കൃഷി മന്ത്രാലയം
'വികസിത് കൃഷി സങ്കൽപ്പ് അഭിയാന്റെ' അഞ്ചാം ദിവസം, ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ബീഹാറിലെ കർഷകരുമായി ആശയ വിനിമയം നടത്തി
Posted On:
02 JUN 2025 5:30PM by PIB Thiruvananthpuram
'വികസിത് കൃഷി സങ്കൽപ്പ് അഭിയാന്റെ' ഭാഗമായി, കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ,പരിപാടിയുടെ അഞ്ചാം ദിവസം, ബീഹാറിലെ കിഴക്കൻ ചമ്പാരനിലെ പിപ്രകൊത്തിയിലുള്ള കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷകരുമായി സംവദിച്ചു. ഒഡീഷ, ജമ്മു, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരുമായി സംവദിച്ചതിന് പിന്നാലെയാണ്, ശ്രീ ചൗഹാൻ ഇന്ന് ബീഹാറിലെ കർഷക സമൂഹവുമായി ആശയ വിനിമയം നടത്തിയത്.

കിഴക്കൻ ചമ്പാരനിലെ പിപ്രകോത്തിയെ ഒരു പുണ്യഭൂമിയായി സമ്മേളനത്തെ അഭിസംബോധന ചെയ്ത മന്ത്രി വിശേഷിപ്പിച്ചു. സത്യഗ്രഹത്തിന്റെയും അഹിംസയുടെയും ആഴമേറിയ സന്ദേശം മഹാത്മാഗാന്ധി ലോകത്തിന് നൽകിയത് ഈ മണ്ണിൽ നിന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ മേഖലയോടുള്ള അഗാധമായ ആദരം പ്രകടിപ്പിച്ച അദ്ദേഹം മഹാത്മാഗാന്ധിയുടെ ആദർശങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിനും കീഴിൽ, കൃഷി വിജ്ഞാന കേന്ദ്രം സ്ഥാപിക്കുന്നതുൾപ്പെടെ നിരവധി സംരംഭങ്ങൾ ഇവിടുത്തെ കാർഷിക പുരോഗതിക്ക് കാരണമായിട്ടുണ്ടെന്ന് പറഞ്ഞു. തദ്ദേശീയ കർഷകരെ ബ്രിട്ടീഷുകാർ അടിച്ചമർത്തിയപ്പോൾ നീതിക്കുവേണ്ടിയുള്ള ഒരു യുദ്ധക്കളമായി ഈ ഭൂമി മാറിയതെങ്ങനെയെന്നും ഇവിടെ നിന്നും ഗാന്ധിജി ആഹ്വാനം ചെയ്ത പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് അടിത്തറ പാകിയതെപ്രകാരമെന്നും അദ്ദേഹം അനുസ്മരിച്ചു.

കൃഷി മന്ത്രി എന്നതിന്റെ യഥാർത്ഥ അർത്ഥം കർഷകരുടെ പ്രധാന സേവകനാകുക എന്നതാണെന്ന് ശ്രീ ചൗഹാൻ വ്യക്തമാക്കി. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് കൃഷിഎന്നും കർഷകർ അതിന്റെ ആത്മാവാണ് എന്നും അദ്ദേഹം പറഞ്ഞു. ആധുനികമായ കൃഷിരീതിയിലൂടെയും അഭിവൃദ്ധി പ്രാപിച്ച കർഷകരിലൂടെയും മാത്രമേ വികസിത ഇന്ത്യയെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനം സാക്ഷാത്കരിക്കാൻ കഴിയൂ എന്നും ഈ ദൗത്യത്തിൽ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം പ്രസ്താവിച്ചു. 48 മണിക്കൂറിനുള്ളിൽ പഴങ്ങൾ നശിച്ചുപോകുന്നതിലൂടെ നഷ്ടം നേരിടുന്നത് സംബന്ധിച്ച് ലിച്ചി കർഷകർ ഉന്നയിച്ച ആശങ്കയെപ്പറ്റി കർഷകരുമായി അദ്ദേഹം പ്രത്യേകമായി സംവദിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ ഉചിതമായ നടപടികൾ ഗവൺമെന്റ് സ്വീകരിക്കുമെന്ന് അദ്ദേഹം അവർക്ക് ഉറപ്പ് നൽകി.കർഷകർക്ക് ന്യായമായ വില ലഭിക്കുന്നതിന് ലിച്ചിപഴത്തിന്റെ സംഭരണ കാലദൈർഘ്യo വർദ്ധിപ്പിക്കുന്നതിന് സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനായി ഗവേഷണം നടത്താൻ ഐസിഎആർ ശാസ്ത്രജ്ഞരോട് അദ്ദേഹം നിർദ്ദേശിച്ചു. ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിനായി ശീതീകരണ സംഭരണ സൗകര്യങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി.

