വിദ്യാഭ്യാസ മന്ത്രാലയം
azadi ka amrit mahotsav

ആഗോള യുവ ശാസ്ത്രജ്ഞ സമ്മേളനത്തിലും ഗ്ലോബൽ യംഗ് അക്കാദമിയുടെ വാർഷിക പൊതുയോഗത്തിലും ശ്രീ ധർമ്മേന്ദ്ര പ്രധാൻ അധ്യക്ഷത വഹിച്ചു

സഹാനുഭൂതി, ധാർമ്മികത, നീതി എന്നിവയിൽ അധിഷ്ഠിതമായ ശാസ്ത്രത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത് - ശ്രീ ധർമ്മേന്ദ്ര പ്രധാൻ

Posted On: 10 JUN 2025 2:38PM by PIB Thiruvananthpuram
ഇന്ന് ഹൈദരാബാദിലെ IIT-യിൽ നടന്ന യുവ ശാസ്ത്രജ്ഞരുടെ ആഗോള സമ്മേളനത്തിലും ഗ്ലോബൽ യംഗ് അക്കാദമിയുടെ (ജിവൈഎ )വാർഷിക പൊതുയോഗത്തിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ ധർമ്മേന്ദ്ര പ്രധാൻ അധ്യക്ഷത വഹിച്ചു. ഹൈദരാബാദ് IIT ഡയറക്ടർ പ്രൊഫ. ബി.എസ്. മൂർത്തി; ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പ്രസിഡന്റ് പ്രൊഫ. അശുതോഷ് ശർമ്മ; ഐഐടി ഹൈദരാബാദ് ഗവർണേഴ്‌സ് ബോർഡ് ചെയർമാൻ ശ്രീ ബി.വി.ആർ. മോഹൻ റെഡ്ഡി; മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലോകമെമ്പാടുമുള്ള യുവ ശാസ്ത്രജ്ഞരെ ശ്രീ ധർമ്മേന്ദ്ര പ്രധാൻ സ്വാഗതം ചെയ്തു. പരിപാടിയിൽ ജിവൈഎയിൽ പുതിയതായി ചേർക്കപ്പെട്ട 30 അംഗങ്ങളെ ശ്രീ പ്രധാൻ അഭിനന്ദിച്ചു. പരിപാടിക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യയെയും ഐഐടി ഹൈദരാബാദിനെയും തിരഞ്ഞെടുത്തതിന് ഗ്ലോബൽ യംഗ് അക്കാദമിയെ അദ്ദേഹം സന്തോഷം അറിയിച്ചു. സമ്മേളനം ശാസ്ത്രജ്ഞരുടെ ഒത്തുചേരൽ എന്നതിലുപരി പ്രതീക്ഷ, ലക്ഷ്യം, പൊതു ബോധം എന്നിവയെ പ്രതിനിധീകരിക്കുന്ന ഒരു വേദിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

 ഇന്ത്യയ്ക്ക്, വസുധൈവ കുടുംബകം - ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി - എന്നത് കേവലം ഒരു മുദ്രാവാക്യമല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്ന് ശ്രീ പ്രധാൻ പറഞ്ഞു. സഹാനുഭൂതി, ധാർമ്മികത, നീതി എന്നിവയിൽ അധിഷ്ഠിതമായ ശാസ്ത്രത്തിലാണ് ഇന്ത്യ വിശ്വസിക്കുന്നത്. ശാസ്ത്രം പങ്കിടണമെന്നും, പേറ്റന്റുകളല്ല, പങ്കാളിത്തങ്ങളാണ് ഭാവിയെ രൂപപ്പെടുത്തേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ആഗോള ഇടപെടലുകൾ ഈ മൂല്യങ്ങളിൽ വേരൂന്നിയതാണെന്ന് കേന്ദ്രമന്ത്രി എടുത്തുപറഞ്ഞു. അന്താരാഷ്ട്ര സൗരോർജ സഖ്യം, ദുരന്തപ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള സഖ്യം (CDRI), മിഷൻ ലൈഫ്, ഇന്ത്യ സയൻസ് ആൻഡ് റിസർച്ച് ഫെലോഷിപ്പ് തുടങ്ങിയ സംരംഭങ്ങൾ ഇന്ത്യയുടെ വിശ്വ ബന്ധുത്വ - ശാസ്ത്രത്തിലൂടെയുള്ള ആഗോള സൗഹൃദം എന്ന ദർശനത്തിന്റെ പ്രതിഫലനങ്ങളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ശാസ്ത്രജ്ഞർ, നൂതനാശയ വിദഗ്ധർ, നയരൂപകർത്താക്കൾ എന്നിവർ ഒത്തുചേർന്ന് ഏറ്റവും ദുർബലരായ വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനുള്ള  പരിഹാരങ്ങളും ആവാസവ്യവസ്ഥയും സൃഷ്ടിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ അവസരമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ സേവനത്തിനായി അറിവ് പരിവർത്തനം ചെയ്യുന്നതിനുള്ള ഒരു വേദിയായി ഈ സമ്മേളനം വർത്തിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വികസിത ഭാരതമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും മനുഷ്യ കേന്ദ്രീകൃത വികസനം മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യബോധത്തോടെയും സഹാനുഭൂതിയോടെയും സഹകരിച്ച് പ്രവർത്തിക്കാൻ ശ്രീ പ്രധാൻ ശാസ്ത്രജ്ഞരോട് അഭ്യർത്ഥിച്ചു.

