പാരമ്പര്യേതര, പുനരുല്‍പ്പാദക ഊര്‍ജ്ജ മന്ത്രാലയം
വടക്കുകിഴക്കന്‍ മേഖലയുടെ വളര്‍ച്ചാ കാഴ്ചപ്പാടിന് ഊര്‍ജമേകാന്‍ പുനരുപയോഗ ഊര്‍ജം: ശ്രീ പ്രഹ്ലാദ് ജോഷി
2025-ലെ വടക്കുകിഴക്കൻ നവ നിക്ഷേപക ഉച്ചകോടിയെ അഭിസംബോധന ചെയ്ത് കേന്ദ്രമന്ത്രി
Posted On:
23 MAY 2025 5:59PM by PIB Thiruvananthpuram
വടക്കുകിഴക്കൻ മേഖലയുടെ വളർച്ചാ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിൽ പുനരുപയോഗ ഊർജമേഖല നിർണായക പങ്കുവഹിക്കുമെന്ന് കേന്ദ്ര നവ-പുനരുപയോഗ ഊർജ മന്ത്രി ശ്രീ പ്രഹ്ലാദ് ജോഷി പറഞ്ഞു. കഴിഞ്ഞ പതിനൊന്ന് വർഷമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ വടക്കുകിഴക്കൻ മേഖല ബൃഹത്തായ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു. ന്യൂഡൽഹിയിൽ 2025-ലെ വടക്കുകിഴക്കൻ നവ നിക്ഷേപക ഉച്ചകോടിയില്‍ 'ഹരിത വടക്കുകിഴക്കന്‍ മേഖല: സുശക്ത ഭാരതത്തിനായി പുനരുപയോഗ ഊര്‍ജ വിപുലീകരണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച മന്ത്രിതല സമ്മേളനത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയുടെ ഹരിതോര്‍ജത്തിന്റെ അഷ്ടലക്ഷ്മി
വന്‍കിട ജലവൈദ്യുത പദ്ധതികളിലെ 129 ജിഗാവാട്ടിലേറെ ശേഷിയും പമ്പ് ചെയ്ത സംഭരണശാലകളിലെ 18 ജിഗാവാട്ടിലധികം ശേഷിയുമടക്കം ഉപയോഗിക്കപ്പെടാത്ത വിപുലമായ പുനരുപയോഗ ഊർജ സ്രോതസ്സുകൾ വടക്കുകിഴക്കൻ മേഖലയ്ക്കുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കൂടിവരുന്ന ഊർജ ആവശ്യകതയ്ക്കും തന്ത്രപരമായ രാജ്യാന്തര വിപണി സാധ്യതയ്ക്കുമൊപ്പം ഈ പ്രകൃതിദത്ത നേട്ടങ്ങൾ മേഖലയെ ഇന്ത്യയുടെ ഹരിത വളർച്ചാ ആസൂത്രണ കേന്ദ്രമാക്കി മാറ്റുന്നു.

വടക്കുകിഴക്കന്‍ മേഖലയുടെ പ്രകൃതിവിഭവങ്ങളെ ഹരിതോര്‍ജത്തിലൂടെ സമ്പാദ്യമാക്കി മാറ്റി മേഖലയിലെ ഓരോ സംസ്ഥാനത്തെയും സംശുദ്ധ ഊർജ ലക്ഷ്മിയാക്കി പരിവര്‍ത്തനം ചെയ്യുന്നതിലൂടെ രാജ്യത്തിന്റെ അഭിവൃദ്ധിക്ക് നാം സംഭാവന ചെയ്യുകയാണെന്ന് വടക്കുകിഴക്കൻ മേഖലയെ ഇന്ത്യയുടെ അഷ്ടലക്ഷ്മിയായി വിശേഷിപ്പിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. 'ഒരു രാഷ്ട്രം, ഒരു ഗ്രിഡ്' എന്ന ആശയത്തിന് കീഴിൽ സമീപഭാവിയിൽ ഇന്ത്യയുടെ ഗ്രിഡ് സ്ഥിരത ഉറപ്പാക്കുന്നതിൽ വടക്കുകിഴക്കൻ മേഖല സുപ്രധാന പങ്കുവഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാന നിക്ഷേപ പ്രതിബദ്ധതകളും വ്യാവസായിക താൽപര്യവും
സമീപകാല നിക്ഷേപക ഇടപെടലുകളിൽ രാജ്യത്തെ പ്രമുഖ കമ്പനികൾ വടക്കുകിഴക്കന്‍ മേഖലയിലെ പുനരുപയോഗ ഊർജ സാധ്യതകളിൽ വലിയ താല്പര്യം പ്രകടിപ്പിച്ചതായി ശ്രീ ജോഷി അറിയിച്ചു. സംസ്ഥാന സർക്കാരുകളും സ്വകാര്യ നിക്ഷേപകരും തമ്മിൽ പുനരുപയോഗ ഊര്‍ജ മേഖലയില്‍ 38,856 കോടി രൂപയുടെ 115 ധാരണാപത്രങ്ങളാണ് (എംഒയു) ഒപ്പുവച്ചത്. വടക്കുകിഴക്കൻ മേഖലയിൽ വൻതോതില്‍ തൊഴിലവസരങ്ങളും വികസനവും സാധ്യമാക്കുന്ന സമീപകാല സ്വകാര്യ നിക്ഷേപങ്ങളെക്കുറിച്ചും മന്ത്രി എടുത്തുപറഞ്ഞു.

