വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
സൈബർ തട്ടിപ്പ് നിവാരണം ശക്തിപ്പെടുത്താന്‍ ‘സാമ്പത്തിക തട്ടിപ്പ് അപായ സൂചകം (എഫ്ആർഐ)’ അവതരിപ്പിച്ച് ടെലികമ്യൂണിക്കേഷന്‍സ് വകുപ്പ്
ബാങ്കുകള്‍, യുപിഐ സേവന ദാതാക്കള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി എഫ്ആർഐ മികച്ച ഇന്റലിജൻസ് പങ്കിടൽ സാധ്യമാക്കുന്നു
Posted On:
21 MAY 2025 4:38PM by PIB Thiruvananthpuram
സൈബർ തട്ടിപ്പുകളും സാമ്പത്തിക കുറ്റകൃത്യങ്ങളും തടയാന്‍ സുപ്രധാന ചുവടുവെയ്പ്പായി ‘സാമ്പത്തിക തട്ടിപ്പ് അപായ സൂചകം (എഫ്ആര്‍ഐ)’ പങ്കാളികളുമായി പങ്കുവെയ്ക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) പ്രഖ്യാപിച്ചു. സൈബർ തട്ടിപ്പ് തടയുന്നതിന് സാമ്പത്തിക സ്ഥാപനങ്ങളെ വിപുലവും പ്രവർത്തനക്ഷമവുമായ ഇന്റലിജൻസ് സംവിധാനത്തിലൂടെ ശാക്തീകരിക്കാന്‍ ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോമിന്റെ (ഡിഐപി) ഭാഗമായി വികസിപ്പിച്ച ബഹുമുഖ വിശകലന ഉപകരണത്തില്‍നിന്നുള്ള വിവരങ്ങളാണിത്. ഈ സംവിധാനമുപയോഗിച്ച് പട്ടികപ്പെടുത്തിയ മൊബൈൽ നമ്പറുകളിലേക്ക് ഡിജിറ്റൽ പണമിടപാടുകള്‍ നടത്താൻ നിർദേശിക്കുമ്പോൾ സൈബർ സുരക്ഷയും സാധൂകരണ പരിശോധനകളും മെച്ചപ്പെടുത്താന്‍ പുതിയ സംവിധാനം സഹായകമാവും.
എന്താണ് ‘സാമ്പത്തിക തട്ടിപ്പ് അപായ സൂചകം’?
സാമ്പത്തിക തട്ടിപ്പിന്റെ ഇടത്തരമോ ഉയർന്നതോ വളരെ ഉയർന്നതോ ആയ അപകടസാധ്യതയുമായി ബന്ധപ്പെട്ടതെന്ന നിലയില്‍ ഒരു മൊബൈൽ നമ്പറിനെ തരംതിരിക്കുന്ന വ്യവസ്ഥയാണിത്. ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രം (ഐ4സി), ദേശീയ സൈബർ കുറ്റകൃത്യ റിപ്പോർട്ടിംഗ് പോർട്ടൽ (എന്‍സിആര്‍പി), ഡിഒടി-യുടെ ചക്ഷു പ്ലാറ്റ്‌ഫോം, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പങ്കിടുന്ന ഇന്റലിജൻസ് എന്നിവ സംബന്ധിച്ച റിപ്പോർട്ടിംഗ് ഉൾപ്പെടെ വിവിധ പങ്കാളികളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തരംതിരിക്കല്‍. ഒരു മൊബൈൽ നമ്പറിന് ഉയർന്ന അപകടസാധ്യതയുണ്ടെങ്കിൽ നിയമനടപടികള്‍ക്ക് മുൻഗണന നൽകാനും അധിക ഉപഭോക്തൃ സംരക്ഷണ നടപടികൾ സ്വീകരിക്കാനും ബാങ്കുകളെയും എന്‍ബിഎഫ്സികളെയും യുപിഐ സേവന ദാതാക്കളെയുമടക്കം പങ്കാളികളെ അധികാരപ്പെടുത്തുന്നു.
ഇത്തരം മുൻകൂർ അറിയിപ്പ് എങ്ങനെ സഹായിക്കുന്നു?
