യുവജനകാര്യ, കായിക മന്ത്രാലയം
വടക്കുകിഴക്കൻ മേഖലയിലെ കായിക സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി, എല്ലാ വർഷവും ഖേലോ ഇന്ത്യ നോർത്ത് ഈസ്റ്റ് ഗെയിംസ് നടത്താൻ സർക്കാർ പദ്ധതിയിടുന്നു: ഡോ. മൻസുഖ് മാണ്ഡവ്യ
Posted On:
24 MAY 2025 7:49PM by PIB Thiruvananthpuram
കായിക പ്രതിഭകളുടെ ശക്തികേന്ദ്രമെന്ന നിലയിലുള്ള വടക്കുകിഴക്കൻ മേഖലയുടെ പ്രസക്തി തിരിച്ചറിഞ്ഞുകൊണ്ട്, എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊന്നിൽ എല്ലാ വർഷവും ഖേലോ ഇന്ത്യ നോർത്ത് ഈസ്റ്റ് ഗെയിംസ് സംഘടിപ്പിക്കുന്നതുൾപ്പെടെ ഒട്ടേറെ സംരംഭങ്ങളിലൂടെ മേഖലയിലെ കായിക അന്തരീക്ഷം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യാ ഗവണ്മെന്റ് പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ശനിയാഴ്ച പറഞ്ഞു. അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നിവയാണ് ഈ സംസ്ഥാനങ്ങൾ.
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന റൈസിംഗ് നോർത്ത് ഈസ്റ്റ് ഇൻവെസ്റ്റേഴ്‌സ് സമ്മിറ്റ് 2025 ൽ പങ്കെടുത്ത ജനാവലിയെ അഭിസംബോധന ചെയ്യവേയാണ് കേന്ദ്ര കായിക മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ആദ്യം സൂര്യോദയം ദർശിക്കുന്ന മേഖലയെന്ന നിലയിലാണ് വടക്കുകിഴക്കൻ മേഖലയെ ജനങ്ങൾ അറിഞ്ഞിരുന്നതെന്നും എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ 10 വർഷത്തെ ഭരണത്തിൽ വടക്കുകിഴക്കൻ മേഖല ശക്തമായ വികസന മുന്നേറ്റം കാഴ്ച്ച വയ്ക്കുകയാണെന്നും ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. 'നവഭാരത'ത്തിന്റെ വികസനത്തിൽ വടക്കുകിഴക്കൻ മേഖല സ്ഥായിയായ സംഭാവന നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
2030 ൽ കോമൺവെൽത്ത് ഗെയിംസും 2036 ൽ സമ്മർ ഒളിമ്പിക്സും നടത്തുക എന്ന ലക്ഷ്യങ്ങളുള്ള, ഇന്ത്യയെപ്പോലെ വിശാലമായ രാജ്യം വർഷം മുഴുവനും അന്താരാഷ്ട്ര മത്സരങ്ങൾ സംഘടിപ്പിക്കാൻ അനുയോജ്യമായ സ്ഥലമാണെന്ന് കായിക മന്ത്രി പറഞ്ഞു. ഇത് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, നിലവിൽ ഒരേസമയം ഇന്ത്യയിൽ മൂന്ന് സീസണുകളുണ്ട് - ദക്ഷിണേന്ത്യയിൽ മൺസൂൺ, ഹിമാലയത്തിന്റെ മേൽഭാഗങ്ങളിൽ മഞ്ഞുവീഴ്ച, പശ്ചിമേന്ത്യയിൽ വേനൽ ചൂട്. പ്രധാനമന്ത്രി മോദിയുടെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭം പോലെ 'പ്ലേ ഇൻ ഇന്ത്യ'യ്ക്ക് ഏറ്റവും അനുയോജ്യമാണ് ഇന്ത്യയിലെ സാഹചര്യമെന്നും അദ്ദേഹം പറഞ്ഞു.
"വടക്കുകിഴക്കൻ മേഖല വലിയ പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കായിക ഉത്പന്ന വ്യവസായവും കായിക അന്തരീക്ഷവും വികസിച്ചുകൊണ്ടിരിക്കുന്നു. ലോകം വടക്കുകിഴക്കൻ മേഖലയിൽ ഒത്തുചേർന്ന് മത്സരങ്ങളിലേർപ്പെടുന്ന ദിനം വിദൂരമല്ല. ഇന്ന്, ഇന്ത്യയിലെ ഏറ്റവും മികച്ച കായികതാരങ്ങൾ വടക്കുകിഴക്കൻ മേഖലയിൽ നിന്ന് വരുന്നവരാണ്. അവർ അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുകയും ഇന്ത്യൻ കായിക മേഖലയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിനും യൂണിവേഴ്‌സിറ്റി ഗെയിംസിനും സമാനമായി, എല്ലാ വർഷവും ഖേലോ ഇന്ത്യ നോർത്ത് ഈസ്റ്റ് ഗെയിംസ് സംഘടിപ്പിക്കും. ഇത് പ്രതിഭകളെ കണ്ടെത്താനും സാധ്യതകൾ പ്രയോജനപ്പെടുത്താനും മാത്രമല്ല, നമ്മുടെ പരമ്പരാഗത കായിക ഇനങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദി ഒരുക്കാനും സഹായിക്കും," ഡോ. മാണ്ഡവ്യ പറഞ്ഞു.
