ആഭ്യന്തരകാര്യ മന്ത്രാലയം
azadi ka amrit mahotsav

എൻ‌സി‌ആർ‌ബി, സൈബർപീസ് ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് ബി‌പി‌ആർ & ഡി, 'നിയമനിർവഹണത്തിനായുള്ള സിസിടിവി പ്രതിവിധികൾക്ക് വേണ്ടിയുള്ള ദേശീയ ഹാക്കത്തോണി'ന് തുടക്കം കുറിച്ചു

Posted On: 22 MAY 2025 7:29PM by PIB Thiruvananthpuram
ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് (ബി‌പി‌ആർ & ഡി), നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ, സൈബർപീസ് ഫൗണ്ടേഷൻ എന്നിവയുമായി സഹകരിച്ച് രാജവ്യാപകമായി നിയമ നിർവഹണത്തിനായുള്ള സിസിടിവി പ്രതിവിധികൾക്ക് വേണ്ടിയുള്ള ദേശീയ ഹാക്കത്തോൺ (Hackathon on CCTV Solutions for Law Enforcement) സംഘടിപ്പിക്കുന്നു.

 ഇന്ത്യൻ നിയമനിർവഹണ സംവിധാനങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി തദ്ദേശീയവും സുരക്ഷിതവും വിപുലവും ചെലവ് കുറഞ്ഞതുമായ സിസിടിവി പരിഹാരങ്ങൾ വികസിപ്പിക്കുന്നതിന് നൂതനാശയ വിദഗ്ധരെയും സ്റ്റാർട്ടപ്പുകളെയും ഗവേഷണ സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ ഹാക്കത്തോൺ സംഘടിപ്പിക്കുന്നത്.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും, സൈബർ സുരക്ഷിത ഭാരതം സൃഷ്ടിക്കുന്നതിന് കേന്ദ്ര ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണ്.

സാങ്കേതിക വൈദഗ്ധ്യവും അനുഭവ സമ്പത്തും പ്രയോജനപ്പെടുത്തി സൈബർ സുരക്ഷിത ഭാരതം സൃഷ്ടിക്കുന്നതിൽ ബി‌പി‌ആർ & ഡി നിർണായക പങ്ക് വഹിക്കുന്നു. പ്രവർത്തന ആവശ്യകതകൾ നിറവേറ്റുക മാത്രമല്ല, ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും മികച്ച സംഭാവന നൽകുന്ന തദ്ദേശീയ സാങ്കേതിക പരിഹാര മാർഗ്ഗങ്ങൾ സൃഷ്ടിക്കുക എന്നതാണ് ബി‌പി‌ആർ & ഡിയുടെ ലക്ഷ്യം.

 2025 മെയ് 9-ന് ബിപിആർ & ഡി ഡയറക്ടർ ജനറൽ, ഡയറക്ടർ (എൻസിആർബി), അഡീഷണൽ ഡയറക്ടർ ജനറൽ (ബിപിആർ & ഡി), ഇൻസ്പെക്ടർ ജനറൽ ( ആധുനികവൽക്കരണം), ബിപിആർ & ഡി എന്നിവരുടെ സാന്നിധ്യത്തിൽ ഹാക്കത്തോണിന്റെ മുന്നോടിയായുള്ള പ്രാരംഭ  പരിപാടി നടന്നു.

സിസിടിവിയുമായി ബന്ധപ്പെട്ട നൂതനാശയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നാല് പ്രശ്ന പ്രസ്താവനകൾ പുറത്തിറക്കിയിട്ടുണ്ട്: സുരക്ഷിതവും തദ്ദേശീയവുമായ സിസിടിവി ഹാർഡ്‌വെയർ സംവിധാനത്തിന്റെ വികസനം; നിർമ്മിത ബുദ്ധിയുടെയും സ്മാർട്ട് വീഡിയോ അനലിറ്റിക്‌സിന്റെയും സംയോജനം; സിസിടിവി ശൃംഖലകളിലുടനീളം സൈബർ സുരക്ഷ ശക്തിപ്പെടുത്തൽ; താങ്ങാനാവുന്ന ചെലവിൽ കാര്യക്ഷമമായ നിരീക്ഷണ പരിഹാരങ്ങൾ രൂപകൽപ്പന ചെയ്യൽ.

 ഹാക്കത്തോണിന്റെ ഗ്രാൻഡ് ഫിനാലെ 2025 ജൂൺ അവസാന ആഴ്ചയിൽ നടക്കും. ഏറ്റവും മികച്ച മൂന്ന് എൻട്രികൾക്ക് ക്യാഷ് പ്രൈസുകൾ നൽകും. കൂടാതെ, ഉറപ്പും സർഗ്ഗാത്മകതയും കൊണ്ട് ശ്രദ്ധേയമായ, തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് എൻട്രികൾക്ക് സമാശ്വാസ സമ്മാനങ്ങളും നൽകും. മികച്ച എൻട്രിക്ക് 5 ലക്ഷം രൂപ ധനസഹായവും രണ്ടാമത്തെയും മൂന്നാമത്തെയും എൻട്രികൾക്ക് യഥാക്രമം 3 ലക്ഷം രൂപയും ഒരു ലക്ഷം രൂപയും സമ്മാനംനൽകും. എൻസിആർബിയുടെ സഹായത്തോടെ സംഘടിപ്പിച്ചിട്ടുള്ള ഹാക്കത്തോണിൽ സൈബർപീസ് ഫൗണ്ടേഷനാണ് സാങ്കേതിക സഹായം നൽകുന്നത്. പോലീസ് സംവിധാനത്തിൽ സുതാര്യത, വിശ്വാസ്യത, പ്രവർത്തന കാര്യക്ഷമത എന്നിവ വർദ്ധിപ്പിക്കുന്നതിന് ഹാക്കത്തോണിൽ ഉയർന്നുവരുന്ന പരിഹാരമാർഗങ്ങൾ പരിവർത്തനാത്മക പങ്ക് വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
 
****

(Release ID: 2130667)