പരിസ്ഥിതി, വനം മന്ത്രാലയം
ലോക പരിസ്ഥിതി ദിനം-2025 ആഘോഷത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 'ഒരു രാഷ്ട്രം, ഒരു ദൗത്യം: പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്ന പ്രചാരണ പരിപാടി ആരംഭിച്ചു
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് പരിസ്ഥിതിസൗഹൃദ ബദൽ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി രാജ്യവ്യാപക പ്രവർത്തനങ്ങൾക്ക് ആഹ്വാനം
Posted On:
22 MAY 2025 2:05PM by PIB Thiruvananthpuram
ലോക പരിസ്ഥിതി ദിനം 2025 -ത്തോടനുബന്ധിച്ച്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇന്ന് 'ഒരു രാഷ്ട്രം, ഒരു ദൗത്യം: പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക' എന്ന രാജ്യവ്യാപക പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു. രാജ്യത്തിന്റെ പ്രധാന സംരംഭമായ മിഷൻ ലൈഫ് (പരിസ്ഥിതിക്കായുള്ള ജീവിതശൈലി, LiFE) -മായി ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിനും സുസ്ഥിരതയ്ക്കുമുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത ഈ പരിപാടി എടുത്തുകാണിക്കുന്നു.
സുസ്ഥിരമായ ജീവിതരീതി സ്വീകരിച്ചുകൊണ്ട് പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിന് എല്ലാവരും അവബോധത്തിൽ നിന്ന് പ്രവർത്തനത്തിലേക്ക് മാറാണമെന്ന് കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ ഭൂപേന്ദർ യാദവ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമിൽ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് അഭ്യർത്ഥിച്ചു
പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള അവബോധവും പ്രവർത്തനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ എല്ലാ വർഷവും ജൂൺ 5 ന് ലോക പരിസ്ഥിതി ദിനം ആഘോഷിക്കുന്നു.' മിഷൻ ലൈഫി'ന്റെ പ്രമേയമായ 'ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനോട് വിട പറയുക ', എന്നത് ഈ വർഷത്തെ ലോക പരിസ്ഥിതി ദിന ആഘോഷങ്ങളുടെ സന്ദേശത്തെ ശക്തിപ്പെടുത്തുന്നു.
പ്രചാരണ പരിപാടി ഊന്നൽ നൽകുന്ന പ്രധാന മേഖലകൾ:
- പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള അവബോധവും പ്രചാരണവും
- ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗവും ഉൽപ്പാദനവും കുറയ്ക്കുക
- മാലിന്യങ്ങൾ വേർതിരിക്കൽ,ശേഖരണം, നിർമാർജനം, പുനചംക്രമണം എന്നിവയിലൂടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുക.
- ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് സുസ്ഥിര ബദലുകളുടെ വികസനം പ്രോത്സാഹിപ്പിക്കുക.
പ്രചാരണ പരിപാടിയുടെ ഭാഗമായ പ്രവർത്തനങ്ങൾ
2025 ലെ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായ ഈ പ്രചാരണ പരിപാടി, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അപകടങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലും പരിസ്ഥിതി സൗഹൃദ ബദലുകൾ സ്വീകരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സമൂഹ അവബോധ പ്രവർത്തനങ്ങൾ , ശീലങ്ങളിലെ മാറ്റങ്ങൾ, സുസ്ഥിര വസ്തുക്കളിലെ നൂതനാശയങ്ങൾ എന്നിവയിലൂടെ കൂടുതൽ പരിസ്ഥിതി സൗഹൃദ ജീവിതശൈലി സ്വീകരിക്കാൻ പൗരന്മാരെ പ്രേരിപ്പിക്കുക എന്നതാണ് ലക്ഷ്യം.
കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാന/ കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റുകൾ , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായം, സിവിൽ സമൂഹം, കമ്മ്യൂണിറ്റി ഗ്രൂപ്പുകൾ എന്നിവയിലുടനീളം വിപുലമായ പ്രവർത്തനങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. പ്രചാരണ പരിപാടിയുടെ പ്രധാന മേഖലകളിൽ ഇവ ഉൾപ്പെടുന്നു:
1. സമൂഹമാധ്യമ കാമ്പെയ്‌നുകൾ, തെരുവ് നാടകങ്ങൾ, പൊതു പ്രതിജ്ഞകൾ, പോസ്റ്റർ, ഉപന്യാസ മത്സരങ്ങൾ, മാരത്തൺ പോലുള്ള പ്രവർത്തനങ്ങൾ എന്നിവയിലൂടെ അവബോധവും പ്രചാരണവും.
2. ബീച്ചുകൾ, പാർക്കുകൾ, നദീതീരങ്ങൾ, കാമ്പസുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഗ്രാമപ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ.
3. സുസ്ഥിരമായ രീതികളെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിനുള്ള ബദലുകളെയും കുറിച്ചുള്ള ശില്പശാലകളും വെബിനാറുകളും.
4. പുനചംക്രമണം ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നുള്ള കലാ-കരകൗശല വസ്തുക്കൾ, സ്കൂൾ പ്രദർശനങ്ങൾ, ഹാക്കത്തോണുകൾ, ക്വിസുകൾ, വിഷയത്തെക്കുറിച്ചുള്ള സംവേദനാത്മക ഗെയിമുകൾ എന്നിവയുൾപ്പെടെയുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾ.
5. മാലിന്യങ്ങൾ പ്രാദേശിക തലത്തിൽ വേർതിരിക്കുന്നതിനും പുനചംക്രമണം ചെയ്യുന്നതിനും ആർഡബ്ല്യുഎകൾ, മുനിസിപ്പൽ സ്ഥാപനങ്ങൾ, അങ്കണവാടി തൊഴിലാളികൾ, സഹകരണ സ്ഥാപനങ്ങൾ തുടങ്ങിയവരുടെ സമൂഹപരവും സ്ഥാപനപരവുമായ പങ്കാളിത്തം.
കേന്ദ്ര മന്ത്രാലയങ്ങൾ, സംസ്ഥാനങ്ങൾ, കേന്ദ്രഭരണ പ്രദേശങ്ങൾ, അനുബന്ധ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ പങ്കാളികളും അവരുടെ സംരംഭങ്ങളെ പ്രചാരണ പരിപാടിയുടെ പ്രമേയവുമായി സമന്വയിപ്പിക്കാനും 'മേരി ലൈഫ്' പോർട്ടലിൽ പ്രവർത്തന വിശദാംശങ്ങൾ അപ്‌ലോഡ് ചെയ്യാനും പ്രോത്സാഹിപ്പിക്കുന്നു. സുസ്ഥിര ജീവിത ശൈലിക്കായി ജനപങ്കാളിത്തത്തോടെയുള്ള ഒരു പ്രസ്ഥാനം സൃഷ്ടിക്കുക എന്നതാണ് ഈ ശ്രമങ്ങളുടെ ലക്ഷ്യം.
എല്ലാ പൗരന്മാരോടും ഈ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനും പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിന് സംഭാവന നൽകാനും മന്ത്രാലയം ആഹ്വാനം ചെയ്യുന്നു.
****
(Release ID: 2130584)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Hindi_Ddn
,
Bengali-TR
,
Bengali
,
Assamese
,
Gujarati
,
Tamil