രാജ്യരക്ഷാ മന്ത്രാലയം
ഓപ്പറേഷന്‍ ഒലീവിയ: ഒഡീഷ തീരത്ത് 6.98 ലക്ഷത്തിലധികം കടലാമകളെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് സംരക്ഷിച്ചു
Posted On:
19 MAY 2025 1:07PM by PIB Thiruvananthpuram
2025 ഫെബ്രുവരിയില്‍ ഒഡീഷയിലെ ഋഷികുല്യ നദീമുഖത്ത് പ്രജനനത്തിന് എത്തിയ 6.98 ലക്ഷത്തിലധികം കടലാമകള്‍ക്ക് സംരക്ഷണം നല്‍കി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വാര്‍ഷിക ദൗത്യമായ 'ഓപ്പറേഷന്‍ ഒലിവിയ' കൈവരിച്ച റെക്കോർഡ് നേട്ടം സമുദ്രജീവജാല സംരക്ഷണത്തിന് ഒരു വലിയ പ്രോത്സാഹനമായി. ഒഡീഷയില്‍, പ്രത്യേകിച്ച് പ്രതിവര്‍ഷം എട്ടു ലക്ഷത്തിലധികം ആമകള്‍ പ്രജനനത്തിന് എത്തുന്ന, ഗഹിര്‍മാതാ ബീച്ചിലും സമീപ തീരപ്രദേശങ്ങളിലും ഒലിവ് റിഡ്‌ലി കടലാമകളുടെ കൂടുകള്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള ഐസിജിയുടെ പ്രധാന സംരഭമാണ് എല്ലാ വര്‍ഷവും നവംബര്‍ മുതല്‍ മെയ് വരെ നടത്തുന്ന ഓപ്പറേഷന്‍ ഒലിവിയ. ഒഡീഷയിലെ ഋഷികുല്യ നദീമുഖത്തുണ്ടായ റെക്കോർഡ് കൂടുകെട്ടല്‍, കര്‍ശനമായ പട്രോളിംഗ്, വ്യോമനിരീക്ഷണം, സാമൂഹിക ഇടപെടല്‍ എന്നിവയിലൂടെ വംശനാശഭീഷണി നേരിടുന്ന ജീവികളെ സംരക്ഷിക്കുന്നതില്‍ ഐസിജി നടത്തുന്ന സുസ്ഥിര ശ്രമങ്ങള്‍ക്കുള്ള തെളിവാണ്.
ഓപ്പറേഷന്‍ ഒലിവിയയുടെ തുടക്കം മുതല്‍ 5,387 ഉപരിതല പട്രോളിംഗും 1,768 വ്യോമ നിരീക്ഷണങ്ങളും നടത്തിയിട്ടുള്ള ഐസിജി, അനധികൃത മത്സ്യബന്ധനം, ആവാസവ്യവസ്ഥ അലങ്കോലമാക്കല്‍ തുടങ്ങിയ ഭീഷണികളെ ഗണ്യമായി കുറച്ചു. സമുദ്ര ജീവികളുടെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഐസിജിയുടെ ശക്തമായ ഇടപെടല്‍ സ്ഥിരീകരിച്ചുകൊണ്ട് ഈ കാലയളവില്‍ നിയമവിരുദ്ധ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന 366 ബോട്ടുകള്‍ കസ്റ്റഡിയിലെടുത്തു. നിരീക്ഷണത്തിനു പുറമേ, ആമകള്‍ ഉള്‍പ്പെടാതെ മത്സ്യബന്ധനം നടത്തുന്നതിനുള്ള ഉപകരണങ്ങളുടെ (Turtle Excluder Devices) ഉപയോഗം പ്രോത്സാഹിപ്പിച്ചും സുസ്ഥിര മത്സ്യബന്ധന രീതികളെയും സംരക്ഷണത്തെക്കുറിച്ചുള്ള പരിശീലനവും പ്രോത്സാഹിപ്പിക്കുന്നതിനായി എന്‍ജിഒകളുമായി ഔപചാരിക ധാരണാപത്രങ്ങളിലൂടെ പങ്കാളിത്തം ഉണ്ടാക്കിയും പ്രാദേശിക മത്സ്യബന്ധന സമൂഹങ്ങള്‍ക്കിടയില്‍ സജീവമായി പ്രവര്‍ത്തിച്ചു.
*****
(Release ID: 2129613)