ഊര്‍ജ്ജ മന്ത്രാലയം
ബ്രസീലിൽ നടന്ന ബ്രിക്സ് ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ സമഗ്ര ഊർജ്ജ ഭരണത്തിനായി ഇന്ത്യ ആഹ്വാനം നൽകി
കേന്ദ്ര മന്ത്രി ശ്രീ മനോഹർ ലാൽ ശുദ്ധ ഊർജ്ജമേഖലയിലെ ഇന്ത്യയുടെ നേട്ടങ്ങൾ ചൂണ്ടിക്കാട്ടി; 2026-ൽ ഇന്ത്യയിൽ നടക്കുന്ന ഊർജ്ജ സംഗമത്തിലേക്ക് ബ്രിക്സ് രാജ്യങ്ങളെ ക്ഷണിച്ചു.
ഊർജ മേഖലയിൽ ശക്തമായ പങ്കാളിത്തത്തിന് മന്ത്രിമാർ ആഹ്വാനം ചെയ്തു. നീതിയുക്തവും തുറന്നതും വിവേചനരഹിതവുമായ അന്താരാഷ്ട്ര ഊർജ്ജ വിപണികൾക്ക് പിന്തുണയേകി. ഊർജ്ജ വ്യാപാരത്തിൽ പ്രാദേശിക കറൻസികളുടെ ഉപയോഗത്തിനും പ്രോത്സാഹനം
Posted On:
20 MAY 2025 8:35AM by PIB Thiruvananthpuram
ബ്രസീലിന്റെ അധ്യക്ഷതയ്ക്ക് കീഴിൽ 2025 മെയ് 19-ന് ബ്രസീലിയയിൽ നടന്ന ബ്രിക്സ് ഊർജ്ജ മന്ത്രിമാരുടെ യോഗത്തിൽ കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി ശ്രീ മനോഹർ ലാൽ ഇന്ത്യൻ പ്രതിനിധി സംഘത്തെ നയിച്ചു.
നിലവിലെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്നായിഊർജ്ജ സുരക്ഷയെ കേന്ദ്ര മന്ത്രി ഉയർത്തിക്കാട്ടി. സാമ്പത്തിക സ്ഥിരതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനും ആഗോളതലത്തിൽ ഊർജ്ജ സ്രോതസ്സുകളിലേക്ക് തുല്യമായ പ്രവേശനം പ്രോത്സാഹിപ്പിക്കുന്നതിനും ബ്രിക്സ് രാജ്യങ്ങളുടെ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുസ്ഥിരവും സമഗ്രവുമായ ഊർജ്ജ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഇന്ത്യയുടെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. 'കൂടുതൽ സമഗ്രവും സുസ്ഥിരവുമായ ഭരണത്തിനായി ഗ്ലോബൽ സൗത്ത് സഹകരണം ശക്തിപ്പെടുത്തൽ' എന്ന വിഷയത്തിൽ നടക്കുന്ന യോഗത്തിൽ ബ്രസീലിന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു. ആഗോള വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഊർജ്ജ സുരക്ഷ, ലഭ്യത, വഹിക്കാൻ കഴിയുന്ന ചെലവ് എന്നിവയുടെ നിർണായക പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി.
ശുദ്ധമായ ഊർജ്ജമേഖലയിൽ ഇന്ത്യയുടെ ചില പ്രധാന നേട്ടങ്ങൾ എടുത്തുകാണിച്ചുകൊണ്ട് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള പുരോഗതി ശ്രീ. മനോഹർ ലാൽ ചൂണ്ടിക്കാട്ടി:
- കഴിഞ്ഞ ദശകത്തിൽ വൈദ്യുതി ശേഷിയിൽ 90% വർദ്ധന, 2025 ൽ 475 GW ൽ എത്തി, 2032 ഓടെ 900 GW ലക്ഷ്യമിടുന്നു.
- സൗരോർജ്ജത്തിന്റെയും കാറ്റിൽ നിന്നുള്ള ഊർജ്ജത്തിന്റെയും ലോകത്തിലെ മൂന്നാമത്തെ വലിയ ഉൽപ്പാദകരായി മാറുന്നു.
- ദേശീയ നിർണയ വിഹിതം(NDCs) കൈവരിക്കുന്നതിലേക്ക് വേഗത്തിൽ മുന്നേറുന്നു
- എഥനോൾ മിശ്രണം 20% എന്ന നാഴികക്കല്ല് കൈവരിച്ചു.ജൈവ ഇന്ധനം സ്വീകരിക്കലും കാർബൺ ബഹിർഗമനം കുറയ്ക്കലും മെച്ചപ്പെടുത്തുന്നു.
