ആയുഷ്
2025-ലെ അന്താരാഷ്ട്ര യോഗ ദിനത്തിൽ ബഹുജന പങ്കാളിത്തത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി
വളരുന്ന ആഗോള അഭിനിവേശത്തിനും യുവത നയിക്കുന്ന നൂതനാശയങ്ങള്‍ക്കും അഭിനന്ദനം
Posted On:
25 MAY 2025 4:49PM by PIB Thiruvananthpuram
പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനത്തിന് ഒരു മാസത്തിൽ താഴെ മാത്രം ശേഷിക്കെ സമഗ്ര ക്ഷേമത്തിനും ഊർജസ്വല ജീവിതത്തിനുമായി യോഗ സ്വീകരിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാൻ കി ബാത്തിന്റെ 122-ാം പതിപ്പില്‍ ലോകമെങ്ങുമുള്ള പൗരന്മാരോട് പ്രചോദനാത്മകമായി അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലും രാജ്യാന്തരതലത്തിലും യോഗ ദിനത്തോട് ആവേശം വര്‍ധിച്ചുവരുന്നതായി പ്രധാനമന്ത്രി നിരീക്ഷിച്ചു. 2015 ജൂൺ 21 ന് തുടക്കം കുറിച്ചതുമുതല്‍ യോഗ ദിനത്തോട് ആകർഷണം തുടർച്ചയായി വർധിച്ചുകൊണ്ടിരിക്കുകയാണെന്നും ലോകമെങ്ങും ജനങ്ങള്‍ക്കിടയില്‍ ദിനാചരണത്തോടുള്ള ആവേശവും അഭിനിവേശവും ഇത്തവണയും വ്യക്തമായി കാണാമെന്നും അദ്ദേഹം പറഞ്ഞു. ഈ ദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് സര്‍ഗാത്മകമായി ചിന്തിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു. യോഗ ശൃംഖലകളുടെ രൂപീകരണം മുതൽ അറിയപ്പെടുന്ന സ്ഥലങ്ങളിൽ യോഗ പരിശീലിക്കുന്നത് വരെ ഈ ദിനാചരണത്തെ ജനങ്ങള്‍ ഉള്‍ച്ചേര്‍ക്കലിന്റെയും പരിവര്‍ത്തനത്തിന്റെയും പ്രസ്ഥാനമാക്കി മാറ്റുകയാണ്.
ശക്തമായ യോഗ സംസ്കാരം വളർത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യോഗാന്ധ്ര അഭിയാന് തുടക്കം കുറിച്ച ആന്ധ്രാപ്രദേശിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി തന്റെ അഭിസംബോധനയില്‍ പ്രശംസിച്ചു. ആരോഗ്യ വിപ്ലവത്തിൽ സംസ്ഥാനങ്ങൾക്ക് എങ്ങനെ നേതൃത്വം വഹിക്കാനാവുമെന്നതിന് ഉദാഹരണമായി 10 ലക്ഷം സ്ഥിരം യോഗ പരിശീലകരുടെ കൂട്ടായ്മ കെട്ടിപ്പടുക്കുകയാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം. വ്യക്തിഗത- ദേശീയ വികസനങ്ങളില്‍ യോഗയുടെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി വിശാഖപട്ടണത്ത് ഈ വർഷത്തെ യോഗ ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന്റെ ആവേശം പങ്കുവെച്ചു.