ഡിഒടിയുടെ ഡിജിറ്റൽ ഇന്റലിജൻസ് യൂണിറ്റ് (ഡിഐയു) സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി കണ്ടെത്തിയ മൊബൈൽ നമ്പറുകളുടെ പുനഃപരിശോധന പരാജയം, നിർദ്ദിഷ്ട പരിധി കവിഞ്ഞത് എന്നിവയടക്കം കാരണങ്ങള്‍ സഹിതം വിച്ഛേദിക്കപ്പെട്ട മൊബൈൽ നമ്പറുകളുടെ പട്ടിക (മൊബൈൽ നമ്പർ അസാധുവാക്കൽ പട്ടിക - എംഎൻആർഎൽ) പങ്കാളികളുമായി പതിവായി പങ്കിടുന്നു. ഈ നമ്പറുകൾ സാധാരണയായി സാമ്പത്തിക തട്ടിപ്പുകൾക്ക് ഉപയോഗിക്കാറുണ്ട്.
സൈബർ തട്ടിപ്പുകളിൽ ദുരുപയോഗം ചെയ്യപ്പെടുന്ന മൊബൈൽ നമ്പറിന്റെ ആയുസ്സ് സാധാരണ ഏതാനും ദിവസങ്ങള്‍ മാത്രമായതിനാലും പൂർണപരിശോധനയ്ക്ക് നിരവധി ദിവസങ്ങൾ എടുത്തേക്കാമെന്നതിനാലും അത്തരം നമ്പറുകളുമായി ബന്ധപ്പെട്ട അപകടസാധ്യത സംബന്ധിച്ച മുൻകൂർ സൂചകം ഏറെ ഉപയോഗപ്രദമാണ്. അതിനാൽ സംശയിക്കപ്പെടുന്ന മൊബൈൽ നമ്പർ ഒരു പങ്കാളി പട്ടികപ്പെടുത്തിയാലുടന്‍ അത് ബഹുമുഖ വിശകലനത്തിന് വിധേയമാക്കുകയും അതുമായി ബന്ധപ്പെട്ട ഇടത്തരമോ ഉയര്‍ന്നതോ വളരെ ഉയര്‍ന്നതോ ആയ സാമ്പത്തിക തട്ടിപ്പ് അപായസാധ്യതയുടെ അടിസ്ഥാനത്തില്‍ തരംതിരിക്കുകയും ചെയ്യുന്നു. തുടർന്ന് പ്രസ്തുത നമ്പറിനെക്കുറിച്ച് തയ്യാറാക്കിയ വിശകലനം ഡിഐപി വഴി എല്ലാ പങ്കാളികളുമായും ഉടൻ പങ്കിടുന്നു.
എഫ്ആര്‍ഐയുടെ പ്രാരംഭ സ്വീകർത്താക്കളിൽ ഒരാളായ ഫോണ്‍പേ ഇപ്രകാരം വളരെ ഉയർന്ന അപകടസാധ്യത വിഭാഗത്തില്‍ പട്ടികപ്പെടുത്തിയ മൊബൈൽ നമ്പറുകളുമായി ബന്ധപ്പെട്ട ഇടപാടുകൾ നിരസിക്കുകയും ഫോണ്‍പേ സുരക്ഷാ സവിശേഷതയുടെ ഭാഗമായി സ്ക്രീനില്‍ ഒരു മുന്നറിയിപ്പ് സന്ദേശം പ്രദർശിപ്പിക്കുകയും ചെയ്യുന്നു. ചെറിയ സൂചനയുടെ അടിസ്ഥാനത്തില്‍ കൈമാറിയ നമ്പറുകള്‍ സൈബർ തട്ടിപ്പ് കേസുകളിൽ യഥാർത്ഥത്തിൽ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത ഏറെ ഉയർന്നതാണെന്ന കണ്ടെത്തല്‍ ഫോണ്‍പേ പങ്കിട്ട വിവരമാതൃകയുടെ ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നു. ഇടത്തരം വിഭാഗത്തില്‍ പട്ടികപ്പെടുത്തിയ എഫ്ആര്‍ഐ നമ്പറുകളിലേക്ക് ഇടപാട് അനുവദിക്കുന്നതിന് മുമ്പ് മുൻകരുതൽ മുന്നറിയിപ്പ് ഉപയോക്താക്കള്‍ക്ക് പ്രദർശിപ്പിക്കാന്‍ ഫോണ്‍പേ നടപടി സ്വീകരിച്ചുവരുന്നു.