- സ്മാർട്ട് ഗ്രിഡുകൾ, വിപുലമായ മീറ്ററിംഗ് അടിസ്ഥാന സൗകര്യങ്ങൾ, ഹരിത ഊർജ ഇടനാഴി ഉൾപ്പെടെയുള്ള വിപുലീകരിച്ച വിതരണ ശൃംഖല എന്നിവയിൽ നിക്ഷേപിക്കുന്നു.
- 2047 ഓടെ 100 GW ആണവോർജ്ജ ശേഷി ഉൾപ്പെടെ, ഹരിത ഹൈഡ്രജനും ആണവോർജ്ജവും ഉപയോഗിക്കുന്നതിനായി ലക്ഷ്യങ്ങൾ സ്ഥാപിക്കുന്നു.
- ആഗോള സഹകരണം ക്ഷണിച്ചുകൊണ്ട് ഒരു ആഭ്യന്തര കാർബൺ വായ്പാ വിപണി ആരംഭിക്കുന്നു.
ജൈവ ഇന്ധന മേഖലയിലെ സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിൽ ആഗോള ജൈവ ഇന്ധന സഖ്യത്തിന്റെ പങ്ക് അദ്ദേഹം ഊന്നിപ്പറഞ്ഞു.സുസ്ഥിര ഊർജ്ജ സംരക്ഷണത്തിനായുള്ള കെട്ടിട ചട്ടങ്ങൾ, പുരപ്പുറ സൗരോർജ്ജ സംരംഭങ്ങൾ,ഉപകരണങ്ങളുടെ കാര്യക്ഷമതാ മാനദണ്ഡങ്ങൾ തുടങ്ങിയ നൂതന പരിപാടികളിലൂടെ ഊർജ്ജ കാര്യക്ഷമതയ്ക്കുള്ള ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയും അദ്ദേഹം വ്യക്തമാക്കി.



ആഗോള ഊർജ്ജ ഉപയോഗത്തിൽ - പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളിൽ - ഫോസിൽ ഇന്ധനങ്ങളുടെ സുപ്രധാന പങ്ക് അദ്ദേഹം ചൂണ്ടിക്കാട്ടി. കൽക്കരി വാതകവൽക്കരണം, കാർബൺ പിടിച്ചെടുക്കലും സംഭരണവും, ഹരിത രാസിക നൂതനാശയങ്ങൾ തുടങ്ങിയ സാങ്കേതികവിദ്യകളിലൂടെ അവയുടെ ശുദ്ധവും കാര്യക്ഷമവുമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് കൂടുതൽ സഹകരണം അദ്ദേഹം ആവശ്യപ്പെട്ടു.
ഗ്ലോബൽ സൗത്തിന്റെ ഊർജ്ജ അജണ്ടയ്ക്ക് നേതൃത്വം നൽകാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധത ഉറപ്പിച്ചുകൊണ്ട് 2026 ൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന അടുത്ത ബ്രിക്സ് ഊർജ്ജ കൂട്ടായ്മയിൽ പങ്കെടുക്കാൻ ശ്രീ മനോഹർ ലാൽ ബ്രിക്സ് രാജ്യങ്ങളെ ക്ഷണിച്ചു.
ബ്രിക്‌സ് ഊർജ്ജ മന്ത്രിമാർ സംയുക്തമായി അംഗീകരിച്ച ഊർജ്ജ മന്ത്രിതല പ്രഖ്യാപനത്തിൽ ചില പ്രധാന ഫലങ്ങൾ:
സാർവത്രിക വൈദ്യുതി ലഭ്യത, ശുദ്ധമായ പാചക ഇന്ധനം, ഊർജ്ജ ദാരിദ്ര്യം പരിഹരിക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ഊർജ്ജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎൻ സുസ്ഥിര വികസന ലക്ഷ്യം 7 (SDG 7) മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ബ്രിക്‌സ് ഊർജ്ജ മന്ത്രിമാർ ആവർത്തിച്ചു. കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതികരണമായി നീതിയുക്തവും,എല്ലാവരെയും ഉൾക്കൊള്ളുന്നതും, സന്തുലിതവുമായ ഊർജ്ജ പരിവർത്തനങ്ങളുടെ ആവശ്യകത മന്ത്രിമാർ ഊന്നിപ്പറഞ്ഞു.
പ്രത്യേകിച്ച് വികസ്വരരാജ്യങ്ങളിളെ ഊർജം ഉപയോഗത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ തുടർച്ചയായ പങ്ക് അംഗീകരിക്കുമ്പോൾ തന്നെ, സുസ്ഥിര വികസന ലക്ഷ്യം (SDG) 7മായും ഒപ്പം ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളുമായും പൊരുത്തപ്പെടുന്ന വിധത്തിൽ ഹരിതഗൃഹ വാതക ബഹിർഗമനം കുറയ്ക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. സാങ്കേതിക നിഷ്പക്ഷതയും പൊതുവായതും എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളുടെയും അനുബന്ധ ശേഷിയുടെയും തത്വം (CBDR-RC) വഴി ഈ പ്രവർത്തനങ്ങൾ മുന്നോട്ട് നയിക്കാനാണ് ലക്ഷ്യമിടുന്നത്.