വടക്കുകിഴക്കൻ മേഖലയ്ക്ക് പ്രത്യേക സംരംഭങ്ങൾ
മേഖലയിൽ സംശുദ്ധ ഊർജ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് നവ-പുനരുപയോഗ ഊർജ മന്ത്രാലയം (എംഎന്‍ആര്‍ഇ) വാർഷിക പദ്ധതി വിഹിതത്തിന്റെ 10% വടക്കുകിഴക്കൻ മേഖലയ്ക്ക് മാത്രമായി നീക്കിവെച്ചിട്ടുണ്ട്. ഈ പ്രത്യേക വിഹിതത്തിന് പുറമെ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ മെച്ചപ്പെട്ട സാമ്പത്തിക സഹായവും മന്ത്രാലയം നൽകുന്നു. പ്രധാനമന്ത്രി സൂര്യ ഘർ മുഫ്ത് ബിജ്‌ലി യോജന പ്രകാരം 10% ഉയർന്ന കേന്ദ്ര സാമ്പത്തിക സഹായവും (സിഎഫ്എ), പിഎം-കുസും പദ്ധതിയുടെ ബി, സി ഘടകങ്ങൾക്ക് 20% ഉയർന്ന കേന്ദ്ര സാമ്പത്തിക സഹായവും ഇതിലുൾപ്പെടുന്നു.
മിസോറാമിലെ ചമ്പായി ജില്ലയിൽ 20 മെഗാവാട്ട് സൗരോര്‍ജ പാർക്ക് വിജയകരമായി പ്രവര്‍ത്തനമാരംഭിച്ചതായും ഇത് മേഖലയുടെ പദ്ധതി സന്നദ്ധത തെളിയിക്കുന്നതായുംം ശ്രീ ജോഷി പറഞ്ഞു. രാജ്യത്തെ ആദ്യ സംശുദ്ധ ഹരിത ഹൈഡ്രജൻ നിലയം സ്ഥിതി ചെയ്യുന്ന അസമിൽ 25 മെഗാവാട്ടിന്റെ ഹരിത ഹൈഡ്രജൻ നിലയം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. സൂര്യമിത്ര, വരുൺമിത്ര, ജൽ ഊർജമിത്ര തുടങ്ങി വിവിധ പദ്ധതികള്‍ക്ക് കീഴിൽ മേഖലയിലെ 2000-ത്തിലധികം പേര്‍ക്ക് ഇതിനകം പരിശീലനം നൽകിയതായും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ സംശുദ്ധ ഊർജ കയറ്റുമതിയുടെ കവാടമായി വടക്കുകിഴക്കൻ മേഖല
ഭാവി ഊർജ കയറ്റുമതിയുടെ കേന്ദ്രമായി വടക്കുകിഴക്കന്‍ മേഖലയെ അടയാളപ്പെടുത്തിയ കേന്ദ്രമന്ത്രി മ്യാൻമർ, ബംഗ്ലാദേശ്, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളുടെ സാമീപ്യം മേഖലയെ രാജ്യാന്തര വൈദ്യുതി വ്യാപാരത്തിന് അനുയോജ്യമാക്കുന്നുവെന്ന് അഭിപ്രായപ്പെട്ടു. യൂറോപ്യൻ യൂണിയന്റെ കാർബൺ മൂല്യ ക്രമീകരണ ഘടന പോലെ ഉയർന്നുവരുന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാൻ പുനരുപയോഗ ഊര്‍ജമേഖലയിലെ നിക്ഷേപങ്ങൾ വടക്കുകിഴക്കന്‍ മേഖലയെയും രാജ്യത്തെയും സജ്ജമാക്കുമെന്ന് കാർബൺ സന്തുലിതാവസ്ഥയിലേക്കും ഹരിത സാക്ഷ്യപ്പെടുത്തലിലേക്കും വളരുന്ന ആഗോള മുന്നേറ്റങ്ങളെ പരാമര്‍ശിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഴക്കന്‍ മേഖലയെ നീരീക്ഷിച്ച് വടക്കുകിഴക്കൻ മേഖലയുടെ പരിവർത്തനത്തിൽ പങ്കുചേരാനും മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും പ്രസംഗം ഉപസംഹരിക്കവെ വ്യവസായ നേതാക്കളോടും നൂതനാശയക്കാരോടും കേന്ദ്രമന്ത്രി അഭ്യർത്ഥിച്ചു. ഏകജാലക അനുമതികൾ, മൂലധന സബ്‌സിഡികൾ, പ്രത്യേക സൗരോര്‍ജ പാർക്ക് വികസനം എന്നിവയിലൂടെ നിക്ഷേപകർക്ക് സമഗ്ര സർക്കാർ പിന്തുണ അദ്ദേഹം ഉറപ്പുനൽകി. നിക്ഷേപം നടത്തേണ്ട സമയമാണിതെന്നും അത് വരുമാനത്തിനായി മാത്രമല്ല, മറിച്ച് വലിയ രാജ്യത്ത് സ്വാധീനം ചെലുത്താനും സംശുദ്ധ ഭാവിയ്ക്കും സ്വാശ്രയ ഇന്ത്യയ്ക്കും വേണ്ടിയാണെന്നും മന്ത്രി പറഞ്ഞു.
******************
(Release ID: 2130845)