രാജ്യത്തെ കോർപ്പറേറ്റുകളും ഇക്കാര്യത്തില്‍ പിന്നിലല്ലെന്ന് യോഗയില്‍ കോർപ്പറേറ്റ് പങ്കാളിത്തത്തിന്റെ വർധനയെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ചില സ്ഥാപനങ്ങൾ ഓഫീസുകളിൽ യോഗ പരിശീലനത്തിന് പ്രത്യേക സ്ഥലമൊരുക്കിയിട്ടുണ്ട്. ചില സ്റ്റാർട്ടപ്പുകൾ 'ഓഫീസ് യോഗ സമയം' സജ്ജീകരിച്ചിട്ടുണ്ട്. രാജ്യത്തെ ആരോഗ്യ പ്രസ്ഥാനത്തിന് സ്വകാര്യ മേഖല എങ്ങനെ സംഭാവന നൽകുന്നുവെന്നതിന്റെ മികച്ച സൂചനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
യോഗ ദിനാചരണത്തിന്റെ ഒരു ദശാബ്ദവും അന്താരാഷ്ട്ര യോഗ ദിനത്തിന്റെ 11-ാം പതിപ്പും ആഘോഷിക്കുന്നതിന് കേന്ദ്ര ആയുഷ് മന്ത്രാലയം 10 സുപ്രധാന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന സാമൂഹ്യ - തൊഴില്‍ സാഹചര്യങ്ങളിൽ യോഗയുടെ വ്യാപ്തിയും പ്രസക്തിയും വിപുലീകരിക്കുകയാണ് ഈ സംരംഭങ്ങളുടെ ലക്ഷ്യം.
ഇക്കൂട്ടത്തില്‍ 6,000-ത്തിലധികം സംഘടനകൾ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനായി ഇതിനകം രജിസ്റ്റർ ചെയ്ത യോഗ സംഗമം രാജ്യ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹാധിഷ്ഠിത ക്ഷേമ പരിപാടികളിലൊന്നായി മാറുന്നു. അതിവേഗം പ്രചാരം നേടിക്കൊണ്ടിരിക്കുന്ന യുവ-കേന്ദ്രീകൃത ‘യോഗ അൺപ്ലഗ്ഡ്’ പരിപാടിയിലൂടെ വരുംതലമുറ യോഗ പരിശീലകരെ പ്രചോദിപ്പിക്കാൻ പ്രമുഖ സ്ഥാപനങ്ങൾ മുന്നോട്ടുവരുന്നു. അതേസമയം വിപ്ലവകരമായ സംയോഗ സംരംഭം ആയുർവേദം, ഹോമിയോപ്പതി, യുനാനി, സിദ്ധ, പ്രകൃതിചികിത്സ, സോവ റിഗ്പ എന്നിവയുൾപ്പെടെ മുഖ്യധാരാ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലേക്ക് തെളിവുകളുടെ അടിസ്ഥാനത്തില്‍ യോഗയെ സംയോജിപ്പിക്കാൻ ശ്രമിക്കുന്നു.
ശ്രീ നരേന്ദ്ര മോദി പറഞ്ഞതുപോലെ യോഗ നിങ്ങളുടെ ജീവിതരീതിയെ മാറ്റിമറിക്കും. ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് യോഗയെന്ന് തിരിച്ചറിഞ്ഞ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനം അർത്ഥവത്തായും നൂതനമായും ആഘോഷിക്കാൻ പൗരന്മാരോടും കോർപ്പറേറ്റുകളോടും സ്ഥാപനങ്ങളോടും യുവതയോടും ആഹ്വാനം ചെയ്യുന്നു.
ഈ പരിവർത്തനാത്മക ആഘോഷത്തിന്റെ ഭാഗമാകാൻ ആയുഷ് മന്ത്രാലയം ഏവരെയും ക്ഷണിക്കുന്നു. ജൂൺ 21 വരെ ദിനങ്ങള്‍ എണ്ണിത്തുടങ്ങുമ്പോള്‍ സന്ദേശം വ്യക്തമാണ്: യോഗ കേവലമൊരു പരിശീലനമല്ല - ദേശീയ ആരോഗ്യത്തിനും ആന്തരിക സമാധാനത്തിനും ആഗോള ക്ഷേമത്തിനുമായി നിലകൊള്ളുന്ന പ്രസ്ഥാനമാണത്.
**********
(Release ID: 2131189)