുടനീളമുള്ള IDY സംരംഭങ്ങളുടെ വിപുലത, ഫലപ്രാപ്തി, പരിവർത്തനാത്മക സ്വാധീനം എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകുന്ന ഈ റിപ്പോർട്ട്, അക്കാദമിക വിദഗ്ധർക്കും ഗവേഷകർക്കും പൊതുജനാരോഗ്യ വിദഗ്ധർക്കും പ്രയോജനകരമാകും.
കൂടാതെ, മൂന്ന് പ്രധാന വൈജ്ഞാനിക ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രകാശനം ചെയ്യും:
•യോഗയുടെ ഒരു ദശാബ്ദകാലത്തെ സ്വാധീനം (ഇ-ബുക്ക്)
•യോഗ ഗവേഷണത്തിന്റെ വ്യാപ്തി സംബന്ധിച്ച വിശകലന റിപ്പോർട്ട്
•ഭാരതീയ വൃക്ഷ വൈഭവം: തദ്ദേശീയ ഇന്ത്യൻ വൃക്ഷങ്ങളുടെ പ്രാധാന്യവും അവയുടെ പ്രസക്തിയും വ്യക്തമാക്കുന്ന ഒരു സചിത്ര ലഘുലേഖ
ഉച്ചകോടിയിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്ന വ്യത്യസ്ത പ്രമേയങ്ങളിലെ സെഷനുകൾ ഉൾപ്പെടുന്നു:
•സംക്രമികേതര രോഗങ്ങൾ തടയുന്നതിനായി യോഗ
• പൊതു യോഗ പ്രോട്ടോക്കോളിനെയും ഐഡിവൈ ആഘോഷങ്ങളുടെ സ്വാധീനം
വിലയിരുത്തുന്നതിനെയും കുറിച്ചുള്ള പഠനങ്ങൾ
•യോഗ-ടെക്: നൂതനാശയങ്ങൾ ഉള്ളവരുടെ അവതരണം
• ഏവർക്കും യോഗ എന്ന കാഴ്ചപ്പാട്
•യോഗയും അതിന്റെ പ്രയോഗസാധ്യതകളും
• യോഗയും വ്യത്യസ്ത ജീവിത ഘട്ടങ്ങളിലുള്ള സ്ത്രീകളുടെ ആരോഗ്യവും
•യോഗ വാണിജ്യവും വ്യവസായവും
സ്വാമി ബാബ രാംദേവ്ജി, ആചാര്യ ബാലകൃഷ്ണജി, എച്ച്ആർ നാഗേന്ദ്രജി, ശ്രീ ബിക്കു സംഘസേന, ശ്രീ ഭരത് ഭൂഷൺജി എന്നിവരുൾപ്പെടെ പ്രമുഖരുടെ പങ്കാളിത്തമാണ് യോഗ കണക്റ്റിന്റെ ഒരു പ്രധാന ആകർഷണം
യോഗയുടെ ഭാവി രൂപപ്പെടുത്തുന്നവരെ പരസ്പരം ഒരുമിച്ച് കൊണ്ടുവരാനുള്ള ഒരു അവസരമാണ് 'യോഗ കണക്ട്'. 2014-ൽ ഐക്യരാഷ്ട്രസഭ,ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചതിന്റെ ഈ ദശാബ്ദം ആഗോള യോഗ പ്രസ്ഥാനത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
ലോകത്തിന് ഇന്ത്യയുടെ സമ്മാനമായി യോഗയെ യുനെസ്കോയും അംഗീകരിച്ചു. ഇതുപോലുള്ള പരിപാടികളിലൂടെ, ആരോഗ്യം, സന്തുലനം,ഒരുമ എന്നിവയുടെ സന്ദേശം ലോകവുമായി പങ്കിടുന്നത് ഇന്ത്യ തുടരുന്നു