അംഗങ്ങൾ തമ്മിൽ ശക്തമായ പങ്കാളിത്തങ്ങൾക്ക് മന്ത്രിമാർ ആഹ്വാനം ചെയ്തു,.തുറന്നതും നീതിയുക്തവും വിവേചനരഹിതവുമായ അന്താരാഷ്ട്ര ഊർജ്ജ വിപണികളെ പിന്തുണയ്ക്കുകയും ഊർജ്ജ വ്യാപാരത്തിൽ പ്രാദേശിക കറൻസികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ബ്രിക്‌സ് ഊർജ്ജ ഗവേഷണ സഹകരണ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാന പങ്ക് മന്ത്രിമാർ വ്യക്തമാക്കി. ആഴത്തിലുള്ള സഹകരണത്തിനുള്ള മാധ്യമമായി ഊർജ്ജ സഹകരണത്തിനുള്ള പുതുക്കിയ ബ്രിക്സ് കർമപദ്ധതി (2025–2030) സ്വാഗതം ചെയ്തു. ഓരോ രാജ്യത്തിനും അവരുടേതായ ഊർജ്ജ പരിവർത്തന പാതയും പരിവർത്തന വേഗതയും നിർണ്ണയിക്കാനുള്ള അവകാശം സ്ഥിരീകരിച്ചുകൊണ്ട്, എല്ലാ ഊർജ്ജ സ്രോതസ്സുകളുടെയും കാര്യക്ഷമമായ ഉപയോഗത്തിനായി വാദിച്ച മന്ത്രിമാർ, വികസിത രാജ്യങ്ങളിൽ നിന്ന് വികസ്വര രാജ്യങ്ങൾക്ക് കൂടുതൽ ഇളവുകളും കുറഞ്ഞ നിരക്കിൽ ധനസഹായവും നൽകണമെന്ന് ആവശ്യപ്പെട്ടു. സുസ്ഥിര ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾ, പ്രത്യേകിച്ച് പ്രാദേശിക കറൻസി ധനസഹായം വഴി പ്രോത്സാഹിപ്പിക്കുന്നതിൽ ന്യൂ ഡെവലപ്‌മെന്റ് ബാങ്കിന്റെ (NDB) പങ്ക് അവർ എടുത്തുപറഞ്ഞു.
കാർബൺ തീവ്രത, ഊർജ്ജ വർഗ്ഗീകരണം, ടാക്സോണമികൾ, സർട്ടിഫിക്കേഷനുകൾ എന്നിവയുടെ പരസ്പര അംഗീകാരം എന്നിവ വിലയിരുത്തുന്നതിന് ന്യായവും സുതാര്യവും സ്ഥിരതയുള്ളതുമായ മാർഗ്ഗനിർദ്ദേശങ്ങൾ സ്വീകരിക്കണമെന്ന് മന്ത്രിമാർ ആവശ്യപ്പെട്ടു
വിപണി സ്ഥിരത, പ്രതിരോധശേഷിയുള്ള അടിസ്ഥാന സൗകര്യങ്ങൾ, വൈവിധ്യമാർന്ന ഊർജ്ജ സ്രോതസ്സുകൾ, ശുദ്ധമായ സാങ്കേതികവിദ്യകൾക്കുള്ള നിർണായക ധാതുക്കൾ എന്നിവയുടെ പ്രാധാന്യം എടുത്തുപറഞ്ഞ അവർ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഊർജ്ജ സുരക്ഷ നിർണായകമാണെന്ന് വ്യക്തമാക്കി
2030-ഓടെ ഊർജ്ജ കാര്യക്ഷമത ഇരട്ടിയാക്കുക എന്ന ലക്ഷ്യം അവർ വീണ്ടും ഉറപ്പിച്ചു. ബ്രിക്‌സ് രാജ്യങ്ങൾക്കിടയിൽ മെച്ചപ്പെട്ട സഹകരണവും അറിവ് പങ്കിടലും അനിവാര്യമാണെന്നും പറഞ്ഞു . ബ്രിക്‌സിന്റെ ആഗോള ഊർജ്ജ വിഹിതം ഉയർത്തുന്നതിനും 2026 ൽ ഇന്ത്യയുടെ അധ്യക്ഷതയിൽ പൊതുവായ മുൻഗണനകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രിമാർ വ്യക്തമാക്കി.
*****************
(Release ID: 2129866)