നിലവിൽ ഉപയോഗത്തിലുള്ള 86 പദ്ധതികളോടെ വടക്കുകിഴക്കൻ മേഖലയിലെ കായിക അടിസ്ഥാന സൗകര്യങ്ങൾ ഗണ്യമായി വർദ്ധിച്ചെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ പറഞ്ഞു. ഖേലോ ഇന്ത്യ പദ്ധതി പ്രകാരം വടക്കുകിഴക്കൻ മേഖലയിലുടനീളമുള്ള 64 കായിക അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി 2021 ൽ 439 കോടി രൂപ അനുവദിച്ചു. ഇതിൽ സിന്തറ്റിക് ടർഫുകൾ, മൾട്ടി പർപ്പസ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, ഹോസ്റ്റലുകൾ എന്നിവ ഉൾപ്പെടുന്നു.
8,000-ത്തിലധികം കായികതാരങ്ങളെ പരിശീലിപ്പിക്കുന്ന 250 ഖേലോ ഇന്ത്യ സെന്ററുകളും (KIC) ശക്തമായ അടിസ്ഥാന ആവാസവ്യവസ്ഥയ്ക്ക് വഴിയൊരുക്കുന്ന 8 ഖേലോ ഇന്ത്യ സ്റ്റേറ്റ് സെന്റർ ഓഫ് എക്സലൻസും (KISCE) ഈ മേഖലയിലുണ്ടെന്ന് കായിക മന്ത്രി പറഞ്ഞു. നിലവിൽ, ഗുവാഹത്തി, ഇറ്റാനഗർ, ഇംഫാൽ എന്നിവിടങ്ങളിലെ മൂന്ന് നാഷണൽ സെന്റർ ഓഫ് എക്സലൻസ് (NCOE) 600 അത്‌ലറ്റുകൾക്ക് ലോകോത്തര പരിശീലനം നൽകുന്നു.
വനിതകൾക്കായുള്ള ഖേലോ ഇന്ത്യയുടെ മുൻനിര പദ്ധതിക്ക് ഉദാഹരണമായി, വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള ഏകദേശം 13,000 പെൺകുട്ടികൾ കഴിഞ്ഞ വർഷം വിവിധ ഇനങ്ങളിലായി അസ്മിത ലീഗിൽ മത്സരിച്ചതായി കായിക മന്ത്രി പറഞ്ഞു. ഈ മേഖല ക്രമേണ പ്രതിഭകളുടെ മികച്ച നഴ്സറിയായി മാറുന്നതിന്റെ മതിയായ തെളിവായിരുന്നു ഇത്. അത് പിന്നീട് ദേശീയ ടീമിന് ശക്തമായ താരനിരയെ സംഭാവന ചെയ്യും
ഉപഭൂഖണ്ഡത്തിലുടനീളം പ്രതിഭകളെ തിരിച്ചറിയുന്നതിനുള്ളഒരു വലിയ യജ്ഞം സർക്കാർ ആരംഭിക്കുമെന്നും ഡോ. മാണ്ഡവ്യ അറിയിച്ചു. ആർക്കു വേണമെങ്കിലും ഒരു കായികതാരത്തിന്റെ പ്രകടന വീഡിയോ ഷൂട്ട് ചെയ്ത് നാഷണൽ സ്പോർട്സ് റിപ്പോസിറ്ററി സിസ്റ്റം (NSRS) പോർട്ടലിൽ അപ്‌ലോഡ് ചെയ്ത് കായിക മന്ത്രാലയത്തിന് ലഭ്യമാക്കാം. SAI മുഖേന ടാലന്റ് സ്കൗട്ടുകളെ സ്ഥലത്തേക്ക് അയയ്ക്കുകയും കായികതാരത്തിന്റെ പ്രകടനം വിലയിരുത്തിയ ശേഷം ഖേലോ ഇന്ത്യ സെന്ററിലോ NCOEയിലോ താരത്തെ ഉൾപ്പെടുത്തുകയും ചെയ്യും.
ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് അഷ്ടലക്ഷ്മി 2023 ന് വടക്കുകിഴക്കൻ മേഖല ആതിഥേയത്വം വഹിച്ചു. അത്‌ലറ്റിക്‌സ്, ഫുട്ബോൾ, ബോക്സിംഗ്, അമ്പെയ്ത്ത് തുടങ്ങിയ ഇനങ്ങളിൽ വൻകിട ദേശീയ മത്സരങ്ങൾ നടത്താനുള്ള വടക്കുകിഴക്കിന്റെ ശേഷി വ്യക്തമാക്കിയ നാഴികക്കല്ലായിരുന്നു അത്.
*********************
(Release ID: 2131112)