ഏക് പേഡ് മാ കേ നാം സംരംഭത്തിന്റെ ഭാഗമായി ശ്രീ പ്രധാൻ, മറ്റ് വിശിഷ്ട വ്യക്തികൾക്കൊപ്പം IIT ഹൈദരാബാദ് കാമ്പസിൽ തൈചെടികൾ നട്ടു. സ്വന്തം അമ്മയെ ആദരിക്കുന്നതിനായി ഒരു മരം നടുക എന്നത് ആഴത്തിലുള്ള സന്ദേശവും മികച്ച സ്വാധീനവുമുളവാക്കുന്ന ഒരു ചെറിയ പ്രവൃത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് കാമ്പസുകളിലുടനീളമുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെ,എല്ലാവരെയും, ഈ ഹരിത പ്രസ്ഥാനത്തിന് നേതൃത്വം നൽകാൻ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. സുസ്ഥിരമായ ഭാവിക്കായി പ്രകൃതിയെ സംരക്ഷിക്കുന്നതിലും പരിപോഷിപ്പിക്കുന്നതിലും മുൻകൈയെടുത്ത് പ്രവർത്തിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഹൈദരാബാദ് (ഐഐടിഎച്ച്), ഗ്ലോബൽ യംഗ് അക്കാദമി (ജിവൈഎ), ഇന്ത്യൻ നാഷണൽ യംഗ് അക്കാദമി ഓഫ് സയൻസ് (ഐഎൻഎസ്എ), ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഐഎൻഎസ്എ) എന്നിവയുമായി സഹകരിച്ച്, 2025 ജൂൺ 8 മുതൽ 14 വരെ, 'ഭാവിദർശകരുടെ സംഗമം: ആഗോള മാറ്റത്തിനായി ശാസ്ത്രത്തെ ശക്തിപ്പെടുത്തൽ' എന്ന ആശയത്തിലൂന്നി യുവ ശാസ്ത്രജ്ഞരുടെ അന്താരാഷ്ട്ര സമ്മേളനം നടത്തുന്നു. ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടി, ഇന്ത്യയിൽ ആദ്യമായാണ് നടക്കുന്നത്. ആഗോള വെല്ലുവിളികൾക്കുള്ള ശാസ്ത്രാധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ അടുത്ത തലമുറയിലെ ആഗോള ശാസ്ത്രസമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള സുപ്രധാന നാഴികക്കല്ലാണ് ഈ സമ്മേളനം. വൈവിധ്യമാർന്നതും സമഗ്രവുമായ പങ്കാളിത്തം സൃഷ്ടിച്ചുകൊണ്ട് 60 രാജ്യങ്ങളിൽ നിന്നുള്ള 135 അന്താരാഷ്ട്ര പ്രതിനിധികളും 65 ദേശീയ പ്രതിനിധികളും ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ആഗോള ശാസ്ത്ര സമൂഹത്തിലെ വളർന്നുവരുന്ന യുവശാസ്ത്രജ്ഞർ തമ്മിൽ ആഴത്തിലുള്ള സംഭാഷണത്തിനും തന്ത്രപരമായ ഇടപെടലിനും സൗകര്യമൊരുക്കുന്ന ഗ്ലോബൽ യംഗ് അക്കാദമിയുടെ (GYA) വാർഷിക പൊതുയോഗവും ഇതോടൊപ്പം നടക്കും.

സമ്മേളനത്തിലെ  ചർച്ചാവിഷയങ്ങൾ ചുവടെ കൊടുക്കുന്നു:

• പരിസ്ഥിതി, സാമൂഹിക, ഭരണനിർവഹണം
• ആഗോള ക്ഷേമത്തിനായി  ആരോഗ്യവും പോഷകാഹാരവും;
• ഇൻഡസ്ട്രി  5.0: മനുഷ്യ-മെഷീൻ ഇടപെടൽ വർദ്ധിപ്പിക്കൽ;
• നൂതനാശയവും സംരംഭകത്വവും: ആഗോള പരിതസ്‌ഥിതി
 
*****

(Release ID: 2135410)