സാമ്പത്തിക തട്ടിപ്പ് ലഘൂകരിക്കാന്‍ മറ്റ് വ്യാവസായിക സഹകരണങ്ങള്‍
യുപിഐ ഇടപാടുകളുടെ 90 ശതമാനത്തിലധികം നിറവേറ്റുന്ന മുൻനിര യുപിഐ വേദികളായ ഫോൺപേ, പേടിഎം, ഗൂഗിൾ പേ എന്നിവ അവരുടെ സംവിധാനങ്ങളിില്‍ ഡിഐപി മുന്നറിയിപ്പുകള്‍ സംയോജിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഉദാഹരണത്തിന്:
- മുൻനിര യുപിഐ പ്ലാറ്റ്‌ഫോമുകളിലൊന്ന് മുന്നറിയിപ്പ് സന്ദേശങ്ങള്‍ സഹിതം ഇടപാടിന് കാലതാമസവും ഉപയോക്തൃ സ്ഥിരീകരണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- സൈബർ തട്ടിപ്പുകൾ ലഘൂകരിക്കുന്നതിന് മറ്റ് ബാങ്കുകളും വിവരങ്ങള്‍ സജീവമായി ഉപയോഗിക്കുന്നു.
ഇന്ത്യയിലുടനീളം ജനങ്ങള്‍ ഏറ്റവുമധികം തിരഞ്ഞെടുക്കുന്ന പണമിടപാട് രീതി യുപിഐ ആയതിനാല്‍ സൈബർ തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് ദശലക്ഷക്കണക്കിന് പേരെ ഈ ഇടപെടൽ രക്ഷപ്പെടുത്തും. ടെലികോം - സാമ്പത്തിക മേഖലകളിലെ സംശയിക്കപ്പെടുന്ന തട്ടിപ്പുകൾക്കെതിരെ അതിവേഗം, ലക്ഷ്യബോധത്തോടെ സഹകരണാത്മക നടപടികൾക്ക് എഫ്ആർഐ വേദിയൊരുക്കുന്നു.
ദേശീയ തലത്തില്‍ സാങ്കേതികവിദ്യാധിഷ്ഠിത പരിഹാരങ്ങൾ നടപ്പാക്കിയും പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിച്ചും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയാന്‍ പ്രതിജ്ഞാബദ്ധമായ ഡിഒടി എല്ലാ പൗരന്മാർക്കും സുരക്ഷിത ടെലികോം ആവാസവ്യവസ്ഥ ഉറപ്പാക്കുന്നു. ജാഗ്രതാ സംവിധാനങ്ങൾ കൂടുതൽ അനുയോജ്യമാക്കാനും പ്രതികരണ സമയം ലഘൂകരിക്കാനുമായി ധനകാര്യ സ്ഥാപനങ്ങളുമായും ഡിജിറ്റൽ പണമിടപാട് കമ്പനികളുമായും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത് ഡിഒടി തുടരുന്നു. ഉപഭോക്തൃ സംവിധാനങ്ങളിലേക്ക് എഫ്ആര്‍ഐ സംയോജിപ്പിക്കുന്നത് ഇന്ത്യയുടെ ഡിജിറ്റൽ സാമ്പത്തിക ആവാസവ്യവസ്ഥയ്ക്ക് വ്യവസ്ഥാപരമായ പ്രതിരോധശേഷി നൽകുന്ന വ്യാവസായിക മാനദണ്ഡമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഡിഒടി സമൂഹമാധ്യമ അക്കൗണ്ടുകള്‍ പിന്തുടരുക:
എക്സ് - https://x.com/DoT_India
ഇന്‍സ്റ്റഗ്രാം: https://www.instagram.com/department_of_telecom?igsh=MXUxbHFjd3llZTU0YQ==
ഫെയ്സ്ബുക്ക്: https://www.facebook.com/DoTIndia
********************
(Release ID: 2130370)