കൃഷി മന്ത്രാലയം
azadi ka amrit mahotsav

ശ്രീ ശിവരാജ് സിംഗ് ചൗഹാൻ 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ഉദ്ഘാടനം ചെയ്തു

പൊതുവായ ഉടമസ്ഥതാ ബോധത്തോടെയും സമർപ്പണത്തോടെയും പരിപാടിയിൽ ഭാഗമാകാൻ കേന്ദ്ര കൃഷി മന്ത്രി ആഹ്വാനം ചെയ്തു

Posted On: 29 MAY 2025 5:29PM by PIB Thiruvananthpuram

കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രി ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് ഒഡീഷയിലെ പുരി ജില്ലയിലെ സഖിഗോപാലിൽ   'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' ഉദ്ഘാടനം ചെയ്തു. കൃഷി, കർഷകക്ഷേമ മന്ത്രാലയവും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചും (ഐസിഎആർ) ചേർന്ന് ആരംഭിച്ച ഈ ചരിത്ര സംരംഭം ഇന്ത്യൻ കാർഷിക മേഖലയെ പരിവർത്തനം ചെയ്യുന്നതിനും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളിലൂടെയും അടിസ്ഥാന പങ്കാളിത്തത്തിലൂടെയും രാജ്യത്തിന്റെ ഭക്ഷ്യ ഭാവി സുരക്ഷിതമാക്കുന്നതിനുമുള്ള ഒരു പ്രധാന ചുവടുവയ്പ്പാണ്. 15 ദിവസത്തെ പ്രചാരണ പരിപാടിയ്ക്കിടെ ശ്രീ ചൗഹാൻ ഏകദേശം 20 സംസ്ഥാനങ്ങൾ സന്ദർശിക്കും. ഈ ദൗത്യം സാക്ഷാത്കരിക്കുന്നതിൽ സംസ്ഥാന ഗവൺമെന്റുകൾ പ്രധാന പങ്ക് വഹിക്കും. എല്ലാ സംസ്ഥാനങ്ങളും പൊതുവായ ഉടമസ്ഥത ബോധത്തിലൂടെയും സമർപ്പണ മനോഭാവത്തിലൂടെയും ഈ കാമ്പെയ്‌ൻ വിജയകരമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

' ഒരു വശത്ത് ശാസ്ത്രജ്ഞർ ഗവേഷണ- സാങ്കേതിക വിവരങ്ങൾ കർഷകരുമായി പങ്കിടുകയും മറുവശത്ത് കർഷകർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള വിവരങ്ങൾ ശാസ്ത്രജ്ഞരുമായി പങ്കുവയ്ക്കുകയും ചെയ്യുന്ന ഒരു ദ്വിമുഖ ആശയവിനിമയ സമീപനമാണ് ഈ കാമ്പെയ്‌ൻ എന്ന് കേന്ദ്ര കൃഷി മന്ത്രി പറഞ്ഞു.
 ഈ കണ്ടെത്തലുകൾ ഭാവിയിലെ ഗവേഷണ ശ്രമങ്ങളെ നയിക്കും. കൂടാതെ പ്രായോഗികവും പ്രാദേശിക -നിർദ്ദിഷ്ടവുമായ പരിഹാരങ്ങൾ നൽകാനും സഹായിക്കും. പരീക്ഷണശാലയെ പ്രദേശവുമായി ബന്ധിപ്പിക്കുന്നതിന്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിലെയും കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെയും ശാസ്ത്രജ്ഞരെയും ഈ കാമ്പെയ്‌നിന്റെ ഭാഗമാക്കും

ഗ്രാമങ്ങൾതോറും സഞ്ചരിച്ച് കർഷകരുമായി ആശയവിനിമയം നടത്തുന്നതിന് 16,000 ശാസ്ത്രജ്ഞർ അടങ്ങുന്ന 2,170 സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് ശ്രീ ചൗഹാൻ പറഞ്ഞു. അവർ കർഷകരുമായി സമ്പർക്കം പുലർത്തും. ഒരു ദിവസം ഒരു സംഘം 2 ഗ്രാമങ്ങൾ സന്ദർശിക്കും. 15 ദിവസം നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ കർഷകർ തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തും. പ്രദേശത്തിന്റെ കാലാവസ്ഥ, വെള്ളം, മണ്ണിന്റെ പോഷകങ്ങൾ, മറ്റ് ഘടകങ്ങൾ എന്നിവ കണക്കിലെടുത്ത്, ഏത് വിളയാണ് കൃഷി ചെയ്യേണ്ടത്, ഏത് ഇനം ഉപയോഗിക്കണം, വളം എങ്ങനെ ഉപയോഗിക്കണം തുടങ്ങിയവയിൽ കർഷകർക്ക് നിർദേശം നൽകും.അതോടൊപ്പം, പ്രകൃതി കൃഷി, പയർവർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും കൃഷി എന്നിവയെക്കുറിച്ച് കർഷകരുമായി ചർച്ചകൾ നടത്തും. കർഷകർ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങൾക്ക് അവരുമായി നേരിട്ടുള്ള ആശയവിനിമയത്തിലൂടെ ശാസ്ത്രജ്ഞർ പരിഹാരം നിർദ്ദേശിക്കും. മേഖലയുടെ ആവശ്യകത അനുസരിച്ച് ഗവേഷണത്തിന്റെ ദിശ തീരുമാനിക്കും.

  പരിപാടി ഫലപ്രദവും വിജയകരവുമാക്കാനായി എല്ലാ ജനങ്ങളും ഈ കാമ്പെയ്‌നിൽ പങ്കുചേരാൻ ശ്രീ ചൗഹാൻ ആഹ്വാനം ചെയ്തു.

  ആധുനിക സാങ്കേതികവിദ്യകളെയും പുതിയ വിത്ത് ഇനങ്ങളെയും കുറിച്ച് കർഷകരിൽ അവബോധം സൃഷ്ടിക്കുന്നതിനുള്ള കേന്ദ്ര ഗവൺമെന്റിന്റെ ഒരു വിപ്ലവകരമായ സംരംഭമാണ് 'വികസിത് കൃഷി സങ്കൽപ്പ് അഭിയാൻ' എന്ന് പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് മുഖ്യമന്ത്രി ശ്രീ മോഹൻ ചരൺ മാഝി പറഞ്ഞു.

2025 മെയ് 29 മുതൽ ജൂൺ 12 വരെ 700-ലധികം ജില്ലകളിലായി ഈ പരിപാടി സംഘടിപ്പിക്കും. 731 കെവികെകൾ, 113 ഐസിഎആർ സ്ഥാപനങ്ങൾ, സംസ്ഥാന വകുപ്പുകൾ, കൃഷി, ഹോർട്ടികൾച്ചർ, മൃഗസംരക്ഷണം, മത്സ്യബന്ധനം വകുപ്പുകളിലെ ഉദ്യോഗസ്ഥർ , നൂതനാശയങ്ങളുള്ള കർഷകർ എന്നിവർ ഈ കാമ്പയിനിൽ പങ്കെടുക്കും. വികസിത ഭാരതത്തിനായുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ദൃഢനിശ്ചയത്തിലേക്ക് ശക്തമായ ഒരു അധ്യായംകൂട്ടി ചേർക്കാനാണ് ഈ കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.


(Release ID: 2132569)