പ്രധാനമന്ത്രി ആവിഷ്കരിച്ച ഫലപ്രദമായ നയങ്ങൾ കാരണം ബീഹാറിൽ ചോളം കൃഷിയിൽ വർദ്ധന ഉണ്ടായതായി ശ്രീ ചൗഹാൻ എടുത്തുപറഞ്ഞു. എഥനോൾ ഉത്പാദനം ആരംഭിച്ചതോടെ ചോളത്തിന്റെ ആവശ്യകതയും വിലയും വർദ്ധിച്ചു. ഒരുകാലത്ത് ക്വിന്റലിന് 1200–1500 രൂപയ്ക്ക് വിറ്റിരുന്ന ചോളത്തിന്റെ വില ഇപ്പോൾഗണ്യമായി വർദ്ധിക്കുകയും വിളവ് മെച്ചപ്പെടുകയും ചെയ്തു. മുമ്പ് ഹെക്ടറിന് 23–24 ക്വിന്റൽ ലഭിച്ചിരുന്നിടത്ത് നിന്ന് ഇപ്പോൾ ഹെക്ടറിന് 50–60 ക്വിന്റലായി വിളവ് വർധിച്ചു.
ബസ്മതിയുടെയും മറ്റ് നെല്ലിനങ്ങളുടെയും വിളവ് കൂടുതൽ വർദ്ധിപ്പിക്കാൻ ഗവേഷണം നടത്താനും മെച്ചപ്പെട്ട വിത്ത് ഇനങ്ങൾ വികസിപ്പിക്കാനും അദ്ദേഹം ശാസ്ത്രജ്ഞർക്ക് നിർദ്ദേശം നൽകി. ചെറിയ വിസ്തൃതിയിലുള്ള കൃഷിഭൂമി ആണ് സ്വന്തമായിട്ടുള്ളതെങ്കിലും, ബീഹാറിലെ കർഷകർ മണ്ണിൽ നിന്ന് സ്വർണ്ണമാണ് ഉത്പാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 20% കുറവ് ജലസേചനം ആവശ്യമുള്ളതും എന്നാൽ 30% ത്തിലധികം വിളവ് വർദ്ധന ലഭിക്കുന്നതുമായ രണ്ട് പുതിയ നെല്ലിനങ്ങൾ അടുത്തിടെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്ന് അദ്ദേഹം പങ്കുവെച്ചു.
പ്രധാനമന്ത്രി ശ്രീ മോദിയുടെ നേതൃത്വത്തിൽ ബീഹാറിൽ കാർഷിക വിളവ് വർധിപ്പിക്കുന്നതിന് ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധത ആവർത്തിച്ച ശ്രീ ചൗഹാൻ, ധാന്യ ഉൽപാദനം വർദ്ധിപ്പിക്കുക മാത്രമല്ല, 1.45 ശതകോടി പൗരന്മാർക്കും ആവശ്യത്തിന് ഭക്ഷണം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാൻ പഴങ്ങൾ, പച്ചക്കറികൾ,ഒപ്പം പൂക്കളുടെയും ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു.
പഹൽഗാമിൽ അടുത്തിടെ നടന്ന ഭീകരാക്രമണത്തെ അദ്ദേഹം അപലപിച്ചു, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ, കേവലം 25 മിനിറ്റിനുള്ളിൽ ഭീകരരുടെ ക്യാമ്പുകൾ നശിപ്പിച്ചുകൊണ്ട് ഇന്ത്യ ശക്തമായി പ്രതികരിച്ചു, ഇത് മൂന്ന് ദിവസത്തിനുള്ളിൽ പാകിസ്ഥാനെ പിൻവാങ്ങാൻ നിർബന്ധിതരാക്കി. മുമ്പ് പാകിസ്ഥാന് 80% നദീജലം അനുവദിച്ചിരുന്ന സിന്ധു ജല ഉടമ്പടി റദ്ദാക്കിയതായും, "രക്തവും വെള്ളവും ഒരുമിച്ച് ഒഴുകാൻ അനുവദിക്കില്ല" എന്ന് ഇന്ത്യ ദൃഢമായി പ്രഖ്യാപിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ജലം ഇന്ത്യൻ കർഷകർക്കുള്ളതാണ് എന്ന് അദ്ദേഹം വ്യക്തമാക്കി
വ്യാജ കീടനാശിനികളെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ച അദ്ദേഹം, വ്യാജ കാർഷിക രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകി. കൃഷിയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതിനും ഗവേഷണശാലകളും കാർഷിക മേഖലകളും തമ്മിലുള്ള വിടവ് നികത്തുന്നതിനുമുള്ള ഒരു സംരംഭമാണ് 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' എന്ന് ശ്രീ ചൗഹാൻ പറഞ്ഞു. ഈ പ്രചാരണത്തിന്റെ ഭാഗമായി, ഗ്രാമങ്ങളിലെ കർഷകരുമായി നേരിട്ട് സംവദിക്കുന്നതിനായി 16,000 ശാസ്ത്രജ്ഞർ അവരുടെ ഗവേഷണ ശാലകളിൽ നിന്ന് പുറത്തിറങ്ങുന്നു.
'ഒരു രാഷ്ട്രം–ഒരു കൃഷി–ഒരു ടീം 'എന്ന മന്ത്രവുമായി ഗവണ്മെന്റ് മുന്നോട്ട് പോകുന്നതായും കർഷകരുടെ അഭിവൃദ്ധിക്കായി സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബീഹാറിലെ പരന്ന അരിയുടെ (ചിദ്വ) കയറ്റുമതി സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള പദ്ധതികളും പുരോഗമിക്കുന്നു. "അന്നദാതാ സുഖി ഭവഃ—നമ്മുടെ ഭക്ഷ്യ ദാതാക്കൾ സന്തുഷ്ടരാണെങ്കിൽ, രാഷ്ട്രം സന്തുഷ്ടരാകും" എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പ്രഭാഷണം സമാഹരിച്ചത്.
ശ്രീ രാധാ മോഹൻ സിംഗ് എംപി, പ്രാദേശിക എംഎൽഎമാർ, ശാസ്ത്രജ്ഞർ, ഗവണ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം നിരവധി കർഷകരും പരിപാടിയിൽ പങ്കെടുത്തു.
*************
(Release ID: 2133394)