രാജ്യരക്ഷാ മന്ത്രാലയം
azadi ka amrit mahotsav

അപകടകരമായ ചരക്കുമായി കേരള തീരത്ത് മുങ്ങിയ ലൈബീരിയൻ കണ്ടെയ്‌നർ കപ്പലിലെ 24 ജീവനക്കാരെയും രക്ഷപ്പെടുത്തി കോസ്റ്റ് ഗാര്‍ഡും നാവികസേനയും

Posted On: 25 MAY 2025 11:45AM by PIB Thiruvananthpuram

വെള്ളം കയറിയതിനെത്തുടര്‍ന്ന് ലൈബീരിയൻ കണ്ടെയ്നർ കപ്പലായ എംഎസ്‍സി എല്‍സ-3 (ഐഎംഒ നമ്പര്‍: 9123221) 2025 മെയ് 25 ന് രാവിലെ 7:50-ഓടെ കൊച്ചി തീരത്തിനടുത്തായി മുങ്ങി. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരില്‍ 21 പേരെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും മൂന്നുപേരെ നാവികസേനയുടെ ഐഎന്‍എസ് സുജാതയും രക്ഷപ്പെടുത്തി. മുങ്ങിയ കപ്പലിലെ 640 കണ്ടെയ്നറുകളില്‍ 13 എണ്ണം അപകടകരമായ ചരക്കുകളടങ്ങിയതും 12 എണ്ണം കാൽസ്യം കാർബൈഡ് അടങ്ങിയതുമാണ്. 84.44 മെട്രിക് ടൺ ഡീസലും 367.1 മെട്രിക് ടൺ ഫർണസ് ഓയിലും ഇതിലുണ്ടായിരുന്നു.

 

കേരള തീരത്തെ ലോല സമുദ്ര ആവാസവ്യവസ്ഥ കണക്കിലെടുത്ത് സമ്പൂര്‍ണ മലിനീകരണ പ്രതികരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോസ്റ്റ് ഗാര്‍ഡ് തയ്യാറെടുപ്പുകള്‍ ഊര്‍ജിതമാക്കി. എണ്ണച്ചോർച്ച കണ്ടെത്താന്‍ നൂതന സംവിധാനങ്ങളടങ്ങിയ കോസ്റ്റ് ഗാര്‍ഡ് വിമാനങ്ങളുടെ വ്യോമ നിരീക്ഷണത്തിനൊപ്പം മലിനീകരണ പ്രതിരോധ സംവിധാനങ്ങളടങ്ങുന്ന കോസ്റ്റ് ഗാര്‍ഡ് കപ്പൽ ‘സക്ഷം’ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. എണ്ണച്ചോർച്ച ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

 

മെയ് 24 ന് വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട എം‌എസ്‌സി എല്‍സ-3 കൊച്ചിയിൽ നിന്ന് ഏകദേശം 38 നോട്ടിക്കൽ മൈൽ തെക്ക് പടിഞ്ഞാറ് ഭാഗത്തുവെച്ച് 26 ഡിഗ്രി ചരിഞ്ഞതോടെയാണ് അപകടാവസ്ഥയുണ്ടായത്. കപ്പലിന്റെ നിയന്ത്രണം നഷ്ടമായതോടെ ജീവനക്കാര്‍ അടിയന്തര സഹായം തേടി. കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചിയിലെ സമുദ്രരക്ഷാ ഉപകേന്ദ്രം (എംആർഎസ്‌സി) ഉടൻ ഏകോപിത പ്രതികരണ പ്രവര്‍ത്തനങ്ങളാരംഭിച്ചു. വ്യോമ നിരീക്ഷണത്തിനായി വിന്യസിച്ച ഐസിജി ഡോർണിയർ വിമാനം കപ്പലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ ലൈഫ് റാഫ്റ്റുകളില്‍ കണ്ടെത്തി. ആഗോള തിരച്ചില്‍ - രക്ഷാ ചട്ടങ്ങള്‍ക്കനുസൃതമായി നിരീക്ഷണ കപ്പലുകളും വ്യാപാര കപ്പലുകളായ എംവി ഹാൻ യി, എംഎസ്‌സി സിൽവർ-2 എന്നിവയും കോസ്റ്റ് ഗാര്‍ഡ് സഹായത്തിനായി തിരിച്ചുവിട്ടു.

 

24 ജീവനക്കാരിൽ റഷ്യ, ഉക്രെയ്ൻ, ജോർജിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലെ പൗരന്മാരടക്കം 21 പേരെയും വൈകിട്ടോടെ രക്ഷപ്പെടുത്തി. കപ്പല്‍ വീണ്ടെടുക്കാന്‍ നടത്തുന്ന ക്രമീകരണങ്ങളിൽ സഹായിക്കുന്നതിന് മൂന്ന് മുതിർന്ന ജീവനക്കാര്‍ കപ്പലിൽ തുടർന്നു. എന്നാല്‍ രാത്രിയോടെ കപ്പലിന്റെ അവസ്ഥ മോശമാവുകയും 2025 മെയ് 25 ന് കപ്പല്‍ മറിയുകയും ചെയ്തു. കപ്പൽ ഉപേക്ഷിക്കാൻ നിർബന്ധിതരായ മൂന്ന് ജീവനക്കാരെയും ഐഎൻഎസ് സുജാത ഉപയോഗിച്ച് രക്ഷപ്പെടുത്തി. കപ്പല്‍ ചരിയാനുണ്ടായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

 

******************


(Release ID: 2131111)